ഒരു മാസം പിന്നിട്ട ഇറാൻ യുദ്ധത്തിൽ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നയതന്ത്ര നീക്കങ്ങൾ നടത്തുമ്പോൾ, നീണ്ടുനിൽക്കുന്ന യുദ്ധത്തിലൂടെ തിരിച്ചടിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഗൾഫ് രാജ്യങ്ങളുടെ ആശങ്കകൾക്കും റഷ്യയുടെ മുന്നറിയിപ്പിനുമിടയിൽ, പാകിസ്ഥാനിൽ നടക്കുന്ന ചർച്ചകളിലാണ് ഇനി ലോകത്തിന്‍റെ ശ്രദ്ധ.

യുദ്ധം ഒരു മാസം പിന്നിടുന്നു. പെട്ടെന്നുള്ള ആക്രമണം, ശത്രുവിന്‍റെ കീഴടങ്ങൽ, പുതിയ സർക്കാർ... ഇതൊക്കെയായിരുന്നു അമേരിക്കയുടെയും ഇസ്രയേലിന്‍റെയും സ്വപ്നം. പക്ഷേ, ഒന്നും നടന്നിട്ടില്ല. വലിയൊരു നിര നേതാക്കളെ ഇറാന് നഷ്ടമായി. മൂന്നിലൊന്ന് മിസൈൽ, ഡ്രോൺ ശേഖരവും. ഇങ്ങോട്ടുള്ള ആക്രമണങ്ങൾക്ക് ഇറാൻ പകരം വീട്ടുന്നത് ഗൾഫ് രാജ്യങ്ങളോടാണ്. അമേരിക്കൻ സൈനികാസ്ഥാനങ്ങൾ മാത്രമല്ല കാരണം, ഇസ്രയേലുമായി ഒപ്പിട്ട അബ്രഹാം അക്കോർഡ്സ് കൂടിയാവണം. സൗദി അറേബ്യ അതിലൊപ്പിട്ടിരുന്നില്ല. താൽപര്യം കാണിച്ചിരുന്നു. പക്ഷേ, ഒപ്പിടുന്നതിന് മുമ്പ് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചു. ഇപ്പോൾ ഇറാൻ യുദ്ധത്തിലും ഇസ്രയേൽ, അമേരിക്കയുടെ വഴിക്ക് നീങ്ങുന്നില്ലെന്ന് വേണം വിചാരിക്കാൻ.

ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന അമേരിക്കയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം ഇസ്രയേൽ, ഇറാന്‍റെ ഹെവി വാട്ടർ പ്ലാന്‍റ് യെല്ലോ കേക്ക് പ്രൊഡക്ഷൻ പ്ലാന്‍റും ആക്രമിച്ചു. ആണവ റിയാക്ടറുകളിൽ ഉപയോഗിക്കുന്നതാണ് ഹെവിവാട്ടർ. ശുദ്ധീകരിച്ച യുറേനിയമാണ് യെല്ലോ കേക്ക്. ഈ ആക്രമണത്തിന് പകരം ഇറാൻ ലക്ഷ്യമിട്ടത് അബുദാബിയെയും സൗദി അറേബ്യയെയുമാണ്. ഹോർമൂസ് വഴി മാനുഷിക സഹായവും കാർഷികാവശ്യത്തിനുള്ള ചരക്കുകപ്പലുകളും കടത്തിവിടാമെന്ന് ഇറാൻ സമ്മതിച്ചിരുന്നു. യുഎൻ അഭ്യർത്ഥന അനുസരിച്ചായിരുന്നു നടപടി. അതിന് ശേഷമാണ് ആക്രമണങ്ങൾ നടന്നത്. പക്ഷേ, ട്രംപിന്‍റെ ഉറപ്പിന് പിന്നാലെ അമേരിക്കയുടെ ഏറ്റവും ശക്തമായ യുദ്ധക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡ് (USS Gerald Ford) യുദ്ധ മുന്നണി വിട്ടു. തീപിടുത്തം കാരണം കാര്യമായി പ്രശ്നങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. ഇനി തിരികെ പശ്ചിമേഷ്യയിലേക്കില്ലെന്നും റിപ്പോർട്ടുകൾ.

വാൽസ് ഒരുമുഴം മുമ്പേ?

