Asianet News MalayalamAsianet News Malayalam

തരുമോ ഇത്തിരിയിടം, ഞങ്ങള്‍ക്കും!

Bini bharathan on Autism disorder
Author
Thiruvananthapuram, First Published Sep 26, 2017, 4:04 PM IST

ഇത്തരം കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും തീര്‍ച്ചയായും സമൂഹത്തില്‍ ഒരിടം കൊടുക്കുക. ഉള്ളിലെ പല കാപട്യങ്ങള്‍ക്കും മാന്യതയുടെ മുഖം മൂടി ധരിച്ച പലരേക്കാളും, പരിഗണന ലഭിക്കേണ്ടത് ഈ നിഷ്‌കളങ്ക മനസ്സുകള്‍ക്കാണ്. അത്രയൊന്നും ഉയര്‍ന്നില്ലെങ്കിലും വേണ്ടില്ല അവരും ഈ സമൂഹത്തിന്റെ ഭാഗമാണെന്നൊരു ചിന്ത, ഒരു ചേര്‍ത്തുപിടിക്കല്‍, അത്ര മതി അവര്‍ക്ക്,

Bini bharathan on Autism disorder
മാനവരാശിക്ക് ഗുണം ചെയ്യുന്നതും അല്ലാത്തതുമായ, ഒരുപാട് കണ്ടുപിടുത്തങ്ങളുടെ പരമമായ ഉന്നതിയില്‍ എത്തിയിരിക്കുകയാണ് ശാസ്ത്രവും, മെഡിക്കല്‍ സയന്‍സും. ഈ ഉയര്‍ച്ചകള്‍ക്കിടയിലും ഉത്തരം കിട്ടാത്തൊരു ചോദ്യമായി മാറിയിരിക്കുകയാണ് മാനസിക വളര്‍ച്ച ഇല്ലാതെ, ബുദ്ധിവളര്‍ച്ച ഇല്ലാതെ  ജനിക്കുന്ന കുഞ്ഞുങ്ങള്‍. ഇതിന്റെ കാരണമോ പരിഹാരമോ വ്യക്തമായി കണ്ടുപിടിക്കുവാന്‍ ഒരു ശാസ്ത്രത്തിനും കഴിഞ്ഞില്ലിതുവരെ.

മനുഷ്യന്റെ ഒരിക്കലും തീരാത്ത ലാഭക്കൊതിയിലെ കൊടും ചതിയിലൂടെ, പല പല വിധത്തില്‍ നമ്മുടെ ശരീരത്തില്‍ എത്തിപ്പെടുന്ന, വീര്യം കുറഞ്ഞതും കൂടിയതുമായ വിഷവസ്തുക്കളുടെയും ഹോര്‍മോണുകളുടെയും  അതിപ്രസരത്തില്‍ മനുഷ്യശരീരത്തിനുണ്ടാകുന്ന പരിവര്‍ത്തനം കൊണ്ടോ, ജനിതകതകരാറുകള്‍ കൊണ്ടോ ആകാം. മാനസിക വളര്‍ച്ച കൈവരിക്കാതെ ഈ കുരുന്നു ബാല്യങ്ങള്‍ ഭൂമിയുടെ മടിയിലേക്ക് പിറന്നു വീഴുന്നത് ..

പത്തുമാസത്തെ ആശങ്കകളും പ്രതീക്ഷകളും അവസാനിപ്പിച്ചുകൊണ്ട് പിറന്നുവീഴുന്ന തങ്ങളുടെ  പൊന്നോമന, ഇത്തരത്തിലൊരു മാനസിക, ശാരീരിക വൈകല്യമുള്ള കുഞ്ഞാണെങ്കില്‍ ആ അച്ഛനും, അമ്മയ്ക്കുമുണ്ടാകുന്ന മനോവേദന അത് അനുഭവിച്ചിട്ടില്ലാത്തവര്‍ സങ്കല്‍പിക്കുന്നതിക്കാള്‍ വളരെ വലുതാണ്. ദൈവത്തിന്റെ വികൃതി ആ അച്ഛനമ്മമാര്‍ക്ക് ജീവിതകാലം മുഴുവന്‍  ഉമിത്തീ പോലെ നീറുന്ന നൊമ്പരമാണ്..

