Asianet News MalayalamAsianet News Malayalam

Malayalam Short Story : പുഷ്പചക്രം, ജോയ്‌സ് വര്‍ഗീസ് എഴുതിയ ചെറുകഥ

ഫിലിപ്പിനെ അറിഞ്ഞ റൂബി ഭര്‍ത്താവിനും മകനും ഇടയില്‍ കരുത്തുള്ള തൂക്കുപ്പാലമായി. ആ തൂക്കുപ്പാലം ചെറിയ ഉലച്ചലിലൂടെ യാത്രക്കാരെ സുരക്ഷിതമായി അപ്പുറം കടത്തി.

chilla malayalam short story by Joyce Varghese
Author
First Published Jan 23, 2023, 4:04 PM IST

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Joyce Varghese

 

ഉമ്മറക്കോണിലെ പഴയ മരക്കസേരയില്‍ ഫിലിപ്പ് അമര്‍ന്നിരുന്നു. തന്‍റെ അപ്പൂപ്പനും അപ്പനും ഇരുന്നിരുന്ന കസേര.

പുതിയ വീടിന്‍റെ ഭാവങ്ങള്‍ക്ക് ഒട്ടും ചേരാതിരുന്നിട്ടുകൂടി അതവിടെ നിന്നും മാറ്റരുതെന്ന് റൂബിയോട് ശട്ടം കെട്ടിയാണ് ഫിലിപ്പ്, ജോലി സ്ഥലത്തേക്കുള്ള അവസാനത്തെ യാത്രയുടെ വിമാനം കയറിയത്.

'പപ്പയുടെ ഒരു വാശി', തെല്ലു അലോസരത്തോടെ മകന്‍ സജി പിറുപിറുത്തു.

'പപ്പക്ക് അതൊക്കെ ഓര്‍മ്മകളാ... അതോണ്ടാ... അപ്പൂപ്പന്‍ പണ്ട് കാടുകയറി വെടിയിറച്ചി കൊണ്ടുവന്ന കഥയൊക്കെ പറയാനാണ്  നിന്‍റെ പപ്പ പറഞ്ഞു കേട്ടിരിക്കണെ... അതവിടെ കിടന്നോട്ടെ..'.

ഫിലിപ്പിനെ അറിഞ്ഞ റൂബി ഭര്‍ത്താവിനും മകനും ഇടയില്‍ കരുത്തുള്ള തൂക്കുപ്പാലമായി. ആ തൂക്കുപ്പാലം ചെറിയ ഉലച്ചലിലൂടെ യാത്രക്കാരെ സുരക്ഷിതമായി അപ്പുറം കടത്തി.

ഏറെ വര്‍ഷത്തെ ജോലിക്കും പ്രവാസത്തിനുശേഷം തന്‍റെ കടമകള്‍ നിറവേറ്റി കഴിഞ്ഞുള്ള വിശ്രമ  ജീവിതം. കുടുംബവും പുറകില്‍ വിട്ടിട്ടു പോയ കൂട്ടുകാരും താന്‍ പരിചയിച്ച നാട്ടുവഴികളും തൊടിയും കൈതോലക്കൂട്ടങ്ങളുടെ കനത്ത പച്ചപ്പിനെ വകഞ്ഞുമാറ്റിയൊഴുകുന്ന കൈത്തോടും വെള്ളത്തില്‍ ഊളിയിടുന്ന പരല്‍ മീനുകളുടെ വാലിന്‍റെ ദ്രുത ചലനവും. വലുതും ചെറുതുമായ ഓര്‍മ്മകള്‍ ഗൃഹാതുരത്വത്തിന്‍റെ കൂട്ടില്‍ അയാളെ പൂട്ടിയിട്ടിരുന്നു. കൂടു തുറന്നു പറന്നുപോകാന്‍ അയാളുടെ നെഞ്ചിലെ കുഞ്ഞിക്കിളി കുറുകിക്കൊണ്ടിരുന്നു.

