വെനിസ്വേലയെ ശക്തമായ ഇരട്ട ഭൂചലനം തകർത്തെറിഞ്ഞു, ഇത് വ്യാപകമായ നാശത്തിനും മരണസംഖ്യ ഉയരുന്നതിനും കാരണമായി. രാജ്യത്തിന്റെ മോശം സാമ്പത്തിക സ്ഥിതിയും ഭൂചലനത്തെ പ്രതിരോധിക്കാത്ത കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ദുർബലമായ അടിസ്ഥാന സൗകര്യങ്ങളും രക്ഷാപ്രവർത്തനങ്ങളെയും വൈദ്യസഹായത്തെയും സാരമായി തടസ്സപ്പെടുത്തുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെനിസ്വേലയിൽ തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. മരണക്കണക്കും കൂടിവരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തെടുക്കാനായവർ അത്ഭുതമാകുന്നു. ഇത്തരമൊരു സാഹചര്യം നേരിടാനുള്ള സാമ്പത്തികസ്ഥിതിയോ അടിസ്ഥാന സൌകര്യ സംവിധാനങ്ങളോ രാജ്യത്ത് ഇല്ല എന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. വെനിസ്വേല ലോകരാജ്യങ്ങളോട് സഹായം ചോദിച്ചു. അടിയന്തരസഹായം എത്തുന്നുണ്ട്.

ഇരട്ട ചലനം

അവശിഷ്ടങ്ങൾക്കിടയിലെ തെരച്ചിലാണ് ദുഷ്കരം. ആരെങ്കിലുമൊക്കെ ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷ കത്തിനിൽക്കുന്ന മുഖങ്ങളാണ് എല്ലാം. 7.2 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ആദ്യം. 40 സെക്കൻഡിന് ശേഷം 7.5 രേഖപ്പെടുത്തിയ രണ്ടാമത്തെ ചലനം. രണ്ടും തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറ്, സാൻ ഫെലിപ്പേക്കടുത്ത്. ഭൂഗർഭ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ 'doublet', ഇരട്ട ഭൂചലനം. സംഹാരശേഷിയിൽ ഒരേ തട്ടിലുള്ള രണ്ട് വലിയ ഭൂചലനങ്ങൾ. പ്രഭവസ്ഥാനം രണ്ടെന്നാണ് ആദ്യനിഗമനം. അതും അധികം ആഴത്തിലല്ലാതെ. 7.8 കിമീ മാത്രം താഴ്ചയിൽ. ഇരട്ടഭൂചലനങ്ങൾ മുമ്പുണ്ടായിട്ടുണ്ട് തുർക്കിയിലും സിറിയയിലും 2023 -ൽ ഉണ്ടായത് ഇരട്ടഭൂചലനമാണ്. ട്രിപ്ലെറ്റും ഉണ്ടായിട്ടുണ്ട്. 1988 -ൽ ഓസ്ട്രേലിയയിലെ ടെന്നന്‍റ് ക്രീക്കിലായിരുന്നു അത്.

പ്രഭവസ്ഥാനത്ത് നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള കൊളംബിയയിൽ വരെയെത്തി പ്രകമ്പനം. മരണനിരക്ക് ഉയർന്നുകൊണ്ടേയിരിക്കുകയാണ്. ഭൂചലനം കഴിഞ്ഞ് 48 മുതൽ 72 വരെയുള്ള മണിക്കൂറുകളാണ് നിർണായകമായി അറിയപ്പെടുന്നത്, 'Golden window'. അത് കഴിഞ്ഞാൽ പിന്നെ ജീവനോടെ ശേഷിക്കാൻ സാധ്യത കുറവ്. തീരദേശ പട്ടണമായ La guaira -യെയാണ് ദുരന്തം ഏറ്റവും ബാധിച്ചത്. വമ്പൻ ഹോട്ടലുൾപ്പടെ ഭൂരിഭാഗം കെട്ടിടങ്ങളും തകർന്നടിഞ്ഞു.