തൊട്ടുപിന്നാലെ മറ്റൊരു വാർത്തയും പുറത്തുവന്നു. നേരത്തെ തന്നെ യുദ്ധത്തിന് എതിരായിരുന്ന അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസും നെതന്യാഹുവുമായുള്ള ഫോൺകോൾ വാക് തർക്കത്തിലും ശകാരത്തിലും അവസാനിച്ചുവെന്നാണ് വാർത്ത. ഇറാൻ യുദ്ധത്തിൽ നെതന്യാഹു ട്രംപിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഭരണമാറ്റവും ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളും പറഞ്ഞ് യുദ്ധത്തിന് പ്രേരിപ്പിച്ചുവെന്നും അതവസാനിപ്പിക്കണമെന്നും വാൻസ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. അമേരിക്കയും ഇസ്രയേലും തമ്മിലെ ഭിന്നതകൾ എന്ന രീതിയിൽ മാത്രമല്ല ഈ വാർത്ത പ്രചരിക്കുന്നത്. ജെഡി വാൻസ് എന്ന വൈസ്പ്രസിഡന്‍റിന്‍റെ അധികാരവും അഭിപ്രായങ്ങൾക്ക് പ്രാധാന്യവും കൂടുന്നുവെന്ന രീതിയിലുമാണ്. തന്‍റെ പ്രസിഡൻഷ്യൽ മോഹം മുമ്പും വാൻസ് പരസ്യമാക്കിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിനുള്ള കോപ്പുകൂട്ടലാണോ ഇതെന്നും സംശയിക്കണം. ഇസ്രേയലി പത്രത്തിന്‍റെ റിപ്പോർട്ടനുസരിച്ച് വാൻസ് നെതന്യാഹുവിനോട് അലറി എന്നാണ്.

യുഎസ് ഇസ്രയേൽ ഭിന്നത

പക്ഷേ, മുമ്പും നെതന്യാഹുവും ട്രംപും ചില കാര്യങ്ങളിൽ വിയോജിച്ചിരുന്നു. പ്രക്ഷോഭവുമായി തെരുവിലിറങ്ങാൻ ഇറാൻ ജനങ്ങളെ ആഹ്വാനം ചെയ്യണം എന്നാവശ്യപ്പെട്ടിരുന്നു നെതന്യാഹു. പക്ഷേ, അതവരുടെ മരണത്തിലേ അവസാനിക്കൂവെന്നായിരുന്നു ട്രംപിന്‍റെ മറുപടി. ഇസ്രയേൽ ഇപ്പോഴും ആക്രമണം കടുപ്പിക്കുമ്പോൾ, അമേരിക്ക നയതന്ത്ര വഴികൾ തേടിത്തുടങ്ങിയിരിക്കുന്നു. ഭിന്നതകൾ വ്യക്തം.

അമേരിക്കൻ പ്രസിഡന്‍റിന്‍റെ പല പരാമർശങ്ങളും കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. പരിഹാസമായാലും അമ്പരപ്പായാലും. ഇപ്പോൾ മറ്റൊരു പരാമർശമാണ് വൈറൽ. ഹോർമുസ് കടലിടുക്കിന് (Strait of Hormuz) പകരം ട്രംപ് കടലിടുക്ക് (Strait of Trump) എന്ന് പറഞ്ഞു ട്രംപ്. ഉടനെ തിരുത്തി, Sorry എന്നും പറഞ്ഞു. പക്ഷേ, തൊട്ടുപിന്നാലെ പറഞ്ഞതാണ് ശരിക്കുള്ള കാര്യം. “No, there’s no accidents with me. Not too many.” നാക്ക് പിഴച്ചതല്ല. മനപൂർവം പറഞ്ഞതെന്ന് വ്യക്തം. പല ചരിത്ര സ്മാരകങ്ങൾക്കും തന്‍റെ പേരിട്ടിട്ടുള്ള ട്രംപിന് പക്ഷേ, വിചാരിച്ചാലും ഹോർമൂസിന്‍റെ പേര് മാറ്റാൻ കഴിയില്ല. കടൽ നിയമങ്ങളിലെ യുഎൻ കൺവെൻഷനടക്കമുള്ള ആഗോള കൺവെൻഷൻ തീരുമാനമാണത്. ഒരൊറ്റ രാജ്യം വിചാരിച്ചാൽ പേരുമാറ്റം നടക്കില്ല.

ആരുടെ നിയന്ത്രണത്തിൽ?

