ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Santhosh Gangadharan
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

വഞ്ചന
ഇപ്പോള്‍ അയാള്‍ക്ക് ശരിക്കും ശ്വാസം മുട്ടുന്നത് പോലെ തോന്നിത്തുടങ്ങിയിരുന്നു. എത്ര നേരമായി ഈ പമ്പ് ഹൗസില്‍ ഇങ്ങനെ കൂനിക്കൂടിയിരിക്കുന്നു. രഘു വന്നിരുന്നെങ്കില്‍ ഇവിടെ നിന്നും രക്ഷപ്പെടാനുള്ള വഴി നോക്കാമായിരുന്നു.
ഇന്നലെയാണ് ആരും കയറാത്ത ആ വീടിന്റെ പൂട്ട് കുത്തിപ്പൊളിച്ച് വാതില്‍ തുറന്നിട്ടത്. ഒറ്റ ദിവസത്തില്‍ ആരാണാവോ ഇവിടെ വന്ന് ആ കതക് പൂട്ടിയത്! വീട്ടിനകത്ത് കയറാന്‍ പറ്റാത്തത് കൊണ്ട് പമ്പ് ഹൗസില്‍ കയറി ഒളിക്കുകയായിരുന്നു. രഘു ഉടനെ വരാതിരിക്കില്ല. അയാള്‍ ഒരു ദീര്‍ഘനിശ്വാസത്തില്‍ തന്റെ ചിന്തകളെ ഒതുക്കാന്‍ ശ്രമിച്ചു.
രു മാസത്തില്‍ കൂടുതല്‍ ഒരുമിച്ചിരുന്ന് ആസൂത്രണം ചെയ്തതാണ്. എങ്കിലും ചെറിയൊരു അശ്രദ്ധയില്‍ എല്ലാം അവതാളത്തിലായല്ലോ, ഈശ്വരാ! അയാള്‍ തന്റെ പദ്ധതിയില്‍ എവിടെയാണ് പാകപ്പിഴ വന്നതെന്ന് ആലോചിച്ചു.
സൂപ്പര്‍മാര്‍ക്കറ്റിലെ അന്നന്നത്തെ വരവ് ഒരു തുകല്‍സഞ്ചിയില്‍ ഒതുക്കിക്കെട്ടി, അത് നെഞ്ചോട് അടുക്കിപ്പിടിച്ചാണ് ആ കാഷ്യര്‍ ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള ബാങ്കിലേയ്ക്ക് പോകാറ്. പല ദിവസങ്ങളിലും സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന പോയിനിന്ന്, സ്വയം മനസ്സില്‍ കോറിയിട്ട ആ കാഷ്യറുടെ രൂപം ഇപ്പോഴും തെളിഞ്ഞുനില്‍ക്കുന്നു. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്ക് അവധി ആണെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റിന് പ്രവര്‍ത്തി ദിനങ്ങള്‍ തന്നെയാണ്. അതുകൊണ്ടാണ് തിങ്കളാഴ്ച തന്നെ തെരഞ്ഞെടുത്തത്. മൂന്ന് ദിവസത്തെ വിറ്റുവരവ് അത് നല്ലൊരു തുക തന്നെയായിരിക്കും. നഗരത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.
എന്നത്തേയും പോലെ അന്നും ആ കാഷ്യര്‍ രണ്ടുമണിയ്ക്ക് പതിനഞ്ച് മിനിറ്റ് മുമ്പേ തുകല്‍സഞ്ചിയുമായി പുറത്തിറങ്ങി. എതിരെ നിന്നിരുന്ന അയാള്‍ സാവധാനം മുന്നോട്ട് നീങ്ങി. തന്റെ ശിഷ്ടജീവിതം സുഖകരമാക്കാനുള്ള സമ്പാദ്യമാണ് ആ തുകല്‍സഞ്ചിയില്‍. ആദ്യമായിട്ടും അവസാനമായിട്ടും ചെയ്യാന്‍ ഉദ്ദേശിച്ച തെറ്റ്. കാഷ്യറുടെ കൈയില്‍ നിന്ന് സഞ്ചി തട്ടിയെടുക്കുന്നു; മൂക്ക് നോക്കി ഒറ്റ ഇടിയില്‍ അയാളെ താഴെ വീഴ്ത്തുന്നു; നേരെ അപ്പുറത്ത് രഘു പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ കയറുന്നു; നേരത്തെ കണ്ടുവച്ചിട്ടുള്ള ഈ വീട്ടില്‍ ഒരാഴ്ച ഒളിച്ച് താമസിക്കുന്നു. പിന്നെ ജീവിതം സുഭിഷ്ടം, സുഖകരം!
