ഇസ്രയേലിനോടും യുഎസിനോടും ഭയമില്ലാതെ പോരാടാനുള്ള ഇറാനികളുടെ മനക്കരുത്തിന് പിന്നില്‍ അയത്തൊള്ള അലി ഖമനയി എന്ന മനുഷ്യനാണ്. അറിയാം അയത്തൊള്ള അലി ഖമനയിയെ വായിക്കൂ, ലോകജാലകം. 

യത്തൊള്ള അലി ഖമനയിയാണ് ഇറാനെ നിയന്ത്രിക്കുന്നത്. സൈന്യം, റെവല്യൂഷണറി ഗാഡ്സ്, ഇന്‍റലിജൻസ് തുടങ്ങി രാജ്യത്തെ ഒരു അധികാര സ്ഥാനവും ഖമനയിയുടെ അറിവില്ലാതെ ഒരു തീരുമാനമെടുക്കില്ല. ഔദ്യോഗിക മാധ്യമങ്ങളുൾപ്പെടെ. വിദേശനയം, വിദേശ രാജ്യങ്ങളിലെ ഓപ്പറേഷൻസിന്‍റെ ചുമതലയുള്ള ഖ്വാഡ്സ് ഫോഴ്സ് (Quds force), നീതിന്യായ വകുപ്പിലെ നിയമനങ്ങൾ, സുരക്ഷാ ഏജൻസികൾ അങ്ങനെയെല്ലാം ഖമനേയയിയുടെ നിയന്ത്രണത്തിലാണ്. ആണവ നയമടക്കം.

പുരോഹിത കുടുംബത്തിൽ ജനനം, മത പഠനം, അന്നത്തെ ഇറാന്‍റെ ഭരണാധികാരി ഷാ പഹ്‍ലാവിക്കെതിരായി പ്രവർത്തനം. ഇറാഖിൽ ഒളിവിലായിരുന്ന ഖൊമൈനിയ്ക്ക് വേണ്ടി ഇറാനിൽ നിന്നും രഹസ്യദൂത്, തീവ്ര യാഥാസ്ഥിതികത. പടിഞ്ഞാറൻ വിരുദ്ധത അന്നേ വളർന്നിരുന്നു. പരന്ന വായനയും കൊളോണിയൽ വിരുദ്ധ സൗഹൃദങ്ങളും ഷാ സർക്കാരിനെതിരായി പ്രവർത്തിക്കാനുള്ള ഊർജ്ജമായി. ഇസ്ലാമിക വിപ്ലവത്തിൽ പങ്കാളി. പലതവണ തടവിലാക്കപ്പെട്ടു.

ഒടുവിൽ ഷാ രാജ്യം വിട്ടു. ഖൊമൈനി തിരിച്ചുവന്നു. പരമോന്നത നേതാവായി. ഖൊമൈനിയുടെ ഏറ്റവും അടുത്തയാളെന്ന നിലയിൽ ഉന്നത പദവികൾ വഹിച്ചു. അതുകൊണ്ട് തന്നെ 1981 -ൽ ഇറാനിൽ നടന്ന കുപ്രസിദ്ധമായ 'ടേപ്പ് റെക്കോർഡർ' സ്ഫോടനങ്ങളിൽ ഖമനയിയും ലക്ഷ്യമായിരുന്നു. അന്ന് ഖമനയിക്ക് പരിക്കേറ്റു. പുരോഹിതർ നേതൃത്വം നൽകുന്ന സർക്കാരിനോട് താൽപര്യമില്ലാതിരുന്ന പ്രതിപക്ഷ സംഘടനയാണ് സ്ഫോടനങ്ങൾക്ക് പിന്നിലെന്നായിരുന്നു ഒരു സൂചന.