യുദ്ധത്തിന്‍റെ പോക്ക് എങ്ങോട്ടെന്ന ആശങ്ക അത്രക്ക് അവസാനിച്ചിട്ടില്ല. അമേരിക്കൻ പ്രസിഡന്‍റിന്‍റെ വാക്കുകളിൽ നിന്ന് കൃത്യമായി ഒന്നും മനസിലാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ചർച്ചകൾ നടക്കുന്നുവെന്ന് പ്രസിഡന്‍റ് പറയുമ്പോൾ, ഇല്ലെന്ന് ഇറാൻ. ചില സന്ദേശങ്ങൾ കൈമാറിയെന്ന് പിന്നീട് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി (Abbas Araghchi) സമ്മതിച്ചു . അത് പക്ഷേ, ചർച്ചയുടെ സ്വഭാവത്തിലല്ലെന്നും വിശദീകരിച്ചു. അതേസമയം തന്നെ പെന്‍റഗൺ പശ്ചിമേഷ്യയിലേക്ക് സൈന്യത്തെ അയച്ചു. ഇറാന് ഒരു 15 ഇന സമാധാന ധാരണയും അയച്ചു. ഇറാന്‍റെ ഊർജ്ജ കേന്ദ്രങ്ങൾ 5 ദിവസത്തേക്ക് ആക്രമിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച ട്രംപ്, പിന്നെ 10 ദിവസത്തെ വെടിനിർത്തലും പ്രഖ്യാപിച്ചു. ഇതൊന്നും തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇറാന്‍റെ അറിയിപ്പ്.

യുഎസ് വാദം

ടെഹ്റാൻ ആവശ്യപ്പെട്ടത് ഏഴ് ദിവസം. താൻ 10 ദിവസം നൽകിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് പറഞ്ഞു. ചർച്ചകൾ നടക്കുന്നു എന്ന് തന്നെയാണ് വിവരം. ഇറാനിലെ പ്രധാനികളോട് സംസാരിക്കുന്നുവെന്നാണ് അമേരിക്കൻ വാദം. അതാര് എന്ന് വ്യക്തമല്ല. ഊഹക്കഥകൾ പലതുണ്ട്. ഇറാനിൽ തന്നെ ചില വടംവലികളും ചില അധികാര മോഹങ്ങളും തെളിയുന്നുണ്ട്. അതിലെ കഥാപാത്രങ്ങളോടാണ് അമേരിക്ക സംസാരിക്കുന്നത് എന്നാണ് ഒരു കഥ. പക്ഷേ, അതിനൊന്നും സ്ഥിരീകരണമില്ല. ഇറാൻ അതൊന്നും അംഗീകരിക്കുന്നുമില്ല. അമേരിക്ക നൽകിയ 15 ഇന സമാധാന ധാരണ ഇറാൻ തള്ളിക്കളഞ്ഞിരുന്നു. ഇനി കാര്യങ്ങൾ തങ്ങൾ തീരുമാനിക്കുന്നത് പോലെ, യുദ്ധം അവസാനിപ്പിക്കുന്നതും ധാരണയിലെ വ്യവസ്ഥകളും തങ്ങൾ തീരുമാനിക്കുമെന്ന് ഇറാൻ നിലപാടുമെടുത്തു.

ഹോർമൂസിന്‍റെ നിയന്ത്രണം

ഹോർമൂസ് കടലിടുക്കിന്‍റെ നിയന്ത്രണം കിട്ടാതെ വിജയം അവകാശപ്പെടാനാവില്ലെന്ന് ഇതിനകം അമേരിക്കൻ പ്രസിഡന്‍റിന് മനസിലായിക്കാണണം. അത് പിടിച്ചെടുക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയിലും ഭീഷണിയിലും മറ്റ് രാജ്യങ്ങൾ നടപടിയൊന്നുമെടുത്തില്ല. ട്രംപിന്‍റെയും യുദ്ധത്തിന്‍റെയും ഈ പോക്കിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ടെന്നാണ് റിപ്പോർട്ട്. പക്ഷേ, പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് (Karoline Leavitt) പറഞ്ഞത് മറ്റൊന്നാണ്. വിനാശമായിരിക്കും പ്രസിഡന്‍റ് അഴിച്ചുവിടുക. കണക്കുകൂട്ടൽ ഇറാന് തെറ്റരുതെന്ന്. എന്നാൽ, കൃത്യമായി ഒരു പദ്ധതിയില്ല ട്രംപിനെന്നാണ് മുൻ ഉദ്യോഗസ്ഥരുടെയും പേടി. ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന് ഭീഷണി മുഴക്കിയ പ്രസിഡന്‍റ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് 5 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഈ ആശയക്കുഴപ്പമുണ്ടാക്കുന്ന വിനാശം അമേരിക്കയിൽ മാത്രമല്ല പ്രതിഫലിക്കുന്നത്. ഇന്ധനവില, ഓഹരി വിപണി, കറൻസികളിലെ ഇടിവ്, ആടിയുലയുകയാണ് എല്ലാം. സ്ഥിരത വെറും മരുപ്പച്ചയായിരിക്കുന്നു.

