Asianet News MalayalamAsianet News Malayalam

ദുരന്തമുഖത്ത് മുത്തശ്ശി കണ്ട ആനക്കണ്ണീരും മലയാളിയുടെ ശാസ്ത്രബോധവും

കാടറിവുകളില്‍ ശാസ്ത്രീയത കണ്ടെത്താം. പക്ഷേ, എല്ലാ കാടറിവുകളിലും അത് വേണമെന്ന് ശാഠ്യം പിടിക്കരുതെന്ന് മാത്രം. കാരണം, കാടെന്നത് അനേകം ജീവി വര്‍ഗങ്ങളുടെ ആവാസ കേന്ദ്രമാണ്. ഒപ്പം മനുഷ്യരുടെയും. അവരുടെ പരസ്പരാശ്രയ ജീവിതത്തില്‍ പുറത്ത് നിന്നുള്ളവര്‍ക്കെല്ലാം ആദ്യാനുഭവങ്ങളാകും. അവിടെ ശാസ്ത്രീയതയുടെ കണ്ണിലൂടെ മാത്രമേ കാര്യങ്ങളെ കാണൂവെന്ന് വാശിപിടിക്കുന്നതില്‍ അർത്ഥമില്ലെന്ന് തന്‍റെ വ്യക്തിപരമായ കാടനുഭവങ്ങളിലൂടെ ശബരി ജാനകി എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എഴുതുന്നു. 

Elephant tears in the face of tragedy and malayalees scientific temper by sabari janaki
Author
First Published Aug 5, 2024, 5:31 PM IST | Last Updated Aug 5, 2024, 5:40 PM IST

ന്‍റെ വന ജീവിതത്തിനിടയിൽ ശാസ്ത്രത്തിനോ പഠനങ്ങൾക്കോ തെളിയിക്കാൻ പറ്റാത്ത ഒരുപാട് കാടനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അത്തരം ഒരനുഭവം ഇവിടെ പങ്കുവെക്കാം. കഴിഞ്ഞ മാസം ഞാനും എന്‍റെ രണ്ട് കൂട്ടുകാരും ഒരു യാത്ര പോയിരുന്നു. സജിത്തിന്‍റെയും സന്ദൂപിന്‍റെയും കാട്ടിലേക്കുള്ള ആദ്യ യാത്രയാണ്. ആദ്യദിനം ക്യാമ്പിന് ചുറ്റും ഒന്ന് നടക്കാനിറങ്ങി. ധാരാളം വന്യജീവികളുടെ സാന്നിധ്യമുള്ള ഒരു പ്രദേശമായതിനാൽ അധികം ചുറ്റിക്കറങ്ങാതെ ഞങ്ങൾ ക്യാമ്പിലേക്ക് മടങ്ങി. രാത്രി കിടക്കുമ്പോൾ രാവിലെ ആറ് മണിക്ക് തന്നെ പുറത്തിറങ്ങണമെന്നും ഇറങ്ങിയാൽ കരടിയെ കാണാനുള്ള സാധ്യതയുണ്ടെന്നും ഞാൻ പറഞ്ഞു. അങ്ങനെ പിറ്റേന്ന് പുലർച്ചെ ഞങ്ങൾ  ക്യാമ്പിൽ നിന്ന് നടക്കാനായി പുറത്തേക്ക് ഇറങ്ങി. വളരെ ശാന്തമായ ഒരു പുലരിയായിരുന്നു. കോടമഞ്ഞിന്‍റെ ചെറിയൊരു മൂടലുണ്ട്. ചൂളക്കാക്കയുടെ പാട്ടും. ഇടയ്ക്ക് മറ്റ് കിളികളുടെ ചെറിയ ശബ്ദങ്ങളും കേൾക്കാം. ക്യാമ്പിൽ നിന്ന് ഇറങ്ങി ഒരു 50 മീറ്റർ താഴേക്ക് റോഡിലൂടെ നടന്ന് തുടങ്ങിയതും കാടിനുള്ളിൽ നിന്ന് ആരോ വിറകു വെട്ടുന്ന ശബ്ദം. 'ടപ്പെ... ടപ്പേ...' എന്ന് ആഞ്ഞ് വെട്ടുന്ന പോലെ ഉച്ചത്തിൽ കേൾക്കാം. ഞാനാണ് മുന്നിൽ നടക്കുന്നത്.  ഈ സമയത്ത് ആരാണ് കാട്ടിൽ വിറകു വെട്ടുന്നത്? അതും ഈ തണുപ്പത്ത്. അറിയാൻ വലിയ ആകാംഷ. ഞാൻ പതിയെ മുന്നോട്ടു നടന്നു. ഒരു 20 മീറ്റർ മുന്നിലേക്ക് ചെന്നപ്പോൾ ഞാൻ കാണുന്ന കാഴ്ച,.. എന്‍റെ
തൊട്ടുമുന്നിൽ ഒരു കൊമ്പനാന അതിന്‍റെ തുമ്പിക്കൈയിൽ ഒരു മരക്കമ്പ് ചുറ്റിപ്പിടിച്ച് തൊട്ടടുത്ത മരത്തിൽ ആഞ്ഞ് ആഞ്ഞ് അടിക്കുന്നതാണ്. ശബ്ദത്തിന്‍റെ പ്രതിധ്വനി കാരണം ശബ്ദം കേൾക്കുന്നത് കുറെ ദൂരെ നിന്നാണ് എന്ന് തോന്നിപ്പോകും. ആനയെ കണ്ടതും ഞാൻ പുറകിലേക്ക് ഓടി. ഞാൻ ഓടുന്നത് കണ്ട് കൂടെയുള്ള രണ്ട് പേരും തിരിച്ചു മുകളിലേക്ക് റോഡിലൂടെ ഓടിക്കയറി. ഞാൻ അവരുടെ പുറകെ എത്തി. എന്തിനാണ് ഞാൻ ഓടിയതെന്ന് അവർക്ക് മനസിലായിട്ടില്ല. അവർ എന്നോട് എന്താണ് എന്ന് ചോദിക്കുന്നുണ്ട്. 