മണലാരണ്യത്തിലെ കണ്ണെത്താദൂരത്തു പരന്നു കിടക്കുന്ന വെയില്‍ മടക്കുകളിലേക്ക് കണ്ണയച്ചു, അയാളും നിശ്വാസം ഉതിര്‍ത്തിരുന്നു. ഇനി കുറച്ചു നാള്‍ മാത്രം, എന്‍റെ റൂബിയോടൊപ്പം സമാധാനമായൊരു വിശ്രമജീവിതം, ആ മരുപ്പച്ചയില്‍ തളിര്‍ത്ത ചെടികളില്‍ വീതികുറഞ്ഞു കൂര്‍ത്ത ഇലകള്‍ ചൂടിനെ വെല്ലുവിളിച്ചു. സ്വത്വം ആശ്ലേഷിച്ചു.


രണ്ട്

പൊടിമീശക്കാരന്‍ ഫിലിപ്പ് മനസമ്മതം പറയാന്‍ പള്ളിയില്‍ എത്തി,  തന്‍റെ അടുത്തു വന്നുനിന്ന പതിനേഴുകാരിയെ ഏറുകണ്ണിട്ടു നോക്കി. കുരുത്തോല നിറമുള്ള റൂബിയുടെ പേടിയും പരിഭ്രമവും അയാളില്‍ കുസൃതി ഉണര്‍ത്തി. കണ്ണില്‍ മുളച്ചു കവിളിലെ നുണക്കുഴിയില്‍ വിരിഞ്ഞ ചിരി കാഴ്ചയില്‍ നിന്നും അയാളുടെ ഹൃദയത്തിലേക്കു ചേക്കേറാന്‍ അധികം നാളെടുത്തില്ല.

അവളുടെ ശരീരത്തിന്‍റെ ചെറുചൂടില്‍ അവര്‍ ജീവിതം പങ്കുവെച്ചു. കുസൃതികളും ചെറു പരിഭവങ്ങളുമായി നിറഞ്ഞു നിന്ന പതിനേഴുകാരി പക്വതയുള്ള യുവതിയായി, ഭാര്യയായി, തന്‍റെ രണ്ടു മക്കളുടെ അമ്മയായതു ഇന്നലെയെന്ന പോലെ അയാള്‍ ഓര്‍ത്തു.

പ്രശ്‌നങ്ങളില്‍ വിവേകത്തോടെയുള്ള ഇടപെടലും സ്‌നേഹവും കരുതലും പൊതിഞ്ഞ ശാസനകളും കലര്‍ത്തി ഫിലിപ്പിലെ വാശിക്കാരനെ റൂബി മെരുക്കിയെടുത്തു.

'ന്‍റെ... പീലിക്കുഞ്ഞിനെ നിയ്യ് ശരിയാക്കീലോ.. നിക്ക് ഇത്തിരി പേടിണ്ടാര്‍ന്നൂ ട്ടോ...' -ഫിലിപ്പിന്‍റെ അമ്മ വെറ്റിലയില്‍ നൂറു തേച്ചു, ഇലച്ചുരുളില്‍ അടക്കത്തുണ്ടുകള്‍ അടക്കിത്തെറുത്തു വായിലിട്ടു ചവച്ചു തുപ്പി.

'ഇത്തിരി ചൊണ ഇണ്ടുന്നെള്ളൂ, അവന്‍റെ മനസ്സു പാവാ... '- ഉമ്മറത്തെ അരത്തിണ്ണയിലിരുന്നു മുറ്റത്തേക്ക് നീട്ടി തുപ്പി.

റൂബി ചിരിച്ചുകൊണ്ട് തലയാട്ടി, അവളുടെ കണ്ണുകളില്‍ അയാളോടുള്ള പ്രണയം തിരയിളക്കി. കാലത്തിന്‍റെ കുത്തൊഴുക്കിലും തിരയടങ്ങാതിരുന്ന കടലായായിരുന്നല്ലോ അവരുടെ പ്രണയം.

മകന്‍ സജിക്ക്, വിദേശത്തു ജോലിയുള്ള ലീനയുടെ കല്യാണാലോചന വന്നപ്പോള്‍ അയാള്‍ റൂബിയോട് കയര്‍ത്തു

'നീ എന്തറിഞ്ഞിട്ടാ, നല്ലതെന്നു പറയുന്നേ... കല്യാണം കഴിഞ്ഞാല്‍ അവനങ്ങു പോകും, നമ്മളിവിടെ ഒറ്റക്കാകും. അതു വേണോ?'