വിടില്ലെന്ന് ഇറാൻ, സമ്മർദ്ദവുമായി യുഎസ്

ഇറാന് ട്രംപിന്‍റെ അമേരിക്കയുടെ വാക്കുകളിൽ വിശ്വാസമുണ്ടാവേണ്ട കാര്യമില്ല. ചർച്ചകൾ നടക്കുന്നതിനിടെ യുദ്ധം തുടങ്ങിയത് പ്രധാന കാരണം. ധാരണ തള്ളിക്കളയാനും മതിയായ കാരണമാണത്. യുദ്ധഗതി തങ്ങളുടെ നിയന്ത്രണത്തിലെന്ന വിശ്വാസവുമുണ്ടാവണം ഇറാന്. സമാധാന ധാരണ കുറേയൊക്കെ ചോർന്നിരുന്നു. അതിൽ ഇറാന്‍റെ ആണവപദ്ധതി ഉപേക്ഷിക്കുന്നതും ബാലിസ്റ്റിക് മിസൈൽ പദ്ധതി വെട്ടിച്ചുരുക്കുന്നതും ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമാണ് പ്രധാന വ്യവസ്ഥകളെന്നാണ് റിപ്പോർട്ട്.

കടലിടുക്ക് അമേരിക്കയുടെയോ സഖ്യകക്ഷികളുടെയോ കപ്പലുകൾക്ക് വേണ്ടി തുറക്കില്ലെന്ന് അബ്ബാസ് അരാഗ്ചി പ്രഖ്യാപിച്ചു. സൈനികവിന്യാസം സമ്മർദ്ദത്തിനാവാം. ഖർഗ് ദ്വീപ് പിടിച്ചെടുക്കാനുമാവാം. 1,000 വ്യോമ സൈനികരെക്കൂടി വിന്യസിക്കാൻ നീക്കവുമുണ്ട്. സമ്മർദ്ദതന്ത്രമാവാം. പക്ഷേ, റിപബ്ലിക്കൻ പാർട്ടിയിൽ വിസമ്മതം പരസ്യമാക്കിത്തുടങ്ങിയിട്ടുണ്ട് പലരും. യുദ്ധത്തെ പിന്തുണക്കുന്നവരും എതിർക്കുന്നവരും രണ്ടുതട്ടിലാണ്. സൈനിക വിന്യാസം അംഗീകരിക്കില്ലെന്ന് എക്സിൽ സൗത്ത് കരോലൈന പ്രതിനിധി നാൻസി മേസ് (Nancy Mace) പോസ്റ്റിട്ടു. അതും പ്രതിരോധ ഉദ്യോഗസ്ഥരുടെ ബ്രീഫിംഗ് കഴിഞ്ഞയുടൻ. തങ്ങളോട് എല്ലാ കാര്യങ്ങളും പറയുന്നില്ലെന്ന പരാതിയും വ്യാപകം.

തുടരുന്ന യുദ്ധം

ഇറാന്‍റെ ലക്ഷ്യം നീണ്ടുനിൽക്കുന്ന യുദ്ധമാവാം. റഷ്യയുടെ യുക്രൈയ്ൻ നയം പോലെ, വാർ ഓഫ് ആട്രിഷൻ (War of Attrition). ഖമനേയി കൊല്ലപ്പെട്ടതിനേക്കാൾ വലുതൊന്നും സർക്കാരിന് വരാനില്ല. കൂടുതൽ ദുരന്തങ്ങൾ താങ്ങാൻ തങ്ങൾക്ക് കരുത്തുണ്ട്. സാധാരണക്കാർ കൊല്ലപ്പെടുന്നത് ഇറാനിലെ ഭരണസംവിധാനത്തിന് ഒരു വിഷയമല്ല. അടുത്തിടെ നടന്ന കലാപത്തിൽ സർക്കാർ തന്നെ കൊന്നൊടുക്കിയത് 40,000 പേരെയാണെന്നാണ് കണക്ക്. അതുകൊണ്ട് യുദ്ധം പോകുന്നിടത്തോളം പോകട്ടെയെന്ന് ഇറാൻ തീരുമാനിച്ചാൽ അത് അമേരിക്കയ്ക്ക് തിരിച്ചടിയാണ്.

