ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

'ശരിയാ ഞാൻ തെറ്റ് ചെയ്തു. ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്തു. ഞാനെന്റെ മദ്യത്തിന്റെ ലഹരിയിൽ ചെയ്തു പോയതാ. പക്ഷെ അവളോ, അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കിലോ? ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിലോ? ഞാൻ ഉണർന്നേനെ...'

ഹിറ്റ്ലർ സിനിമയിൽ സ്വന്തം പെങ്ങളെ ബലാത്സംഗം ചെയ്തയാൾ  ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ ചേട്ടനോട് തെറ്റ് ഏറ്റ് പറയുന്ന രംഗമാണത്.  സോമൻ മമ്മൂട്ടിയോട് പറയുന്ന ഈ ഡയലോഗിൽ ഇരയാക്കപ്പെട്ട സ്ത്രീയേയാണ് ബലാൽസംഗം ചെയ്യാൻ  ഉള്ള  കാരണം  ആയി  അവതരിപ്പിക്കപ്പെടുന്നത്. 'സ്ത്രീ ഉറക്കെ കരയാത്ത കൊണ്ടാണ്' താൻ  പീഡിപ്പിച്ച് പോയത് എന്നും, ലൈംഗികത അവൾ  ആസ്വദിച്ചത് കൊണ്ടാണ്  ഒച്ച വെക്കാതെ ഇരുന്നതുമെന്നൊക്കെയുള്ള  തരത്തിലാണ് സോമന്റെ കഥാപാത്രം പറഞ്ഞ് വെക്കുന്നത്.

ബലാത്സംഗത്തെ കുറിച്ചും  ലൈംഗിക കാര്യങ്ങളെ സംബന്ധിച്ചും തെറ്റായ ധാരണകൾ വെച്ചുപുലർത്തുന്ന ഒരുപാട് പേരെ സമൂഹത്തിൽ കാണാൻ കഴിയും. ലൈംഗിക കാര്യങ്ങളിൽ വിവരം കൂടുതലാണെന്ന് സ്വയം  ധരിക്കുന്ന ഇത്തരക്കാർ ലൈംഗികതയെ സംബന്ധിച്ച ഒരുപാട് നുണക്കഥകൾ വിശ്വസിച്ച് പോരുന്നു. 

ഏതു സ്ത്രീയും പുരുഷനാൽ  ബലാത്സംഗം ചെയ്യപ്പെടാൻ രഹസ്യമായി മനസ്സിൽ ആഗ്രഹിക്കുന്നുണ്ടെന്നും, ആദ്യമൊക്കെ സ്ത്രീ എതിർക്കുകയും ലൈംഗിക സുഖം ആസ്വദിക്കാൻ തുടങ്ങിയാൽ പതിയെ സഹകരിച്ചു കൊള്ളും എന്നുമാണ് അഭ്യസ്തവിദ്യരായവർ പോലും  കരുതിയിരിക്കുന്നത്.  ബലപ്രയോഗത്തിലൂടെ നടത്തുന്ന ലൈംഗിക ബന്ധത്തിന് ശേഷം സ്ത്രീയുടെ ജനനേന്ദ്രിയ അവയവമായ യോനിയുടെ ഉൾഭാഗത്ത്  മുറിവുണ്ടാകാത്തത്  സ്ത്രീകൾ ബലാത്സംഗം ആസ്വദിക്കുന്നതു കൊണ്ടാണെന്നാണ് അവരുടെ പ്രധാന തിയറി. 

സ്വന്തം  ഭാര്യയെ ലൈംഗിക കാര്യങ്ങൾക്കായി എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം എന്നും ലൈംഗികതയിൽ സ്ത്രീ എപ്പോഴും പുരുഷന്റെ അടിമയാണ് എന്നുമാണ് ഇത്തരക്കാരുടെ കണ്ടെത്തൽ. ലൈംഗിക കാര്യങ്ങളിൽ താല്പര്യം കാണിക്കുന്ന ഇണയെ ഇവർ തെറ്റിദ്ധരിക്കുന്നു. സ്വന്തം ഭാര്യ ആണെങ്കിൽ കൂടിയും ഒരു സ്ത്രീയുടെ അനുവാദം കൂടാതെ  അവളുടെ ശരീരത്തിൽ അതിക്രമിച്ചു കടക്കാൻ ഒരു പുരുഷനും അധികാരമില്ല. ദാമ്പത്യജീവിതത്തിലെ ബലാത്സംഗത്തെ കുറിച്ച്‌ അറിഞ്ഞുകൂടാത്തവരാണ് ഇത്തരക്കാർ.  വിവാഹശേഷം സ്വന്തം ഭാര്യയെ ഏതുവിധേനയും പുരുഷന് ഉപയോഗപ്പെടുത്താം എന്ന തെറ്റിദ്ധാരണ വിദ്യാഭ്യാസം ഉള്ളവർ പോലും വെച്ചുപുലത്തുന്നു. 

ഇണയുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞ്  പരസ്പരസമ്മതത്തോടെ  സംഭോഗത്തിൽ ഏർപ്പെടുക  എന്നതിനപ്പുറം  സ്വന്തം ഇണയുടെ സമ്മതമില്ലാതെ  ബലപ്രയോഗം നടത്തി കീഴ്പ്പെടുത്തി  ലൈംഗികബന്ധത്തിന് ഉപയോഗപ്പെടുത്തുന്നത് മാരിറ്റൽ റേപ്പ് ആണ്. ഇത് അറിയാത്ത  സ്ത്രീകൾ ഒരുപാടുണ്ട്. ഒരു സ്ത്രീയെ പുരുഷൻ  ബലാത്സംഗം ചെയ്യുന്നത് ലൈംഗികപരമായ താല്പര്യം ഒന്നു കൊണ്ട് മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. അതുകൊണ്ട് തന്നെ എല്ലാ തെറ്റുകളും സ്ത്രീയുടെ മേൽ ആകുന്നു.

എന്നാൽ, ബലാത്സംഗം ചെയ്യാൻ പുരുഷന് നിരവധി കാരണങ്ങളുണ്ട്. സ്ത്രീയുടെ മേൽ അധികാരവും, കരുത്തും കാണിക്കാൻ, പക, പ്രതികാരം, വിരോധം, അടക്കാനാകാത്ത ദേഷ്യം, ലൈംഗിക  താല്പര്യം  എന്നിവ ഒക്കെയാണ് ഒരു പുരുഷനെ ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് ലൈംഗികത അടക്കി വെക്കാൻ കഴിയാത്ത സാഹചര്യത്തിൽ  (Discontrol) വളരെ പെട്ടെന്ന് ചെയ്ത് പോകുന്ന ഒന്നാണ് ബലാത്സംഗം എന്ന നുണക്കഥകൾക്ക് സ്ഥാനമില്ല എന്ന് മനസ്സിലാക്കുക. 

ഇനിയുള്ളത് സ്ത്രീയുടെ  വസ്ത്രധാരണത്തെ കുറിച്ചാണ്. ബലാത്സംഗത്തിന് കാരണം പ്രകോപനപരമായ വസ്ത്രാധാരണം ആണ് എന്ന് ആൺ പെൺ വ്യത്യാസമില്ലാതെ ഒട്ടുമിക്കവരും  വിശ്വസിച്ചു വച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ബലാത്സംഗം എന്നത് സ്ത്രീകൾ സ്വയം വിളിച്ച് വരുത്തുന്നതാണെന്നാണ് ഒട്ടുപേരുടേയും അഭിപ്രായം. "അവൾക്ക് അങ്ങനെ വരണം, അടങ്ങി ഒതുങ്ങി നടന്നാൽ ഒരുത്തനും പീഡിപ്പിക്കാൻ വരില്ലായിരുന്നു..." എന്നൊക്കെയുള്ള ഡയലോഗുകൾ പലരും പറഞ്ഞ് കേൾക്കാറുണ്ട്.

സ്ത്രീയുടെ വസ്ത്രധാരണം  ബലാത്സംഗം ചെയ്യാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നില്ല  എന്ന് പഠനങ്ങൾ തന്നെ തെളിയിച്ചതാണ്. 

വസ്ത്രധാരണ ശൈലി ബലാത്സംഗം ചെയ്യാനുള്ള ലൈസൻസ് നല്‍കുന്ന ഒന്നാണെന്നാണ് ഒട്ടുമിക്ക പുരുഷന്മാരും വിശ്വസിച്ച് പോരുന്നത്. അടുത്ത നാളുകളായി പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ എടുത്താൽ അവരുടെ വസ്ത്രധാരണരീതിയും  പീഡനവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് മനസ്സിലാകും.  നുണക്കഥകൾക്ക് പഞ്ഞമില്ലല്ലോ. നമുക്ക് ഏറ്റവും കൂടുതൽ അറിവ് വേണ്ട  വിഷയങ്ങളില്‍ ഒന്നാണ് ലൈംഗികത. എന്നാൽ അവ ക്ലാസ് മുറികളിൽ ഇച്ചീച്ചിയായി മാറുന്നു. ലൈംഗികതയെ കുറിച്ച് പൊതുഇടങ്ങളിൽ തുറന്ന് ചർച്ച ചെയ്യാതെയോ സംസാരിക്കാതെയോ ഇരിക്കുമ്പോൾ ആണ് ലൈംഗികത സംബന്ധിച്ചുള്ള   തെറ്റിദ്ധാരണകളിലേയ്ക്ക് ആളുകൾ എത്തിപ്പെടുന്നത്. പെരും നുണയന്മാരായി നാം മാറുന്നത്.

(മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ മന:ശാസ്ത്ര വിഭാഗം അദ്ധ്യാപകനും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാണ് ലേഖകൻ.  erani1983@gmail.com)