പിണറായി വിജയൻ വിമർശിക്കപ്പെടുന്നു...

മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടുവൈദ്യന്മാരെ ഒന്നും അടച്ചാക്ഷേപിക്കരുതെന്ന് നടത്തിയ പ്രസ്താവനയെകുറിച്ചാണീ കുറിപ്പ്:
"നാട്ടുവൈദ്യന്മാരെല്ലാം വ്യാജന്മാരാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. പഠിച്ചു വന്നവർ മാത്രമാണ് ആയുർവേദത്തിന്‍റെ എല്ലാ അവകാശികളുമെന്ന് ചിന്തിക്കരുത്, പഠിച്ചതിനും അപ്പുറം ചില കാര്യങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇവരാണ് പണ്ട് ഈ ശാഖയെ നിലനിർത്തിയതെന്ന് ഓർമ വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആയുർവേദ ചികിത്സാ രംഗത്ത് വലിയ ചികിത്സകരുണ്ടായിരുന്നു. പക്ഷേ, സർട്ടിഫിക്കറ്റില്ലാത്തതിനാൽ ഇവർ വ്യാജനെന്നു ആരോപിക്കുന്നു. എന്നാൽ അവരുടെ ചികിത്സയിലൂടെ രോഗങ്ങൾ മാറിയ വ്യക്തികൾ ഈ ചികിത്സയുടെ സാക്ഷ്യപത്രങ്ങളാണെന്നും തനിക്ക് നേരിട്ട് അറിയാവുന്ന സംഭവങ്ങളുണ്ടെന്നും എല്ലാ ബിരുദങ്ങളും കഴിഞ്ഞ് ഇവരുടെ കീഴിൽ പഠിക്കാൻ നടക്കുന്നവരെയും തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു." ഇതാണ് പ്രസ്‌താവന.

ഇത് കേൾക്കുമ്പോൾ വ്യാജവൈദ്യനായ മോഹനൻ നായരെ വെള്ളപൂശുന്നത് പോലെ തോന്നിയത് എനിക്ക് മാത്രമല്ല എന്നെനിക്കുറപ്പാണ്. സ്വതന്ത്രചിന്തയും ശാസ്ത്രീയമനോഭാവവും പ്രചരിപ്പിക്കുകയെന്നത് ഓരോ പൗരന്‍റെയും കടമയാണ് എന്ന ഭരണഘടനാ നിർദേശത്തിന് കടകവിരുദ്ധമാണീ പ്രസ്താവന. കാരണം പറയുന്നതിന് രണ്ടുമൂന്ന് കഥകൾ പറയാം.

അമ്പത് വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ ബാർനെറ്റ് റോസ്സൻബെർഗ് എന്ന ഭൗതിക ശാസ്ത്രജ്ഞനും മൈക്രോബിയോളജിസ്റ്റായ ലൊറേറ്റ വാൻ ക്യാമ്പും വൈദ്യതി ഏതെങ്കിലും തരത്തിൽ ബാക്ടീരിയയുടെ വളർച്ചയെ സ്വാധീനിക്കുമോ എന്നറിയാൻ ഒരു ലളിതമായ പരീക്ഷണം നടത്തി. ബാക്ടീരിയ വളർത്തുന്ന ഒരു ജാറിൽ രണ്ടു എലെക്ട്രോഡുകളിൽ കൂടി ചെറിയ തോതിൽ വൈദ്യതി കടത്തിവിട്ടു. ബാക്റ്റീരിയയുടെ വളർച്ച പൂർണമായും നിലച്ചു.

ആയുർവേദമോ നാട്ടുവൈദ്യമോ ആയിരുന്നെങ്കിൽ പരീക്ഷണം ഇവിടെ അവസാനിക്കും. ചെറിയ തോതിലുള്ള വൈദ്യതി ബാക്റ്റീരിയയെ കൊല്ലും എന്ന അനുമാനത്തോടെ. പക്ഷേ, ആധുനിക ശാസ്ത്രത്തിനൊരു പ്രശനമുണ്ട്, അത് അടുത്ത ചോദ്യം ചോദിക്കും, എന്തുകൊണ്ട്? അത് കണ്ടുപിടിക്കാൻ ഈ പരീക്ഷണം തന്നെ പല variables മാറ്റിനിർത്തി നടത്തിനോക്കണം.