'എവിടെ ഒറ്റയ്ക്ക്... ഞാനില്ലേ നിങ്ങള്‍ക്ക് കൂട്ടായിട്ട്? അവനവിടെ പോയി ഒരു ജോലിയൊക്കെ ആയി രക്ഷപ്പെടട്ടെന്നേയ്. ഞാന്‍ പോരേ പീലിക്കുഞ്ഞേ ധൈര്യത്തിന്?' -റൂബി അയാളെ നോക്കി കണ്ണിറുക്കി.

സജിയും ലീനയും യാത്രപറഞ്ഞിറങ്ങുപ്പോള്‍ അവളുടെ നിറഞ്ഞ കണ്ണുകള്‍ ഒളിപ്പിക്കാന്‍, മുഖം കൊടുക്കാത്ത അമ്മയെ റൂബിയില്‍  അയാള്‍ കണ്ടു. അവള്‍ എന്നും അങ്ങിനെയായിരുന്നല്ലോ, അവധിക്കു ശേഷമുള്ള ഓരോ തിരിച്ചുപോക്കിലും വലിയ പെട്ടികളില്‍ ഒതുക്കി വെക്കുന്ന പൊതികളെ നനച്ച, മുറിഞ്ഞു വീണ കണ്ണീര്‍ താന്‍ കാണാതെ തുടച്ചു മാറ്റുന്ന റൂബി. ആ കാഴ്ച, തന്‍റെ മനസ്സില്‍ കാലില്‍ കൊരുത്ത ചങ്ങലക്കണ്ണികള്‍ പോലെ ഉരഞ്ഞു തൊലിയടര്‍ത്തി രക്തം ചുരത്തിയ പ്രവാസക്കാലം.

കൂടുതല്‍ വായനയ്ക്ക്: ആയിഷയുടെ ജിന്ന്, സൈനുദ്ധീന്‍ ഖുറൈഷി എഴുതിയ ചെറുകഥ

അതിനൊരു വിരാമമായിരുന്നു, തന്‍റെ പ്രിയപ്പെട്ട നാട്ടിലേക്കും റൂബിയോടൊത്തുള്ള വിശ്രമജീവിതത്തിലേക്കുമുള്ള, കൊതിച്ചിരുന്ന അയാളുടെ മടക്കം.

'നീ കെളവിയായിട്ടോ... ദേ... നിന്‍റെ സ്പ്രിംഗ് മുടി അപ്പടി നരച്ചു'- അയാള്‍ അവളുടെ ചെന്നിയിലെ വെളുത്തു തുടങ്ങിയ മുടി ചുരുളുകളില്‍ വിരല്‍ തൊട്ടു താളത്തിലാട്ടി.

'ഔ... പിന്നെ പീലിക്കുഞ്ഞിന് ഒരു മുപ്പത് തികഞ്ഞില്ലല്ലോ'-അവര്‍ ഇരുവരും ചേര്‍ന്നു കളിപറഞ്ഞു ചിരിച്ചു. ഒഴിഞ്ഞ വലിയ പെട്ടികള്‍ മുകള്‍ നിലയിലെ മുറിയില്‍ അട്ടിയിട്ടു.

'വാ... നമ്മുക്ക് ഉമ്മറത്ത് പോയിരിക്കാം, അയാള്‍ ഭാര്യയുടെ കൈപ്പിടിച്ചു.

മുരളിയുടെ വെളുക്കെയുള്ള ചിരി ഫിലിപ്പും റൂബിയും ദൂരെ നിന്നു തന്നെ കണ്ടു.

ഫിലിപ്പിന്‍റെ സതീര്‍ത്ഥ്യരായ മുരളിയും തുളസിയും കയറിവന്നു. അവര്‍ റിട്ടയേര്‍ഡ് അധ്യാപക ദമ്പതികളാണ്.

