Asianet News MalayalamAsianet News Malayalam

പേളിയുടെയും ശ്രീനിഷിന്‍റെയും പ്രണയം എന്തായിത്തീരും; പേളിയുടെ അച്ഛന്‍ പറയുന്നു

ഞങ്ങളും കൺഫ്യൂഷനിലാണ്. പേളിയും, ശ്രീനിയും ശരിക്കും പ്രണയിക്കുകയാണോ അതോ ബിഗ് ബോസ് അവർക്ക് എന്തെങ്കിലും ടാസ്ക്ക് കൊടുത്തതാണോ എന്നൊന്നും ഞങ്ങൾക്കും അറിയാൻ പറ്റുന്നില്ല. എന്നാൽ, ഇടക്കവൾ വിവാഹത്തെ കുറിച്ചൊക്കെ പറഞ്ഞു കണ്ടു. ഞങ്ങൾക്കും ഒന്നും മനസ്സിലാവുന്നില്ല. 

bigg boss review sunitha devadas interview with Maaney Paul
Author
Thiruvananthapuram, First Published Sep 21, 2018, 3:24 PM IST

ബിഗ് ബോസ് അവസാന പത്ത് ദിവസത്തിലേക്ക് കടക്കുമ്പോൾ എല്ലായിടത്തും ചർച്ച അതിലെ മത്സരാര്‍ത്ഥികളായ പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം എന്താവുമെന്നതാണ്. ബിഗ് ബോസിൽ വച്ച് ഇവർ തമ്മിലുള്ള റിലേഷൻ എന്താണെന്നു മോഹൻലാൽ ചോദിക്കുകയും രണ്ടു പേരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. അതിനു മറുപടിയായി മോഹൻലാൽ, 'എന്നാൽ താൻ വീട്ടുകാരോട് സംസാരിച്ചു സമ്മതം വാങ്ങാം' എന്ന് പറഞ്ഞപ്പോഴാണ് പ്രേക്ഷകർ 'അപ്പൊ ഇത് കളിയുടെ ഭാഗമായിട്ടുള്ള പ്രണയമല്ലേ' എന്ന് അത്ഭുതപ്പെട്ടത്. എന്നാൽ, പിന്നീട് മോഹൽലാൽ ഈ വിഷയം അവിടെ ചർച്ചക്ക് എടുത്തില്ല. എന്നാൽ പേളിയും ശ്രീനിഷും പ്രണയിച്ചു കൊണ്ടിരിക്കുകയുമാണ്. 

പ്രേക്ഷകരുടെ വിലയിരുത്തലിൽ ചിലർ 'ഇത് ശരിക്കും പ്രണയമാണെ'ന്ന് പറയുന്നുണ്ട്. മറ്റു ചിലർ പറയുന്നു, 'ഗെയിം ജയിക്കാൻ രണ്ടുപേരും ഒത്തുകളിക്കുകയാണെ'ന്ന്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പേര്‍ അറിയാനാഗ്രഹിക്കുന്ന കാര്യമാണ് പേളിയുടെ വീട്ടുകാർക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന്. പേളിയുടെ അച്ഛൻ മാണി പോൾ സംസാരിക്കുന്നു. പേളിയെ കുറിച്ച്, ബിഗ് ബോസിനെ കുറിച്ച്, ശ്രീനിഷിനെ കുറിച്ച്, പ്രണയത്തെ കുറിച്ച് . ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ പി എം ഓഫീസിന്‍റെ എസ്.പി.ജി ട്രെയിനറും അറിയപ്പെടുന്ന മോട്ടിവേഷണൽ സ്‌പീക്കറുമാണ് മാണി പോൾ.  

