'സൗഹൃദം വഴിയുന്ന അറേബ്യന്‍ താരകങ്ങള്‍ക്കുകീഴെ മലര്‍ന്നുകിടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു; ഞാന്‍ അസ്ഥിയുടേയും മാംസത്തിന്റെയും ചേതനയുടേയും അനുഭവങ്ങളുടേയും ഈ ഭാണ്ഡം ഉണ്മയുടെ ഭ്രമണപഥത്തില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം ഞാനുമുണ്ട്. അപായം എന്നത് വെറുമൊരു മിഥ്യയാണ്. അതിന് ഏന്നെ കീഴ്‌പ്പെടുത്താനാവില്ല. എനിക്ക് സംഭവിക്കുന്നതെല്ലാം ഞാന്‍ ഉള്‍പ്പെട്ട സര്‍വ്വഗ്രാഹിയായ ഒരു മഹാപ്രവാഹത്തിന്റെ ഭാഗമാണ്'

'മക്കയിലേക്കുള്ള പാത'യില്‍ മഹാനായ സഞ്ചാരി മുഹമ്മദ് അസദിന്റെ വാക്കുകള്‍ വായിച്ച് യാദൃശ്ചികമെന്നു പറയട്ടെ ഞാനാ വരികള്‍ക്കു കീഴെ അടയാളമിട്ടുവെച്ചു. മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ അസദിന്റേയും കൂട്ടുകാരന്‍ സെയ്ദിന്റേയും ദുരന്തമായിരുന്നു മനസ്സുനിറയെ. കഴിഞ്ഞ ആറുമാസത്തോളമായി കൂട്ടിനൊരു സഹജീവിപോലുമില്ലാതെ മരുഭൂമിയുടെ മഹാമൗനത്തിനും അനന്തവിസ്തൃതിക്കും ഏകാന്തതയ്ക്കും നടുവില്‍ സ്വന്തം ഭാഷപോലും പ്രയോജനമില്ലാതെ ഒറ്റപ്പെട്ടുപോയിട്ട്. രാത്രികാലങ്ങള്‍ പുസ്തകങ്ങള്‍ വായിച്ചും മടക്കിവെച്ചും വീണ്ടും വായിച്ചും !

ഒരു മ്യൂസിയം ക്യൂറേറ്ററുടെ അനുകമ്പയോടെ അറബാബിന്റെ ഓമനകളായ വളര്‍ത്തുമൃഗങ്ങളെ ശുശ്രൂഷിച്ച് കഴിയുന്ന കാലം. മാസത്തിലൊരിക്കല്‍ ശമ്പളവുമായി വരുമ്പോള്‍ അല്ലാബക്ഷ് എന്ന ബലൂചി പറഞ്ഞുതരുന്ന മരുഭൂമിയിലെ മലക്കുകളെക്കുറിച്ചുള്ള കഥകള്‍ ഉറക്കം കെടുത്തിയിരുന്ന കാലം. നിരര്‍ത്ഥകവും തീഷ്ണവുമായ മരുജീവിതം. 

മരുഭൂമിയില്‍ ഏകരാവുന്നവര്‍ക്ക് അസദിന്റെ ഉള്‍ക്കാഴ്ചകള്‍ അതിരുകടന്ന ആത്മബോധവും ധൈര്യവും നല്‍കുമെന്ന് ഇക്കാലത്തിനിടയില്‍ പഠിച്ചുകഴിഞ്ഞിരുന്നു. എല്ലാ വിപത്തുകളേയും നേരിടാന്‍, സധൈര്യം കൈകെട്ടി നില്‍ക്കാന്‍ അതുവഴി സാധിക്കെമെന്നും. 

ഏന്തോ, അപകടത്തെക്കുറിച്ചുള്ള അജ്ഞേയമായ ദുസ്സൂചന കൊണ്ടാവണം ഉറക്കത്തിന്റെ പ്രലോഭനങ്ങള്‍ക്കൊന്നും മനസ്സ് വഴങ്ങിയില്ല. ഇങ്ങനെ ഉറക്കം വരാതെ കിടക്കുമ്പോള്‍ ഞാനെന്റെ കുടംബത്തെക്കുറിച്ചോര്‍ക്കുക പതിവാണ്. മൈലുകള്‍ക്കകലെ എന്നെപ്രതി അവര്‍ ദുഃഖിക്കുന്നുണ്ടാവണം. മാസത്തില്‍ ഒരുതവണ കിട്ടുന്ന കത്തിലൂടെ വിവരങ്ങള്‍ അറിയുമ്പോള്‍ പൊള്ളുന്നുണ്ടാവണം. എത്ര ദുസ്സഹമാണ് മരുഭൂമിയില്‍ ഒരു പ്രവാസിയുടെ ജീവിതം. ഓര്‍ക്കുമ്പോള്‍ അതിശയമാണ്. എവിടെയെല്ലാമാണ് ദൈവം അവന് അന്നവും അഭയവും കരുതിയിരിക്കുന്നത്!

