Asianet News MalayalamAsianet News Malayalam

പെട്ടെന്നാണ്, രണ്ട് ഫോറിനേഴ്‌സ് വന്ന് എനിക്ക് ഒരു ചുവന്ന റോസാപ്പൂ തന്നത്!

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

humour column Tulunadan kathakal by Tulu rose Tony
Author
First Published Feb 26, 2024, 6:41 PM IST

അപ്പുറത്തിരിക്കുന്ന കപ്പിൾസിലേക്ക് ഞാനെന്റെ നോട്ടം തിരിച്ചു. അവൾ ഇടക്കിടക്ക് അവന്റെ താടി വളർത്തിയ മുഖം കൈയ്യിലെടുത്ത് കൊഞ്ചിക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവനാണെങ്കിൽ കണ്ടാലൊരു മുരടനെ പോലെയാണെങ്കിലും ഒരു കുഞ്ഞിനേ പോലെ അവളുടെ കൈകൾക്കുള്ളിലേക്ക് മുഖം വെച്ചും കൊടുത്തു. അല്ലെങ്കിലും ഒരു സുന്ദരിയായ പെണ്ണിന്റെ ചൂടുമ്മകൾക്ക് മുന്നിൽ ഏത് മൊശടൻ ആണുങ്ങളും പൂച്ചക്കുട്ടി ആയിമാറും. അതാണല്ലോ ഈ പ്രണയത്തിന്റെ ഒരു പഞ്ചാര തത്വം..!

എന്തായാലും ഞാനിവിടുന്ന് പോകുന്നത് വരെ എനിക്കൊരു നേരം പോക്കിന് ആ പ്രണയപരവശർ അവിടെ തന്നെ ഇരിക്കണേ എന്റെ ജൂതപുണ്യാളാ...!

humour column Tulunadan kathakal by Tulu rose Tony

 

ഇന്ന് രാവിലെ എണീറ്റപ്പോഴാണ് മനസ്സിലായത്, ഞാനൊരു വിഷാദരോഗിയാണെന്ന്. എണീറ്റപ്പോള്‍ മുതല്‍ എന്തെന്നില്ലാത്ത വിഷാദം! തലയിലും കണ്ണിലും മൂക്കിലും എല്ലായിടത്തും വിഷാദം. 

എന്നാല്‍ പിന്നെ ഒരു വിഷാദഗാനത്തോടെ ഇന്നത്തെ ദിവസം തുടങ്ങാം എന്നോര്‍ത്ത് പാടാനിരുന്നു. വിഷാദം വെച്ച് തുടങ്ങുന്ന ഒരു പാട്ട് പോലും നാക്കില്‍ വന്നില്ല. അവസാനം, കിടന്ന കിടപ്പില്‍ 'ജനഗണമന' പാടി തകര്‍ത്ത് വിഷാദം കൂട്ടി. 

ഇനിയാണ് സൂക്ഷിക്കേണ്ടത്. വിഷാദരോഗികള്‍ ആദ്യം മനസ്സിലാക്കേണ്ട കാര്യം, താനൊരു വിഷാദരോഗിയാണെന്ന് സ്വയം അംഗീകരിക്കുക എന്നതാണ്. വീട്ടുകാര്‍ക്ക് പിടികൊടുക്കുകയും അരുത്. 

ഇന്നത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനിടയില്‍ എന്റടുത്തേക്ക് അവള്‍ കടന്ന് വന്നു. അവള്‍ എന്ന് പറഞ്ഞാല്‍, ടുലു! 

'നീയെന്തിനാ ഇപ്പോ വന്നത്?' - അസ്വസ്ഥയായി ഞാന്‍ ചോദിച്ചു.

'എന്താ ഇഷ്ടപ്പെട്ടില്ലേ ഞാന്‍ വന്നത്?' - ടുലു ചിരിച്ചു.

'ഇല്ല, എനിക്കിപ്പോള്‍ വിഷാദരോഗമാണ്. ഒറ്റക്കിരിക്കണം.'

'ഇരുന്നോ. ഞാന്‍ ശല്യപ്പെടുത്തില്ല.'

