കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.


 

കൊറോണ പ്രശ്‌നത്തിന്റെ പേരില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ തമിഴകത്തെ ഈറോഡില്‍, ഈ ഫ്‌ളാറ്റില്‍ എന്റെ ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ ഏതാണ്ട് ജയില്‍വാസം പോലുണ്ടായിരുന്നു. എങ്ങൂം പുറത്തിറങ്ങാനാവില്ല. നാട്ടിലേക്ക് രക്ഷപ്പെടാനുമാവില്ല.  നിയമം  ശക്തമായി നടപ്പില്‍ വരുത്തുവാന്‍ പോലീസ് പരിശ്രമിക്കുകയും അതിലവര്‍ വലിയ അളവില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങുന്നവരെ സാഹചര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി, ചൂരല്‍ കഷായമില്ലാതെ തന്നെ വീട്ടിലേക്കു തിരിച്ചയക്കുന്നത്  താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിലിരുന്നു കൊണ്ട് നിത്യവും കാണാം. അക്കാരണത്താല്‍ തന്നെ അത്യാവശ്യ കാര്യത്തിനല്ലാതെ വീടിനു വെളിയിലേക്ക് ഞാന്‍ ഇറങ്ങാറില്ല. കാര്യങ്ങളുടെ കിടപ്പ് ഇങ്ങിനെയൊക്കെ ആയതിനാല്‍ ഇരുപത്തി നാല് മണിക്കൂര്‍ എന്ന ദിനക്രമം എനിക്ക് ആഴ്ചകളായിട്ടാണ് അനുഭവപ്പെടുന്നത്.

ചെറുപ്പം മുതലേ കേരളത്തിനുപുറത്ത് കഴിയേണ്ട വന്ന ഒരാള്‍ എന്ന നിലയില്‍ സമാനമായ പല അനുഭവങ്ങളും ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദിലുള്ളപ്പോഴാണ് ആദ്യമായി ഇങ്ങനെ പെട്ടത്. തുണ്ടിയില്‍ കുട്ട്യാലിഹാജിയുടെ അഹമ്മദാബാദിലുളള ചായക്കടയില്‍ ജോലിചെയ്യുന്ന സമയം.  അന്നാണ് അഹമ്മദാബാദില്‍ ഭീകരമായ വര്‍ഗീയ കലാപം. കര്‍ഫ്യൂവാണ്. റൂമില്‍നിന്ന് പുറത്തിറങ്ങാനേ പറ്റില്ല.  അത്‌പോലെയായിരുന്നു ബംഗ്ലാദേശ് രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ ഇന്ത്യ-പാക്ക് യുദ്ധ വേളയിലും. അഹമ്മദാബാദില്‍ തന്നെയായിരുന്നു അന്നും. കര്‍ഫ്യൂ ആയിരുന്നു. ബ്ലാക്കൗട്ടും. പോര്‍ വിമാനങ്ങളുടെ ആര്‍ത്തിരമ്പുന്ന ശബ്ദം മാത്രം കേള്‍ക്കാം. വെളിയിലിറങ്ങാന്‍ സാധിക്കാതെ, കൃത്യമായി ഭക്ഷണംപോലും ലഭിക്കാതെ റൂമില്‍ കഴിയേണ്ടിയും വന്നു. പക്ഷെ അതൊക്കെ മൂന്നോ നാലോ ദിവസങ്ങള്‍. കൂടിയാല്‍ ഒരാഴ്ച. അന്നത്തെ അനുഭവമല്ല ഇന്നത്തേത്. 21 ദിവസങ്ങള്‍.

മുമ്പൊക്കെ ഗള്‍ഫിലുളള സുഹ്യത്തുക്കള്‍ ഫോണില്‍കൂടി സുഖദുഃഖങ്ങള്‍ പങ്കു വെക്കുമ്പോള്‍ പറയുന്ന ഒരു വാക്കുണ്ട്,'നിങ്ങള്‍ ഞങ്ങളെപോലെയല്ലല്ലോ? നാട്ടില്‍പോകണമെന്നു വിചാരിക്കുമ്പോള്‍, അതല്ലെങ്കില്‍ ഒരു മരണത്തിലോ, ഒരു വിവാഹത്തിലോ പങ്കെടുക്കണമെന്നു തോന്നുകയാണെങ്കില്‍ ഏതവസരത്തിലും രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ നാടണയാമല്ലോ എന്ന്. അന്നത് ശരിയായിരുന്നു.  ഇന്നത് നടക്കില്ല സുഹൃത്തേ. വീടുമായി 330കിലോമീററര്‍ അകലമുളള ഞാനും 3000 കിലോമീററര്‍ ദൂരത്തുളള നിങ്ങളും നാടണയുന്ന കാര്യത്തില്‍ ഇപ്പോള്‍ ഒരേ തൂവല്‍പക്ഷികളാണ്.

നാട്ടിലുളളവര്‍ക്ക് കുടുംബത്തോടൊപ്പം പൊന്നോമനകളെ താലോലിച്ചു കഴിയാം. അതല്ലെങ്കില്‍ ഒളിഞ്ഞും തെളിഞ്ഞും അയല്‍പക്ക വീടുകളുമായെങ്കിലും സമ്പര്‍ക്കം പുലര്‍ത്തി കുശലാന്വേഷണങ്ങള്‍ പങ്കുവെക്കാം. ഇവിടെ ഈറോഡില്‍ എന്റെ സ്ഥിതി തികച്ചും വ്യത്യസ്ഥം. അവശ്യ വസ്തുക്കളൊഴിച്ചുളള കടകളെല്ലാം അടഞ്ഞു കിടക്കുന്നു. ഫ്‌ളാറ്റിലുണ്ടായിരുന്ന മററു താമസക്കാരൊക്കെ അവരവരുടെ കൂടണയാന്‍വേണ്ടി സ്ഥലം കാലിയാക്കി. ഒന്നു നിവരാന്‍ വേണ്ടി ടെറസില്‍പോയി ഒന്നു 'ഉലാത്താമെന്നു' കരുതിയാല്‍ റോഡിലുളള പോലീസുകാര്‍ സമ്മതിക്കില്ല. അവര്‍ വിളിച്ചു പറയും 'അണ്ണാ വെളിയില്‍ വരക്കുടാതെ, വീട്ട്ക്ക് പോ'.