bigg boss review sunitha devadas interview with Maaney Paul

"ഞാൻ ബിഗ് ബോസ് സ്ഥിരമായി കാണാറില്ല. ഒന്നാമത്തെ കാരണം ഞാൻ വളരെയധികം ജോലി തിരക്കിലാണ്. എന്നും യാത്രകളും ട്രെയിനിങ്ങുകളും. രണ്ടാമത്തെ കാരണം പേളിയും ശ്രീനിഷും തമ്മിലുള്ള അടുപ്പം വന്നതോടെ വീട്ടുകാർക്ക് സ്വാഭാവികമായും അത് കാണുന്നത് അത്ര രസകരമല്ലല്ലോ. വലിയ വിവാദമൊക്കെ ഉണ്ടാവുമ്പോൾ ആ എപ്പിസോഡ് ഒക്കെ കാണും. അല്ലാതെ കൃത്യമായി കാണാറില്ല. അതിനാൽ ആധികാരികമായി പ്രോഗ്രാമിനെ വിലയിരുത്താൻ കഴിയില്ല. 

ഞങ്ങളും കൺഫ്യൂഷനിലാണ്. പേളിയും, ശ്രീനിയും ശരിക്കും പ്രണയിക്കുകയാണോ അതോ ബിഗ് ബോസ് അവർക്ക് എന്തെങ്കിലും ടാസ്ക്ക് കൊടുത്തതാണോ എന്നൊന്നും ഞങ്ങൾക്കും അറിയാൻ പറ്റുന്നില്ല. എന്നാൽ, ഇടക്കവൾ വിവാഹത്തെ കുറിച്ചൊക്കെ പറഞ്ഞു കണ്ടു. ഞങ്ങൾക്കും ഒന്നും മനസ്സിലാവുന്നില്ല. അവൾ പുറത്തു വന്നാലേ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ സാധിക്കൂ. ഞാൻ സമചിത്തതയോടെയാണ് ഇത് കാണുന്നത്. എന്നാൽ, പേളിയുടെ അമ്മയും അനിയത്തിയും കുറച്ചു വിഷമത്തിലാണ്. ഞാൻ അവർക്ക് പരമാവധി സപ്പോർട്ട് കൊടുത്തു ഫീൽ ചെയ്യാതെ നിൽക്കുന്നു. 

'ബിഗ് ബോസ് വീട്' എന്ന് പറയുന്നത് ഒരു ഗോൾഡൻ കേജ്‌ ആണല്ലോ. അവൾ അതിനകത്തു ചെന്ന് പെട്ടപ്പോ അവൾ വിചാരിച്ചതു പോലെ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ആദ്യ ദിവസങ്ങളിൽ അവൾ കടുത്ത വേദനയിലൂടെ  കടന്നു പോകുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. ഞങ്ങൾക്കും സഹിക്കാൻ പ്രയാസമായിരുന്നു ആ കരച്ചിൽ. ശരീര വേദനയേക്കാൾ വലുതാണ് സൈക്കോളജിക്കൽ പെയിൻ. 

പേളി ഒരു കൊച്ചു കുട്ടിയല്ലല്ലോ. അതുകൊണ്ട് ഉപദേശിക്കുന്നതിനൊന്നും ഇനി പ്രസക്തിയില്ല

ശവപ്പെട്ടിക്കകത്ത് കിടക്കുന്ന പോലെ അവർ സഫർ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ആ വേദനയിൽ നിന്നും പുറത്തു വരാൻ അവൾക്ക് ഒരു ഓപ്പൺ അപ് ആവശ്യമായിരുന്നു. ചിലപ്പോൾ, അവൾക്ക് അവിടെ അതിനു കിട്ടിയ മാർഗമായിരിക്കും ശ്രീനിഷ്. ജോളിയായി പോയാൽ എന്ത് ബുദ്ധിമുട്ടുള്ള കാര്യവും നമുക്ക് എളുപ്പത്തിൽ കടന്നു പോകാല്ലോ. അങ്ങനെയാവാം അവർ തമ്മിൽ സംസാരിക്കാൻ തുടങ്ങിയത് .

