രാജീവ് ഗാന്ധിയുടെ കാലത്താണ് നേപ്പാളുമായി ഇന്ത്യ കൂടുതലായി അകലുന്നത്. പക്ഷേ, അപ്പോഴും ചൈന, നേപ്പാളില്‍ സാന്നിധ്യം നിലനിര്‍ത്തിയിരുന്നു. 

ഭൂമി ശാസ്ത്രപരമായി രണ്ട് വലിയ രാജ്യങ്ങൾക്കിടെയിലെ മലഞ്ചെരുവുകളില്‍ ഒതുക്കപ്പെട്ട ഒരു രാജ്യമാണ് നേപ്പാൾ. അയല്‍രാജ്യങ്ങൾ രണ്ടും രണ്ട് ശാക്തിക ചേരികളാണെന്നത് കൊണ്ട് തന്നെ നേപ്പാളിന് ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാനമായ സ്ഥാനമാണുള്ളത്. എന്നാല്‍, ദില്ലിയില്‍ നിന്നും കാലങ്ങളായി എടുത്ത അലസമായ നയതന്ത്ര നടപടികൾ നേപ്പാളിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായി അടുക്കാന്‍ ഇടയാക്കി. ഇതിന് മൂന്ന് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സോഷ്യലിസ്റ്റ് നയങ്ങളും ഒരു പരിധിവരെ വളക്കൂറ് നല്‍കി.

ജവഹർലാൽ നെഹ്‌റുവിന്‍റെ ഭരണകാലത്ത് ഇരുരാജ്യങ്ങളുടെയും ലയനത്തെക്കുറിച്ച് നേപ്പാൾ രാജാവ് ത്രിഭുവൻ ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചു. 1951-ല്‍ ത്രിഭുവന് വേണ്ടി നെഹ്റു ദില്ലിയില്‍ സംഘടിപ്പിച്ച ഒരു പാര്‍ട്ടിക്കിടെയായിരുന്ന ഈ നിര്‍ദ്ദേശം വന്നത്. എന്നാല്‍, അതൊരു മദ്യപാന സദസിനിടെയായിരുന്നതിനാല്‍ നെഹ്റു അതിനെ കാര്യമായെടുത്തില്ല. ചൈന ടിബറ്റിലേക്ക് സൈന്യത്തെ അയക്കുകയും ദലൈ ലാമ അടക്കമുള്ള ടിബറ്റന്‍ സന്യാസിമാര്‍ ടിബറ്റ് ഉപേക്ഷിച്ച് ഇന്ത്യയിലേക്കും നേപ്പാളിലേക്കും പാലായനം ചെയ്ത് അധിക സമയം ആയിട്ടില്ലായിരുന്നു അന്ന്. അതേസമയം ചൈന, ടിബറ്റും കടന്ന് ഹിമാലയത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് കടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പിന്നണിയില്‍ നടത്തുകയായിരുന്നു.

നേപ്പാളില്‍ ജനാധിപത്യ പരിഷ്കാരങ്ങൾ കൊണ്ട് വരുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഒരാൾ ബോളിവുഡ് നടി മനീഷ കൊയ്‍രാളയുടെ മുത്തച്ഛന്‍ ബിശ്വേശ്വർ പ്രസാദ് കൊയ്‌രാളയാണ്. രാജ്യത്ത് 104 വർഷം പഴക്കമുള്ള റാണ ഭരണകൂടത്തിനെതിരെ പോരാടിയ അദ്ദേഹം, 1959 -ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ചു, പക്ഷേ, ഒരു വർഷത്തിനുള്ളിൽ അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കി. ചൈനയെ അനുകൂലിച്ചിരുന്ന രാജാവ് മഹേന്ദ്ര അദ്ദേഹത്തെയും നിരവധി സഹപ്രവർത്തകരെയും ജയിലിലടച്ചു.

ഇതിനിടെ 1958-ൽ ടിബറ്റിലെ ചൈനയുടെ അടിസ്ഥാന വികസന പദ്ധതികൾ സിൻ കിയാങ്ങിൽ നിന്ന് ആരംഭിച്ച്, ലഡാക്കിലൂടെ കടന്നുപോകുന്ന ഒരു ഹൈവേയുടെ നിർമ്മാണം ആരംഭിക്കുന്നത് വരെയെത്തി. സിൻ കിയാങ് - ടിബറ്റ് ഹൈവേയ്ക്ക് തൊട്ടുപിന്നാലെ, നേപ്പാൾ, സിക്കിം, ഭൂട്ടാൻ എന്നിവയുമായി അതിർത്തി പങ്കിടുന്ന തെക്ക് ഭാഗത്തേക്കും ചൈനീസ് റോഡുകൾ നിർമ്മിക്കപ്പെട്ടു. റോഡുകളുടെ പണി പൂര്‍ത്തിയായതിന് പിന്നാലെ 1960 -ൽ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നേപ്പാളിലെ മുസ്ടാങ് പ്രവിശ്യയിലേക്ക് കടന്നു. പിന്നാലെ ബു ബാ ലയുടെ അവകാശം ഉന്നയിച്ചു. ഇതിന് പ്രധാന കാരണമായി പറയുന്നത് ബു ബാ ല എന്ന പ്രദേശത്തുണ്ടായിരുന്ന ടിബറ്റന്‍ അഭയാര്‍ത്ഥി ക്യാമ്പുകളായിരുന്നു.