ആകപ്പാടെ മിണ്ടാനും, പറയാനുമായി കൂടെയുളളത് എന്റെ പ്രിയതമ മാത്രം. അവരുമായി എത്ര ദിവസം പൊട്ടലും, ചീററലുമില്ലാതെ
അതിന് സാധിക്കും എന്ന് ഇത് വായിക്കുന്ന  നിങ്ങളിലാരെങ്കിലും സംശയിച്ചു പോയിട്ടുണ്ടെങ്കില്‍ അതൊരു കുറ്റമാണെന്ന് ഞാന്‍ പറയില്ല.
കാരണം ദാമ്പത്യ ജീവിതത്തിന്റെ ഘടന ആ വിധത്തിലാണല്ലോ.

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 45 സംവല്‍സരങ്ങള്‍ പിന്നിട്ടു. ഈ 45 വര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴും ആവശ്യത്തിനും അനാവശ്യത്തിനുമായി പിണങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ കറിയില്‍ ഉപ്പു കുറഞ്ഞതിന്റെ പേരില്‍, മററു ചിലപ്പോള്‍ ഉപ്പ് കൂടിയതിന്റെപേരില്‍, ചില ദിവസങ്ങളില്‍ ഇണക്കത്തിന്റെ കൂടുതല്‍ മാധുര്യം നുകരാന്‍ വേണ്ടി മനപ്പൂര്‍വ്വമുണ്ടാക്കുന്ന പിണക്കങ്ങള്‍,  വല്ലപ്പോഴുമൊക്കെ രണ്ടും മൂന്നും നാളുകള്‍ നീണ്ടു നില്‍ക്കുന്ന 'ഗൗരവമുള്ള' പിണക്കങ്ങള്‍.

എന്നാല്‍, ഇത്രകാലമുള്ള അനുഭവങ്ങളെ തികച്ചും തകിടം മറിക്കുന്ന ദിവസങ്ങളാണ് ഇപ്പോള്‍. ഇവിടെ ഞങ്ങള്‍ക്ക് പിണങ്ങാന്‍ കഴിയുന്നേയില്ല.
ഞാനീ കുറിപ്പെഴുതുന്നത് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതിന്റെ പതിനൊന്നാം ദിവസമാണ്. ഈ പതിനൊന്ന് ദിവസങ്ങള്‍ക്കിടയില്‍ ഇന്ന് വരെ ഞങ്ങള്‍ നവദമ്പതികളെ പോലെയാണ് ഓരോ മണിക്കൂറും കഴിച്ചു കൂട്ടുന്നത്. അവള്‍ക്ക് ഞാനും, എനിക്കവളും മാത്രമെ ഇവിടെ കൂട്ടിനുളളൂ എന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്ക് പരസ്പരം ബോധ്യമുള്ളത്  കൊണ്ടായിരിക്കാം അത് സാധ്യമായത്. അത് കൊണ്ട് തന്നെയാണ് അവള്‍ 'നിലത്തോളം ചായുമ്പോള്‍,  ഞാന്‍ നിലം കീറി ചായുന്നതും'.

ഗുണപാഠം: അനുഭവം തന്നെയാണ് ജീവിതത്തില്‍ ഏറ്റവും വലിയ ഗുരു.

'കൊറോണക്കാലം' കുറിപ്പുകള്‍:

സീനാ ശ്രീവല്‍സന്‍: ഒന്നുശ്രമിച്ചാല്‍ സമ്പര്‍ക്കവിലക്കിന്റെ ഈ കാലവും മനോഹരമാക്കാം

റഫീസ് മാറഞ്ചേരി: വൈറസിനെ മൈക്രോസ്‌കോപ്പിലെങ്കിലും  കാണാം; പ്രവാസിയുടെ ആധികളോ?

കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ...

Read more at: https://www.asianetnews.com/magazine/column/corona-days-at-karippur-international-airport-by-dr-hasnath-saibin-q7yej7
കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ...

Read more at: https://www.asianetnews.com/magazine/column/corona-days-at-karippur-international-airport-by-dr-hasnath-saibin-q7yej7

ഡോ. ഹസ്‌നത്ത് സൈബിന്‍: കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ

സമീര്‍ ചെങ്ങമ്പള്ളി: ഇവിടെനിന്ന് നാലു കിലോമീറ്റര്‍ അകലെയായിരുന്നു സൗദിയിലെ ആദ്യ കൊവിഡ് രോഗി

അഞ്ജലി ദിലീപ്: ജീവിതം വല്ലാതെ മാറി; ഇനിയും ഇങ്ങനെ എത്ര നാളുകള്‍?

നദീര്‍ കടവത്തൂര്‍: ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിപ്പുകാരുടെ ചില പരീക്ഷണങ്ങളും മാസ്ക്കും

സീമ രാജീവ്: പതിനാലു ദിവസം കൊണ്ട് ഒരു കുറുമ്പന്‍ കുട്ടി പ്രതിബദ്ധതയുള്ള പൗരനായി മാറിയ കഥ

ബഷീര്‍ മുളിവയല്‍:  പ്രവാസിയുടെ ലോക്ക്ഡൗണ്‍ നാളുകള്‍