'നീ തന്നെ ഒരു ശല്യമാണ്. പ്രത്യേകിച്ച് ശല്യപ്പെടുത്തേണ്ട കാര്യമില്ല.' - അപ്പോഴും അവള്‍ ചിരിച്ചു.

ടുലു എന്റെ മുറിക്കുള്ളില്‍ കണ്ണുകള്‍ കൊണ്ട് പരതി അവസാനം എന്റെ മുഖത്ത് വന്ന് തറഞ്ഞു. 

'റോസ്, ഇന്നെന്തിനാ നിനക്ക് വിഷാദം?' - ടുലു എന്നോട് ചോദിച്ചു.

'എന്നും ഞാന്‍ ഹൈപ്പര്‍ അല്ലേ. അത് കൊണ്ട് ഇന്ന് ഒരു ചേയ്ഞ്ചാക്കാമെന്ന് വെച്ചു.' - വിഷാദഭാവത്തോടെ ഞാന്‍ മറുപടി നല്‍കി.

'ങാ ! അത് നല്ലതാ കേട്ടോ. ഒന്നുമല്ലേലും ബാക്കിയുള്ളോര്‍ക്കൊരു സമാധാനം കിട്ടൂലോ.' 

'നീയിപ്പോ എന്നെ കളിയാക്കാനാണോ കെട്ടിയെടുത്തെ? ഒരാളിവിടെ വിഷാദിച്ച് ഇരിക്കുമ്പോളാണോടീ തമാശ പറയണത്..?'

'ഹേയ്, ഞാന്‍ നിന്നെ കളിയാക്കുമോ? നമ്മളൊന്നല്ലേ റോസേ.'-ടുലു ഒരു തലയിണയും കെട്ടിപ്പിടിച്ച് എന്റെ കട്ടിലില്‍ കിടന്ന് പറഞ്ഞു.

'അതെങ്ങെനെ ഒന്നാവും! നീ ടുലുവും ഞാന്‍ റോസും അല്ലേ? നീ വേ..ഞാന്‍ റേ! എന്റെ അടുത്തെത്താന്‍ നിനക്കിനി പറ്റില്ല.'

'അതെന്താ, നീയിപ്പോ അത്രക്ക് മോശക്കാരിയായോ?' - അവള്‍ കൃത്രിമമായ അത്ഭുതത്തോടെ മൂക്കത്ത് വിരല്‍ വെച്ചു. 

 

Also Read: വഴി തെറ്റി വന്നൊരു പെണ്‍പ്രേതം, അവള്‍ക്ക് പറയാനുള്ള കഥ!

 

എനിക്കാണെങ്കില്‍ വിഷാദരോഗം കൂടുന്നതിന്റെ ഭാഗമായി ശ്വാസം മുട്ടാന്‍ തുടങ്ങി. ഞാന്‍ എണീറ്റ് എന്റെ മുറിയിലെ തുറക്കാത്ത ജനാലകള്‍ തുറന്ന് ആര്‍ത്തിയോടെ ശ്വാസമെടുത്തു. 

കര്‍ട്ടന് പുറകില്‍ സ്വസ്ഥതയോടെ  കഴിഞ്ഞ് വന്നിരുന്ന ഊറാമ്പലിയും ഫാമിലിയും പേടിച്ച് ഛിന്നഭിന്നമായ് പോയി. 

'അയ്യോ! റോസേ, നീ കാരണം അവറ്റകള്‍ ചാകും. ശാപം കിട്ടും നിനക്ക്.' - ടുലു എന്നെ കുറ്റപ്പെടുത്തി.

'ഊറാമ്പലിയെ എനിക്കിഷ്ടമില്ല. തൊലയട്ടെ നശിപ്പ്.' - എന്റെ കണ്ണുകള്‍ നിറഞ്ഞു, കടുത്ത വിഷാദം മൂലം!

ടുലു കട്ടിലില്‍ എണീറ്റിരുന്നു, തലയിണ ഇപ്പോഴവളുടെ മടിയിലാണ്. 

'നീ റെഡി ആയാല്‍ നമുക്ക് ബിനാലേ കാണാന്‍ പോകാം. അവിടെ ചെന്നാല്‍ നിനക്ക് വേറെ കുറേ വിഷാദരോഗികളേയും പരിചയപ്പെടാം. വരുന്നോ?' 