നേതൃസ്ഥാനത്തേക്ക്

ഇസ്ലാമിക് റിപ്പബ്ലിക്കന്‍ പാട്ടിയുടെ (Islamic Republican Party)സ്ഥാപക നേതാക്കളിലൊരാളായിരുന്ന ഖമനയി അതിന്‍റെ സെക്രട്ടറി ജനറലായി, രാജ്യത്തിന്‍റെ പ്രസിഡന്‍റായി, രണ്ട് തവണ. അന്ന് പ്രധാനമന്ത്രിക്കായിരുന്നു പക്ഷേ, അധികാരം. ഖൊമൈനിയുടെ അനന്തരാവകാശിയായി കരുതപ്പെട്ടിരുന്ന അലി മൊണ്ടാസെറിക്ക് പദവികൾ നഷ്ടപ്പെട്ടിരുന്നു. രാഷ്ട്രീയത്തിൽ ബഹുസ്വരത വേണം എന്ന് ആവശ്യപ്പെട്ടതിനായിരുന്നു ശിക്ഷ.

അങ്ങനെ ഖൊമൈനിയുടെ മരണത്തോടെ ഭരണഘടനാ സമിതി ഖമനയിയെ അടുത്ത നേതാവായി തെരഞ്ഞെടുത്തു. പക്ഷേ, ആത്മീയ നേതാവാകാൻ തക്ക സ്ഥാനമുണ്ടായിരുന്നില്ല. ചില ഭരണഘടനാ മാറ്റങ്ങളിലൂടെയാണ് പരമോന്നത നേതാവായത്. പ്രധാനമന്ത്രി പദവി എടുത്ത് കളഞ്ഞതും പ്രസിഡന്‍റിന് കൂടുതൽ അധികാരം നൽകിയതും ഖമനയിയാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (Islamic Revolutionary Guard Corps) അടക്കം നിയന്ത്രണത്തിലാക്കി. ഹെസ്ബുള്ളയുമായുള്ള സൗഹൃദം ശക്തമാക്കി. വിമതസ്വരങ്ങൾ രാജ്യത്തിനകത്തും പുറത്തും ഖമനയി അനുവദിച്ചിരുന്നില്ല.

ഇടപെടൽ

ചിലപ്പോഴെങ്കിലും പ്രായോഗികതയ്ക്ക് വഴങ്ങിയിട്ടുണ്ട് ഖമനയി. ഇറാൻ - ഇറാഖ് യുദ്ധത്തിൽ ധാരണക്ക് സമ്മതിച്ചതും അമേരിക്കയുമായി ആണവ കരാറിൽ ഒപ്പിട്ടതും അതിന്‍റെ ഉദാഹരണമാണ്. ചില പ്രസിഡന്‍റുമാർക്ക് അവരുടെ ലിബറൽ നയം പിന്തുടരാനും ഖമനയി അനുവാദം നൽകി. മുഹമ്മദ് ഖാതാമി (Mohammad Khatami) അതിലൊരാളാണ്. ഹസ്സൻ റൂഹാനിയും (Hassan Rouhani) പരിഷ്കരണത്തിന്‍റെ വഴിക്കാണ് നീങ്ങിയത്. പടിഞ്ഞാറുമായുള്ള സംഘർഷം കുറയ്ക്കുന്നതടക്കം.

ഉപരോധം പിൻവലിക്കുന്നതിന് പകരം ആണവ ഗവേഷണം നിർത്തിവയ്ക്കാനും ഇറാൻ സമ്മതിച്ചു. ഖമനയി പലപ്പോഴും സംശയം പരസ്യമാക്കിയെങ്കിലും JCPOA (Joint Comprehensive Plan of Action) എന്ന ധാരണക്ക് അംഗീകാരം നൽകി. പക്ഷേ, പിന്നെ കാര്യങ്ങൾ വഷളായത് ട്രംപ് ഈ ധാരണയിൽ നിന്ന് പിൻമാറിയതോടെയാണ്. മറ്റ് രാജ്യങ്ങൾ ധാരണയിൽ അംഗങ്ങളായി തുടർന്നെങ്കിലും അമേരിക്ക ഉപരോധങ്ങളേർപ്പെടുത്തി. അതോടെ ആണവ ധാരണയിൽ നിന്ന് ഇറാനും പിൻമാറി.