ഉറക്കം വരാതെ കിടക്കുമ്പോള്‍ ഞാനെന്റെ കുടംബത്തെക്കുറിച്ചോര്‍ക്കുക പതിവാണ്.

പുറത്ത് പൈന്‍മരങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ട്. തണുപ്പിന്റെ വജ്രസൂചികള്‍ കടന്നുവരുന്ന സകലപഴുതുകളും അടച്ച് ഞാന്‍ ഹീറ്റര്‍ ഓണ്‍ ചെയ്തുവെച്ചു. പെട്ടന്ന് പുറത്താരോ നിലവിളിച്ചപോലെ. ശ്രദ്ധിച്ചപ്പോള്‍ അത് കാറ്റായിരുന്നു. കാറ്റിന്റെ ചൂളംകുത്ത് മരത്തലപ്പുകളില്‍ തട്ടിയോ, ഗര്‍ത്തങ്ങളില്‍ പിടിവിട്ടു വീഴുമ്പോഴോ കേള്‍ക്കുന്ന സ്വരഭേദം. പതിയെ കണ്ണാടി ജനല്‍ തുറന്നതും ഒരു മുറം മണല്‍വാരി ആരോ അകത്തേക്കെറിഞ്ഞുവോ? ഒന്നുമല്ല, മണല്‍ക്കാറ്റ് ആരംഭിച്ചതാണ്. കാറ്റിന്റെ കൈകളില്‍ മണല്‍ സിംഹരൂപിയെപ്പോലെ.

പ്രകൃതിയുടെ ഭാവം മാറി. ടെന്റിനു പുറത്ത് എന്തൊക്കെയോ വീണു ചിതറുന്നുണ്ട്. കാതോര്‍ത്തപ്പോള്‍ മനസ്സിലായി, ആലിപ്പഴവര്‍ഷമാണ്. തണുപ്പിനോടൊപ്പം കാറ്റും മഴയും ആലിപ്പഴവര്‍ഷവുമായാല്‍ മരുഭൂമിയിലെ ജീവിതം അപകടത്തിന്റേയും പരീക്ഷണത്തിന്റേതുമാണ്. ഇത്തരം അപകടസന്ധികളെ അതിജീവിച്ചാണല്ലോ നൂറ്റാണ്ടുകളായി മരുഭൂമിയില്‍ ഓരോ ജീവനും പിടിച്ചു നില്‍ക്കുന്നത് എന്ന് അതിശയപ്പെട്ടുപോയി.

സഹികെട്ടപ്പോള്‍ ഒരു കരിമ്പടം പുതച്ച് പാനീസുവിളക്കുമായി ഞാന്‍ പുറത്തിറങ്ങി. പെട്ടന്ന് കാറ്റിന്റെ ശക്തിയാല്‍ കയ്യിലെ വിളക്കണഞ്ഞുപോയി. തലയ്ക്കുമുകളില്‍ എന്തോ പൊട്ടിവീഴുന്ന കഠിനശബ്ദവും. പ്രാണഭയത്താല്‍ ഇരുട്ടിലേക്കിറങ്ങിയോടാന്‍ തുടങ്ങിയതാണ്. അപ്പോള്‍ എവിടെയാണ് തടഞ്ഞു വീണത്? ഒരുകുടം വെള്ളമെടുത്ത് ആരോ ദേഹത്തേക്കൊഴിച്ചോ? അല്ലാബക്ഷിന്റെ മലക്കുകള്‍ ഇരുട്ടിലൂടെ വന്ന് ഭീതിപ്പെടുത്തുകയാണോ?

പ്രകൃതിയുടെ ഭാവം മാറി. ടെന്റിനു പുറത്ത് എന്തൊക്കെയോ വീണു ചിതറുന്നുണ്ട്.