നിങ്ങൾ ഒരു വിറകു വെട്ടുന്ന ശബ്ദം കേട്ടിരുന്നോ...?

കേട്ടിരുന്നു.... 

അതൊരു ആനയാണ്. കൊമ്പനാന... 

നമ്മുടെ തൊട്ടുമുന്നിലുണ്ട്...

ഞാൻ കാണിച്ചു തരാം..  

ഞങ്ങൾ തിരിച്ചു ഓടിയ സമയം മുതൽ ആന വടികൊണ്ട് അടിക്കുന്നത് നിർത്തി മുന്നോട്ട് നടക്കാൻ തുടങ്ങി. കുറച്ചു നേരം നിന്ന് ഞങ്ങളെ ഒന്ന് ശ്രദ്ധിച്ച് കാടിനകത്തേക്ക് നടന്നു കയറി. ആന പോയ ശേഷം ഞാൻ കൂടെയുള്ളവരോട് ചോദിച്ചു. 

നമ്മൾ ക്യാമ്പിൽ നിന്ന് ഇറങ്ങുമ്പോൾ ഈ വിറക് വെട്ടുന്ന ശബ്ദം കേട്ടിരുന്നുവോ...?

ഇല്ല.. 

നടന്ന് ആനയ്ക്ക് മുന്നിലെത്താറാവുന്നതിന് തൊട്ടുമുൻപായിട്ടാണ് ശബ്ദം കേട്ടു തുടങ്ങുന്നത്. ഞാൻ വിശ്വസിക്കുന്നത് ആന നമുക്ക് ഒരു മുന്നറിയിപ്പ് എന്നോണം അതിന്‍റെ സാന്നിധ്യം മനസ്സിലാക്കി തന്നതാണ് എന്നാണ്. എന്‍റെ കൂടെയുള്ളവർക്ക് അത് പൂർണ ബോധ്യമായി.

