Asianet News MalayalamAsianet News Malayalam

Covid Ward : അത് പ്രേതമായിരുന്നോ; കൊവിഡ് വാര്‍ഡിലെ വിചിത്ര അനുഭവം!

സത്യമോ മിഥ്യയോ എന്ന് ഇനിയും ഉറപ്പിക്കാനാവാത്ത അനുഭവങ്ങള്‍. ഇപ്പോഴും ഉത്തരം കിട്ടാത്ത യാഥാര്‍ത്ഥ്യങ്ങള്‍. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ജിന്‍സി ബിജു തോമസ് എഴുതുന്നു

corona days jinsy biju thomas  on strange experiences in covid isolation ward
Author
Thiruvananthapuram, First Published Nov 24, 2021, 6:43 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി,തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം

 

corona days jinsy biju thomas  on strange experiences in covid isolation ward

 

ലോകരാജ്യങ്ങളെല്ലാം കോവിഡ് മഹാമാരിയെ കീഴടക്കി, ഒരു പുതിയ പ്രതീക്ഷയുടെ നാളെയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, ഒരു നഴ്‌സ് എന്ന നിലയില്‍ കുറേ മുമ്പ് കോവിഡ് ഡ്യൂട്ടിക്കിടെ ഉണ്ടായ ചില വിചിത്രമായ അനുഭവങ്ങളാണ് ഞാന്‍ പങ്കുവെയ്ക്കുന്നത്. സത്യമോ മിഥ്യയോ എന്ന് ഇനിയും ഉറപ്പിക്കാനാവാത്ത അനുഭവങ്ങള്‍. ഇപ്പോഴും ഉത്തരം കിട്ടാത്ത യാഥാര്‍ത്ഥ്യങ്ങള്‍.  


ഒന്ന്
സമയം പുലര്‍ച്ചെ രണ്ട്. ഗള്‍ഫ് രാജ്യത്തെ ഒരു പ്രമുഖ ഹോസ്പിറ്റലിലെ കൊവിഡ് വാര്‍ഡ്. കൊവിഡ് ബാധിച്ച കാന്‍സര്‍ രോഗികള്‍ക്ക് അധിക പരിചരണം നല്‍കുന്നതിനായി തയ്യാറാക്കിയ  ഐസോലേഷന്‍ വാര്‍ഡ് ആണിത്. അവിടെ മുറികളിലായാണ് രോഗികള്‍. 

രാത്രി ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാര്‍ ഫയല്‍ ജോലികള്‍ നോക്കി നഴ്‌സ് സ്റ്റേഷനില്‍ ഇരിക്കുന്നു. വാര്‍ഡില്‍ രോഗികള്‍ എല്ലാം നല്ല ഉറക്കത്തിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ആരുമില്ല. കൊവിഡ് ബാധിതര്‍ ആണെങ്കിലും കാര്യമായ കുഴപ്പങ്ങള്‍ ഒന്നും ഇല്ല. 

അപ്പോഴാണ് റൂം നമ്പര്‍ 75-ലെ രോഗി കോളിംഗ് ബെല്‍ അടിച്ചത. ബെല്‍ കേട്ടപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റാഫ് പി പി ഇ കിറ്റ് ഒക്കെ ഇട്ടു റൂമില്‍ കയറി ചെന്നു. അപ്പോള്‍ രോഗി ചോദിച്ചു- 'എന്റെ അടുത്ത് ഇത്രയും നേരം കിടന്നിരുന്ന സുഡാനി ഭയ്യയെ കാണാനില്ല. അയാള്‍ എവിടെ പോയി?'

അയാള്‍ പാകിസ്താനിയാണ്. അതിനാല്‍ ഹിന്ദിയിലാണ് സംസാരം. 

'ബാബ, ( അറബി നാട്ടിലെ രോഗികളെ സ്‌നേഹത്തോടെ വിളിക്കുന്ന പേര്.) ഇതു പ്രൈവറ്റ് റൂം ആണ് ഒരു രോഗി മാത്രമെ ഈ റൂമില്‍ ഉണ്ടാവൂ. അതു താങ്കള്‍ ആണ്. പിന്നെ എങ്ങിനെ ഇവിടെ വേറേ ഒരാള്‍ കിടക്കും?''-അവള്‍ ചോദിച്ചു. 