പ്രക്ഷോഭങ്ങൾ

ഖമനേയിയുടെ ഭരണകാലം നിരവധി പ്രക്ഷോഭങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. അഹമ്മദി നെജാദ് രണ്ടാമതും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് അട്ടിമറിയാണെന്ന് വ്യാപക പരാതിയുയർന്നു. അന്ന് പരാജയപ്പെട്ട സ്ഥാനാർത്ഥികളടക്കം തെരുവിലിറങ്ങി. ആദ്യം ഖമനയി, നെജാദിനെ പിന്തുണച്ചെങ്കിലും പിന്നെ അഭിപ്രായ ഭിന്നതകളായി. അതോടെ നെജാദിന് വിലക്ക് വീണു. മത്സരിക്കുന്നതിലടക്കം. സാമ്പത്തിക പ്രതിസന്ധിയിലും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്.

2022 -ലെ പ്രതിഷേധമാണ് രൂക്ഷമായത്. മഹ്സ അമീനി എന്ന 22 -കാരി മൊറാലിറ്റി പൊലീസിന്‍റെ മർദ്ദനമേറ്റ് മരിച്ചതായിരുന്നു കാരണം. ശിരോവസ്ത്രം യഥാവിധി ധരിക്കാത്തതിനാണ് മഹ്സ അമീനിയെ മൊറാലിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ക്രൂര മർദ്ദനത്തിന് ഇരയായി മരിച്ചു. പ്രതിഷേധം മാസങ്ങൾ നീണ്ടുനിന്നു. പൊലീസ് നടപടിയിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു. മഹ്സ അമീനിയായിരുന്നില്ല വിഷയം. ഇറാന്‍റെ സ്വാതന്ത്ര്യവും വിപ്ലവവും കരുത്തുമാണ് അവിടെ ചോദ്യം ചെയ്യപ്പെട്ടത് എന്നാണ് അന്ന് ഖമനയി അതിനെ വിശേഷിപ്പിച്ചത്.

രാജ്യാന്തര ബന്ധങ്ങൾ

സൗദി അറേബ്യയുടെ അമേരിക്കൻ ചായ്വിനെ എന്നും വിമർശിച്ചിരുന്നു ഖമനയി. മേഖലയിലെ ഇറാന്‍റെ സഖ്യകക്ഷി സിറിയയിലെ അസദ് സർക്കാരായിരുന്നു. ഷിയ വിഭാഗക്കാരനായിരുന്നു അസദ്. ഷിയ - സുന്നി ശത്രുതയാണ് ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള വടംവലിയുടെ അടിസ്ഥാന കാരണവും. ഇറാഖിലെ സദ്ദാം ഹുസൈനുമായുള്ള ശത്രുതയുടെ കാരണവും അതായിരുന്നു. സദ്ദാമിന്‍റെ വീഴ്ചക്ക് ശേഷം അമേരിക്കൻ സൈന്യത്തിന് നേരേ ആക്രമണങ്ങൾ കൂടുതൽ അഴിച്ചുവിട്ടത് IRGC ആണ്. പിന്നീട്, ഇറാഖിൽ നിലവിൽ വന്ന ഷിയാ സർക്കാരിനെ സൗഹൃദവലയത്തിലാക്കുകയും ചെയ്തു. സിറിയയിൽ അടുത്ത കാലത്തുണ്ടായ ഭരണമാറ്റം ഇറാന് തിരിച്ചടിയായെന്നതിൽ തർക്കമില്ല. പ്രതിരോധത്തിന്റെ അച്ചുതണ്ടിന് (Axis of Resistance) തുടക്കമിട്ടതും ഇറാനെ അതിന്‍റെ കേന്ദ്രമാക്കിയതും ഖമനയിയാണ്. അതിന്‍റെ ശത്രുപട്ടികയിൽ ആദ്യത്തെ പേര് ഇസ്രയേലിന്‍റെതാണ്. പിന്നെ അമേരിക്കയും.

ഇറാനെന്ന ഷിയാ രാജ്യത്തെ പടിഞ്ഞാറിനും ഇസ്രയേലിനും പശ്ചിമേഷ്യയിലെ തന്നെ സുന്നി ശക്തികൾക്കും എതിരായി രൂപപ്പെടുത്തിയെടുത്തത് ഖമനയിയാണ്. അതിന്‍റെ പേരിലാണ് ഹമാസ്, ഹെസ്ബുള്ള, ഹൂതികൾ തുടങ്ങിയവർക്ക് പണവും പരിശീലനവും നിർദ്ദേശങ്ങളും നൽകി ഇറാന്‍റെ ആജ്ഞാനുവർത്തികളാക്കിയത്. ഇറാന് വേണ്ടിയാണ് ഇവരുടെയെല്ലാം നിഴൽയുദ്ധം.