ഈ പശ്ചാത്തലത്തില്‍ വേണം ഓട്ടിസത്തെ സമീപിക്കാന്‍. ഓട്ടിസം ഒരു രോഗമല്ല, മറിച്ച് തലച്ചോറിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ വേണ്ടവിധം സംവദിക്കപ്പെടാതെ പോവുന്നൊരു അവസ്ഥയാണ്. സ്വന്തം ആവശ്യങ്ങളോ, മാനസികാവസ്ഥയോ മറ്റുള്ളവരോട് ബോധിപ്പിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയാണ്. സ്വന്തം കാര്യങ്ങള്‍ പരസഹായമില്ലാതെ  ചെയ്യാന്‍ കഴിയാ, യുക്തിപൂര്‍വം ചിന്തിക്കാന്‍ കഴിയാത്ത ഒരവസ്ഥ. കൃത്യമായ ചികിത്സയോ പരിഹാരമോ ഇല്ലാത്ത ഒന്ന്. ഒരു പാട് കുഞ്ഞുങ്ങളാണ് സമാനമായ അവസ്ഥയില്‍ നിസ്സഹായരായി കഴിയുന്നത്. 

എന്നാല്‍ ഇത്തരത്തിലുള്ള ഒരു കുഞ്ഞിനും, കുടുംബത്തിനും സമ്പൂര്‍ണ്ണ സാക്ഷരരായ ഈ  സമൂഹം നല്‍കുന്നതെന്താണ് ? നിങ്ങളുടെ കൂട്ടത്തില്‍ ഉള്ളവരാണെന്ന പരിഗണന തരാന്‍ കഴിയില്ലെങ്കില്‍ പിന്നെ, നിങ്ങളുടെ സഹതാപം നിറഞ്ഞ നോട്ടങ്ങളും ചോദ്യങ്ങളും തീര്‍ച്ചയായും വേണ്ടാ. ഓരോരുത്തരോടും മറുപടി കൊടുത്തും, വിശദീകരിച്ചും ആ അച്ഛനമ്മമാര്‍ എത്ര തകര്‍ന്നുകാണും!

ഇത്തരം കുട്ടികളില്‍ പൊതുവെ കാണുന്നതാണ് ഹൈപ്പര്‍ ആക്ടിവിറ്റി അഥവാ പിരുപിരിപ്പ്. നിങ്ങളുടെ കുഞ്ഞിന് അതില്ലാത്തത് അവര്‍ ഇഷ്ടം പോലെ ഓടിയും ചാടിയും കളിച്ചും അവരുടെ എനര്‍ജി ഉപയോഗപ്പെടുത്തുന്നത് കൊണ്ടാണ്. ഇവര്‍ മിക്കപ്പോഴും വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ തളക്കപ്പെടുകയാണല്ലോ?

ഇത്തരം കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും തീര്‍ച്ചയായും സമൂഹത്തില്‍ ഒരിടം കൊടുക്കുക.

സത്യത്തില്‍ സമൂഹമേ, നിങ്ങള്‍ എന്താണ് ഇവരില്‍ കാണുന്ന പോരായ്മ? നിങ്ങളെ പോലെ (ഉള്ളില്‍ വേറൊന്നു വെച്ച് )കപടമായ കുറേ മര്യാദകള്‍ മനപ്പൂര്‍വം പാലിച്ചു പോരുന്നില്ലെന്നതോ? മാന്യതയുടെ മുഖം മൂടി ധരിച്ചു സമൂഹത്തില്‍ നല്ലപിള്ള  ചമയുന്നില്ലെന്നതോ? ഇവര്‍ ഇത്തരം കള്ളത്തരങ്ങളോ വക്രബുദ്ധിയോ ഉള്ളില്‍ പോലും ഇല്ലാത്ത തീര്‍ത്തും നിഷ്‌കളങ്കരാണ്, ദൈവത്തിന്റെ പവിത്രമായ സൃഷ്ടികള്‍. ഇക്കാര്യം നിങ്ങള്‍ ഇനി എന്നാണ് മനസ്സിലാക്കുന്നത്?

മൂന്നു മക്കളും, അവരുടെ മരുമക്കളും ഡോക്ടര്‍മാരായ ഒരു ഫാമിലിയിലെ താഴെയുള്ള മകന്റെ കുഞ്ഞ് അല്‍പം മാനസിക വൈകല്യമുള്ള കുഞ്ഞാണെന്ന് മറച്ചുവെക്കാന്‍, ആ കുഞ്ഞിനെ മൂന്നു വര്‍ഷത്തോളം വീടിനുള്ളില്‍ ഒരു മുറിയില്‍ ഒതുക്കി വളര്‍ത്തിയ ഒരു കുടുംബത്തെ എനിക്കറിയാം. സമൂഹത്തിലെ തങ്ങളുടെ വില ഇടിയുമോ എന്നുള്ള ആ ഭര്‍തൃമാതാവിന്റെ അനാവശ്യആശങ്ക തളര്‍ത്തിക്കളഞ്ഞത് ആ കുഞ്ഞിന്റെ  കുറവുകള്‍ പരിഹരിച്ച്  വളര്‍ത്തിയെടുക്കാനുള്ള ഒരമ്മയുടെ ആത്മവിശ്വാസമാണ്. സധൈര്യം സമൂഹത്തില്‍ ഇടപഴകാനും മറ്റുകുട്ടികളോട് കൂടി കളിക്കാനും ഉള്ള സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ എത്രയോ മെച്ചപ്പെടുമായിരുന്നു ആ കൊച്ചു സുന്ദരി.

