ഇസ്യും: ഉക്രൈനിലെ സൗന്ദര്യ റാണിയുടെ മരണം ഇന്‍സ്റ്റഗ്രാം ലൈവില്‍. കൂട്ടുകാരിക്കൊപ്പം മദ്യപിച്ച് നില തെറ്റിയ യുവതി കാറോടിക്കുന്നതിനിടെ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് സ്ട്രീമിംഗ് നല്‍കുകയായിരുന്നു. ഇതിനു തൊട്ടു പിന്നാലെ വാഹനം അപകടത്തില്‍ പെട്ടു. യുവതിയുടെ ലൈവ് കണ്ടുകൊണ്ടിരിക്കുന്നവര്‍ അപകടവും ലൈവായി കണ്ടു. 

ഉക്രൈനിലെ ഇസ്യും നഗര വാസിയായ സോഫിയ മഗെര്‍കോ എന്ന 21 കാരിക്കാണ് ഈ ദാരുണാന്ത്യം. മേഖലയിലെ പ്രശസ്തമായ സൗന്ദര്യ മല്‍സരത്തില്‍ ജേതാവായതിലൂടെ പ്രശസ്തയായ സോഫിയയും കൂട്ടുകാരി ദാഷാ മെദവ്‌ദേവും സഞ്ചരിച്ച ബിഎംഡബ്ല്യൂ കാര്‍ അപകടത്തില്‍ പെടുകായിരുന്നു. ഇരുവരും കാറിലിരുന്ന് മദ്യം കഴിക്കുന്നതും ലഹരിയില്‍ സംസാരിക്കുന്നതും ലൈവായി ഇവരുടെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയ വഴി കണ്ടു. 

ജീവിതം എത്ര ആസ്വാദ്യകരമാണെന്ന് പറഞ്ഞ് ആഹ്ലാദം പങ്കിട്ട് നിമിഷങ്ങള്‍ക്കമായിരുന്നു അപകടം. ഖാര്‍കിവ് പ്രദേശത്താണ് വാഹനം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കാര്‍ തല്‍ക്ഷണം തകര്‍ന്നു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.