'ഒടുക്കം കൂടണഞ്ഞൂ ല്ലേ?.'- വിശേഷങ്ങള്‍ ചോദിച്ചും പറഞ്ഞും സമയം കടന്നുപോയി. അവരപ്പോള്‍ പഴയ സ്‌കൂള്‍ കുട്ടികളായി. ഓര്‍മ്മകള്‍, സഹ്യനില്‍ പിറന്നു മറ്റു ചെറുപുഴകളെ കൂട്ടി കടലിലേക്ക് കുതിക്കുന്ന വലിയ നദികളായി അവര്‍ക്കിടയില്‍ ഒഴുകി.

'തിരക്കില്ലല്ലോ... ഊണു കഴിച്ചു വെയില്‍ ചാഞ്ഞിട്ട് പോകാം'-റൂബി നല്ല ആതിഥേയയായി.

'എന്തു തിരക്ക്, വയസ്സായവര്‍ക്കു സമയം മിച്ചമല്ലേ? തെരക്ക് പിടിച്ചു ഞാന്‍ എത്ര ഓടിരിക്കുണു...'-തുളസി തലയില്‍ കൈവെച്ചു.


മൂന്ന്

എത്ര വേഗമാണ് ജീവിതം ഗതിമാറിയൊഴുകിയത്?

'എന്തിനാ മമ്മി ഈ സംശയം വെച്ചുകൊണ്ടിരിക്കണേ? നമുക്ക് ഹോസ്പിറ്റലില്‍ പോകാം.'- ജോലിയും കുടുംബവുമായി തിരക്കിന്‍റെ ചുഴിയില്‍ വട്ടം കറങ്ങുന്ന മകള്‍ സിന്‍സിയുടെ സ്വരം അയാളുടെ ഉള്ളില്‍ കൊള്ളിയാന്‍ മിന്നിച്ചു.

'എന്താ... റൂബ്യെ... നീ എന്നോടൊന്നും പറഞ്ഞില്ലല്ലോ, അയാളുടെ സ്വരം ചിലമ്പിച്ചിരുന്നു.

'ഒന്നൂല്യ... നിങ്ങള് വെറുതെ പേടിക്കണ്ടന്നു കരുതീട്ടാ... ഒന്നൂല്ല... എനിക്ക്'- അവര്‍ ധൃതിയില്‍ മുറിവിട്ടുപോയി.

ശക്തന്‍റെ തേങ്ങല്‍ അവര്‍ കേട്ടു.

'പേടിക്കാതെ പപ്പ... മമ്മിക്ക് കുഴപ്പമൊന്നും കാണില്ല, ഒന്ന് ചെക്ക് അപ്പ് ചെയ്യുന്നു എന്നേ ഉള്ളൂ.'

റൂബിയുടെ വിളര്‍ത്ത മുഖം അയാള്‍ ശ്രദ്ധിച്ചു, മറ്റൊരു യാത്ര പറയലില്‍, മുഖം തരാതെ അവളുടെ കണ്ണുകള്‍ മുറ്റത്തിന്‍റെ അരികു വരെയെത്തിയ നീലം മാവിന്‍റെ ശിഖിരങ്ങളിലേക്ക് നീണ്ടു.

'നന്നായി പൂത്തൂ ല്ലേ.. ഇക്കൊല്ലം'- അവള്‍ നിറഞ്ഞ പൂക്കുലകളിലേക്ക് കൈ ചൂണ്ടി.

മുറ്റം മുതല്‍ ഗേറ്റ് വരെയുള്ള നടപ്പാതക്കിരുപ്പുറവും റൂബി നട്ടുവളര്‍ത്തിയ ചെടികളില്‍ പലവര്‍ണത്തിലുള്ള പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു. റോസിന്‍റെ ചെറിയ മുള്ളില്‍ ഉടക്കിയ സാരിത്തലപ്പു വലിച്ചെടുക്കുന്നതിനടയില്‍ റൂബി പറഞ്ഞു, 'ഞാന്‍ പെട്ടെന്നു വരാന്നെ... മരുന്ന് കഴിക്കാന്‍ മറക്കല്ലേ'-അവള്‍ പടിയിറങ്ങി.