ചില മനുഷ്യരെ കാണുമ്പോ നമുക്കൊരു വൈബ് അനുഭവപ്പെടാറില്ലേ? കാഴ്ചയിലും രൂപത്തിലുമൊന്നും കാര്യമില്ല ഈ വൈബ് അനുഭവപ്പെടുന്നതിന്. ചിലപ്പോ നമുക്ക് അമ്മൂമ്മയുടെ കറിയുടെ രുചി എവിടെയെങ്കിലും അനുഭവപ്പെടാറില്ല? അപ്പൊ ആ കറിയോട് ഒരിഷ്ടം തോന്നും. നമ്മുടെ കോൺഷ്യസ് മൈൻഡ് ഇതൊന്നും അറിയുന്നില്ല. അൺകോൺഷ്യസ് മൈന്‍ഡാണ് ഇതിനൊക്കെ പുറകിൽ. അത് നമ്മെ പഴയ കാര്യങ്ങൾ ഓർമിപ്പിക്കും. അങ്ങനെയാണ് നമുക്ക് ചില മനുഷ്യരോട് കാരണമില്ലാതെ അടുപ്പവും അകൽച്ചയുമൊക്കെ ഫീൽ ചെയ്യുന്നത്. 

എനിക്ക് പേളിയോട് ഒരു ദേഷ്യവും ഇല്ല. എന്നാൽ എന്താണ് നടക്കുന്നത് എന്ന കൺഫ്യൂഷനുണ്ട്. പേളി പുറത്തു വരുമ്പോൾ അവൾ എടുക്കുന്ന എന്ത് തീരുമാനവും ഞങ്ങൾ സ്വീകരിക്കും. പേളി ഒരു കൊച്ചു കുട്ടിയല്ലല്ലോ. അതുകൊണ്ട് ഉപദേശിക്കുന്നതിനൊന്നും ഇനി പ്രസക്തിയില്ല. എല്ലാം ഗെയിമിന്‍റെ ഭാഗമാണെന്നു പറഞ്ഞാൽ അത് കേൾക്കും. അതല്ല വിവാഹം കഴിക്കണമെന്നു പറഞ്ഞാൽ അത് കേൾക്കും. ബോക്സിങ്ങിനു പോയാൽ പിന്നെ ഇടി കൊണ്ടല്ലേ മതിയാവൂ. അപ്പൊ, അവിടെ നിന്ന് ഇടിക്കരുതെന്ന് പറയാൻ പറ്റില്ലല്ലോ? ഏതായാലും പുറത്തു വരട്ടെ. എന്നിട്ട് നോക്കാം. 

ശ്രീനിഷിനെ ഞാൻ ഷോയിൽ കണ്ടു. വളരെ നല്ലൊരു പയ്യനായി തോന്നി. ഇതൊരു റിയാലിറ്റി ഷോ ആയതു കൊണ്ടാണ് ആളുകൾ ഇപ്പോ ജഡ്ജ് ചെയ്യുന്നത്. ഷോ കഴിഞ്ഞാൽ പിന്നെ ആർക്കും ഇതിൽ താല്പര്യമൊന്നും ഉണ്ടാവില്ല. വിമർശകർ വിമർശിക്കട്ടെ. ഫാൻസ്‌ പിന്തുണക്കട്ടെ. അതൊക്കെ അവരുടെ സ്വാതന്ത്ര്യം. 

പേളി ആരോടും വഴക്കുണ്ടാക്കുന്ന ആളായിരുന്നില്ല

മനുഷ്യമനസ്സ് പെട്ടന്ന് മനസ്സിലാക്കാൻ ആരെ കൊണ്ടും അത്ര എളുപ്പത്തിൽ സാധിക്കില്ല. ഞാൻ കൗൺസിലിംഗും മോട്ടിവേഷൻ സ്‌പീച്ചും ചെയ്യുന്ന ആളാണ്. ചിലപ്പോ കാണാറുണ്ട്, '35 വര്‍ഷമായിട്ട് കൂടെ താമസിച്ചിട്ടും ഭാര്യയെ മനസ്സിലാവുന്നില്ല' എന്നൊക്കെ ആളുകൾ പറയുന്നത്. 