പുതിയ ഫാക്റ്ററിയില്‍ ജോലി ലഭിച്ചതൊരു സൗഭാഗ്യമായാണ് കരുതിയിരുന്നത്. അന്നു മുതല്‍ കൂടെ കൂട്ടാന്‍ കിട്ടിയ ചങ്ങാതിയാണ് രഘു. പക്ഷേ, ആറ് കൊല്ലങ്ങള്‍ക്കിപ്പുറവും ശമ്പളത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുന്നില്ലെന്ന് കണ്ടപ്പോഴാണ്, പെട്ടെന്ന് കുറേ കാശുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ തുടങ്ങിയത്. മനഃസാക്ഷിയെ വഞ്ചിക്കരുതെന്ന് പലപ്പോഴും ചിന്തിച്ചിരുന്നെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം മറ്റൊരു തരത്തിലാണെന്ന ബോധ്യം വന്ന ദിനങ്ങളായിരുന്നു അത്. കൂലംകഷമായ ചര്‍ച്ചകള്‍ക്കൊടുവില്‍ രഘുവിന്റെയും തന്റെയും ചിന്താസരണികള്‍ ഒരേ നേര്‍വരയിലെത്തിയപ്പോഴാണ് ഇതിനൊരുങ്ങി പുറപ്പെട്ടത്. പക്ഷേ, അതിനവസാനം ഈ പമ്പ് ഹൗസിലാകാനാണോ വിധി!
ഇത്രയും കണിശമായി ആസൂത്രണം ചെയ്തിട്ടും എവിടെയാവാം പിശക് പറ്റിയിട്ടുണ്ടാവുക? അയാള്‍ അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
കാഷ്യര്‍ക്ക് തന്റെ മുഖം ശ്രദ്ധിക്കാന്‍ പറ്റാത്ത വിധം മുകളിലേയ്ക്കും ഇടയ്ക്കിടെ എതിര്‍ ദിശയിലേയ്ക്കും മുഖം തിരിച്ചുകൊണ്ടാണ് അയാള്‍ തന്റെ ഉദ്യമത്തിലേയ്ക്ക് നടന്നടുത്തത്. കൈയെത്തുന്ന അകലത്തില്‍ എത്തിയതോടെ കാഷ്യര്‍ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്ന സഞ്ചി അയാള്‍ ആഞ്ഞുവലിച്ചു. പക്ഷേ, കാഷ്യറും സഞ്ചിയോടൊപ്പം മുന്നോട്ട് വരുകയാണുണ്ടായത്. സഞ്ചി ഒരു തുകല്‍ സ്ട്രാപ്പിനൊപ്പം അയാളുടെ കൈയില്‍ ബന്ധിച്ചിരിക്കുന്നു.
കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നതിന് മുന്നെ കാഷ്യറുടെ ഒരു ഊക്കന്‍ അടിയില്‍ അയാള്‍ താഴെ വീണു. ഒരു വിധം തപ്പിപ്പിടഞ്ഞ് എഴുന്നേല്‍ക്കുന്നതിനിടയില്‍ കാഷ്യര്‍ ബാങ്കിന് നേരെ ഓടിക്കഴിഞ്ഞിരുന്നു.
പൊലീസിന്റെ സൈറണ്‍ കേട്ടപ്പോഴാണ് പണി അപ്പാടെ പാളിയെന്ന് അയാള്‍ക്ക് മനസ്സിലായത്. ബാങ്കിന്റെ ഭാഗത്ത് നിന്ന് കുറേ പൊലീസുകാര്‍ ഓടി വരുന്നു. അവരോടൊപ്പം ഒരാള്‍ തന്നെ നോക്കി കൈചൂണ്ടുന്നുമുണ്ട്. കവിളത്ത് കിട്ടിയ അടിയുടെ ആഘാതത്തില്‍ കണ്ണ് നിറഞ്ഞിരുന്നതിനാല്‍ അതാരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എങ്കിലും എന്തോ ഒരു പരിചയം ആ മുഖത്തിനുണ്ടെന്ന് അയാള്‍ക്ക് തോന്നിയിരുന്നു.