ആദ്യത്തെ സ്റ്റെപ്പ് ഇവർ ചെയ്തത് മറ്റൊരു ജാറിൽ ഇതേപോലെ ബാക്ടീരിയ വളർത്തി രണ്ടു എലെക്ട്രോഡുകൾ വച്ചിട്ട്, വൈദ്യതി കടത്തിവിടാതെ കുറച്ചു ദിവസംവച്ച് നോക്കി. അപ്രതീക്ഷിതമായ ഫലമായിരുന്നു. ബാക്റ്റീരിയയുടെ വളർച്ച അപ്പോഴും നിലച്ചു. ആകെ കൺഫ്യൂഷൻ ആയ ഇവർ മൂന്നാമതായി എലെക്ട്രോഡുകൾ ഇടാതെ പരീക്ഷണം ആവർത്തിച്ചപ്പോൾ ബാക്ടീരിയ വളർച്ച നിലച്ചില്ല. അതിൽനിന്നും വൈദ്യതി കടത്തിവിട്ടത് കൊണ്ടല്ല മറിച്ച് ഈ എലെക്ട്രോഡുകൾക്ക് ഉള്ള എന്തോ പ്രത്യേകത കൊണ്ടാണ് ബാക്ടീരിയ വളർച്ച നിലച്ചതെന്ന ഇവരുടെ ഊഹമാണ്, പ്ലാറ്റിനം അടിസ്ഥാനപ്പെടുത്തിയുള്ള സിസ്പ്ലാറ്റിൻ (cisplatin ) എന്ന കീമോതെറാപ്പി മരുന്നിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. ഇവർ ഉപയോഗിച്ച് എലെക്ട്രോഡുകൾ പ്ലാറ്റിനം കൊണ്ട് നിർമിച്ചവ ആയിരുന്നു. ബാക്റ്റീരിയയെ കൊല്ലാമെങ്കിൽ കാൻസർ സെല്ലുകളെയും കൊല്ലാം എന്ന ചിന്തയാണ് ഇത് കീമോതെറാപ്പി മരുന്നായി ഉപയോഗിക്കാനുള്ള ആശയത്തിലേക്ക് ഇവരെ കൊണ്ടുചെന്നെത്തിച്ചത്.

