യുദ്ധം നാലാം വർഷത്തിലേക്ക് കടക്കവേ, യുക്രൈനിലെ ഊർജ്ജമേഖലയിൽ നിന്നും 100 മില്യൺ ഡോളറിന്‍റെ അഴിമതിക്കഥയാണ് പുറത്തുവരുന്നത്. പ്രസിഡന്‍റ് സെലൻസ്കിയുടെ മുൻ ബിസിനസ് പങ്കാളി ഉൾപ്പെടെയുള്ള വിശ്വസ്തർ കുരുക്കിലായതോടെ രണ്ട് മന്ത്രിമാർ അറസ്റ്റിലായി.
നാല് വർഷമാകാൻ പോകുന്നു റഷ്യ, യുക്രെയ്നിൽ കടന്നുകയറിയിട്ട്. പുടിന്‍റെ ഉദ്ദേശലക്ഷ്യം ഇതുവരെ നടന്നിട്ടില്ല. പടിഞ്ഞാറൻ രാജ്യങ്ങൾ യുക്രൈയ്നെ താങ്ങിനിർത്തുക തന്നെയാണ്. അതിന് പിന്നിലെ പ്രധാനശക്തി സെലൻസ്കി എന്ന ഒറ്റയാൾ പട്ടാളമാണ് താനും. പക്ഷേ, സെലൻസ്കിക്ക് ചുവട് പിഴച്ചോ എന്നൊരു സംശയത്തിൽ കാര്യമുണ്ട്. അഴിമതിക്കഥകളിൽ കുടുങ്ങിയിരിക്കുന്നത് സെലൻസ്കിയുടെ മുൻ ബിസിനസ് പങ്കാളി തിമൂർ മിൻഡിച്ച് (Timur Mindich) ആണ്. രണ്ട് മന്ത്രിമാർ ഇതിനകം രാജിവച്ചു. ഒരു റെക്കോർഡഡ് സംഭാഷണത്തിൽ സെലൻസ്കിയുടെ പേരും പറയുന്നുവെന്നത് കാര്യങ്ങൾ വഷളാക്കുന്നു.
യുദ്ധത്തിനിടെ അഴിമതി
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സെലൻസ്കി ഒരു തമാശ പറഞ്ഞിരുന്നു, യുക്രൈയ്നിലെ അഴിമതിയെക്കുറിച്ച്. പ്രസിഡന്‍റായാൽ കൈക്കൂലി വാങ്ങാതിരിക്കാൻ പറ്റുമോ എന്നിതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന്. രണത്തിലേറിയത് അഴിമതി തുടച്ചൂനീക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടാണ്, അതായിരുന്നു പ്രചാരണവാക്യം തന്നെ. പക്ഷേ, ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് 100 മില്യന്‍റെ അഴിമതിയാണ്. അതും ഊർജ്ജമേഖലയിൽ.
റഷ്യയുടെ ആക്രമണം ആദ്യം മുതലേ ലക്ഷ്യമിട്ടത് യുക്രൈയ്ന്‍റെ ഊർജ്ജ രംഗമാണ്. വിദഗ്ധമായ കണക്കുകൂട്ടലിലൂടെ യുക്രൈയ്ൻ അത് മറികടന്നിരുന്നു. പക്ഷേ, വലിയൊരു വിഭാഗം ജനത്തിനും ദിവസത്തിന്‍റെ ഭൂരിഭാഗവും വൈദ്യുതിയില്ല. ഏതാണ്ട് 11 മണിക്കൂർ. ഡീസൽ ജനറേറ്ററുകളാണ് ഇപ്പോൾ ആശ്രയം. മെഴുകുതിരി വെളിച്ചത്തിലാണ് അത്താഴം. അതിനർത്ഥം ഇരുട്ടെന്ന് മാത്രമല്ല, ലിഫ്റ്റില്ല, വെള്ളമില്ല, ശൈത്യം നേരിടാനുള്ള താപനില ക്രമീകരണവുമില്ല എന്ന് കൂടീയാണ്.