അദ്ദേഹം അത് സമ്മതിച്ചില്ല. ഇത്രയും നേരം ഇവിടെ അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു എന്ന് അയാള്‍ ഉറപ്പിച്ചുപറഞ്ഞു. 

അവള്‍ കണ്‍ഫ്യൂഷനിലായി. എങ്കിലും രോഗി അതേ കാര്യം ആവര്‍ത്തിച്ചു. അതോടെ അവളുടെ സംശയം കൂടി. തൊട്ടുപിന്നാലെ, രോഗിക്ക് ഭയം തുടങ്ങി. അയാള്‍ നന്നായി പേടിച്ചിട്ട് വിയര്‍ക്കുന്നുണ്ടായിരുന്നു.

ഇനി വല്ല പ്രേതവുമാകുമോ? കേട്ട് നിന്ന അവള്‍ സംശയിച്ചു. പിന്നെ 'ഹേയ് ഇല്ല'  എന്ന് അവള്‍ തന്നെ സ്വയം ആശ്വസിപ്പിച്ചു. 

രോഗിയുടെ വൈറ്റല്‍സ് എല്ലാം നോര്‍മല്‍ ആയിരുന്നു. അതാശ്വാസമായിരുന്നു. 

അവള്‍ അയാളെ ആശ്വസിപ്പിച്ചു. ''സമാധാനമായി ഉറങ്ങിക്കോളൂ. പേടിക്കണ്ട ഇവിടെ ആരും ഇല്ല. ഞങ്ങള്‍ നോക്കിക്കൊള്ളാം.''

 അന്ന് വൈകുന്നേരമായപ്പോള്‍ ആ പാക്കിസ്താനി രോഗി വളരെ സീരിയസായ അവസ്ഥയിലേക്ക് മാറി. അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. രണ്ട് ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

ഇതറിഞ്ഞപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരൊക്കെ അമ്പരന്നു. ഉള്ളില്‍ അവളന്ന് പറഞ്ഞ കഥ ഉയര്‍ന്നുവന്നു. എന്തായിരിക്കും സത്യം? എല്ലാവരും ഒരു നിമിഷം ചിന്തിച്ചു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് രാത്രിയില്‍ സംഭവിച്ച കാര്യത്തിന്റെ അര്‍ത്ഥമെന്താണ്? മരണം അടുക്കുമ്പോള്‍ നമ്മളെ വിളിക്കാന്‍ അരൂപികളായ ആരൊക്കെയോ വരുമെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്, ഇനി അതാവുമോ? അങ്ങനെയൊക്കെ ഉണ്ടോ? 

ഇതെല്ലാം നമ്മുടെ അന്ധവിശ്വാസങ്ങള്‍ മാത്രമാണെന്ന് ഒരു വിഭാഗം പറഞ്ഞു. എന്നാല്‍ ഇതെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്ന കുറച്ചുപേര്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.


രണ്ട്

തിരക്കു കുറഞ്ഞ ഒരു ഈവനിംഗ് ഡ്യൂട്ടി. സമയം ഏകദേശം വൈകുന്നേരം ആറു മണി. ലൊക്കേഷന്‍ നമ്മള്‍ ആദ്യം പറഞ്ഞ കോവിഡ് വാര്‍ഡ് തന്നെ.

പതിവുപോലെ റൂം നമ്പര്‍ നമ്പര്‍ 75. രോഗി ഇത്തവണ ഒരു അമ്മച്ചി ആണ്. കിടപ്പുരോഗി. എങ്കിലും കൈകാലുകള്‍ ഒക്കെ അനക്കുന്നതിനു കുഴപ്പമില്ല. 

അന്ന് രാത്രി ആ റൂമില്‍ നിന്ന് ബെല്‍ വന്നു. സിസ്റ്റര്‍ റൂമില്‍ ചെന്നപ്പോള്‍ മുറിയുടെ നിലത്തു മുഴുവന്‍ പലതരത്തിലുള്ള ഫ്രൂട്ട്‌സ്. ഓരോ നേരവും ഭക്ഷണത്തിന്റെ കൂടെ രോഗികള്‍ക്ക് ഫ്രൂട്ട്‌സ് കൊടുക്കാറുണ്ട്.
അതാവും എന്നവള്‍ കരുതി.