അത് കൊണ്ട് ഇപ്പോ നമുക്ക് പേളിയെ മനസ്സിലാവാത്തതിലും അത്ഭുതപ്പെടാതിരിക്കാം. ഇങ്ങനെയൊക്കെയാണ് മനുഷ്യൻ. ഐ പി എസ് ട്രെയിനിങ്ങിനൊക്കെ പോകുന്നവർ ട്രെയിനിങ് കഴിയുമ്പോഴേക്കും കല്യാണം കഴിക്കാൻ തീരുമാനിക്കുന്ന പലരെയും കണ്ടിട്ടുണ്ട്. ഒരു അടച്ച സ്ഥലത്തു പെട്ട് പോകുമ്പോൾ മനുഷ്യർക്ക് പലതും തോന്നും. സൈക്കോളജിക്കലി  പല മാറ്റങ്ങളും വരും. പേളിയിൽ വന്ന ആ മാറ്റം  ഞങ്ങൾ കാണുകയാണ്. പേളി ആരോടും വഴക്കുണ്ടാക്കുന്ന ആളായിരുന്നില്ല. വഴക്ക് കണ്ടാൽ അവിടെ നിന്നും മാറി പോകുകയായിരുന്നു മുൻപ്. അമ്മയുമായി അവൾക്ക് വളരെ അടുത്ത ബന്ധമാണ്. അവൾക്ക് അമ്മയെ കാണാൻ ആഗ്രഹമുണ്ടാകും. അതേ സമയം, അമ്മ വേദനിക്കുന്നുണ്ടോ എന്ന സംശയമുണ്ടാവും. 

Claustrophobia എന്ന അവസ്ഥ അവസ്ഥ ആർക്കും വരം. അതിന്‍റെ ചില ഫീലിംഗുകൾ ബിഗ് ബോസിനകത്തു പെട്ട് പോയപ്പോൾ പേളിക്കും ഉണ്ടായിട്ടുണ്ടാവും. അതായിരിക്കും ആ സൈക്കോളജിക്കൽ പെയിനും കരച്ചിലുമൊക്കെ. പേളി അതിൽ നിന്നും രക്ഷപ്പെടുന്നത് കരഞ്ഞിട്ടാണ്. കരഞ്ഞു കഴിയുമ്പോ അവൾ അതിൽ നിന്നും പുറത്തു വരുന്നുണ്ട്. അപ്പോള്‍, അവൾ അടുത്ത നിമിഷം തുമ്പിയെ പിടിക്കാനോ, പാട്ടു പാടാനോ  ഒക്കെ തുടങ്ങും. പരസ്പരവിരുദ്ധമായ ഈ പെരുമാറ്റങ്ങളും മൂഡ് സ്വിങ്ങും കാണുമ്പൊൾ പ്രേക്ഷകരും കൂടെയുള്ളവരും ഒരുപോലെ കൺഫ്യൂഷനിൽ ആവുന്നുണ്ടാവും. അവളെ മനസ്സിലാക്കാൻ പറ്റുന്നുണ്ടാവില്ല. അങ്ങനെയാവും അവളെ എല്ലാവരും ഫേക്ക് എന്ന് വിളിക്കുന്നത്. 