ഇത് ആദ്യാനുഭവമല്ല. 

Elephant tears in the face of tragedy and malayalees scientific temper by sabari janaki

വെള്ളാര്‍മലയില്‍ ഇനിയും ഉയരുമോ ആ കളി ചിരികൾ, പ്രകൃതി പാഠങ്ങള്‍

മറ്റൊരിക്കല്‍ പറമ്പിക്കുളം തെള്ളിക്കല്‍ പുഴയുടെ തീരത്തൂടെ കാട്ടിലൂടെ നടന്ന് പോകുമ്പോള്‍ ഒരു മരം മാത്രം ശക്തിയായി കുലുങ്ങുന്നു. കൂടെയുണ്ടായിരുന്ന വാച്ചർ ആനയുണ്ടെന്ന് പറഞ്ഞു. ഒരു കൊമ്പന്‍ വലിയൊരു മരം കുത്തിയിളക്കുകയായിരുന്നു. ഞങ്ങള്‍ കുറച്ചേറെ നേരം അവിടെ നിന്നു. കുറച്ച് കഴിഞ്ഞ് ഒന്നും സംഭവിക്കാത്തത് പോലെ ആന കാട് കയറിപ്പോയി. മുന്നിലുള്ള മനുഷ്യര്‍ക്ക് താനിവിടെയുണ്ടെന്ന സന്ദേശം നല്‍കിയാതാണെന്ന് അന്ന് കൂടെയുണ്ടായിരുന്ന വാച്ചര്‍ ഓര്‍മ്മിപ്പിച്ചു. മറ്റൊരിക്കല്‍ വയനാടന്‍ കാടുകളിലൂടെ നടക്കുമ്പോള്‍ മുന്നിലുള്ള ആനക്കൂട്ടത്തെ ഞങ്ങള്‍ കണ്ടില്ല. പെട്ടെന്നാണ് ഒരു ആന വയറ്റില്‍ നിന്ന് ഒരു കമ്പന ശബ്ദം ഉണ്ടാക്കിയത്. ആ ശബ്ദം കേട്ടതും ഞങ്ങള്‍ വേഗം പതുക്കെയാക്കി. നോക്കിയപ്പോള്‍ ഒരു വളവിന് അപ്പുറം ഒരാനക്കൂട്ടം. ഞങ്ങള്‍ കാത്ത് നിന്നു. അല്പം കഴിഞ്ഞ് ഒന്നും സംഭവിക്കാത്തത് പോലെ അവ മടങ്ങി. ഞങ്ങള്‍ യാത്ര തുടര്‍ന്നു. 

പലപ്പോഴും നമ്മൾ നടന്ന് പോകുന്ന വഴികളിൽ ആനയോ, മറ്റേതെങ്കിലും ഒരു വന്യജീവിയോ ഉണ്ടെങ്കിൽ എന്തെങ്കിലും ഒരു സൂചന ആ ജീവികള്‍ പലപ്പോഴും മനുഷ്യന് തരാറുണ്ട്. പ്രത്യേകിച്ച് ആനകൾ. അത് എപ്പോഴും സംഭവിക്കണം എന്നില്ല. അതേസയമം ഇത്തരം അനുഭവങ്ങള്‍ ഒരുപാട് തവണ അനുഭവിച്ചിട്ടുണ്ട്. ഞാൻ ഈ അനുഭവങ്ങൾ പല വാച്ചർമാരോടും പറയുമ്പോള്‍ പലരും അത് ശരിയാണെന്ന് സമ്മതിച്ചിട്ടുണ്ട്. ശരീരവും മനസും അറിഞ്ഞ വ്യക്തിപരമായ കാടനുഭവങ്ങളാണിത്. ഇതിന് ശാസ്ത്രീയമായ വിശകലനം എന്താണെന്ന് അറിയില്ല.