ചികിത്സിക്കാൻ നല്ലൊരു ആശുപത്രിയില്ല

ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞു. രാജ്യത്തെ ആരോഗ്യരംഗവും തീരെ മോശം അവസ്ഥയിലാണ്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകാനുള്ള സൌകര്യവും കുറവ്. വെനിസ്വേല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രത്യേക ദൌത്യസംഘവും രൂപീകരിച്ചു. അമേരിക്ക റെസ്ക്യൂ സംഘങ്ങളെ അയച്ചു. മരുന്നും ഉപകരണങ്ങളും എത്തിച്ചു. 150 മില്യൻ സഹായവും പ്രഖ്യാപിച്ചു. ചിലെ, മെക്സിക്കോ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, എൽ സാൽവദോർ എന്നീ രാജ്യങ്ങളെല്ലാം സന്നദ്ധസംഘങ്ങളെ അയച്ചിട്ടുണ്ട്. ചൈനയും ബ്രസീലും മാനുഷിക സഹായം വാഗ്ദാനം ചെയ്തു.

തെന്നിനീങ്ങുന്ന വെനിസ്വേല

രണ്ട് ഭൌമഫലകങ്ങൾക്കിടയിലാണ് വെനിസ്വേലയുടെ സ്ഥാനം. കരീബിയൻ ഫലകവും സൌത്ത് അമേരിക്കൻ ഫലകവും. ഓരോവർഷവും അവ പരസ്പരം 20 മില്ലിമീറ്റർ ഉരഞ്ഞുനീങ്ങും. ഭൂചലനങ്ങളാണ് ഫലം. ആഴം കുറയുമ്പോൾ ആഘാതം കൂടും. 1812 -ലെ ഭൂചലനത്തിൽ കൊല്ലപ്പെട്ടത് 30,000 പേരാണ്. അന്നും കാരക്കാസ് തകർന്നടിഞ്ഞു. 1967 -ലെ ഭൂചലനത്തിൽ മരണം അത്രയുണ്ടായില്ല.

ബലഹീനമായ കെട്ടിടങ്ങൾ

വെനിസ്വേലയിലെ കെട്ടിടങ്ങൾ ഭൂചലനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളവയല്ലെന്ന് വിദഗ്ധർ പറയുന്നു. കെട്ടിടനിർമ്മാണച്ചട്ടങ്ങൾ രൂപീകരിക്കാനോ അത് നടപ്പാക്കാനോ ഉള്ള സാമ്പത്തികശേഷിയില്ല രാജ്യത്തിന്. കാലങ്ങളായുള്ള അമേരിക്കയുടെയും പടിഞ്ഞാറിന്‍റെയും ഉപരോധങ്ങളാണ് കാരണം. നിർമ്മാണച്ചെലവ് കുറഞ്ഞ, ഉടമസ്ഥർ സ്വയം കെട്ടിയുണ്ടാക്കുന്ന വീടുകളാണ് കൂടുതൽ. അടിസ്ഥാനമില്ല, കമ്പികൾ കൊണ്ട് ബലപ്പെടുത്തലുമില്ല. അതുകൊണ്ട് തകർന്നുവീഴുന്നത് പാൻകേക്കുപോലെയാണ്. പല നിലകളുള്ള കെട്ടിടങ്ങൾ ഒന്നിന് മുകളിൽ ഒന്നായി പാൻകേക്ക് പോലെ അടുക്കിവച്ച് നിർമ്മിച്ചവ. അത് രക്ഷാപ്രവർത്തനം ഏറ്റവും ദുഷ്കരമാക്കുന്നു.

ബാരിയോസ് എന്നറിയപ്പെടുന്ന ചേരികളിലെല്ലാം ഇത്തരം കെട്ടിടങ്ങളേയുള്ളൂ. രാജ്യത്തെ 55 ശതമാനം പേരും ദാരിദ്ര്യത്തിലാണെന്നാണ് സംഘടനകളുടെ കണക്ക്. അതിൽ തന്നെ വലിയൊരു പങ്ക് അതിദരിദ്രരും. ഭൂചലനം പതിവായ രാജ്യങ്ങളിൽ പലതും അതിനെ ചെറുക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജപ്പാനും ചൈനയും ഉദാഹരണങ്ങളാണ്. പക്ഷേ, വെനിസ്വേലയ്ക്ക് തൽകാലം അതെല്ലാം അസാധ്യം.