ടുലു അത് പറഞ്ഞപ്പോള്‍ എനിക്കും തോന്നി, അതൊരു നല്ല ഐഡിയ ആയിരിക്കും എന്ന്. ഒരു കുന്തവും മനസ്സിലായില്ലെങ്കിലും നല്ല ഭംഗിയുള്ള സായിപ്പ്മാരുണ്ടാകും. അതും ഇംഗ്ലീഷ് അറിയാത്തവര്‍. അവര്‍ അവരുടെ ഭാഷയിലും ഞാനെന്റെ ഭാഷയിലും സംസാരിക്കും. എന്റെ വിഷാദരോഗം തല്‍ക്കാലികമായി ശമിപ്പിക്കാന്‍ ഒരുപക്ഷേ അവര്‍ക്കായേക്കും.

'ശെരി, പോയേക്കാം. പക്ഷേ, ഞാന്‍ ടുലു അല്ലെന്നും റോസ് മാത്രമാണെന്നും നീ മറക്കരുത്.' - ഞാനവള്‍ക്കൊരു മുന്നറിയിപ്പ് കൊടുത്തു.

ഫോര്‍ട്ട് കൊച്ചിയിലെത്തിയപ്പോള്‍ എനിക്ക് വിശന്നു. വിഷാദത്തിനടിമപ്പെട്ടപ്പോള്‍ ഞാന്‍ വിശപ്പ് മറന്നുപോയിരുന്നു. അല്ലെങ്കിലും വിഷാദരോഗികള്‍ക്കെന്ത് ഭക്ഷണം! 

ബീച്ച് സൈഡിലൂടെ നടക്കുമ്പോള്‍ എന്റെ എതിര്‍വശത്ത് കൂടെ ഒരു ബുള്ളറ്റില്‍ മുടി നീട്ടി വളര്‍ത്തിയ ഒരു 'യോ യോ ബ്രോ' വന്നു. ഞാന്‍ കൈ നീട്ടിപ്പിടിച്ച് ലിഫ്റ്റ് ചോദിച്ചു. 

സ്‌കൂട്ടറിന്റെ പുറകിലേക്ക് കയറുമ്പോള്‍ ഞാന്‍ ടുലുവിനോട് പറഞ്ഞു: 'വീഴാതെ എന്നെ പിടിച്ചിരുന്നോ. ഞാനിവനെ പിടിച്ചോളാം.'

ഞാനവന്റെ ഷോള്‍ഡറില്‍ പിടിച്ചു. 

'മാഡം, യൂ ടോള്‍ഡ് സംതിങ്ങ്?'- അവന്‍ തല ചെരിച്ച് ചോദിച്ചു. 

ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരും തള്ളാരും തന്തോളും മണി മണിയായി ഇംഗ്ലീഷ് പറയും.  ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും തുരത്തിയോടിച്ചിട്ടും അവരുടെ സംസ്‌കാരം പൂര്‍ണ്ണമായും ഉപേക്ഷിക്കാനിവര്‍ക്കായിട്ടില്ല ഇന്നും.  അതുകൊണ്ട് തന്നെ അവിടെയുള്ളവര്‍ക്ക് ഫോറിനേഴ്‌സിനോട് ഒരു പ്രത്യേക മമതയാണ്.

'നീ മലയാളി അല്ലെന്നാ ചെക്കന്റെ വിചാരം കേട്ടോ.' - ടുലു എന്റെ ചെവിയില്‍ പറഞ്ഞു.

ഞാനും ബ്രോയും കൂടെ റെസ്റ്ററന്റ് എത്തുന്നത് വരെ സംസാരിച്ചു. ബ്രോ ഈ ഫോര്‍ട്ട് കോച്ചി എങ്ങനെ ഉണ്ടായി എന്ന് തുടങ്ങി സകലമാന കൊച്ചി ചരിത്രവും എന്നെ ഒട്ടും ഗ്രാമറില്ലാത്ത ഇംഗ്ലീഷില്‍ പറഞ്ഞ് മനസ്സിലാക്കി. 

'പച്ചമലയാളിയായ നിന്നോടാണിതൊക്കെ വര്‍ണ്ണിക്കുന്നതെന്ന് പാവം അറിഞ്ഞാലത്തെ അവസ്ഥ!'- ടുലു പിന്നേയും ചെവിയില്‍ പിറുപിറുത്തു.