രണ്ടാമത്തെ കഥ ചൈനയിൽ നിന്നാണ്, 

2015 -ലെ മെഡിസിൻ നോബൽ പ്രൈസ് കിട്ടിയതിൽ ഒരാൾ ചൈനക്കാരിയായ തു യൗ യൗ ആണ്. മലേറിയയ്ക്കുള്ള മരുന്ന് കണ്ടുപിടിച്ചതിനായിരുന്നു അവാർഡ്. തന്‍റെ രാജ്യത്ത് മലേറിയ കൊണ്ട് പൊറുതിമുട്ടിയ വിയറ്റ്നാമിലെ ഹോചിമിന്റെ അഭ്യർത്ഥന പ്രകാരം ചൈനയിലെ മാവോ സേതുങ് തുടങ്ങിയ പ്രൊജക്റ്റ് 523 -ലെ അംഗമായിരുന്നു തു യൗ യൗ. നമ്മുടെ ആയുർവേദം പോലെ ചൈനയിലെ പരമ്പരാഗത വൈദ്യന്മാർ ഉപയോഗിച്ച് വന്ന ചില കുറിപ്പുകളും പുസ്തകങ്ങളും യൗ യൗ അരിച്ചു പെറുക്കിയപ്പോൾ മലേറിയയ്ക്കു നീലമ്പാല (Artemisia absinthium:sweet wormwood) നല്ലതാണ് എന്ന് പലയിടത്തും എഴുതിക്കണ്ടു. പക്ഷേ, അത് ആർക്കും ഫലപ്രദം ആയിരുന്നില്ല. പിന്നീടുള്ള ഗവേഷണത്തിൽ പരമ്പരാഗത വൈദ്യന്മാർ ചൂട് വെള്ളത്തിൽ ഇട്ട ശേഷം ഉപയോഗിക്കുമ്പോൾ നീലമ്പാലയിലെ മലേറിയയെ ചെറുക്കുന്ന മരുന്ന് നഷ്ടപ്പെടുന്നു എന്ന് യൗ യൗ കണ്ടെത്തി. ശാസ്ത്രീയമായ അനേകം പരീക്ഷണങ്ങൾക്കൊടുവിൽ നീലമ്പാലയിൽ നിന്ന് Artemisinin എന്ന മലേറിയയ്ക്കുള്ള മരുന്ന് യൗ യൗ കണ്ടുപിടിച്ചു. പരമ്പരാഗത നിരീക്ഷണത്തെ ആധുനിക ശാസ്ത്രം ഉപയോഗിച്ച് മനുഷ്യനന്മയ്ക്ക് ഉപയോഗിച്ചതിലൂടെ കോടിക്കണക്കിനു മനുഷ്യജീവനുകളെ രക്ഷിക്കുകയും നൊബേൽ കിട്ടുന്ന ആദ്യ ചൈനീസ് വനിത ആവുകയും ചെയ്തു. ഈ മരുന്ന് സ്വന്തം ശരീരത്തിൽ മലേറിയ അണുക്കളെ കുത്തിവച്ച് ആണ് ഇവർ പരീക്ഷിച്ചത്.

ഇനി മൂന്നാമത്തെ കഥ. എന്‍റെ പെങ്ങളുടെ മകന് ഹെപ്പറ്റൈറ്റിസ് പിടിപെട്ടു. ഡോക്ടറുടെ അടുത്ത് പോയപ്പോൾ ഒരാഴ്ച റസ്റ്റ് എടുക്കാൻ പറഞ്ഞുവിട്ടു, മരുന്നൊന്നും കൊടുത്തില്ല. അവനെ ആരോ പറഞ്ഞ് പേടിപ്പിച്ചത് കൊണ്ട് ഒരു നാട്ടുവൈദ്യന്‍റെ അടുത്തുപോയി മരുന്നെടുത്തു. രണ്ടാഴ്ച എന്തോ പഥ്യവും എടുത്തു, അവന്‍റെ അസുഖം മാറി. ഇതറിഞ്ഞ എനിക്ക് വളരെ കൗതുകം തോന്നി, ഹെപറ്റൈറ്റിസിന് നാട്ടുമരുന്നുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടുപിടിച്ച് ഒരു നൊബേൽ സമ്മാനം ഇന്ത്യയിലേക്ക് വരുന്നത് ഞാൻ സ്വപ്നം കണ്ടു. പക്ഷേ, ആദ്യം സംസാരിച്ച ഡോക്ടർ സുഹൃത്ത് തന്നെ അവന്റെ രക്ത പരിശോധന റിപ്പോർട്ട് നോക്കിയിട്ടു പറഞ്ഞു, ഇത് ഹെപ്പറ്റൈറ്റിസ് A ആണ്, ഇതിനു ചികിത്സിക്കേണ്ട ആവശ്യമില്ല, സ്വയം ശരീരത്തിന്റെ ഇമ്മ്യൂൺ സിസ്റ്റം തന്നെ മാറ്റുന്ന ഒരു രോഗമാണിത്. ചെറുപ്പത്തിൽ വാക്‌സിൻ എടുക്കാത്തത് കൊണ്ടാണിത് വരുന്നത്. മറ്റുതരത്തിലുള്ള ഹെപ്പറ്റെറ്റിസുകൾ അപകടകാരികളാണ്, സി വന്നാൽ പ്രത്യേകിച്ചും.