Elephant tears in the face of tragedy and malayalees scientific temper by sabari janaki

'ഇനി ഇതുപോലൊരു വീട് ആയുസ്സിൽ പണിയാൻ കഴിയില്ല'; ഉറ്റവരുടെ ഉയരുതേടിയെത്തുന്നവര്‍

ഒരു പക്ഷേ ശാസ്ത്രം ചികഞ്ഞു നോക്കിയാൽ അടുത്തേക്ക് നടന്നുവരുന്ന ആളുകൾക്ക് 'ഇവിടെ ഉണ്ടെന്ന്' സൂചന കൊടുക്കുന്നത് വന്യജീവികളുടെ സ്വഭാവ സവിശേഷതയായി കാണാൻ കഴിയില്ല. ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ വന്യജീവികൾക്കിടയിൽ നടക്കുന്നുണ്ട്. ഇതൊക്കെ കൂടുതൽ പഠനങ്ങൾ നടത്തേണ്ട വിഷയമാണ് . 

ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. ഇവിടെ എല്ലാം നഷ്ടപ്പെട്ട് കൂരാക്കൂരിരുട്ടിൽ രക്ഷ തേടി കാട്ടിലൂടെ നടക്കുമ്പോൾ... ആനക്കൂട്ടത്തിന്‍റെ മുന്നിൽപ്പെട്ട ആ അമ്മൂമ്മയും അവരുടെ ഇടറിയ വാക്കുകളുമാണ് ഈ എഴുത്തിന് ആധാരം. ആനയുടെ കണ്ണീർ കണ്ടുവെന്ന് അമ്മൂമ്മ പറയുമ്പോൾ ആനയ്ക്ക് കണ്ണീർ ഗ്രന്ഥിയില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന ആളുകളോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ. അവിടെ രണ്ട് ജീവിതങ്ങൾ തമ്മിലുള്ള സമ്പർക്കപ്പെടൽ (communication) ആണ് നടക്കുന്നത്. നിസ്സഹായനായ മനുഷ്യനും ആനയും തമ്മിൽ. ഒരു പക്ഷേ, ആ ഉരുള്‍പൊട്ടലില്‍ ആനയും നിസഹായരായിരുന്നിരിക്കാം. ആനയ്ക്ക് മനുഷ്യന്‍റെ വൈകാരിക സംവേദന ക്ഷമത (Emotional feelings) മനസ്സിലാക്കാൻ കഴിയുന്നുവെന്നത് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടതാണ്. അങ്ങിനെയെങ്കിൽ ആ അമ്മൂമ്മ പറഞ്ഞത് നമ്മൾ അംഗീകരിക്കേണ്ടിവരും. പിന്നെ കണ്ണിൽ നിന്ന് വന്നത്. അത് കണ്ണുനീരാവാം മഴത്തുള്ളികൾ ആവാം. ആനയുടെ കണ്ണിൽ നിന്ന് വെള്ളം ഒഴുകാറുണ്ട്. അത് ആനകളെ നിരീക്ഷിച്ചിട്ടുള്ളവർക്ക് അറിയാം. അതിന് പല കാരണങ്ങളുണ്ട്. അത് ആ അമ്മ കണ്ണീരായി തെറ്റിദ്ധരിച്ചുവെങ്കിൽ അവരെ കുറ്റം പറയാനായി ശാസ്ത്രീയ ഉത്തരങ്ങൾ കണ്ടെത്തുന്നത് ചിലപ്പോഴെങ്കിലും സാമാന്യ യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് തികച്ചും വ്യക്തിപരമായ അഭിപ്രായം. 

 

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ടെത്തിയ സുജാത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ അനുഭവം കാണാം. 

Latest Videos
Follow Us:
Download App:
  • android
  • ios