'ശ്ശ്.. പതുക്കെ. എന്തായാലും എനിക്കിതിനെ പറ്റിയൊന്നും വലിയ പിടിയില്ലാത്തത് അവന്റെ ഭാഗ്യം.' - ഞാന്‍ ചുണ്ടത്ത് വിരല്‍ വെച്ച്  അവളെ തടഞ്ഞു.

ബ്രോ സംശയത്തോടെ എന്നെ തിരിഞ്ഞ് നോക്കി. ഞാനവന്റെ തോളില്‍ ഒന്നമര്‍ത്തിപ്പിടിച്ചപ്പോള്‍ അവന്റെ സംശയം നീങ്ങി. 

സീഗള്‍ റെസ്റ്ററന്റിന് മുന്നില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയപ്പോള്‍ ഞാനിറങ്ങി അവനെയൊന്ന് കെട്ടിപ്പിടിച്ചു.

'താങ്ക്യൂ ബ്രോ.' 

'മൈ പ്ലെഷര്‍ മാഡം.' - അവന്‍ ഷേക് ഹാന്റിനായി കൈ നീട്ടി. ഷേക്ഹാന്‍ഡ് കൊടുത്ത് ഞാന്‍ സീഗളിനുള്ളിലേക്ക് കയറി. 

 

Also Read: ദൈവമേ, അവളുടെ മൂക്ക് പഴുക്കണേ..., അതായിരുന്നു അന്നെന്റെ ഏക പ്രാര്‍ത്ഥന!

 

കായലിനരികിലെ ബെഞ്ചിലിരിക്കുമ്പോള്‍ ടുലു പറഞ്ഞു : 

'വിയര്‍പ്പ് മണമുള്ള ആരെങ്കിലും അടുത്തൂടെ പോയാല്‍ ശര്‍ദ്ധിക്കുന്നവളാണ് നീയെന്ന കാര്യം ഞാനങ്ങ് മറന്നു.'

'ഹഹഹ ! അത് നീയെനിക്കിട്ടൊന്ന് വെച്ചതാണല്ലോ അല്ലേ. എനിക്ക് വിഷാദരോഗമായത് കൊണ്ട് നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു.' 

എന്റെ തൊട്ടടുത്ത് കൂടെ ഒരു ചെറിയ വള്ളത്തില്‍ രണ്ട് വയസ്സായ ചേട്ടന്മാര്‍ തുഴഞ്ഞെത്തി. അവര്‍ ആ വള്ളം നൂട്രലില്‍ ഇട്ട് ഹാന്‍ഡ് ബ്രേക്കിട്ടതിന് ശേഷം ഒരു ചെറിയ വലയെടുത്ത് കായലിലേക്കിട്ടു. 

'ദേ, ആ ചേട്ടന്മാര്‍ അവര്‍ക്കിപ്പോള്‍ കിട്ടുന്ന മീന്‍ എനിക്ക് തന്നാല്‍, ഞാനവരേയും കെട്ടിപ്പിടിക്കും. നോക്ക്, അവര്‍ ഷര്‍ട്ട് പോലും ഇട്ടിട്ടില്ല. അതും ഈ ചൂടത്ത്.' - ഞാന്‍ കായലിലേക്ക് നോക്കി സണ്‍ഗ്ലാസ്സെടുത്ത് കണ്ണില്‍ വെച്ചു. 

വെയ്റ്റര്‍ വന്ന് മെനു മേശമേല്‍ വെച്ചതിന് ശേഷം എന്റെ സൈഡില്‍ നിന്നു, എന്റെ ഓര്‍ഡറിന് കാത്ത്. 

'എനിക്കൊരു വൈന്‍ വേണം.' - ടുലു പറഞ്ഞു. 

'വേണ്ട, ഇന്ന് വേണ്ട.'- ഞാന്‍ വിഷാദത്തോടെ പറഞ്ഞു.

വെയ്റ്റര്‍ നടു വിനയത്തോടെ വളച്ച് എന്നോട് ചോദിച്ചു :

'എന്തേലും പറഞ്ഞോ മാഡം? സോറി, കേട്ടില്ല.'