മുന്നറിയിപ്പുമായി റഷ്യ

അതിനിടെയാണ് റഷ്യയുടെ മുന്നറിയിപ്പ്. ഇറാന്‍റെ ബുഷേർ ആണവനിലയം ആക്രമിക്കപ്പെട്ടതോടെയാണ് റഷ്യ കടുപ്പിച്ചത്. യുദ്ധം പടർന്നാൽ തങ്ങൾ വെറുതേയിരിക്കില്ലെന്നറിയിച്ചു ക്രെംലിൻ വക്താവ്.

യുദ്ധമുഖങ്ങൾ പലത് തുറന്ന് ഇസ്രയേൽ

ഇനി ധാരണയുണ്ടായാൽ തന്നെ അത് ഇസ്രയേൽ അംഗീകരിക്കുമോ എന്നത് സംശയം. വാർ ഓഫ് ആട്രിഷൻ ഇസ്രയേലിന് ഒരു വിഷയമല്ല. ഗാസ യുദ്ധം ഉദാഹരണം. അതേസമയം തന്നെ, ലബനണിലെ ഹെസ്ബുള്ളയോടും യെമനിലെ ഹൂതികളോടും സിറിയയിലും പോർമുഖങ്ങൾ തുറന്നിരുന്നു ഇസ്രയേൽ. താൽകാലിക ധാരണയോട് ഇറാനും താൽപര്യമില്ല. സ്ഥിരം ആവണം എന്നാണ് ആവശ്യം.

സ്ഥിരത ആവശ്യപ്പെട്ട് ഗൾഫും

ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങുന്ന ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത ആശങ്കയാണിതിലെല്ലാം. ഡ്രോണുകളും മിസൈലുകളും വീഴുന്നത് തുടരുകയാണ്. ആളുകൾ മരിക്കുന്നുമുണ്ട്. കുവൈത്തിലെ തുറമുഖത്തും ആക്രമണമുണ്ടായി. അമേരിക്കൻ ആസ്ഥാനങ്ങളുടെ അടുത്ത് കൂടി സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് ഗൾഫ് രാജ്യങ്ങളിലെ സാധാരണക്കാരോട് ഇറാൻ ആവശ്യപ്പെട്ടു. അതേസമയം ചില ഗൾഫ് രാജ്യങ്ങൾക്കും തട്ടിക്കൂട്ടുന്ന ധാരണയോട് താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. യുഎഇയുടെ അമേരിക്കൻ അംബാസിഡർ വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയത് അനുസരിച്ച്, വെടിനിർത്തലല്ല ഇപ്പോൾ ആവശ്യം. സ്ഥിരമായ ധാരണയാണ്. ഇറാനിൽ നിന്നുള്ള ഭീഷണികൾ ഇല്ലാതാകുന്ന ധാരണ. ആണവ ഭീഷണി, മിസൈലുകൾ, ഡ്രോണുകൾ, പ്രോക്സികളെ ഉപയോഗിച്ചുള്ള നിഴൽയുദ്ധങ്ങൾ, അന്താരാഷ്ട്ര സമുദ്രപാതകളുടെ ഉപരോധ ഭീഷണി ഇതെല്ലാം അവസാനിക്കണം എന്നാണെഴുത്ത്.

വാൽസ് പാകിസ്ഥാനിലേക്ക്

എന്തായാലും പാകിസ്ഥാനിൽ വച്ച് ഒരു സംഭാഷണം നടക്കാനാണ് ഒരുക്കങ്ങൾ. വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് പാകിസ്ഥാനിലെത്തുന്നുണ്ട്. വിറ്റ്കോഫ്, കുഷ്നെർ എന്നിവരുമായി സംസാരിക്കാൻ താൽപര്യമില്ലെന്ന് ഇറാൻ അമേരിക്കയെ അറിയിച്ചു. അതാണ് വാൻസിന്‍റെ രംഗപ്രവേശത്തിന് കാരണം. ജെഡി വാൻസ് ഈ യുദ്ധത്തിന് എതിരായിരുന്നു ആദ്യമേ തന്നെ എന്നത് വാൽക്കഷ്ണം.