പേളി പോലും പേളിയെ തിരിച്ചറിയുന്നത് ഇപ്പോഴാവും

പേളി ആദ്യമൊക്കെ വളരെ ഇമേജ് കോൺഷ്യസ് ആയിരുന്നതായി തോന്നിയിട്ടുണ്ട്. നമ്മളെല്ലാവരും അങ്ങനെ ആണല്ലോ. ആർക്കും അവരുടെ ഇമേജ് പൊതു സമൂഹത്തിൽ  നഷ്ടപ്പെടണം എന്നില്ലല്ലോ. അവൾക്ക് എപ്പോഴും നല്ല കുട്ടിയായിരിക്കാനാണ് ഇഷ്ടം. അതും അവൾക്ക് സ്ട്രെസ് ഉണ്ടാക്കിയിട്ടുണ്ടാവും. പേളി ഒരു കാമറ പേഴ്‌സൺ ആണ് എന്ന് പറയുമെങ്കിലും അതൊക്കെ അവൾ ആങ്കർ ആയി പെർഫോം ചെയ്യുകയല്ലേ? അവിടെ അവൾക്ക് എന്‍റര്‍ടെയിനര്‍ ആവാൻ കഴിയും. കാരണം അത് കാമറ ഓൺ എന്ന് പറഞ്ഞു ഓഫ് ചെയ്യുന്നത് വരെ ഉള്ള ഒരു നിശ്ചിത സമയ പെർഫോമൻസ് ആണ്. അവിടെ അവൾ മികച്ച എന്‍റര്‍ടെയിനര്‍ ആണ്. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് നമ്മൾ താമസിക്കുന്ന സ്ഥലത്തു കാമറ വക്കുക എന്ന് വച്ചാൽ. മനുഷ്യർ കോൺഷ്യസ് ആവും. ഒന്നും ചെയ്യാൻ പറ്റാതാവും. സ്ട്രെസ് ഉണ്ടാവും. ഓരോ സാഹചര്യം നേരിടേണ്ടി വരുമ്പോഴേ നമുക്ക് ഓരോരുത്തർക്കും നമ്മൾ എങ്ങനെയാണെന്ന് മനസ്സിലാക്കാൻ പറ്റൂ. പേളി പോലും പേളിയെ തിരിച്ചറിയുന്നത് ഇപ്പോഴാവും. പേളിയെ കുറിച്ച് മാത്രമല്ല ഞാൻ പറയുന്നത്. അതിലെ മുഴുവൻ മത്സരാര്‍ത്ഥികളെയും കുറിച്ചാണ്. അവർക്കൊക്കെ ഉണ്ടാവും പലവിധ സ്ട്രെസ്. 

പേളി ഇപ്പോഴും ഒരു മോട്ടിവേഷണൽ സ്പീക്കർ ആയിട്ടില്ല. I want to be എന്നാണ് അവൾ തന്നെ അവളെ കുറിച്ച് പറയുന്നത്. എന്‍റെ കൂടെ പല  സ്ഥലത്തും അവൾ വരാറുണ്ട്. സംസാരിക്കാറുണ്ട്. എങ്കിലും പൂർണമായ അർത്ഥത്തിൽ അവളെ അങ്ങനെ കരുതാൻ വയ്യ. അതുകൊണ്ടാവും അവൾക്ക് പ്രതിസന്ധിയെ നേരിടേണ്ടി വന്നപ്പോൾ ആ പാഠങ്ങളൊന്നും ജീവിതത്തിൽ പകർത്താൻ കഴിയാതിരുന്നത്. എങ്കിലും എല്ലാവരെയും മോട്ടിവേറ്റ് ചെയ്യുന്ന ആളാണ് പേളി. എന്നിട്ടും, അവൾക്ക് സ്വയം മോട്ടിവേറ്റ് ചെയ്യാൻ പറ്റുന്നില്ല എന്നത് എന്നെയും അതിശയിപ്പിക്കുന്നുണ്ട്. 

ഇത്രയും ദിവസം കഴിഞ്ഞു തിരിച്ചു വരുമ്പോൾ എങ്ങനെയായിരിക്കും എന്നറിയില്ല. പഴയ പോലെ എന്‍റര്‍ടെയിനറായ പേളി വരുമോ, കരയുന്ന പേളി വരുമോ എന്ന് നമുക്ക് നോക്കാം. ഒരു മനുഷ്യന് പൂർണമായ മാറ്റം വരാൻ 30 മുതൽ 60 ദിവസം വരെ മതി. ഞാൻ കമാന്‍ഡോകൾക്ക് (പോലീസ് ) ട്രെയിനിങ് കൊടുക്കുമ്പോള്‍ അവർ ദിവസങ്ങൾ കഴിയുമ്പോള്‍ പൂർണമായ അർത്ഥത്തിൽ പുതിയ മനുഷ്യരായി മാറിയതായി കണ്ടിട്ടുണ്ട്. 