'ഏയ്! ഇവിടെ പറഞ്ഞതാ. ഫ്രെഞ്ച് വൈനുണ്ടോ?' - മെനു നോക്കി കൊണ്ട് ഞാന്‍ തിരിച്ച് ചോദിച്ചു. 

'ഉണ്ടല്ലോ. ബോട്ടില്‍ ഓര്‍ ഗ്ലാസ്സ്?'

മെനുവില്‍ എത്തി നോക്കി ടുലു സൈറ്റടിച്ച് കൊണ്ട് പറഞ്ഞു: 'യ്യോ! ഒരു ഗ്ലാസ്സിന് 350. എന്നാ പിന്നെ ബോട്ടിലെടുത്തോ.'

ഞാനും ചിരിച്ചു. എന്നിലെ വിഷാദരോഗി പതിയെ പടിയിറങ്ങുകയാണോ? ഇത്രയും സമയം എന്റെ കൂടെയുണ്ടായിരുന്ന ഒരു അവസ്ഥയെ അങ്ങനങ്ങ് വിട്ടുകളയാന്‍ എനിക്ക് തോന്നിയില്ല. ഞാന്‍ പെട്ടെന്ന് തന്നെ ചിരി വായക്കുള്ളിലാക്കി അടച്ച് വെച്ചു.

'ഒരു ബോട്ടിലെടുത്തോളൂ. ഒരു പോര്‍ഷന്‍ ചില്ലി ബീഫും.'

ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ടുലുവിനെ കാണാതായി. ഞാന്‍ ഇരുന്നിടത്ത് നിന്ന് തിരിഞ്ഞും മറിഞ്ഞും അവളെ പരതി. പക്ഷേ, കണ്ടില്ല. 

ശ്ശെടാ! ഈ പെണ്ണിന്റൊരു കാര്യം! പറഞ്ഞിട്ട് പൊക്കൂടാരുന്നോ? ഇനിയിപ്പോ ഞാനൊറ്റക്ക് ഒരു കുപ്പി മുഴുവനും കുടിക്കണോ...!' 

 

Also Read: കുടിനിര്‍ത്താന്‍ പട്ടിമൂത്രം ചേര്‍ത്ത കാപ്പി, സംഗതി സക്‌സസ്, ഞാന്‍ ഗ്യാരണ്ടി!

 

ചുറ്റുപാടും നോക്കിയപ്പോള്‍ അവിടവിടെയായി കുറച്ച് ഫോറിനേഴ്‌സ് ഇരുപ്പുണ്ടായിരുന്നു. കായലിനെ ഫെയ്‌സ് ചെയ്യുന്ന ഭാഗത്തായി ഒരു ചെക്കനും പെണ്ണും കെട്ടിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു. അവനൊരു ബീയര്‍ ബോട്ടില്‍ കൈയില്‍ പിടിച്ചിരുന്നു. പെണ്‍കുട്ടി ഇടക്കിടക്ക് വൈന്‍ ഗ്ലാസ്സ് സിപ് ചെയ്യുന്നുമുണ്ട്. അവനേക്കാള്‍ അവള്‍ നിര്‍ത്താതെ സംസാരിക്കുന്നുണ്ട്. അവനാണെങ്കില്‍ വലത് കൈ കൊണ്ട് അവളുടെ അരക്കെട്ടിലൂടെ കൈയിട്ട് അവനിലേക്ക് അവളെ ചേര്‍ത്ത് വെച്ചിരിക്കുന്നു. 

ഞാന്‍ അവരെ നോക്കിയിരിക്കുമ്പോള്‍ വെയ്റ്റര്‍ വന്ന് ഒരു ഗ്ലാസ്സും വൈന്‍ ബോട്ടിലും മേശമേല്‍ വെച്ചു. ഗ്ലാസ്സിലേക്ക് അയാള്‍ വൈനൊഴിക്കുന്നതിനിടയില്‍ എന്നെ നോക്കി ചിരിച്ചു.

'എന്റെ കൂടെ വന്ന ആളെ കണ്ടോ?'-എന്റെ ചോദ്യം കേട്ട് വെയ്റ്റര്‍ അമ്പരപ്പോടെ നോക്കി. 