അയാള്‍ ഇരുന്ന ഇരിപ്പില്‍ കാലുകള്‍ നിവര്‍ത്താന്‍ ശ്രമിച്ചു. ഇല്ല. അതിനുള്ള നീളം ആ മുറിയ്ക്കില്ല. പുറത്തിറങ്ങാനുള്ള ധൈര്യം അയാള്‍ക്കില്ലായിരുന്നു. അവരുടെ പദ്ധതി പൊളിഞ്ഞെന്നറിയുമ്പോള്‍ രഘു വരാതിരിക്കില്ല. അവന് മാത്രമേ താന്‍ ഇവിടെയുണ്ടാകുമെന്ന് അറിയുകയുള്ളു.
പമ്പ് ഹൗസിന്റെ വാതില്‍ തുറക്കുന്ന ശബ്ദം. അയാള്‍ ഇരുട്ടിലേയ്ക്ക് കുറേക്കൂടി ഒതുങ്ങി. ചങ്കിടിപ്പിന് ഇത്രയും ഒച്ചയുണ്ടെന്ന് അയാള്‍ക്കറിയില്ലായിരുന്നു. ഹൃദയം പുറത്ത് ചാടുമോ എന്ന ഭയം തോന്നിയിട്ടോ എന്തോ അയാള്‍ നെഞ്ചമര്‍ത്തി പിടിച്ചു.
രഘുവിന്റെ പരിചിത മുഖം കണ്ടപ്പോള്‍ അയാള്‍ക്ക് സമാധാനമായി.
''ഇതിനുള്ളില്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടല്ലേ?'' രഘുവിന്റെ ചോദ്യത്തിന് അയാള്‍ സാവധാനം തലയാട്ടി.
''എന്തായാലും പൊലീസിന്റെ പിടിയില്‍ പെടുന്നതിനേക്കാള്‍ ഭേദമല്ലേ, ഈ കുടുസ്സ് മുറി! അവര്‍ എന്താ കാട്ടാന്ന് ആര്‍ക്കറിയാം?''
''പക്ഷേ, മോഷണശ്രമം അത്ര വലിയ കുറ്റമൊന്നുമല്ലല്ലോ. ചെറിയൊരു ശിക്ഷയെ ഉണ്ടാകാന്‍ വഴിയുള്ളു.'' അയാള്‍ ശ്രമപ്പെട്ട് അത്രയും പറഞ്ഞൊപ്പിച്ചു.
''മോഷണക്കുറ്റം മാത്രമല്ലല്ലോ. കൊലപാതകശ്രമം കൂടിയുണ്ടെന്നാണ് അവിടെ പറഞ്ഞുകേട്ടത്.''
അയാള്‍ വെറുതെ ഞെട്ടിയെന്ന് പറഞ്ഞാല്‍ പോരാ. വിശ്വസിക്കാന്‍ പറ്റാതെ അയാള്‍ രഘുവിനെ തുറിച്ചുനോക്കി. ''കൊലപാതകശ്രമമോ? ഞാനതിന് അയാളെ ഒന്നും ചെയ്തില്ലല്ലോ? ബാഗ് വലിച്ചു. അത്രമാത്രം.''
''നീയെന്തിനാണ് ഈ സഞ്ചി അവിടെ കളഞ്ഞത്? ഭാഗ്യത്തിന് മറ്റാരും കാണും മുമ്പേ ഞാനതെടുത്തുമാറ്റി.''
അയാള്‍ രഘു നീട്ടിയ സഞ്ചി വാങ്ങി. വിറക്കുന്ന കൈകളോടെ അത് തുറന്ന് അതിലിരുന്നിരുന്ന സാധനം പുറത്തെടുത്തി. ഒരു നീണ്ട കത്തി. അയാളുടെ അത്ഭുതം ഇരട്ടിച്ചു. ''ഇതെങ്ങനെ അവിടെ വന്നു?''
''നിന്റെ കൈയ്യീന്ന് വീണതായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. അതാ, അവിടെ നിന്നെടുത്ത് മാറ്റിയതും. ഇനി പൊലീസിന്റെ കണ്ണീപ്പെടണ്ടാ. തിരിച്ച് ആ സഞ്ചിയിലാക്കി ഇവിടെയവിടെയെങ്കിലും ഒളിപ്പിച്ചോ.''
അയാള്‍ രഘു പറഞ്ഞതനുസരിച്ചു.