സിസ്റ്റര്‍ കാര്യം ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ''മുറിയിലുള്ള വലിയ അലമാര തുറക്കൂ. രണ്ടുപേര്‍ അലമാരയ്ക്ക് ഉള്ളില്‍ ഉണ്ട്. ഒരു ആണും ഒരു പെണ്ണും. അറബികളുടെ വേഷമാണ്. അവര്‍ എന്നോട് പൈസ ചോദിച്ച് എന്നെ കൊല്ലാന്‍ നോക്കി. ഞാനവരെ കൈയില്‍ കിട്ടിയതെടുത്ത് എറിഞ്ഞു. അതാണ് നിലത്തുകാണുന്ന പഴങ്ങള്‍. നീ പെട്ടെന്ന് തന്നെ അലമാര തുറന്ന് അവരെ പിടിക്കൂ. അല്ലെങ്കില്‍ അവര്‍ ഓടിപ്പോകും.'

സിസ്റ്റര്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്തബ്ധയായി നിന്നു. 

ഏതെങ്കിലും കള്ളന്‍ കയറിയത് ആകുമോ? പക്ഷേ നഴ്‌സസ് സ്‌റ്റേഷനു മുന്നിലൂടെയല്ലാതെ ആര്‍ക്കും ഈ മുറിയിലേക്ക് പോകാന്‍ കഴിയില്ല. നഴ്‌സസ് സ്റ്റേഷനില്‍ എല്ലാവരുമുണ്ടായിരുന്നു. അവര്‍ കാണാതെ ആര്‍ക്കും പോവാനാവില്ല. 

പിന്നെ ആരായിരിക്കും അമ്മാമ്മ കണ്ട ആ രണ്ടു രണ്ടുപേര്‍?

സിസ്റ്റര്‍ വാര്‍ഡില്‍ ഉള്ള മറ്റൊരു സ്റ്റാഫിനെ കൂടി സഹായത്തിനു വിളിച്ചു. അവര്‍ രണ്ടുപേരും കൂടി അലമാര തുറന്നു. പക്ഷേ അതിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. 

രോഗി വളരെ ഉച്ചത്തില്‍ കരഞ്ഞു ബഹളം ഉണ്ടാക്കി. അതിനുള്ളില്‍ രണ്ടുപേര്‍ ഉണ്ട് എന്ന് തന്നെയാണ് അവര്‍ പറയുന്നത്.

ഒരു വിധത്തില്‍ അവരെ പറഞ്ഞു സമാധാനിപ്പിച്ച് നഴ്‌സുമാര്‍ റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി. 

വിവരമറിഞ്ഞപ്പോള്‍ നഴ്‌സിംഗ് സ്‌റ്റേഷനില്‍ മൂകത പരന്നു. നേരത്തെ ഉണ്ടായ അനുഭവം എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. ആകെ അമ്പരപ്പ്. ഭയം.

അടുത്ത ദിവസം രോഗി തീരെ അവശയായി. അതിനു പിന്നാലെ അവരും മരണത്തിലേക്ക് പോയി. പെട്ടെന്നുണ്ടായ ഒരു ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം. 

എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. അവിശ്വസനീയം എന്നൊക്കെ കേള്‍ക്കുന്നവര്‍ പറഞ്ഞേക്കാം. എന്നാലും പ്രേത ചിന്തകള്‍ എല്ലാവരുടെ മനസ്സിലും ഉയര്‍ന്നു. 


മൂന്ന്

ഇത്തവണയും അതേ കൊവിഡ് വാര്‍ഡ് തന്നെ. സമയം രാവിലെ 10 മണി. രാവിലത്തെ റൗണ്ട്‌സ് കഴിഞ്ഞു ഡോക്ടര്‍മാര്‍ എല്ലാവരും നഴ്‌സസ് സ്റ്റേഷനില്‍ ഇരുന്നു ഫയലുകള്‍ നോക്കുന്നു. 

അന്നേരം ഒരു ബെല്‍ ശബ്ദം കേട്ടു. റൂം നമ്പര്‍ 19-ല്‍ നിന്നാണ്. ഒരു ഇന്ത്യക്കാരനാണ് രോഗി. 

സിസ്റ്റര്‍ അവിടെ ചെന്നപ്പോള്‍ ഒന്നതിശയിച്ചു. ഇന്നലെ വരെ ആരോടും മിണ്ടാതെ വിഷാദത്തിലിരുന്ന രോഗി വളരെ സന്തോഷവാനായി ഇരിക്കുന്നു. 