കാറ്റിന്റെ ശക്തിയാല്‍ വാട്ടര്‍ടാങ്ക് പൊട്ടിവീണതാണെന്ന് ഏറെക്കഴിയാതെ മനസ്സിലായി. അതിന്റെ വീഴ്ചയിലാണ് മുറിയിലെ വൈദ്യുതിവെട്ടം അണഞ്ഞുപോയത്. ഒപ്പം പക്ഷികളുടേയും മൃഗങ്ങളുടേയും കൂടുകളും ഇരുട്ടിലാണ്ടത്. രക്ഷയുടേയും പ്രതീക്ഷയുടേയും എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. അണഞ്ഞുപോയ പാനീസുവിളക്കും തിരികെട്ട മനസ്സുമായി ഇരുട്ടിലൂടെ ഈ പെരുമഴയില്‍ എങ്ങോട്ടുപോകണം? 

കാറ്റിന് ശക്തി കൂടിത്തുടങ്ങി. ഇനിയും ഇങ്ങനെ നിന്നാല്‍ അത് എന്നേയും കൊണ്ട് പോകും. എല്ലാ ദൈവങ്ങളേയും പ്രാര്‍ത്ഥിച്ച് കയ്യകലത്തില്‍ കിട്ടിയൊരു പൈന്‍മരത്തില്‍ പിടിച്ച് ഞാന്‍ നിന്നു. മഴ ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. പേമഴയുടേയും കൊടുങ്കാറ്റിന്റേയും 'നിറകൊണ്ട പാതിര.' മിന്നലായത്തില്‍ ഏതാണ്ടെല്ലാം മനസ്സിലായി. വാട്ടര്‍ടാങ്ക് വീണ് നിലംപൊത്തിയിരിക്കുന്നു. അറബാബിന്റെ ഓമനകളായ മക്കാവോകളും മണല്‍മൃഗങ്ങളും നിലവിളിച്ചുകൊണ്ട് പരക്കം പായുന്നു. അവയുടെ കൂടുകളെല്ലാം കാറ്റ് തകര്‍ത്തുകളഞ്ഞിരിക്കുന്നു. അപകടകാരികളായ മൃഗങ്ങള്‍ക്കും കാറ്റിനും മഴയ്ക്കും ഇരുട്ടിനുമിടയില്‍ ഇടയ്ക്ക് തെളിയുന്ന മിന്നല്‍വെട്ടത്തിലൂടെ പരിസരം മനസ്സിലാക്കി അസദിനെപ്പോലെ ഞാന്‍ ധൈര്യശാലിയായി. ഇത്തരം അപകടസന്ധികളില്‍ ഒട്ടകങ്ങളും ഈന്തപ്പനകളും കുറ്റിച്ചെടികളും എങ്ങനെ പിടിച്ചുനില്‍ക്കുന്നുവോ, അങ്ങനെ.!

മഴ പെയ്തുപെയ്ത് മരുഭൂമിയില്‍ വെള്ളം തളം കെട്ടിത്തുടങ്ങി. കാറ്റ് പതിന്മടങ്ങ് ശക്തിയിലും. ഞാനീ പൈന്‍ മരത്തില്‍ നിന്നും പിടിവിട്ടാല്‍; തീര്‍ച്ച, കാറ്റ് എന്നെ എടുത്തെറിയും. ജീവിതം ഈ മരുഭൂമിയില്‍ ഹോമിക്കപ്പെടും. അങ്ങനെയെങ്കില്‍ ആര്‍ക്കും ഉപകാരപ്പെടാതെ പോകുന്ന ഒരു ജന്മമായിരിക്കും ഇത്. ഒന്നേ പ്രാര്‍ത്ഥിച്ചുള്ളൂ, അസദിന്റെ ആത്മധൈര്യത്തിനായി. ഈ വേളയില്‍ അതെന്നെ ഉന്മാദിയാക്കും. എല്ലാം നഷ്ടപ്പെടുമ്പോള്‍ ഒന്നിനും തോറ്റുകൊടുക്കില്ലെന്ന വാശികലര്‍ന്ന ഉന്മാദം. നിന്നുപെയ്യുന്ന മഴയില്‍ 'ഈയ്യക്കട്ടിപോലെ കനത്ത കരിമ്പടവും' പുതച്ച് നേരം പരപരാവെളുക്കുവോളം ഞാനാ പൈന്‍മരത്തിന്റെ കനിവു പറ്റിനിന്നു.

മഴ പെയ്തുപെയ്ത് മരുഭൂമിയില്‍ വെള്ളം തളം കെട്ടിത്തുടങ്ങി.