എന്റെ ഹൈസ്‌കൂള്‍ പഠനകാലത്ത് ഞാന്‍ ട്യൂഷന് പോയിരുന്ന വീട്ടില്‍ ടീച്ചറുടെ, ചേട്ടനും ചേച്ചിയും മാനസിക വളര്‍ച്ച കുറഞ്ഞവരായിരുന്നു. പക്ഷേ അവരുടെ അമ്മ ഒരിക്കലും അവരെ സമൂഹത്തില്‍ നിന്നും പൊതിഞ്ഞു പിടിച്ചിരുന്നില്ല. സംശയം ചോദിക്കുന്നവര്‍ക്ക് ചുട്ട മറുപടിയും കൊടുത്ത് അവരെ സിനിമക്കും, കടയിലേക്കും, പാര്‍ക്കിലേക്കും, ഉത്സവത്തിനും ഒക്കെ കൊണ്ടുപോയി. സഹതപിക്കുന്ന കണ്ണുകളെയും വാക്കുകളെയും അര്‍ഹിക്കുന്ന അവഗണയോടെ പുച്ഛിച്ചു തള്ളി. വീട്ടിലെ എല്ലാ ജോലികളിലും അവരെക്കൂടി പങ്കെടുപ്പിച്ചു.മുറ്റത്തെ വലിയ തോട്ടത്തില്‍ ചെടി നനച്ചും കളപറിച്ചും, നനച്ചും വളമിട്ടും അവര്‍ കൊച്ചു പൂമ്പാറ്റകളെപ്പോലെ പാറി നടന്നു. രാവിലെ തോട്ടത്തില്‍ നിന്നും തണ്ടോടെ  പറിക്കുന്ന പൂക്കളുമായി, കോണിക്കു ചുവട്ടില്‍ അവര്‍ ഞങ്ങള്‍ ട്യൂഷന്‍ കുട്ടികള്‍ക്ക് ഗുഡ്‌മോണിംഗുമായി കാത്തുനിന്നു. തിരിച്ചൊരു പുഞ്ചിരിയും ഒരു ഗുഡ്‌മോണിംഗും ഞങ്ങളും കൊടുക്കും.. അവരുടെ പിറന്നാളാഘോഷങ്ങള്‍  ഞങ്ങളുടേതും കൂടിയായിരുന്നു.. ഞങ്ങളുടെ മേല്‍ വീട്ടുകാരുടെ അനാവശ്യ സമ്മര്‍ദ്ദമില്ലാത്തതു കൊണ്ട് ഞങ്ങളും അവരോടൊപ്പം കളിച്ചു, സന്തോഷിച്ചു.

ഇത്തരം കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും തീര്‍ച്ചയായും സമൂഹത്തില്‍ ഒരിടം കൊടുക്കുക. ഉള്ളിലെ പല കാപട്യങ്ങള്‍ക്കും മാന്യതയുടെ മുഖം മൂടി ധരിച്ച പലരേക്കാളും, പരിഗണന ലഭിക്കേണ്ടത് ഈ നിഷ്‌കളങ്ക മനസ്സുകള്‍ക്കാണ്. അത്രയൊന്നും ഉയര്‍ന്നില്ലെങ്കിലും വേണ്ടില്ല അവരും ഈ സമൂഹത്തിന്റെ ഭാഗമാണെന്നൊരു ചിന്ത, ഒരു ചേര്‍ത്തുപിടിക്കല്‍, അത്ര മതി അവര്‍ക്ക്, പരിമിതിക്കുള്ളില്‍ നിന്ന് അല്‍പമെങ്കിലും ഉയരാന്‍. അത്രയൊന്നുമില്ലെങ്കില്‍, നിങ്ങളുടെ സഹതാപം നിറഞ്ഞ ചോദ്യങ്ങള്‍, നോട്ടങ്ങള്‍, അതെങ്കിലും ഒഴിവാക്കാന്‍ മനസ്സുണ്ടാകുമോ പ്രബുദ്ധ സമൂഹമേ നിങ്ങള്‍ക്ക്!

Follow Us:
Download App:
  • android
  • ios