''എന്താ വിളിച്ചത്?'' അവള്‍ ചോദിച്ചു. 

''സിസ്റ്റര്‍ എന്റെ ഒരു ബന്ധു വന്നിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ നാട്ടിലൊന്ന് പോയിവന്നു. എല്ലാവരെയും കണ്ടു. സന്തോഷമായി. അതാ അവന്‍ നിന്റെ പിറകില്‍ നില്‍ക്കുന്നുണ്ട്. നിന്നെ പരിചയപ്പെടുത്താന്‍ വേണ്ടിയാ ഞാന്‍ ബെല്‍ അടിച്ചത്''-അയാള്‍ ഒട്ടും അസ്വാഭാവികമല്ലാത്തവിധം സന്തോഷത്തോടെ പറഞ്ഞു.  

അറിയാതെ ആണെങ്കിലും ആ സിസ്റ്റര്‍ ഒന്ന് പേടിച്ചു പുറകോട്ടു നോക്കി.

അവിടെ ആരും ഇല്ല. രോഗി ആണെങ്കില്‍ അങ്ങോട്ട് നോക്കി വീണ്ടും സംസാരിക്കുന്നു.

സിസ്റ്റര്‍ ശരിക്കും വിയര്‍ത്തു പോയി. നേരത്തെ നടന്ന സംഭവങ്ങള്‍ എല്ലാം അവരുടെ മനസ്സില്‍ വന്നു. 

എങ്കിലും അവള്‍ ധൈര്യം സംഭരിച്ചു രോഗിയെ ബെഡില്‍ കിടത്തി റൂമിനു പുറത്തുവന്നു. നഴ്‌സിംഗ് സ്‌റ്റേഷനില്‍ എത്തിയതും അവള്‍ വിറയലോടെ ആ കാര്യം പറഞ്ഞു. എല്ലാവരും ഒന്ന് അന്തിച്ചു. എന്ത് പറയണം എന്നറിയാതെ കുറച്ചു നേരം നിന്നു. പിന്നെ അതിനെ കുറിച്ച് ഭയത്തോടെ സംസാരിച്ചു. 

എന്താണീ സംഭവിക്കുന്നത്? സത്യത്തില്‍ ആരാണ് ഈ വരുന്നത്? 

ആകെ ടെന്‍ഷനില്‍ ആയി. എല്ലാ സംഭവങ്ങളും തമ്മില്‍ എന്തോ ബന്ധമുള്ളതുപോലെ തോന്നിച്ചു. 

അന്ന് വൈകുന്നേരത്തോടെ ആരോഗി മരിച്ചു. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനം ആയിരുന്നു കാരണം!

നാല്

ആശുപത്രികളില്‍നിന്നും ഇത്തരം സംഭവങ്ങള്‍ വേെറയും കേട്ടിട്ടുണ്ട്. വിചിത്രമായ പല അനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടാകാം. ഇതില്‍ എത്രമാത്രം യാഥാര്‍ത്ഥ്യങ്ങളുണ്ട് എന്ന് ഇന്നും എനിക്ക് അറിയില്ല. ഓരോ ജീവിതാനുഭവങ്ങള്‍ ആണല്ലോ നമ്മളെ കൊണ്ട് പലതും വിശ്വസിപ്പിക്കുന്നത്. ഇന്നും അജ്ഞാതമായി തുടരുന്ന ആ സംഭവങ്ങളുടെ സത്യാവസ്ഥ എന്താണ്? 

എനിക്കറിയില്ല, ഇപ്പോഴും!

...................

പ്രിയപ്പെട്ട നഴ്‌സുമാരേ,
നിങ്ങള്‍ക്കും പറയാനുണ്ടോ ആശുപത്രി ജീവിതത്തിനിടയിലെ ഇത്തരം വിചിത്രമായ അനുഭവങ്ങള്‍? അല്ലെങ്കില്‍, മറക്കാനാവാത്ത ആശുപത്രിക്കഥകള്‍. ഉണ്ടെങ്കില്‍, അവ എഴുതി ഒരു ഫോട്ടോസഹിതം submissions@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കൂ. അഡ്രസ് ലൈനില്‍ 'ആശുപത്രിക്കഥകള്‍' എന്നുകൂടി എഴുതുക.

 


 

Follow Us:
Download App:
  • android
  • ios