മാരകരോഗത്തിന്‍റെ നീരാളിക്കൈകള്‍ അവളുടെ ശരീരത്തെ കുതറി മാറാനാവാത്ത വിധത്തില്‍ പിടിമുറുക്കിയിരുന്നു. മരണം തൊട്ടടുത്തു എത്തിയിട്ടും വിളര്‍ത്ത മുഖത്തെ കണ്ണുകളില്‍ പടര്‍ന്നത് തന്നെ കുറിച്ചുള്ള ആധിമാത്രമായിരുന്നു.

'ഒറ്റയ്ക്കായില്ലേ... നിക്ക് വാക്കു പാലിക്കാന്‍ പറ്റീല്ല്യ... '-ആ പൊട്ടിക്കരച്ചില്‍ പോലും ആ ശരീരം പോലെ വളരെ ദുര്‍ബലമായിരുന്നു. അനേകം സൂചിത്തുള്ളകള്‍ വീണ കൈകളില്‍, ചുളുങ്ങിയ തൊലിക്കിടയില്‍ നിന്നും ഞരമ്പുകള്‍ എഴുന്നു നിന്നു.

താന്‍ ഏറെ ഓമനിച്ച കൈകള്‍, തന്‍റെ കൈത്തലത്തില്‍ ഒതുങ്ങിയിരുന്നിട്ടും ചൂടു നഷ്ടപ്പെട്ടു മരവിക്കുന്നത് അയാള്‍ അറിഞ്ഞു.

നാല്

എരിയുന്ന ചന്ദനത്തിരികളില്‍ നിന്നു മരണഗന്ധം വമിച്ചു. മരണത്തിന്‍റെ നിശ്ചലാവസ്ഥയിലും മെഴുകുതിരി നാളങ്ങള്‍ മെല്ലെ കാറ്റിലാടി.

ഹാളിലെ മുള്‍മുടിയണിഞ്ഞ ക്രിസ്തുവിന്‍റെ ചിത്രം, ചോര കിനിയുന്ന മുഖം അയാളെ ഭയചകിതനാക്കി. റൂബിയുടെ നെറ്റിയിലേക്ക് ഇറങ്ങിയിരിക്കുന്ന റോസാപ്പൂക്കളുടെ ചെറിയ പുഷ്പചക്രം അയാള്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചു.

'അതു വേണ്ട...അവള്‍ക്കു നോവും...', അയാള്‍ പിറുപ്പിറുത്തു. ചുറ്റും കൂടിയവര്‍ പരസ്പരം നോക്കി.

'പപ്പാ...'-മകള്‍ സ്വരം താഴ്ത്തി അയാളെ വിളിച്ചു. അവള്‍ അയാളെ താങ്ങിയിരുത്തി.

അഞ്ച്

'മാഷൊന്നു പപ്പയോടു പറയൂ... ഞങ്ങളുടെ കൂടെ വരാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല, പേരന്‍റ്സിന് എളുപ്പം വിസ കിട്ടും. ഈ വലിയ വീട്ടില്‍ ഒരാള്‍ തനിയെ താമസിക്കുന്നത് റിസ്‌ക്കല്ലേ?'-മുരളിമാഷ് സജിയുടെ വാക്കുകളിലെ നിസ്സഹായത കേട്ടു. സിന്‍സിയും തുളസിടീച്ചറോടു ഫിലിപ്പിനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ അപേക്ഷിച്ചു.

'നിങ്ങള്‍ക്ക് ഇനിയും എന്നെ നാടുകടത്തണോ?'-ഫിലിപ്പ് അവരുടെയിടയില്‍ നിന്നും എഴുന്നേറ്റുപോകാന്‍ തുനിഞ്ഞു.

'അവര്‍ പറയുന്നതിലും കാര്യമുണ്ട്, ഫിലിപ്പേ...'-കൂട്ടുകാരന്‍ അയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

'അവിടത്തെ മനുഷ്യരും കാലാവസ്ഥയും ഭക്ഷണവും ഒന്നും എനിക്ക് പിടിക്കില്ലെടോ... ഇപ്പോള്‍ എനിക്ക് സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും, പിന്നെ എന്തിന് ഞാനെന്‍റെ നാടു വിട്ടോടണം?'