പിണറായി വിജയന്‍റെ ബന്ധുവിനായിരുന്നു ഇത് സംഭവിച്ചതെങ്കിൽ നാട്ടുവൈദ്യൻ അസുഖം മാറ്റിയ കഥ നമ്മൾ കേൾക്കേണ്ടി വന്നേനെ. എന്‍റെ പെങ്ങളുടെ മകനു വേറെ ഏതെങ്കിലും തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് പിടിപെട്ടിട്ട് നാട്ടുവൈദ്യന്റെ അടുത്ത് പോയിരുന്നെങ്കിൽ അവന്‍റെ കട്ടേം പടോം മടങ്ങിയേനെ... വ്യക്തിപരമായ അനുഭവങ്ങളെ മുൻനിർത്തി രോഗചികിത്സ നടത്തുന്നവർ ഓർത്തിരിക്കേണ്ട കാര്യമാണിത്. പ്ലാസിബോ എഫക്ട് കൂടെ ഇതിൽ ഉൾപ്പെടുത്തിയാൽ കൂടുതൽ കോംപ്ലക്സ് ആയ ഒരു കാര്യമാണ് പുതിയ മരുന്നുകളുടെ കണ്ടുപിടുത്തങ്ങൾ.

പൊതുവെ ഇന്ത്യയിൽ കണ്ടുവരുന്ന ഒരു രീതി പഴമയെ അതിന്റെ നിശ്ചലാവസ്ഥയിൽ തന്നെ നിർത്തിക്കൊണ്ട് തന്നെ പുൽകുകയും പ്രശംസിക്കുകയും ചെയ്യുക എന്നതാണ്. വേദങ്ങളെയും ഉപനിഷത്തുക്കളെയും ആയുർവേദത്തെയും അതിന്റെ കാലഘട്ടത്തെ മനസ്സിൽ വച്ച് നമ്മൾ ആദരിക്കുമ്പോൾ തന്നെ, കാലം വളരെയധികം മുന്നോട്ടുപോയെന്നും, ആധുനിക വൈദ്യശാസ്ത്രം എന്തുകൊണ്ട് രോഗങ്ങൾ മാറുന്നു എന്നുകൂടി കണ്ടുപിടിക്കുന്നുവെന്നും, പല ഘട്ടങ്ങളായിലുള്ള പത്ത് മുതൽ പതിനഞ്ചു വര്‍ഷം വരെ നീണ്ടുനിൽക്കുന്ന ക്ലിനിക്കൽ ടെസ്റ്റുകൾ നടത്തിയാണ് മരുന്നുകൾ മാർക്കറ്റിൽ ഇറക്കുന്നതെന്നും എല്ലാം ഭരണാധികാരികളെ ആരെങ്കിലും പറഞ്ഞു മനസിലാക്കികൊടുത്താൽ നന്നായിരിക്കും.

വളരെ നാളുകളായുള്ള മനുഷ്യരുടെ നിരീക്ഷണ ഫലമായി ഉണ്ടായ ഒന്നാണ് ആയുർവേദവും നാട്ടുവൈദ്യവും എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. പക്ഷേ, ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനരീതികൾ വച്ച് ആയുർവേദ മരുന്നുകളെ നമ്മൾ കൂടുതൽ പരീക്ഷണങ്ങൾക്കും ക്ലിനിക്കൽ ട്രയലിനും വിധേയമാക്കണം, പ്രത്യേകിച്ച് ബയാസ് ഇല്ലാത്ത പരീക്ഷണങ്ങൾ.

ഇങ്ങനെയൊക്കെ ചെയ്‌താൽ ഒരുപക്ഷേ അടുത്ത മെഡിക്കൽ നൊബേൽ സമ്മാനം ഒരു ഇന്ത്യക്കാരനായിരിക്കും, പക്ഷേ, അതുവരെ വ്യാജന്മാരെ നമുക്ക് വ്യാജന്മാർ എന്നുതന്നെ വിളിക്കാം.