ഞാനത് കണ്ടില്ലെന്ന് നടിച്ച് പിന്നേയും ചോദിച്ചു : 

'പുറത്തേക്കെങ്ങാനും പോയോന്നറിയാനാ.'

'മാഡം അതിന് ഒറ്റക്കല്ലേ ഇവിടേക്ക് വന്നത്?' 

അയാളുടെ മറുചോദ്യം കേട്ട് ഇപ്പോള്‍ ഞാനാണ് അമ്പരന്നത്. 

ഇയാളെന്താ പൊട്ടനാണോ? അതോ ഇയാള്‍ കണ്ടില്ലാരുന്നോ? ശ്ശേ! എനിക്കും കണ്‍ഫ്യൂഷനായല്ലോ. 

അപ്പുറത്തിരിക്കുന്ന കപ്പിള്‍സിലേക്ക് ഞാനെന്റെ നോട്ടം തിരിച്ചു. അവള്‍ ഇടക്കിടക്ക് അവന്റെ താടി വളര്‍ത്തിയ മുഖം കൈയ്യിലെടുത്ത് കൊഞ്ചിക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവനാണെങ്കില്‍ കണ്ടാലൊരു മുരടനെ പോലെയാണെങ്കിലും ഒരു കുഞ്ഞിനേ പോലെ അവളുടെ കൈകള്‍ക്കുള്ളിലേക്ക് മുഖം വെച്ചും കൊടുത്തു. അല്ലെങ്കിലും ഒരു സുന്ദരിയായ പെണ്ണിന്റെ ചൂടുമ്മകള്‍ക്ക് മുന്നില്‍ ഏത് മൊശടന്‍ ആണുങ്ങളും പൂച്ചക്കുട്ടി ആയിമാറും. അതാണല്ലോ ഈ പ്രണയത്തിന്റെ ഒരു പഞ്ചാര തത്വം.. 

എന്തായാലും ഞാനിവിടുന്ന് പോകുന്നത് വരെ എനിക്കൊരു നേരം പോക്കിന് ആ പ്രണയപരവശര്‍ അവിടെ തന്നെ ഇരിക്കണേ എന്റെ ജൂതപുണ്യാളാ...

സണ്‍ഗ്ലാസ്സെടുക്കാതിരിക്കുന്നതാ ബുദ്ധി. എനിക്കവരെ നോക്കി വെള്ളമിറക്കുകയും ചെയ്യാം, എന്റെ കപടസദാചാരവാദിയെ ആരും കാണുകയുമില്ല. വിഷാദരോഗിയാണെങ്കിലെന്താ, ബുദ്ധിക്കൊരു കൂടുതലും ഇല്ല. ദൈവത്തിന് സ്തുതി 

ഒരു ഗ്ലാസ്സ് വൈന്‍ ഒറ്റ വലിക്കാണ് ഞാന്‍ തീര്‍ത്തത്. കാരണം,എനിക്ക് റെഡ് വൈനിന്റെ ടേസ്റ്റ് ഇഷ്ടമല്ല. അത് കഴിച്ച് കഴിഞ്ഞുള്ള തരിപ്പാണിഷ്ടം. എന്റെ സിരകളിലെ ചോരയില്‍ തിളപ്പ് വരുന്നത് എനിക്ക് മനസ്സിലായി. എന്റെ തലച്ചോറില്‍ മടിപിടിച്ച് ചുരുണ്ട് കൂടിയ വിഷാദവും വൈനിന്റെ തരിപ്പും കൂടി കൂട്ടിമുട്ടിയപ്പോള്‍ എനിക്ക് വിയര്‍ക്കാന്‍ തുടങ്ങി. 

പെട്ടെന്നാണ് ടുലു വന്ന് മുന്നിലിരുന്നത്. അവള്‍ കുപ്പിയെടുത്ത് രണ്ടാമതും എന്റെ ഗ്ലാസ്സില്‍ ഒഴിച്ചു. ഇതിനിടെ എപ്പോഴോ വെയ്റ്റര്‍ കൊണ്ട് വെച്ച ചില്ലി ബീഫ് എന്നെ നോക്കി പല്ലിളിച്ചു.