അന്വേഷണ ഏജൻസി
യുക്രൈയ്ന്‍റെ അഴിമതി വിരുദ്ധ ഏജൻസികൾ രണ്ടാണ്. National Anti-Corruption Bureau of Ukraine (NABU). Specialized Anti-Corruption Prosecutor's Office (SAP). 15 മാസം നീണ്ട അവരുടെ അന്വേഷണമാണ് ഇപ്പോൾ അഴിമതിക്കഥകൾ വെളിച്ചത്തെത്തിച്ചത്. പ്രശ്നെമന്തെന്നുവച്ചാൽ, അന്വേഷണം ഉന്നതരിലേക്ക് എത്തിയപ്പോൾ സെലൻസ്കി ഏജൻസികളുടെ അധികാരത്തിന് തടയിടാൻ ശ്രമിച്ചു. അതും നിയമത്തിലൂടെ.
പക്ഷേ, യുക്രൈയ്ൻ ജനത ഒറ്റക്കെട്ടായി തെരുവിലിറങ്ങി. സെലൻസ്കിയുടെ നീക്കത്തിനെതിരെ. ഒടുവിൽ സെലൻസ്കി പിൻമാറി. ജനങ്ങളുടെ എതിർപ്പിന് വേറെയുമുണ്ട് കാരണം. യൂറോപ്യൻ യൂണിയൻ അംഗത്വത്തിനുള്ള വ്യവസ്ഥ തന്നെ അഴിമതിക്കെതിരായ നടപടികളാണ്. അന്വേഷണം തടുക്കാൻ സെലൻസ്കി ശ്രമിച്ചത് യൂറോപ്യൻ നേതൃത്വത്തിലും അമ്പരപ്പിന് കാരണമായിരുന്നു. എന്തായാലും അതുണ്ടായില്ല.
അഴിമതി
'Operation Midas' എന്നു പേരിട്ട അന്വേഷണത്തിൽ ഏജൻസികൾ പലരുടെയും ഫോൺ ചോർത്തി. കണ്ടെത്തിയ വിവരങ്ങൾ ഇതൊക്കെയാണ്. യുക്രൈയ്ന്‍റെ ആണവോർജ കമ്പനിയായ എനർജോതമിനെ (Energoatom), ചുറ്റിയാണ് അഴിമതിയുടെ ചിലന്തിവല. 100 മില്യൻ ഡോളർ കൈക്കൂലി വാങ്ങിക്കൊണ്ടാണ് കമ്പനി കരാറുകൾ കൊടുത്തത് എന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
അതായത് കരാർ തുകയുടെ 10 മുതൽ 15 ശതമാനം വരെ. ആ പണം നോട്ടുകളായി തന്നെ കൈമാറി, എന്നിട്ടത് രാജ്യത്തിന് പുറത്തേക്ക് ട്രാൻസ്ഫർ ചെയ്തു, റഷ്യയിലേക്ക് ഉൾപ്പടെ. കീവിലെ ഒരു ഓഫീസ് വഴിയാണ് ഇതെല്ലാം നടന്നത്. ആ ഓഫീസ് മുൻ യുക്രൈയ്നിയൻ ജനപ്രതിനിധിയുടെ കുടുംബത്തിന്‍റെതാണ്. ആ ജനപ്രതിനിധി, ഇപ്പോൾ റഷ്യൻ സെനറ്ററുമാണ്, ആൻഡ്രി ഡെർകാച്ച് (Andrii Derkach).

മന്ത്രിമാരുടെ രാജി
ഇപ്പോൾ 5 പേർ ഏജൻസികളുടെ കസ്റ്റഡിയിലാണ്. ഏഴ് പേരുടെ പട്ടികയുമുണ്ട്. അതിൽ രണ്ട് മന്ത്രിമാരുടെ പേര് വന്നതോടെ അവരുടെ രാജി ആവശ്യപ്പെട്ടു സെലൻസ്കി. മുൻ ഊർജ്ജ വകുപ്പുമന്ത്രിയും ഇപ്പോഴത്തെ നീതിന്യാവകുപ്പ് മന്ത്രിയുമായ ഹെർമൻ ഹലുഷ്ചെങ്കോ, ഇപ്പോഴത്തെ ഊർജവകുപ്പ് മന്ത്രി സ്വെറ്റ്‌ലാന ഗ്രിൻചുക്. രണ്ടുപേരും രാജിവച്ചു. മുൻഡെപ്യൂട്ടി പ്രധാനമന്ത്രിയും കൈക്കൂലി വാങ്ങി എന്നാണ് കണ്ടെത്തൽ. 'ചെ ഗുവേര' എന്ന കോഡ്പേരിൽ ടെലിഫോൺ സംഭാഷണങ്ങളിൽ പറയുന്നയാൾ.
