Asianet News MalayalamAsianet News Malayalam

അന്നും കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയിരുന്നു, അതും ചരിത്രമായിരുന്നു

ഈ നീതി തേടിയുള്ള യാത്രയില്‍ പങ്കെടുക്കണമെന്ന് കാത്തലിക് കോണ്‍ഫറന്‍സ് അറിയിപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ആ ആറ് കന്യാസ്ത്രീകളും സമരത്തിനിറങ്ങിയത്. അതിലൊരാള്‍ കറുത്തവര്‍ഗക്കാരിയുമായിരുന്നു. 

Catholic nuns presence in a protest
Author
USA, First Published Sep 22, 2018, 12:18 PM IST

ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ സമരങ്ങളിലൊന്നായി സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തിലുള്ള കന്യാസ്ത്രീകള്‍ നടത്തിയ സമരം അറിയപ്പെടും. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെയുള്ള ഏറ്റവും കരുത്തുറ്റ പോരാട്ടമായിരുന്നു അത്. 

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ കുറച്ചു കന്യാസ്ത്രീകള്‍ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയിരുന്നു. 1965 മാര്‍ച്ച് പത്തിനാണത്. അമേരിക്കയിലെ അലബാമയിലുള്ള സെല്‍മയിലേക്ക് ആ ആറ് കന്യാസ്ത്രീകളും വിമാനം കയറിയത് ചരിത്രപരമായ ഒരു ദൌത്യവും പേറിയായിരുന്നുവെന്ന് അപ്പോള്‍ അവര്‍ക്കുപോലും അറിയില്ലായിരുന്നുവെന്നതാണ് സത്യം. അവിടെ അവര്‍ നൂറുകണക്കിന് പേര്‍ അണിനിരന്ന ഒരു സമരത്തില്‍ പങ്കുചേര്‍ന്നു. വോട്ടവകാശം കിട്ടുന്നതിനു വേണ്ടിയുള്ളതായിരുന്നു ആ പ്രതിഷേധം. 

ആ സമരം അവര്‍ക്കുവേണ്ടി മാത്രമായിരുന്നില്ല, ഒരു വലിയ അനീതിക്കെതിരെ നീതി തേടിയുള്ളൊരു യാത്രയായിരുന്നു. 'സെല്‍മ-മോണ്ട്ഗോമറി' പദയാത്ര എന്ന് അത് അറിയപ്പെട്ടു. അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. വോട്ട് ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്ന് ഉറക്കെ പറഞ്ഞ് കറുത്ത വര്‍ഗക്കാര്‍ നടത്തിയ ആ പദയാത്രയില്‍ നൂറുകണക്കിന് പേര്‍ അണിചേര്‍ന്നു. ആ സമരത്തെ മുന്നോട്ട് നയിച്ചതാകട്ടെ സാക്ഷാല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും. 1964ല്‍ പൌരാവകാശനിയമം പ്രാബല്യത്തിലുണ്ടായിരുന്നുവെങ്കിലും അലബാമയിലെ പലയിടങ്ങളിലും അവ വളരെ മെല്ലെയാണ് നടപ്പിലായത്. ഭൂരിപക്ഷം കറുത്ത വര്‍ഗക്കാര്‍ക്കും വോട്ടവകാശം കിട്ടിയിരുന്നില്ല. ഈ സമയത്താണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പദായത്രക്ക് ആഹ്വാനം നല്‍കുന്നത്. വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പക്ഷെ ആ യാത്രയില്‍ പങ്കെടുക്കാനായില്ല. 

Catholic nuns presence in a protest

 കൊലപാതകമടക്കം പലതും നേരിടേണ്ടി വന്നെങ്കിലും പ്രതിഷേധക്കാര്‍ തളര്‍ന്നില്ല. അവര്‍ മുന്നോട്ടുതന്നെ നീങ്ങി. മൂന്ന് ദിവസം കൊണ്ട് 87 കിലോമീറ്ററാണ് അവര്‍ നടന്നത്. ഈ നീതി തേടിയുള്ള യാത്രയില്‍ പങ്കെടുക്കണമെന്ന് കാത്തലിക് കോണ്‍ഫറന്‍സ് അറിയിപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ആ ആറ് കന്യാസ്ത്രീകളും സമരത്തിനിറങ്ങിയത്. അതിലൊരാള്‍ കറുത്തവര്‍ഗക്കാരിയുമായിരുന്നു. സമരത്തിലെ കന്യാസ്ത്രീകളുടെ സാന്നിധ്യം അന്ന് ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തു. ഉറക്കെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുന്ന അവരുടെ ചിത്രങ്ങള്‍ അന്നോളമുള്ള കന്യാസ്ത്രീ സമൂഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിഭിന്നമായി മാറി. അധ്യാപനവും, ആരോഗ്യപരിചരണവും, സാമൂഹികസേവനവുമായി ജീവിക്കുന്ന ആ കന്യാസ്ത്രീകള്‍ ആദ്യമായി ഒരു ചരിത്രസമരത്തിന്‍റെ ഭാഗമായി മാറി. അതവര്‍ക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. 1965 ആഗസ്ത് ആറിന് അമേരിക്കന്‍ കോണ്‍ഗ്രസ് കറുത്ത വര്‍ഗക്കാര്‍ക്ക് അനുകൂലമായി നിയമം പാസാക്കിയപ്പോള്‍ അവര്‍ പങ്കെടുത്ത സമരം വിജയിക്കുകയും ചെയ്തു. 

ആ സമരം ചരിത്രമാവുകയും പിന്നീടത് ആവര്‍ത്തിക്കപ്പെടാതിരിക്കുകയുമായിരുന്നു. എന്നാല്‍, കേരളത്തിലെ തെരുവോരം വീണ്ടും ഒരു ചരിത്രം രചിച്ചിരിക്കുന്നു. കന്യാസ്ത്രീ സമൂഹത്തിനെന്നല്ല, ലോകത്തിലെ സകല സ്ത്രീകള്‍ക്കും വേണ്ടി തന്നെയായിരുന്നു അവരുടെ സമരം. 

Follow Us:
Download App:
  • android
  • ios