'നീയിതെവടാര്ന്നു? ഞാനിവിടെ ഒറ്റക്കായി. എനിക്ക് ചൂടെടുക്കുന്നു വല്ലാതെ.' - ഞാനവളോട് കെറുവിച്ചു.

'യൂ ആര്‍ എ ഹോട്ട് വുമന്‍. അതാണ് ചൂടെടുക്കുന്നത്.' - അവള്‍ എന്തോ വലിയ അഡള്‍ട്ട് ലെവല്‍ കോമഡി പറഞ്ഞത് പോലെ വായ പൊത്തി ചിരിച്ചു. 

'എന്തൊരു വളിപ്പെന്റമ്മച്ച്യേ. എണീറ്റ് പോടീ.' - ഞാന്‍ കമിതാക്കളിലേക്ക് വീണ്ടും ശ്രദ്ധിക്കാന്‍ തുടങ്ങി. 

'നീ നോക്ക്, എന്തൊരു രസമാ അല്ലേ അവരുടെ സ്‌നേഹം? ഒരു നനഞ്ഞ പൂച്ചക്കുഞ്ഞിനേ പോലെയില്ലേ അവന്റെ മുഖം? ഇനിയുമവന്‍ അവളക്കൊരുമ്മ കൊടുത്തില്ലെങ്കില്‍ ഞാനവനെ തല്ലും. ഉറപ്പ്.'

എനിക്ക് ദ്വേഷ്യം വരാന്‍ തുടങ്ങി. കിട്ടുന്ന ഉമ്മയെല്ലാം വാങ്ങി വെക്കുന്നതല്ലാതെ ഒറ്റ ഒരു ഉമ്മ അവനവള്‍ക്ക് കൊടുക്കുന്നില്ല. അതെവിടത്തെ എടപാടാണ് ഓരോ ഉമ്മ കൊടുക്കുമ്പോഴും അവള്‍ കൊതിച്ച് കൊണ്ടല്ലേ ഇരിക്കുന്നത്. കാമുകിയുടെ മനസ്സ് അറിയാത്ത ചെറ്റ..!

'ഓ! രക്തം തിളക്കാതെ റോസേ. നിന്നേ പോലെ ഉമ്മ ചോദിച്ച് വാങ്ങാനുള്ള കഴിവ് അവള്‍ക്ക് കാണില്ല.' - ടുലു എന്നെ പുച്ഛിച്ചു. 

രണ്ടാമത്തെ ഗ്ലാസ്സ് വൈനും ഏകദേശം തീര്‍ത്ത ഞാന്‍ പ്ലേറ്റില്‍ നിന്നും ഒരു ബീഫെടുത്ത് കഴിച്ചു. വിഷാദരോഗം എന്നെ വിട്ട് പോകുന്നതിന്റെ ലക്ഷണം ഞാന്‍ പ്രകടിപ്പിച്ച് തുടങ്ങി. ഒടുക്കത്തെ വിശപ്പ്! കൂടെ വൈനിന്റെ തരക്കേടില്ലാത്ത പ്രവര്‍ത്തനവും. 

 

Also read: അവര്‍ ആലിംഗനത്തോടാലിംഗനം, ദൈവമേ, സീനത്ര വെടിപ്പല്ല!

 

പെട്ടെന്നാണ് പ്രായം ഏകദേശം ഒരു അമ്പത്- അമ്പത്തഞ്ച് വരുന്ന രണ്ട് ഫോറിനേഴ്‌സ് വന്ന് എനിക്ക് ഒരു ചുവന്ന റോസാപ്പൂ തന്നത്. 

ഒരു സ്ത്രീയും പുരുഷനും..! അവരെന്നെ നോക്കി ആ പൂവിനേക്കാള്‍ ഭംഗിയോടെ ചിരിച്ചു. 

അന്തം വിട്ടിരുന്ന ഞാന്‍ എണീക്കണോ വേണ്ടയോ എന്ന സംശയത്തോടെ ഒരു പുഞ്ചിരി തിരിച്ച് കൊടുത്തു. 

ആ സ്ത്രീ എന്റടുത്തേക്ക് വന്ന് കുനിഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു : 

'Alles Gute zum Geburtstag Tulu.'

ങേ! അതെന്ത് കുന്തമാണ്!? എനിക്കൊരു പിടിയും കിട്ടിയില്ല. 