ചിലർ പറയുന്നുണ്ട് പേളിക്ക് വലിയ പൈസ കൊടുത്ത് പി ആർ ഏജൻസിയെ വച്ചിട്ടുണ്ടെന്ന്

ബിഗ് ബോസ് ഒരു മത്സരമാണല്ലോ. അവിടെയുള്ള എല്ലാവരും മത്സരാര്‍ത്ഥികളും. പേളിയടക്കമുള്ള എല്ലാവരും പല വിധത്തിലുള്ള സ്‌ട്രെസ് അനുഭവിക്കുന്നവരുമായിരിക്കും. എന്നാലും അതിനിടയിലും അവർ മത്സരിക്കും. ആരെങ്കിലുമൊക്കെ ജയിക്കും. യുദ്ധത്തിൽ പങ്കെടുക്കുന്ന പടയാളികൾ പോലും പേടിയോടെയാണ് എതിരാളിക്ക് നേരെ ആക്രമണം അഴിച്ചു വിടുന്നതും ആയുധം പ്രയോഗിക്കുന്നതും. എന്തങ്കിലും ചിലപ്പോ ജയിക്കും. 

പേളി ഒരു മാസം കഴിഞ്ഞു തിരിച്ചു വരാമെന്നു പറഞ്ഞു പോയ ആളാണ്. ഏറ്റവും കൂടുതൽ തവണ എലിമിനേഷനിലും വന്നു. എന്നിട്ടും ഇപ്പോഴുമുണ്ട്. പേളിക്ക് വോട്ട് ചെയ്യാൻ ഫാൻസുണ്ട് എന്നത് കൊണ്ടായിരിക്കും. പേളിക്ക് വലിയ ഫാൻ ഫോളോയിങ് ഉണ്ടെന്ന് എനിക്കുമറിയാം. 

ചിലർ പറയുന്നുണ്ട് പേളിക്ക് വലിയ പൈസ കൊടുത്ത് പി ആർ ഏജൻസിയെ വച്ചിട്ടുണ്ടെന്ന്, അവളിപ്പോ അതിനകത്താണല്ലോ. പിന്നെ 10 രൂപയാണെങ്കിലും മുടക്കണമെങ്കിൽ ഞാൻ തന്നെ വേണ്ടേ? വേറെ ആരുമില്ലല്ലോ അതിനു? ഞാൻ ഇതിനായി ഒരു പൈസയും ചെലവഴിച്ചിട്ടില്ല. ചെലവഴിക്കുകയുമില്ല. എനിക്ക് എന്റെ കാര്യം തന്നെ ചെയ്യാൻ സമയമില്ല. അപ്പോ അരാ ഇതിനൊക്കെ പോകുക? അവളുടെ ഫാൻസ്‌ അവൾക്ക് വോട്ട് ചെയ്യുന്നു. അവൾ എലിമിനേഷനിൽ നിന്നും രക്ഷപ്പെടുന്നു. 

പേളി എപ്പോഴും പറയും അവൾക്ക് മോട്ടിവേഷണൽ സ്പീക്കർ ആവണമെന്ന്. ഞാൻ നടന്ന വഴികൾ അല്ലല്ലോ അവൾ നടക്കുന്നത്. എന്താവും എന്ന് അറിയില്ല. കുടുംബത്തിൽ  നിന്നൊന്നുമല്ല മനുഷ്യർ കൂടുതൽ കാര്യങ്ങൾ പഠിക്കുന്നത്. ചുറ്റുപാടുകളിൽ നിന്നാണ് ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ കാര്യങ്ങൾ പഠിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ പേളിയടക്കമുള്ളവർ അങ്ങനെ പലതും പുതുതായി പഠിച്ചിട്ടുണ്ടാവും. മാറിയിട്ടുണ്ടാകും, ചിലപ്പോ പുതിയ മനുഷ്യരായിട്ടുണ്ടാവും. നമുക്ക് അവർ പുറത്തു വരുന്നത് വരെ കാത്തിരിക്കാം. എന്നിട് അവരൊക്കെ എന്ത് പറയുന്നുവെന്ന് നോക്കാം. അവർ പുറത്തിറങ്ങി ഇതൊക്കെ കളിയായിരുന്നു എന്ന് പറഞ്ഞാൽ അങ്ങനെ. അതല്ല വിവാഹം കഴിക്കണമെന്നു പറഞ്ഞാൽ അങ്ങനെ. 

Follow Us:
Download App:
  • android
  • ios