കുട്ടികള്‍ കളിക്കോപ്പുകള്‍ തിരഞ്ഞു. വീടിന്‍റെ ഇരുള്‍ മൂലയിലേക്ക് വലിച്ചെറിഞ്ഞ പഴയ തകരപ്പാത്രങ്ങള്‍ കലമ്പി. ആരും ചെവികൊടുക്കാനില്ല എന്നറിഞ്ഞിട്ടും അവ ഒച്ച വെച്ചു.

ആറ്

ഒറ്റപ്പെടല്‍ ഒരു തിരയായ് അയാളെ തൊട്ടു കടന്നുപോയി. ആ തരംഗം കുതിച്ചുകയറി കൊടുമുടികള്‍ സൃഷ്ടിക്കുമ്പോള്‍ അയാള്‍ ഉള്ളു വെന്തു കരഞ്ഞു, അവ താഴ്വാരത്തേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ അയാള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.

ഉറക്കം ഫിലിപ്പിന്‍റെ രാത്രികളില്‍ ഒളിച്ചുകളിച്ചു. മയക്കത്തിലേക്ക് വീണും ഞെട്ടിയുണര്‍ന്നും അയാള്‍ പുലരിവെട്ടത്തിനായി കാത്തുകിടന്നു.

കൂടുതല്‍ വായനയ്ക്ക്: സുനാമി, അനു ചന്ദ്ര എഴുതിയ ചെറുകഥ
 

ഏഴ്

മുറിയില്‍ അരണ്ട വെളിച്ചം കത്തിനിന്നിരുന്നു. വെള്ളവസ്ത്രത്തില്‍ റൂബി ഫിലിപ്പിന്‍റെ കട്ടിലിന്‍റെ ഓരത്തു വന്നിരുന്നു. അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു.

അയാള്‍ പിണക്കം നടിച്ചു.

'എന്തിനാ വാശി?'-അവളുടെ പൂച്ചക്കണ്ണുകള്‍ അയാള്‍ കണ്ടു. അതിലെ നരച്ച കൃഷ്മണികള്‍ അയാള്‍ക്ക് അന്യമായിരുന്നു.

'എനിക്ക് ഇവിടെ നിന്നും പോണ്ട റൂബി...'-അയാള്‍ തേങ്ങി.

'അതിനാരാണ് പോകാന്‍ പറഞ്ഞത്, ഒറ്റക്കാകാതിരിക്കാന്‍ കൂട്ടു തേടണം, ഇതുപോലെ കുറേപ്പേര്‍ ഉണ്ടല്ലോ ചുറ്റും... പിന്നെ ആ വാശിഗുളിക മറക്കാതെ കഴിക്കണം...'-അവള്‍ പൊട്ടിച്ചിരിച്ചു.

പതിനേഴുകാരിയുടെ തുടുത്ത നിറവും മിനുസമുള്ള കവിളുകളും കവിളില്‍ വിരിയുന്ന നുണക്കുഴിയും അയാള്‍ കണ്ടു.

'എന്താ ഇങ്ങിനെ നോക്കണേ'- അവള്‍ അയാളില്‍ ദൃഷ്ടിയുറപ്പിച്ചു.

'ഇത് വേണ്ട, അവളുടെ നെറ്റിയെ മറക്കുന്ന പുഷ്പകിരീടം തൊടാന്‍ അയാള്‍ കൈ പൊക്കി.

'അതവിടെ ഇരുന്നോട്ടെ'- വെള്ളനിറം അയാളുടെ അടുത്തു നിന്നും പിന്‍വാങ്ങി.

'റൂബി...'-അയാള്‍ ഉറക്കെ വിളിച്ചു, അയാളുടെ കൈ കട്ടിലിന്‍റെ തലക്കല്‍ തട്ടി വേദനിച്ചു. അയാള്‍ വിയര്‍പ്പില്‍ കുതിര്‍ന്നു.

മുറിയില്‍ വെളിച്ചം തെളിഞ്ഞു.

'പപ്പാ...,എന്താ ഒരു ശബ്ദം കേട്ടത്' മക്കള്‍ അയാളുടെയടുത്തു വന്നിരുന്നു.