സെലൻസ്കിയുടെ പേരും
മൂന്നാമത്തെ പേരുകാരനാണ് സെലൻസ്കിയെ വലിച്ചിഴച്ചത്. മുൻ ബിസിനസ് പങ്കാളി, ടിവി താരമായിരുന്ന കാലത്തെയുള്ള പങ്കാളിത്തം, സെലൻസ്കിയുടെ മീഡിയ പ്രൊഡക്ഷൻ കമ്പനിയുടെ സഹഉടമ എന്നൊക്കെ പറയപ്പെടുന്ന തിമൂർ മിൻഡിച്ച്. ടെലിഫോൺ സംഭാഷണങ്ങളിലെ കോഡ് പേര് കാൾസൺ (Karlson). സെലൻസ്കിയുമായുള്ള സൗഹൃദവും സ്വാധീനവും ഇടക്കിടക്ക് ഇയാൾ അവകാശപ്പെടുന്നുണ്ട്.
ഡ്രോണുകളാണ് യുക്രൈയ്ൻ ഫലപ്രദമായി ഉപയോഗിക്കുന്ന ആയുധം. അത് നിർമ്മിക്കുന്ന ഒരു കമ്പനിക്ക് സർക്കാർ കരാറുകൾ സ്ഥിരം കിട്ടുന്നത് മെയ്ൻഡിച്ച് വഴിയാണെന്നാണ് NABU ആരോപിക്കുന്നത്. സെലൻസ്കിയടെ പ്രചാരണത്തിന് ഫണ്ട് നൽകിയ ബിസിനസുകാരൻ ഇഹോറിന്‍റെ ബിസിനസ് പങ്കാളിയുമായി മെയ്ൻഡിച്ച്. ഇപ്പോൾ, പക്ഷേ ഇഹോർ ജയിലിലാണ്. മെയ്ൻഡിച്ചിന് മേലും ബിസിനസുകാരനായ അലക്സാണ്ടർ സുക്കർമാന് മേലും ഉപരോധത്തിന് ശുപാർശ ചെയ്തു മന്ത്രിസഭ. പക്ഷേ, മെയ്ൻഡിച്ചിനെ സംരക്ഷിക്കാൻ സെലൻസ്കി ശ്രമിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
കൈകൂലി കൂട്ടാനും ചർച്ച
ഊർജ്ജോത്പാദന കേന്ദ്രങ്ങളുടെ സുരക്ഷക്കുള്ള ചില നിർമ്മാണക്കരാറുകൾ നൽകുന്നത് നീട്ടിവയ്ക്കുന്നതിനെക്കുറിച്ച് ചോർത്തിയ ഫോൺ സംഭാഷണങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. എന്നിട്ട് കരാർ പുതിയൊരു കമ്പനിക്ക് നൽകുക. കൈക്കൂലി 10 -ൽ നിന്ന് 15 ശതമാനം ആയി കൂട്ടാനുള്ള വഴി. അതാണ് ചർച്ച. ആണവകേന്ദ്രങ്ങളുടെ പ്രതിരോധ സംവിധാനങ്ങളിൽ പ്രശ്നമുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും കൈക്കൂലിയിൽ തീരുമാനമാകാത്തത് കൊണ്ട് ഊർജമന്ത്രാലയം നടപടിയെടുത്തില്ല എന്നർത്ഥം.

ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കുന്നത് റഷ്യ പതിവാക്കിയതോടെ അത് പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ് യുക്രൈയ്ൻ. ഫണ്ട് നൽകുന്നത് ജർമ്മനിയുൾപ്പടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളും. അങ്ങനെ കിട്ടുന്ന വിദേശ ഫണ്ടുകളുടെ വലിയൊരു ഭാഗം കൈക്കൂലിയായി ഉന്നതർ കൈപ്പറ്റി എന്നാണിപ്പോൾ തെളിഞ്ഞിരിക്കുന്നത്.
മറ്റൊരു അഴിമതി കൂടി അന്വേഷണ ഘട്ടത്തിലാണ്. സൈനികർക്കുള്ള പടച്ചട്ടകൾ വാങ്ങുന്നതിലാണ് സുരക്ഷാ വകുപ്പ് സെക്രട്ടറി, റുസ്റ്റം ഉമെറോവ് (Rustem Umerov) സ്വാധീനം ചെലുത്തിയതെന്ന് ഏജൻസികൾ പറയുന്നു. വിലകുറഞ്ഞ ചൈനീസ് പടച്ചട്ടകൾ വലിയ വില കൊടുത്ത് വാങ്ങാൻ പ്രേരിപ്പിച്ചു മുൻ പ്രതിരോധ മന്ത്രി കൂടിയായ സെക്രട്ടറി. പക്ഷേ, ഉപയോഗശൂന്യമെന്ന് കണ്ട് സർക്കാർ അവയുടെ വില കൊടുത്തില്ല. താൻ കുറ്റക്കാരനല്ലെന്ന് പറയുന്നു റുസ്റ്റം ഉമെറോവ്.
ഏറ്റെടുത്ത് ജനവും
അഴിമതി ആരോപണങ്ങൾക്ക് പണ്ടും യുക്രൈയ്നിൽ ക്ഷാമമുണ്ടായിരുന്നില്ല എന്നതാണ് സത്യം. പക്ഷേ, റഷ്യയുടെ അധിനിവേശം തുടങ്ങിയപ്പോൾ, ജനങ്ങളും മാധ്യമങ്ങളും അഴിമതി മാറ്റിവച്ചു. യുദ്ധത്തിന് പ്രാധാന്യം നൽകി. റഷ്യയെ തോൽപ്പിക്കുന്നതായി ഏക ലക്ഷ്യം. പക്ഷേ, 2023 -ൽ NABU എന്ന അഴിമതി വിരുദ്ധ ഏജൻസി അന്വേഷണം തുടങ്ങി. സൈനികരുടെ ഭക്ഷണം, പടച്ചട്ട, അനധികൃത ഭൂവികസന പദ്ധതി. അതിൽ തുടങ്ങിയാണ് ഇവിടെവരെയെത്തിയത്. ഇപ്പോൾ ജനങ്ങളും അതേറ്റെടുത്തിരിക്കുന്നു. ഇതെങ്ങനെ സെലൻസ്കി കൈകാര്യം ചെയ്യുമെന്നത് വളരെ പ്രധാനം. യുക്രൈയ്ൻ ജനതയുടെ വിശ്വാസം നിലനിർത്താൻ മാത്രമല്ല, യൂറോപ്പിന്‍റെ വിശ്വാസം നിലനിർത്താനും അതാവശ്യം.
അതിനിടെ യുക്രൈയ്ന്‍ പുനർനിർമ്മാണത്തിന് മരവിപ്പിച്ച റഷ്യൻ ആസ്തികൾ ഉപയോഗിക്കുന്നത് കാര്യമായി ചർച്ച ചെയ്തു യൂറോപ്യൻ യൂണിയൻ. യൂറോപ്പിലുള്ള ആസ്തികളാണ് ലക്ഷ്യം. 140 ബില്യൻ യൂറോ വരുമത്. കൂടുതലും ബെൽജിയത്തിലാണ്. അതിലെ ആശങ്ക, റഷ്യയുടെ തിരിച്ചടിയും സ്വീകരിച്ചേക്കാവുന്ന നിയമ നടപടിയുമാണ്. എന്തുവന്നാലും ബെൽജിയത്തിനൊപ്പം നിൽക്കാനാണ് അംഗരാജ്യങ്ങളുടെ തീരുമാനം. ഡിസംബറിലെ യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ അതിന് തീരുമാനമാകും.


