അടുത്ത ദലായ് ലാമയായി കണ്ടെത്തുന്ന കുഞ്ഞിനെ 20 വർഷമെങ്കിലും പരിശീലിപ്പിച്ചിട്ടേ സ്ഥാനമേൽപ്പിക്കാൻ പറ്റൂ. അത് ബെയ്ജിംഗിന് ഒരവസരമാകുമെന്നതിൽ തർക്കമില്ല.
മരിക്കുന്നതിന് മുമ്പ് ടിബറ്റ് സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന് ദലായ് ലാമ അറിയിച്ചിരുന്നു. പക്ഷേ, ഇന്ത്യയിലേക്ക് തിരിച്ച് വരാൻ അനുവദിക്കണം. സന്ദർശിക്കും, പിന്നെ സ്ഥിര താമസം അവിടെത്തന്നെ എന്നാണ് ബെയ്ജിംഗ് അറിയിച്ചത്. ചൈനയിലും ടിബറ്റിലും ദലായ് ലാമയുടെ ചിത്രം കൈയിൽ കണ്ടാൽ മതി അറസ്റ്റിലാവാൻ.
ടിബറ്റിലെ ബുദ്ധഭിക്ഷുക്കൾ ജീവിക്കുന്നത് കടുത്ത നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ദലായ് ലാമയുടെ പിറന്നാള്‍ ആഘോഷിച്ചാൽ കടുത്ത ശിക്ഷയാണ് ടിബറ്റിൽ. പക്ഷേ, അതൊന്നും ടിബറ്റൻ ജനതയുടെ സ്വാതന്ത്ര്യ മോഹമോ ആത്മവീര്യമോ ചോർത്തിക്കളയില്ലെന്നാണ് ഇന്ത്യയിലെ ടിബറ്റുകാർ പറയുന്നത്. ലോകത്തിലെ ഏറ്റവും പ്രതികൂല പരിസ്ഥിതിയെ അതിജീവിക്കുന്ന തങ്ങൾക്ക് ബെയ്ജിംഗിന്‍റെ സമ്മർദ്ദത്തെയും അതിജീവിക്കാനാകും എന്നാണ് അവരുടെ പക്ഷം.
'ലോകത്തിന്‍റെ മേൽക്കൂര' എന്നറിയപ്പെടുന്ന ടിബറ്റ്, 7 -ാം നൂറ്റാണ്ടിൽ ഒരു സാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്നു. ബുദ്ധമതം പ്രധാനം. മംഗോളുകളും ചൈനീസും തമ്മിലെ തർക്കത്തിന്‍റെ ഇരയാകാൻ തുടങ്ങിയിരുന്നു അന്നേ. ആധിപത്യം സ്ഥാപിച്ചത് ചൈനയിലെ ചിങ് രാജവംശമാണ് (Qing Kingdom). അന്ന് കുറേഭാഗം ചൈന കൊണ്ടുപോയി. ഇന്നത്തെ അതിർത്തികൾ രൂപപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ചിങ് ഭരണകാലത്ത് തന്നെ ദലായ് ലാമമാരുടെ തെരഞ്ഞെടുപ്പിലടക്കം ചൈന ഇടപെട്ടിരുന്നു. പിന്നെ ചൈന റിപബ്ലിക് ഓഫ് ചൈനയായി. പതിമൂന്നാം ദലായ് ലാമ ടിബറ്റിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. പക്ഷേ, ബെയ്ജിംഗ് അംഗീകരിച്ചില്ല. ടിബറ്റ് പിടിച്ചടക്കുകയും ചെയ്തു. അന്ന് തുടങ്ങിയതാണ് ടിബറ്റിന്‍റെ സമരം. അതിന്‍റെ കേന്ദ്രബിന്ദു ദലായ് ലാമയും.