അവരുടെ മുഖത്തു ആധി പടര്‍ന്നെങ്കിലും അയാളുടെ മുഖം ശാന്തമായിരുന്നു.

'ഏയ്... ഒന്നൂല്യ... ഞാനൊരു സ്വപ്നം കണ്ടതാ... നിങ്ങള്‍ പോയിക്കിടന്നോളൂ'-അയാള്‍ നിവര്‍ന്നുക്കിടന്നു കണ്ണുകളടച്ചു.

എട്ട്

'ഞാനൊരു കാര്യം ആലോചിക്ക്യാ...', കുടുംബവും കൂട്ടുകാരും അടങ്ങിയ ചെറിയ ആള്‍ക്കൂട്ടം ഫിലിപ്പിന്‍റെ വാക്കുകള്‍ക്കായി ചെവിക്കൂര്‍പ്പിച്ചു.

'നമ്മുടെ വീട്, ഒരു പകല്‍ വീട് ആക്കിയാലോ എന്ന്?'

'പകല്‍ വീടോ?'- മുരളിമാഷ് പുരികമുയര്‍ത്തി.

'ആ അതെ... എന്നെപ്പോലെ ഒറ്റപ്പെട്ടുപോയവര്‍, റിട്ടയര്‍ ആയി സമയം മിച്ചമുള്ളവര്‍ അവര്‍ക്കെല്ലാം പകല്‍ ഒന്നിച്ചിരിക്കാന്‍ ഒരിടം, എന്തു പറയുന്നു?'.

'അതു കൊള്ളാലോ... ഞങ്ങളും വീട്ടില്‍ മുഖത്തോട് മുഖം നോക്കിയിരിപ്പാണ്, നല്ലതല്ലേ അത്?'- തുളസി ടീച്ചറാണ് ആദ്യം പ്രതികരിച്ചത്.

'പപ്പാ... വയസ്സായവര്‍ ഒക്കെ വലിയ ഉത്തരവാദിത്വമല്ലേ? അതൊക്കെ വേണോ?'-സജി ആശങ്കയുടെ കലക്ക വെള്ളത്തില്‍ ഊളിയിട്ടു.

'ഒരു കാര്യം മനസ്സിലുറപ്പിച്ചാല്‍ ഫിലിപ്പ് അതു ചെയ്യും, ഈ ഫിലിപ്പിനെ നിന്നെക്കാള്‍ എനിക്കറിയും'- മുരളിമാഷ് സജിയുടെ കൈപ്പിടിച്ചമര്‍ത്തി.

ഒമ്പത്

രണ്ടു വാനുകള്‍ മെല്ലെ നിരത്തിലൂടെ നീങ്ങി. അതില്‍ തിരക്കില്ലാത്ത കുറച്ചുപേര്‍ വന്നിറങ്ങി.

'ദാ... ന്‍റെ കൈപ്പിടിച്ചോ...'കമലമ്മ നടക്കാന്‍ ബുദ്ധിമുട്ടുന്ന സലീമത്താത്തക്കു നേരെ കൈ നീട്ടി.

തിരക്കൊഴിഞ്ഞ പത്തിരുപത് പേര്‍ ഒന്നിച്ചിരുന്നു, അവര്‍ നീന്തിക്കയറിയ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. അവര്‍ക്ക് പറയാനും അവരെ കേള്‍ക്കാനും ചുറ്റും ചെറിയ ആള്‍ക്കൂട്ടമുണ്ടായി.

കാലം തെറ്റിവരുന്ന മഴയും അമ്പലക്കമ്മിറ്റിയിലെ ചേരിപ്പോരും വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രചരിക്കുന്ന മയക്കുമരുന്നു ഉപയോഗവും അവര്‍ ചര്‍ച്ച ചെയ്തു.

ലഡാക്കിലെ പട്ടാളക്യാമ്പുകളും ഒരിറ്റു വെള്ളത്തിനു വേണ്ടി പിടഞ്ഞ പോരാളിയുടെ രോദനവും ശങ്കരന്‍നായരുടെ പട്ടാള കഥകളിലൂടെ അവരുടെ ഉള്ളം തുളച്ചു വെടിയുണ്ടയായി കടന്നുപോയി.