'I am sorry. I didn't get you..!' - ഞാന്‍ കണ്ണ് മിഴിച്ച് നിന്നു. 

'Wir sind Touristen. Ich bin martina. Er ist Peter.' - ആ സ്ത്രീ ചിരിച്ച് കൊണ്ട് പറഞ്ഞു. 

പേരായിരിക്കും പറഞ്ഞത്. മാര്‍ട്ടീനയും പീറ്ററും! പക്ഷേ ആദ്യം പറഞ്ഞത് എന്താണാവോ! 

ചെറുവിരലിലെ നഖം കടിച്ച് നിന്നെ എന്റെ തലയില്‍ തലോടി പീറ്റര്‍ എന്ന് ഞാന്‍ ഉദ്ദേശിക്കുന്ന ആള്‍ പറഞ്ഞു : 

'Alles Gute zum Geburtstag. Gott segne dich Tulu.' 

ദേ പിന്നേം! ഒന്നെഴുതി തന്നാല്‍ ഗൂഗിളില്‍ നോക്കാമാരുന്നു. എന്റെ നില്‍പ്പ് കണ്ട് സഹതാപം തോന്നിയിട്ടാവണം പീറ്റര്‍ കൈ കൊട്ടി കൊണ്ട് ഒട്ടും ഫ്‌ലുവന്റല്ലാത്ത ഇംഗ്ലീഷില്‍ പാടി:

'Happy birthday Tulu. May the good god bless you..-'

ഓഹോ! അപ്പോള്‍ അതായിരുന്നു സംഭവം! ഇന്നായിരുന്നല്ലേ എന്റെ ബെര്‍ത്ത് ഡേ! 

ആരുടേയും വിഷസും പ്രാര്‍ത്ഥനകളും ഇഷ്ടങ്ങളും കിട്ടാതിരിക്കാനാണ് രാവിലെ മുതല്‍ വിഷാദരോഗവും അഭിനയിച്ചിങ്ങോട്ട് വന്നത്. അപ്പോള്‍ ദേ ഇവിടെ യാതൊരു പരിചയവും ഇല്ലാത്ത രണ്ട് പേരുടെ ആശംസ..! 

പക്ഷേ, ഇവരോടിതാര് പറഞ്ഞു?

ഞാന്‍ വന്ന് കയറി ഇരുന്നപ്പോള്‍ മുതല്‍ എന്നെ തന്നെ ശ്രദ്ധിച്ച് കൊണ്ടിരുന്ന, കറുത്ത ഷര്‍ട്ടിട്ട, നരച്ച താടിയും മീശയും ഉള്ള ആളാണോ..?

അയാളെ എവിടെയോ വെച്ച് കണ്ട പരിചയം തോന്നിയതുമായിരുന്നു. കാണാന്‍ നല്ല ഭംഗിയുള്ളത് കൊണ്ട് അയാളെ ഞാനും നോക്കിയിരുന്നു. അയാളെന്റെ ആരോ ആയിരുന്നിരിക്കും...!

എന്തായാലും സംഭവം ഉഷാര്‍!  എനിക്കായി എപ്പോഴും, എവിടെയെങ്കിലും ഒരു ചെറിയ സര്‍പ്രൈസ് ഉണ്ടാകാറുണ്ട്. പക്ഷേ, അതിലേക്ക് ഞാന്‍ തന്നെ ഊളിയിട്ടിറങ്ങേണ്ടതുമുണ്ട്. 

വിഷാദരോഗം വന്നാലും മനസ്സ് വെച്ചാല്‍ അതൊരുത്സവമാക്കി മാറ്റാം, നമ്മള്‍ വിചാരിക്കണം എന്ന് മാത്രം...!

(NB : ടുലുവിന് ഒരിക്കലും റോസ് മാത്രമായി ജീവിക്കാനാവില്ല. റോസിന് വിഷാദരോഗത്തെ ഭംഗിയായി അഭിനയിപ്പിച്ച് ഫലിപ്പിക്കാനാകും, ടുലുവിനെ കൊണ്ടൊരിക്കലും കഴിയാത്ത കാര്യം.)


 

Follow Us:
Download App:
  • android
  • ios