മുജ്‍തബ ഖമനയി

ഇന്ന് ഖമനയിയ്ക്ക് 84 വയസ്. അനന്തരാവകാശിയാര് എന്നതിൽ ഊഹാപോഹങ്ങൾ ശക്തം. മകൻ മുജ്‍തബ ഖമനയിലാണ് (Mojtaba Khamenei) എല്ലാ കണ്ണുകളും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുജ്‍തബ ഖമനയി രംഗത്ത് സജീവമാണ്. പിൻഗാമിയാകും എന്ന ചില ചിന്തകൾ ഇറാനിൽ തന്നെയുണ്ട് താനും. പക്ഷേ, യുദ്ധ സമയത്ത് ബങ്കറിൽ ഒളിവിൽ താമസിച്ച ഖമനയി മൂന്ന് പുരോഹിതരുടെ പട്ടിക തയ്യാറാക്കി നൽകിയിരുന്നു. അതിൽ നിന്നൊരാളെ തെരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. തന്‍റെ മരണം മുന്നിൽക്കണ്ടാവണം. പക്ഷേ, ആ പട്ടികയിൽ മകന്‍റെ പേരില്ല.

സുരക്ഷയിലെ പാളിച്ചകൾ

യുദ്ധം അല്ലെങ്കിൽ പോലും ഖമനയി താമസിക്കുന്നത് അങ്ങേയറ്റം സുരക്ഷിതമായ വീട്ടിലാണ്. ടെഹ്റാനിലെ വലിയൊരു പുരയിടത്തിലുള്ള ഈ വീട് വിട്ട് അധികമെങ്ങും പോകാറില്ല. മതപ്രഭാഷണങ്ങൾക്കല്ലാതെ. പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നത് വീടിന്‍റെ മതിൽക്കെട്ടിനുള്ളിൽ നിന്ന് തന്നെയാണ്. യുദ്ധം തുടങ്ങിയപ്പോൾ തന്നെ ഖമനയി ബങ്കറിലേക്ക് മാറി. പിന്നെ, സൈനിക കമാണ്ടർമാരുമായി പോലും ആശയവിനിമയം നടത്തിയത് ഒരൊറ്റയാൾ വഴിയാണ്.

ഇറാന്‍റെ സുരക്ഷാവലയം എത്രത്തോളം ഇസ്രയേൽ ഭേദിച്ചിട്ടുണ്ടെന്ന സംശയം കടുത്തതാണ്. ഇന്‍റലിജൻസിലും പാളിച്ച വന്നു, അതും മനപൂർവമാണോയെന്ന സംശയം ന്യായം. ഇസ്രയേലിന്‍റെ മൊസാദ് അംഗങ്ങൾ മാസങ്ങളോളം ഇറാനിൽ തമ്പടിച്ചതും മിസൈലുകളും ഡ്രോണുകളും എത്തിച്ചതും അറിയാതെ പോയത് ഇറാന്‍റെ പരാജയം തന്നെയാണ്. സൈനിക കമാണ്ടർമാർ കൊല്ലപ്പെട്ടത് മണിക്കൂറുകൾക്കകം. ആണവ ശാസ്ത്രജ്ഞരിൽ ചിലർ സ്വന്തം വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അതുകൊണ്ടിനി സുരക്ഷയും സംശയവും കൂടും. ഖമനയിക്ക് മാത്രമല്ല. ഉന്നത സൈനിക, രാഷ്ട്രീയ വൃത്തങ്ങളിലെ നേതാക്കൾക്കും. ശത്രുവുമായി സഖ്യത്തിലായവർ കീഴടങ്ങണമെന്ന് സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. പിടിക്കപ്പെട്ടാൽ വധശിക്ഷയെന്നും.