ആശങ്ക
ഇപ്പോഴത്തെ ദലായ് ലാമയുടെ പുനർജനനം ടിബറ്റൻ ബുദ്ധവിശ്വാസങ്ങൾക്ക് മാത്രമല്ല, ടിബറ്റിന്‍റെ തന്നെ ആവശ്യമാണ്. ചിതറിക്കിടക്കുന്ന ടിബറ്റൻ ജനതയെ ഒന്നിപ്പിക്കുന്നത് ദലായ് ലാമയെന്ന പ്രതീകമാണ്. അതില്ലാതായാൽ എന്ത് ചെയ്യുമെന്ന ആശങ്ക ചൈനയെ ഓർത്ത് മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിലെ തീവ്രപക്ഷക്കാരെയും അനുനയിപ്പിച്ച് നിർത്തുന്നത് ദലായ് ലാമയാണ്. അവർ പിന്നെയെന്തും ചെയ്യും എന്നോർത്ത് കൂടിയാണ് ആശങ്ക. ചൈന തെരഞ്ഞെടുക്കുന്ന ദലായ് ലാമയുടെ അവസ്ഥയോർത്ത് വിഷമമുണ്ടെന്നാണ് ലാമയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. മതമേ തിരസ്കരിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം എങ്ങനെയാണ് പുനരവതാരം അംഗീകരിക്കുന്നതെന്ന് ദലായ് ലാമ ചോദിക്കുന്നു.
കണ്ടെത്തൽ ചടങ്ങ്
ദലായ് ലാമയുടെ പുനർജൻമമാരെന്ന് കണ്ടുപിടിക്കുന്നത് നീണ്ട ചടങ്ങാണ്. മുൻഗാമി ചില സൂചനകൾ വിട്ടിട്ട് പോകാറുണ്ട്. മുതിർന്ന ലാമമാർക്ക് ഉണ്ടാകുന്ന വെളിപാടുകളും സൂചനയാകാറുണ്ട്. ഇതെല്ലാം കൂടി ചേർത്ത് വായിച്ച് ചില ദിക്കുകളിലേക്ക് ലാമമാരുടെ സംഘങ്ങൾ പോകും. ദലായ് ലാമയുടെ മരണ ശേഷം ജനിച്ച കുട്ടികളെ തിരക്കി. പല രീതിയിൽ പരീക്ഷിച്ചിട്ടാണ് നിർണയിക്കുന്നത്. മുൻഗാമികള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കൾ തിരിച്ചറിയുന്നതുൾപ്പടെ. ദലായ് ലാമമാരെ ടിബറ്റിന് പുറത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. നാലാമത്തെ ദലായ് ലാമ മംഗോളിയയിലായിരുന്നു. അതിനെ ചൊല്ലി ടിബറ്റിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ചരിത്രം. ചെറിയ വയസിൽ തന്നെ വിടവാങ്ങി നാലാമത്തെ ദലായ് ലാമ. ആറാമത്തേത് ഇന്ത്യയിലെ അരുണാചൽ പ്രദേശിലും.
അടുത്ത ദലായ് ലാമയായി കണ്ടെത്തുന്ന കുഞ്ഞിനെ 20 വർഷമെങ്കിലും പരിശീലിപ്പിച്ചിട്ടേ സ്ഥാനമേൽപ്പിക്കാൻ പറ്റൂ. അത് ബെയ്ജിംഗിന് ഒരവസരമാകുമെന്നതിൽ തർക്കമില്ല. രാഷ്ട്രീയ സംഘർഷങ്ങൾ കാരണം അഞ്ചാമത്തെ ദലായ് ലാമയുടെ വിയോഗം 15 വർഷം മറച്ചുവച്ചിരുന്നു, പുതിയ ദലായ് ലാമയുടെ റീജന്‍റ്. പക്ഷേ, ചൈനയുടെ ദലായ് ലാമയൊന്നും തങ്ങൾക്ക് വിഷയമേ അല്ലെന്നാണ് ഇന്ത്യയിലെ ടിബറ്റൻ സമൂഹത്തിന്‍റെ പക്ഷം. അതൊക്കെ രാഷ്ട്രീയം മാത്രം എന്നാണവരുടെ നിലപാട്.
രാഷ്ട്രീയം
ലാമയുടെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ഒരു ഘടകമാണ്. ടിബറ്റൻ ബുദ്ധിസം മംഗോളിയയിലും ഭൂട്ടാനിലും നേപ്പാളിലും ഇന്ത്യയിലും നിലനിൽക്കുന്നതാണ്. ജപ്പാനും തായ്‍ലൻഡുമാണ് ബുദ്ധമതക്കാരുള്ള മറ്റ് രാജ്യങ്ങൾ. ചൈനയ്ക്ക് അവർ തെരഞ്ഞെടുക്കുന്ന ദലായ് ലാമയെ അംഗീകരിക്കാൻ ഇന്ത്യയൊഴികെയുള്ള രാജ്യങ്ങളെ പ്രേരിപ്പിക്കാം. 2011 -ൽ ദലായ് ലാമ തന്‍റെ രാഷ്ട്രീയ അധികാരം ധരംശാലയിലെ ടിബറ്റൻ സർക്കാരിനെ ഏൽപ്പിച്ചിരുന്നു. അതിന് ശേഷം ആത്മീയാചാര്യൻ മാത്രമായി അദ്ദേഹം തുടരുകയാണ്. ഗവൺമെന്‍റ് ഇൻ എക്സൈൽ (Government in exile) നയിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്. ശക്തമായ ജനാധിപത്യ സംവിധാനം വേണമെന്നുള്ളത് ദലായ് ലാമയുടെ നിർബന്ധമായിരുന്നു. താനുണ്ടെങ്കിലും ഇല്ലെങ്കിലും ടിബറ്റൻ സമൂഹത്തിനും സ്വാതന്ത്ര്യ സമരത്തിനും മുന്നോട്ട് പോകാൻ ആകണം.
ടിബറ്റിലെ മത - സാംസ്കാരിക അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നാണ് ചൈനയുടെ അവകാശവാദം. സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനം ഗംഭീരമാണെന്നും. പക്ഷേ, ഹാൻ ചൈനീസിനെ വലിയ തോതിൽ ഇറക്കുമതി ചെയ്ത്, ടിബറ്റൻ സ്കൂളുകൾ പൂട്ടി, കുട്ടികളെ ബോർഡിങ് സ്കൂളുകളിലാക്കി ചൈനീസ് ഭാഷ നിർബന്ധമായും പഠിപ്പിച്ച്, ടിബറ്റൻ സംസ്കാരം അപ്പാടെ തേയ്ച്ച് മായ്ച്ച് കളയാനാണ് ബെയ്ജിംഗിന്‍റെ ശ്രമമെന്ന് ഐക്യരാഷ്ട്ര സംഘടനയടക്കം ആശങ്കയറിയിച്ചു.
തോൽക്കില്ല, പക്ഷേ...
ചൈനയുടെ ആഗോള സാന്നിധ്യം കൂടുന്നു, ദലായ് ലാമയക്ക് ആരോഗ്യ പ്രശ്നങ്ങൾ കാരണം യാത്രകള്‍ സാധ്യമാവുന്നില്ല. 2016 -ൽ ബരാക് ഒബാമയെ വൈറ്റ് ഹൗസിലെത്തി കണ്ട ശേഷം മറ്റൊരു അമേരിക്കൻ പ്രസിഡന്‍റിനെയും കാണാനായിട്ടില്ല ദലായ് ലാമയ്ക്ക്. ടിബറ്റൻ സ്വാതന്ത്ര്യത്തിനുള്ള പിന്തുണ കുറയുന്നോ എന്നൊരു ആശങ്ക ചിലർക്കുണ്ട്. പക്ഷേ, തങ്ങൾ തോൽക്കില്ല എന്ന് ടിബറ്റൻ സമൂഹം ആവർത്തിക്കുന്നു.
ഇന്ത്യയില്‍ അവർ ജീവിക്കുന്നത് രാജ്യമില്ലാത്ത വിദേശികളായാണ്. സർക്കാർ ജോലികൾ കിട്ടില്ല. ഭൂമി വാങ്ങാൻ പറ്റില്ല. ടിബറ്റൻ പ്രതിഷേധങ്ങൾക്ക് അനുവാദം നിഷേധിച്ചിട്ടുണ്ട്. ദലായ് ലാമ പങ്കെടുക്കുന്ന ചടങ്ങ് ദില്ലിയിൽ നിന്ന് മാറ്റേണ്ടി വന്നിട്ടുണ്ടവർക്ക്. സർക്കാരിന്‍റെ നിർദ്ദേശം കാരണം. അമേരിക്കയിൽ ബൈഡൻ സർക്കാരിന്‍റെ കാലത്ത് ടിബറ്റ് ആക്ട് പാസാക്കിയിരുന്നു. ടിബറ്റ് ചൈനയുടെ ഭാഗമെന്ന വാദം തെറ്റെന്ന് ആക്ടിൽ പറയുന്നു. ചൈനയും ദലായ് ലാമയുടെ പ്രതിനിധികളുമായി സംസാരിച്ച് ധാരണയിലെത്തണം എന്നും. പക്ഷേ, ട്രംപ് സർക്കാരിന് അത് നടപ്പാക്കുന്നതിൽ താൽപര്യമുള്ളതായി സൂചനകളില്ല.