നേരം വെളുത്തുതുടങ്ങി. കാറ്റടങ്ങി. മഴ തോര്‍ന്ന് മരങ്ങള്‍ മാത്രം പെയ്യുന്ന നേരം. നിലംപൊത്തിയ ടെന്റും വീണുടഞ്ഞ വാട്ടര്‍ടാങ്കും കാറ്റ് കശക്കിയെറിഞ്ഞ മിണ്ടാപ്രാണികളുടെ ജീവനും ഒരു ദുരന്തഭൂമിയുടെ ഓര്‍മ്മയുണര്‍ത്തി. ജീവന്‍ശേഷിച്ച മൃഗങ്ങളും പക്ഷികളും ഒരു ഭ്രാന്തനെപ്പോലെ ഞാനും മുഖത്തോടുമുഖം നോക്കിയിരുന്നു. ആശയറ്റ ജീവന്റെ സൗമ്യതകലര്‍ന്ന സ്‌നേഹം പരസ്പരം പങ്കിടുന്നവരുടെ വ്യഥയായി.കണ്ണുകളില്‍ അനാഥത്വത്തിന്റെ ദൈന്യഭാഷയുമായി.

പെട്ടന്ന്, അകലെനിന്നും പ്രതീക്ഷാകിരണംപോലെ യുദ്ധഭൂമിയുടെ നടുവിലേക്ക് നിര്‍ത്താതെ ഹോണ്‍മുഴക്കിക്കൊണ്ട് ഒരു വാഹനം ഇരമ്പിവരുന്നത് ഞങ്ങള്‍ കണ്ടു. എന്റെ പ്രിയപ്പെട്ട സ്‌പോണ്‍സറും അല്ലാബക്ഷും അവന്റെ കൂട്ടുകാരുമായിരുന്നു അതില്‍ നിറയെ. തലേന്നത്തെ കാളരാത്രി മരുഭൂമിയിലെ ജീവിതത്തെ തകര്‍ത്തെറിഞ്ഞിരിക്കുമെന്ന ധാരണ അവരില്‍ ഉണ്ടായിരിക്കണം, എല്ലാം കരുതിയാണവര്‍ വന്നതും.

സന്തോഷം കൊണ്ടപ്പോള്‍ എനിക്ക് വീര്‍പ്പുമുട്ടാന്‍ തുടങ്ങി. ഒരു രാത്രി മുഴുവന്‍ ദുര്‍വിധിയുടെ പരീക്ഷണങ്ങളെ അതിജീവിച്ചവന്റെ ചങ്കുപൊട്ടല്‍. അല്ലെങ്കില്‍ സന്തോഷമായിരിക്കണം, തീര്‍ച്ചയായും ഞാനപ്പോള്‍ കരയുകയായിരുന്നു.

വാഹനം നിര്‍ത്തുന്നതിനു മുമ്പേ ചാടിയിറങ്ങി, കെട്ടിപ്പിടിച്ചുകൊണ്ട് അടക്കാനാവാത്ത സന്തോഷത്തോടെ അയാള്‍ തിരക്കി.

'ബാലന്‍, ആപ് സിന്താ ഹൈ.?'

'അതേ സര്‍, ദൈവകൃപയാല്‍ ഞാന്‍ ജീവനോടെയിരിക്കുന്നു. പക്ഷേ, നമ്മുടെ പക്ഷികളും മൃഗങ്ങളും..'

എനിക്ക് വീര്‍പ്പുമുട്ടാന്‍ തുടങ്ങി. ഒരു പിതാവിനെപ്പോലെ അദ്ദേഹമെന്നെ സാന്ത്വനിപ്പിക്കാന്‍ തുടങ്ങി. 

'സാരമില്ല, വണ്ടിയില്‍ നിനക്കുള്ള ഭക്ഷണമുണ്ട്. ചൂടോടെ കഴിച്ച് നന്നായി വിശ്രമിക്കൂ.'

എരിവും പുളിയും ചേര്‍ത്ത ഡാനിഷ് കോഴിയുടെ ചൂടുള്ള കറിയില്‍ കുബ്ബൂസിന്റെ ഓരോ കൊച്ചുകഷണങ്ങളും മുക്കി തിന്നുമ്പോല്‍ അസദ്, ഞാന്‍ താങ്കളെയോര്‍ത്തുപോയി, ആശയോടെ കഴിയുന്ന ഒരു വീടിനെ ഓര്‍ത്തുപോയി. ഞാന്‍ ജീവിച്ചിരിക്കുന്നതിന്റെ നന്ദി ഇരുവര്‍ക്കുമുള്ളതാണ്.