''ഞാന്‍ കണ്ടപ്പോഴൊന്നും ആ കാഷ്യര്‍ തുകല്‍സഞ്ചി സ്ട്രാപ്പിട്ട് കെട്ടിയിരുന്നില്ല. അന്നെന്താണാവോ അയാള്‍ അങ്ങനെ ചെയ്യാന്‍ കാരണം?'' അയാളുടെ മനസ്സില്‍ അപ്പോള്‍ മുതല്‍ ഉടക്കിയിരുന്ന സംശയമായിരുന്നു അത്.
''എന്തോ, നീയല്ലേ എല്ലാം നോക്കി വച്ചത്. ശ്രദ്ധിച്ചു കാണില്ല. ഇനിയിപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല.'' രഘുവിന്റെ സംസാരത്തില്‍ ഒരു പുച്ഛരസം കലര്‍ന്നിരുന്നു എന്ന് അയാള്‍ക്ക് തോന്നി.
''എന്റെ സരസു ഇതറിഞ്ഞാല്‍ ...!'' അയാള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
''ഒന്നുമാവില്ല. നീ പേടിക്കണ്ട.''
വാതില്‍ക്കല്‍ പെട്ടെന്ന് ആരുടെയോ നിഴല്‍ കണ്ട് അയാള്‍ ഞെട്ടി. നിഴലിന് പുറകെ ഉള്ളിലേയ്ക്ക് വന്ന രൂപം അയാളെ ആകെ തളര്‍ത്തി. സരസു!
''ഞാന്‍ വന്നപ്പോള്‍ അവളെ കൂടെ കൂട്ടി. നിന്റെ കൂടെ അവളെ ജയിലിലേയ്ക്ക് വിടാന്‍ പറ്റില്ലല്ലോ.''
രഘു പറഞ്ഞത് കേട്ട് വിശ്വാസം വരാതെ അയാള്‍ മുമ്പില്‍ നില്‍ക്കുന്ന രണ്ടുപേരേയും മാറി മാറി നോക്കി.
''അക്കൗണ്ട്‌സിലെ ക്രമക്കേടിന് നീ പറഞ്ഞപോലെ ഞാന്‍ ഒരു കൊല്ലം മാറി നിന്നപ്പോള്‍ എന്റെ സരസ്വതിയെ നിന്റേതാക്കാമെന്ന് നീ കരുതിയല്ലേ. പോയെന്ന് പറഞ്ഞ കാശ് മുഴുവന്‍ തിരിച്ചടച്ച് വീണ്ടും കമ്പനിയില്‍ കയറിയപ്പോള്‍ മുതല്‍ ഞാന്‍ നിന്നെ മനസ്സിലാക്കുകയായിരുന്നു. നീ കരുതിക്കൂട്ടി ചെയ്ത തിരിമറിയ്ക്ക് എന്നെ നീ ബലിയാടാക്കി. അപ്പോള്‍പ്പിന്നെ ഇത്രയുമെങ്കിലും നിനക്ക് തിരിച്ചുതരാതിരുന്നാല്‍ ഞാന്‍ പിന്നെ എന്തിനാ ആണാണെന്നും പറഞ്ഞ് മീശയും വച്ച് നടക്കുന്നത്!''
അയാളുടെ മനസ്സില്‍ ഓളങ്ങള്‍ ആര്‍ത്തിളകി. സരസുവിനെ വല്ലാതെ പ്രണയിച്ചു പോയിരുന്നു. അവളെ സ്വന്തമാക്കാനായി തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറച്ച് നാള്‍ മാറ്റി നിര്‍ത്താന്‍ അപ്പോള്‍ തോന്നിയൊരു ഉപായം. അതിപ്പോള്‍ തിരിഞ്ഞടിച്ചിരിക്കുന്നു.
''നമ്മളിന്നലെ പൂട്ട് പൊളിച്ചിട്ട ഈ വീടെങ്ങനെയാണ് വീണ്ടും പൂട്ടിക്കണ്ടതെന്ന് നിനക്ക് അത്ഭുതം തോന്നിയിട്ടുണ്ടാകും. ദാ, പുതിയ പൂട്ടിന്റെ താക്കോല്‍ നീ വച്ചോ.'' രഘു മൂന്ന് താക്കോലുകളുടെ ഒരു കൂട്ടം അയാളുടെ മുന്നിലേയ്‌ക്കെറിഞ്ഞു.