തൊടിയില്‍ പൂത്തു വിളഞ്ഞ പയറും, പാവലും, വെണ്ടയും മുളകും ചൂരല്‍ കൊട്ടകളില്‍ നിറഞ്ഞു. ഐശുവമ്മയുടെ പത്തിരിയും ശാരദേടത്തിയുടെ മുളകൂഷ്യവും തീന്മേശയില്‍ നിരന്ന രൂചിക്കൂട്ടുകളായി.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലെ ആടിപ്പാടുന്ന നായികമാര്‍ കൗമാരവും യൗവനവും മേഞ്ഞ പൂന്തോപ്പുകളിലേക്ക് അവരെ തിരിച്ചുനടത്തി.

സീരിയല്‍ അമ്മായിയമ്മമാരുടെ സ്വഭാവം നന്നാവാത്തതിനെ കുറിച്ച് അവര്‍ പരിതപിച്ചു. കഥാപാത്രങ്ങളോടൊപ്പം കരഞ്ഞും ചിരിച്ചും സായാഹ്നം ചിലവിട്ടു.

വീട്ടില്‍ മറ്റാര്‍ക്കും അറിയാത്ത പേരക്കുട്ടിയുടെ പ്രണയം തുളസിടീച്ചറുടെ ചെവിയില്‍ മന്ത്രിച്ചു മറിയാമ്മ ചേടത്തി അടക്കിച്ചിരിച്ചു.

'ആരോടും പറയണ്ടാട്ടോ..'

'ഉം...'- തുളസിടീച്ചര്‍ കണ്ണിറുക്കി.

പത്ത്

'നമുക്കൊരു ചെറിയ ട്രിപ്പ് പോയാലോ?'-ഫിലിപ്പ് എല്ലാവരോടുമായി ചോദിച്ചു.

'ആ... പോകാം...'-അവര്‍ ആവേശത്തോടെ യാത്രക്കായ് ഒരുങ്ങി.

'സത്യം... ശിവം... സുന്ദരം..'- പഴയ സിനിമാഗാനങ്ങള്‍ വാനില്‍ മുഴങ്ങി.

'നമ്മടെ മുഹമ്മദ് റഫി... ഇപ്പോഴും മോശല്ലാട്ടോ...'- ഫിലിപ്പ് മുരളി മാഷുടെ ചുമലില്‍ തട്ടി.

പാറക്കെട്ടുകളില്‍ തട്ടിച്ചിതറി കുത്തിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ ഇരമ്പല്‍ കേട്ടു. വെള്ളനുരയില്‍ നിന്നും കുതറി തെറിക്കുന്ന നേര്‍ത്ത ജലകണങ്ങള്‍ ചാറ്റല്‍ മഴയായ് അവരെ നനയിച്ചു.

പതിനൊന്ന്

ഫിലിപ്പ് റൂബിയോടൊപ്പം കുതിച്ചിറങ്ങുന്ന വെള്ളം നോക്കിനിന്നു. നിറമില്ലാത്ത ജലം റൂബിയുടെ വസ്ത്രത്തിനു വെള്ള പകര്‍ന്നു. അവളുടെ നെറ്റിയെ മറച്ച പുഷ്പപിരീടത്തിലെ വെളുത്ത പനിനീര്‍പ്പൂക്കള്‍ക്കു കൂടുതല്‍ വെണ്മയുള്ളതായി ഫിലിപ്പിന് തോന്നി.

പ്രഭാതം, ചെറുകിളികളുടെ ചിലപ്പില്‍ അയാളെ വിളിച്ചുണര്‍ത്തി.

'സാബ്..സപ്‌നെ ദേക്കാ?  റൂബി മേം?'

സഹായിയായ രാജസ്ഥാനി പയ്യന്‍ അയാളുടെ മുഖപ്രസാദം അളന്നെടുത്തു.

'ഉം... അയാള്‍ തലയാട്ടി, കണ്ണുകളില്‍ പ്രണയം, പ്രഭാതത്തിലെ ഇളം വെയില്‍ തട്ടിത്തിളങ്ങി.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios