ദലായ് ലാമയ്ക്ക് വയസ് 90 ആയിരിക്കുന്നു. ടിബറ്റിന്‍റെ സമ്പൂര്‍ണ്ണ ആധിപത്യത്തിനായി ശ്രമിക്കുന്ന ചൈന തങ്ങളുടെ അവസരത്തിനായി കാത്തിരിക്കുന്നു. വായിക്കാം ലോകജാലകം.
ടിബറ്റൻ ആത്മീയ നേതാവ് ദലായ് ലാമക്ക് വയസ് 90. ആത്മീയ നേതാവ് മാത്രമല്ല ദലായ് ലാമ. സ്വാതന്ത്ര്യത്തിനായുള്ള ടിബറ്റൻ സമരത്തിന്‍റെ പ്രതീകം കൂടിയാണ്. 1959 -ൽ ദലായ് ലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തത് ചൈനയുടെ തടവുകാരനാവുന്നതിൽ നിന്ന് രക്ഷപ്പെടാനാണ്. ടിബറ്റിന് മേൽ ചൈന കൂടുതൽ കൂടുതൽ പിടിമുറുക്കുമ്പോൾ ദലായ് ലാമയുടെ പ്രസക്തിയും കൂടുകയാണ്. ദലായ് ലാമയുടെ അനന്തരാവകാശിയെ, അഥവാ പുനരവതാരത്തെ തങ്ങൾ തെരഞ്ഞെടുക്കുമെന്ന ചൈനയുടെ പ്രഖ്യാപനം കൂടിയായപ്പോൾ അതിരട്ടിയായി. തന്‍റെ അനന്തരാവകാശിയെ തെരഞ്ഞെടുക്കാനുള്ള അവകാശം താൻ സ്ഥാപിച്ച ഫൗണ്ടേഷനാണെന്ന് ദലായ് ലാമയുടെ അറിയിപ്പിന് പിന്തുണ നൽകിയ ഇന്ത്യയുടെ നടപടിയിൽ ചൈന മുന്നറിയിപ്പും നൽകി.
ദലായ് ലാമ
ദലായ് ലാമ എന്നാൽ 'ജ്ഞാനസമുദ്രം' (Oceans of Wisdom) എന്നാണർത്ഥം. ടിബറ്റിന്‍റെ ആത്മീയ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്നത് അവലോകിതേശ്വരനെന്ന ബോധിസത്വനാണ്. അവലോകിതേശ്വരന്‍റെ അവതാരമാണ് ദലായ് ലാമകൾ എന്നാണ് ടിബറ്റൻ വിശ്വാസം. ആദ്യത്തെ ദലായ് ലാമ 1391 -ലാണ് ജനിച്ചത്. അഞ്ചാമത്തെ ദലായ് ലാമ മുതലാണ് ടിബറ്റിന്‍റെ രാഷ്ട്രീയ ആത്മീയ നേതാവാകാൻ തുടങ്ങിയത്.
ചൈനീസ് അധിനിവേശം
1935 -ൽ ടിബറ്റിലെ തക്സറിൽ ജനിച്ച കുഞ്ഞ് പതിമൂന്നാം ദലായ് ലാമയുടെ പുനരവതാരമായി പ്രഖ്യാപിക്കപ്പെട്ടത് രണ്ടാമത്തെ വയസിലാണ്. 1949 -ൽ മാവോ സെ ദുങിന്‍റെ കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനയിൽ അധികാരത്തിൽ വന്നു. 1950 -ൽ ചൈന ടിബറ്റ് പിടിച്ചെടുത്തു. 1950 -ൽ തന്‍റെ 15 -ാം വയസില്‍ ദലായ് ലാമയുടെ പൂർണ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നു. സ്വയംഭരണം ഉറപ്പ് നൽകുന്ന കരാറിൽ ചൈന ഒപ്പിട്ടു. പക്ഷേ, അത് വെറും വെറുതെയായി. 54 -ൽ ചൈനയുമായി സമാധാന ചർച്ചകൾക്ക് പോയി ദലായ് ലാമ. മാവോ സെ ദുങ്, ഡിങ് ജിയോപിംഗ്, ചൗ എൻലായ് എന്നിവരായിരുന്നു ചൈനീസ് പക്ഷത്ത്. ചൈന വഴങ്ങിയില്ല.
59 -ഓടെ ടിബറ്റിൽ കലാപം രൂക്ഷമായി. ചൈന അടിച്ചമർത്തി. ലാസ ചൈനീസ് സൈന്യം വളഞ്ഞു. ഇരുപത്തിമൂന്നുകാരനായ ദലായ് ലാമക്ക് ഒരു ദിവസം ചൈനീസ് സൈന്യത്തിന്‍റെ ക്ഷണം കിട്ടി, നൃത്ത പരിപാടിയിൽ അതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം. പക്ഷേ, അത് ടിബറ്റൻ കലാപം അതിക്രൂരമായി അടിച്ചമർത്തിയ ശേഷമാണ്. സൈനിക ആസ്ഥാനത്ത് ഒറ്റക്കെത്തണം എന്നായിരുന്നു സന്ദേശം. പോയാൽ തിരിച്ച് വരില്ലെന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. അങ്ങനെ ദലായ് ലാമ കുടുംബാംഗങ്ങൾക്കും ചുരുക്കം അനുയായികൾക്കും ഒപ്പം സൈനിക വേഷം ധരിച്ച് രക്ഷപ്പെട്ടു. മാർച്ച് 17 -ന് തുടങ്ങിയ നടത്തം മഞ്ഞുറഞ്ഞ ഹിമാലയൻ മലനിരയിലൂടെ, രാത്രികളിൽ മാത്രം തുടർന്നു. പകൽ ഒളിച്ചിരുന്നു. ചൈനീസ് വിമാനങ്ങളെ ഭയന്ന്.
ഇന്ത്യയിൽ അഭയം
മാർച്ച് 26 -ന് ഇന്ത്യൻ അതിർത്തിയോടടുത്തെത്തി സംഘം. അമേരിക്ക വഴി, ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് അഭയാഭ്യർത്ഥന എത്തി. നെഹ്റുവിന്‍റെ ഉത്തരവനുസരിച്ച് അസം റൈഫിൾസ് അതിർത്തിയിലെത്തി. ദലായ് ലാമയെ സ്വീകരിച്ചു. അന്ന് ആ സംഘത്തിലുണ്ടായിരുന്ന ഹവിൽദാർ നരേൻ ചന്ദ്ര ദാസിനെ, ദലായ് ലാമ 2017 കണ്ടിരുന്നു. ദലായ് ലാമയ്ക്ക് ഇന്ത്യ താമസസ്ഥലമൊരുക്കി. പിന്നീട് ധരംശാലയിൽ താമസമുറപ്പിച്ചു. ചൈനയുടെ അരിശം അന്ന് തുടങ്ങിയതാണ്. 59 -ന് ശേഷം പലതും സംഭവിച്ചു. പക്ഷേ, ചൈനയുടെ അരിശം കൂടിയിട്ടേയുള്ളു.
പഞ്ചൻ ലാമ
ദലായ് ലാമയുടെ രണ്ടാം സ്ഥാനക്കാരാണ് പഞ്ചൻ ലാമ (Panchen Lama). ദലായ് ലാമ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. 1995 -ൽ പഞ്ചൻ ലാമയായി ആറ് വയസുകാരൻ ഗെധുൻ ചോക്കി നൈമയെ (Gedhun Choekyi Nyima), ദലായ് ലാമ തെരഞ്ഞെടുത്തു. ദിവസങ്ങൾക്കകം ആറ് വയസുകാരനെ കാണാതായി. ചൈനീസ് സൈന്യമാണ് കൊണ്ടു പോയത്. പിന്നെ നീമയെയും കുടുംബാംഗങ്ങളെയും ആരും കണ്ടിട്ടില്ല. സുഖമായിരിക്കുന്നു എന്നും ആരും ശല്യപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മാത്രമാണ് ബീജിംഗിന്‍റെ അറിയിപ്പ്. പിന്നീട് ചൈന തന്നെ മറ്റൊരു പഞ്ചൻ ലാമയെ തെരഞ്ഞെടുത്തു. ബീജിംഗിനോട് കൂറുള്ള പഞ്ചൻ ലാമ. അതുപോലെ 15 -ാം ദലായ് ലാമയെയും തങ്ങൾ തെരഞ്ഞെടുക്കുമെന്നാണ് ബീജിംഗിന്‍റെ നിലപാട്.
രണ്ട് ലാമകൾ
ആചാരമനുസരിച്ച് ദലായ് ലാമയുടെ തെരഞ്ഞെടുപ്പിൽ പഞ്ചൻ ലാമയ്ക്കുമുണ്ട് പ്രധാന പങ്ക്. ഇനി രണ്ട് ദലായ് ലാമമാരുണ്ടാവാനാണ് സാധ്യത. ദലായ് ലാമയുടെ ട്രസ്റ്റ് തെരഞ്ഞെടുക്കുന്ന ദലായ് ലാമയും ചൈനയുടെ ദലായ് ലാമയും. പക്ഷേ, ചൈനയുടെ ദലായ് ലാമയ്ക്ക് തങ്ങളുടെ മനസിൽ സ്ഥാനമുണ്ടാവില്ലെന്ന് ഇന്ത്യയിലുള്ള ടിബറ്റൻ സമൂഹം ആണയിടുന്നു. ബീജിംഗിന്‍റെ അധിനിവേശത്തെ ടിബറ്റൻ ജനത ഇന്നും എതിർക്കുന്നു. പ്രവാസികളായ ടിബറ്റുകാർ എന്ന് പറയേണ്ടി വരും ടിബറ്റ് ഇന്ന് പൂർണമായും ചൈനയുടെ നിയന്ത്രണത്തിലാണ്.
ദലായ് ലാമ, ചൈനക്കാരുടെ കണ്ണിലും വാക്കിലും വിഘടനവാദിയും സന്യാസിയുടെ വേഷമിട്ട ചെന്നായുമാണ്. ടിബറ്റ് ചൈനയുടെ ഭാഗം എന്നംഗീകരിച്ചാൽ ദലായ് ലാമയുമായി ചർച്ചയാവാം എന്നാണ് നിലപാട്. എന്നാൽ തന്‍റെ അനന്തരാവകാശി, പുനരവതാരം ചൈനയുടെ അധിനിവേശ പ്രദേശത്ത് ജനിച്ചയാളായിരിക്കില്ലെന്ന് ദലായ് ലാമ ഉറപ്പ് നൽകി. സ്വതന്ത്രരാജ്യത്ത് ജനിച്ച ആളായിരിക്കുമെന്നാണ് ലാമയുടെ വാക്കുകൾ.
വിശ്വാസമനുസരിച്ച്, ദലായ് ലാമയുടെ വിയോഗ ശേഷം 49 -ദിവസം ആത്മാവ് ശരീരത്തിനായി തെരയും. പിന്നെ അതാരെന്ന് കണ്ടുപിടിക്കുന്നത് ലാമയുടെ ഉപദേശക സംഘത്തിന്‍റെ ജോലിയാണ്, ചിലപ്പോൾ വർഷങ്ങളെടുക്കും. ഈ കാലയളവ് ചൈന പ്രയോജനപ്പെടുത്തുമെന്നാണ് ആശങ്ക. ദലായ് ലാമയുടെ തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുമ്പോൾ, ടിബറ്റൻ ജനതക്ക് ദലായ് ലാമ ഇനിയും വർഷങ്ങൾ ജീവിച്ചിരിക്കട്ടെ എന്നാണ് പ്രാർത്ഥന. ചൈനയുടെ പിടിമുറുക്കലും മറ്റൊരു ദലായ് ലാമയെന്ന പ്രഹേളികയും അത്രയും കാലം ഒഴിവാക്കാം.