എന്താണ് രഘു ചെയ്യുന്നതെന്നോ എന്തിന് വേണ്ടിയാണെന്നോ മുഴുവനായി അയാള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അതിനിടയില്‍ സരസ്വതി,അവളുടെ കഴുത്തില്‍ അയാളിട്ട് കൊടുത്തിരുന്ന സ്വര്‍ണ്ണമാല വലിച്ച് പൊട്ടിച്ച് അയാളുടെ മുഖത്തേയ്ക്കിട്ടു. ''നീ നിര്‍ബ്ബന്ധിച്ച് കെട്ടിയ മാല നിന്റെ കൈയില്‍ തന്നെയിരിക്കട്ടെ.''
എല്ലാം തനിയ്‌ക്കെതിരാണെന്ന ബോധം അപ്പോഴാണ് അയാള്‍ക്ക് തെളിഞ്ഞത്.
''നീ വിചാരിച്ചതിലും വലിയ തുകയായിരുന്നു കാഷ്യറുടെ സഞ്ചിയില്‍. ഞാന്‍ പറഞ്ഞുകൊടുത്തതുകൊണ്ട് അയാള്‍ ബാഗ് സ്ട്രാപ്പിട്ട് കൈയില്‍ ബന്ധിച്ചാണ് ബാങ്കിലേയ്ക്ക് പോയത്. മോഷണശ്രമത്തിനെതിരെ മുന്നറിയിപ്പ് കൊടുത്തതിന് പത്ത് ശതമാനം പാരിതോഷികമായി എന്റെ അക്കൗണ്ടില്‍ പൊലീസുകാര്‍ ഇടും.'' രഘുവിന്റെ മുഖത്ത് വിടര്‍ന്ന പുഞ്ചിരി അയാളുടെ മനസ്സിനെ കൊത്തിക്കീറുകയായിരുന്നു.
''ഇതിന് വേണ്ടിയണോ നീ ഈ ചതി ചെയ്തത്?''
''ഏയ്, ഞാന്‍ പറഞ്ഞ് തീര്‍ന്നില്ല. ഏതാണ്ട് അത്രയും തന്നെ ഒരു തുക സൂപ്പര്‍മാര്‍ക്കറ്റിന്റെ മുതലാളിയും എനിയ്ക്ക് തരാമെന്നേറ്റിട്ടുണ്ട്. ഇനി വേണം എനിയ്ക്കും സരസ്വതിയ്ക്കും സുഖമായൊന്ന് ജീവിക്കാന്‍!''
''ചതിയന്‍! വഞ്ചകന്‍!'' അയാള്‍ രോഷാകുലനായി. വാക്കുകള്‍ക്ക് വേണ്ടി പരതി.
''ആരാണ് ശരിയായ ചതിയനെന്ന് നീ തന്നെ ഓര്‍ത്ത് നോക്ക്. ഇപ്പോള്‍ വേണ്ട. ജയിലില്‍ ധാരാളം ഫ്രീ ടൈം കിട്ടും. അപ്പോള്‍ മതി.'' രഘുവിന്റെ ചിരി കുറച്ച് ഉച്ചത്തിലായി.
രഘു തുടര്‍ന്നു, ''താക്കോല്‍, സ്വര്‍ണ്ണമാല, നിന്റെ കൈവിരലടയാളമുള്ള കത്തി. ഒരു പത്ത് പതിനഞ്ച് വര്‍ഷം ഉള്ളില്‍ കിടക്കാനുള്ള വകുപ്പായിട്ടുണ്ട്. നിന്നെ സഹായിക്കാന്‍ ഇത്രയുമൊക്കെയെ എനിയ്ക്ക് കഴിയുള്ളു. ഞങ്ങളിനി പോകട്ടെ.''
രഘു മുറിയ്ക്ക് പുറത്തിറങ്ങിയതിനൊപ്പം അയാള്‍ ആക്രോശിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. പക്ഷേ, അപ്പോഴേയ്ക്കും രഘു വാതിലടച്ച് പുറത്ത് നിന്ന് കുറ്റിയിട്ടിരുന്നു.
മുറിയില്‍ കുമിഞ്ഞുകൂടിയ അന്ധകാരം പതുക്കെ അയാളുടെ മനസ്സിലേയ്‌ക്കൊലിച്ചിറങ്ങി. കണ്ണില്‍ ഇരുട്ട് കയറി. പെട്ടെന്ന്, ബൂട്ടുകളുടെ ശബ്ദം അടുത്തുവരുന്നതായി അയാള്‍ക്ക് തോന്നി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...