പിന്നീട് രാജീവ് ഗാന്ധിയുടെ ഭരണകാലത്തായിരുന്നു ഇന്ത്യ - നേപ്പാൾ ഭരണത്തില്‍ വലിയ മുറിവുകൾ ഉണ്ടായത്. പ്രത്യേകിച്ചും നേപ്പാളിനെയും ശ്രീലങ്കയെയും കൈകാര്യം ചെയ്ത കാര്യത്തില്‍ ഇക്കാലത്ത് ഇന്ത്യയ്ക്ക് തെറ്റുപറ്റി. 1988-ൽ, രാജീവ് ഗാന്ധിയുടെ രണ്ടാം നേപ്പാൾ സന്ദര്‍ശനത്തിനിടെ സോണിയാ ഗാന്ധിക്ക് കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതിന് പിന്നാലെ ഇന്ത്യന്‍ സര്‍ക്കാരും നേപ്പാളും തമ്മിലുള്ള അകൽച്ച ആരംഭിച്ചു. 1989 -ൽ ചൈനയില്‍ നിന്നും നേപ്പാൾ ആന്‍റി എയര്‍ ക്രാഫ്റ്റ് തോക്കുകൾ വാങ്ങാൻ തീരുമാനിച്ചതോടെ ഈ അകൽച്ച കൂടി. ഇന്ത്യ, നേപ്പാളിലേക്ക് കയറ്റി അയക്കുന്ന പല സാധനങ്ങളുടെയും വ്യാപാരം നിര്‍ത്തിവച്ചു. ഇതില്‍ മെഡിക്കല്‍ സപ്ലൈസ്, ഇന്ധനം, റേഷൻ, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഒഴികെയുള്ള പലതും തടസപ്പെട്ടു. പിന്നാലെ ഇന്ധനം അടക്കമുള്ള സാധനങ്ങൾക്ക് ഇന്ത്യയെ കൂടാതെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ നേപ്പാൾ നിര്‍ബന്ധിക്കപ്പെട്ടു.

ഇതിനിടെ നേപ്പാളിൽ നിലനിന്നിരുന്ന പരമ്പരാഗത പഞ്ചായത്ത് സംവിധാനത്തെ അട്ടിമറിച്ച് ജനാധിപത്യ സര്‍ക്കാറിനായി ഇന്ത്യ ചരടുവലിച്ചു. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ (റോ) മുൻ സ്പെഷ്യൽ ഡയറക്ടറായ അമർ ഭൂഷൺ ഇക്കാര്യത്തെ കുറിച്ച് തന്‍റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചൈനയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും രാജഭരണത്തിനെതിരെ ഇന്ത്യ നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സഹായിച്ചു. ഇതോടെ അധികാരം സംരക്ഷിക്കാന്‍ നേപ്പാൾ രാജാവ് വീണ്ടും ചൈനയുടെ സഹായം തേടി. ഇന്ത്യയുടെ ഈ നീക്കം നേപ്പാളിലെ ഭരണ വിഭാഗത്തെ ഇന്ത്യയ്ക്ക് എതിരാക്കി തീര്‍ത്തു. ഇന്ത്യയോടുള്ള അകല്‍ച്ച ചൈന കൃത്യമായി മുതലെടുക്കുന്നതാണ് പിന്നീട് കണ്ടത്. '90 കളിൽ ഇന്ത്യയിൽ ഗുജ്‌റാൾ അധികാരത്തില്‍ വരികയും നേപ്പാളുമായി അടുത്ത ബന്ധത്തിന് സാധ്യത തേടുകയും ചെയ്തു. ഈ സമയം ചൈനയുടെ ശ്രദ്ധ കുറഞ്ഞതും ഇന്ത്യയുമായി നേപ്പാളിലെ അടുപ്പിച്ചു.

2000 -ത്തിന്‍റെ തുടക്കത്തില്‍ നേപ്പാളില്‍ അധികാര മത്സരം ശക്തമായി. രാജവാഴ്ചയും പാർലമെന്‍ററി പാർട്ടികളും മാവോയിസ്റ്റുകളും തമ്മിലായിരുന്നു ആ ത്രികോണ അധികാര തര്‍ക്കം ഉടലെടുത്തത്. ഇന്ത്യ ഇടപെട്ട് വിമത മാവോയിസ്റ്റുകളും പാർട്ടികളും തമ്മിൽ ഒരു കരാറിൽ ഒപ്പുവച്ചു, സായുധ പാര്‍ട്ടികൾ ആയുധങ്ങൾ ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചേർന്നു. 2006 -ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയായി ഗിരിജാ പ്രസാദ് കൊയിരാള തെരഞ്ഞെടുക്കപ്പെട്ടു. 2008 -ല്‍ നേപ്പാൾ ഒരു ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. 2008-ൽ പുഷ്പ കമല പ്രചണ്ഡയുടെ ഇന്ത്യാ സന്ദർശനം നയതന്ത്ര വൃത്തങ്ങളിൽ തരംഗമായി. ഇന്ന് വീണ്ടുമൊരു കലാപാഗ്നി ഉയരുമ്പോൾ നേപ്പാൾ പ്രധാനമന്ത്രി കെ പി ഓലി, ചൈനയുടെ സഹായത്തിനാണ് കൂടുതലായും ശ്രദ്ധിക്കുന്നത്, ഇന്ത്യന്‍ സര്‍ക്കാറിന് നേപ്പാളിൽ ഇന്നും കാര്യമായ സ്വാധീനമില്ലെന്നതിന്‍റെ ബാക്കിയാണ്.