ഒടുവില്‍ യുഎസ് കോടതിയും ട്രംപിന്‍റെ നടപടികൾക്ക് പിന്തുണ അറിയിച്ചു. ഇതോടെ വിദേശ വിദ്യാര്‍ത്ഥികളും കുടിയേറ്റക്കരും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകൾ. വായിക്കാം ലോകജാലകം.
കഥയെന്തായാലും 5 ലക്ഷം കുടിയേറ്റക്കാരെ നാടുകടത്താൻ ട്രംപ് സർക്കാരിന് അനുവാദം നൽകിയിരിക്കയാണ് സുപ്രീംകോടതി. അതായത് താൽകാലിക രേഖകളുള്ള 5 ലക്ഷം പേർ ഉടൻ പുറത്താകും. ജോ ബൈഡനാണ് ഈ പദ്ധതി കൊണ്ടുവന്നത്. സംഘർഷ മേഖലകളിൽ നിന്നുള്ളവർക്ക് ആശ്വാസമായിരുന്നു പദ്ധതി. അത് തീർന്നു. പുറത്താകാൻ പോകുന്നത് ക്യൂബ, ഹെയ്തി, നിക്കരാഗ്വ,വെനിസ്വേല എന്നീ രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. പുറത്താക്കാനുള്ള ശ്രമം മസാച്ചുസെറ്റ്സ് ഫെഡറൽ കോടതി തടഞ്ഞിരുന്നു. ട്രംപ് സർക്കാർ അതിനെതിരെ അടിയന്തര ഹർജി നൽകി. അതിലാണ് സുപ്രീകോടതി ഉത്തരവ്. കോടതിയിലെ രണ്ട് ജഡ്ജിമാർ വിധിയോട് വിയോജിച്ചു. 5 ലക്ഷം പേരുടെ ജീവിതം ഇല്ലാതെയാവുന്നു എന്നെഴുതി ഒരാൾ. വൈറ്റ് ഹൗസ് ഉത്തരവ് ആഘോഷിച്ചു. 5 ലക്ഷം അധിനിവേശക്കാരെ പുറത്താക്കാനുള്ള അവസരമായി.
ബൈഡന്‍റെ പദ്ധതി
ഇമിഗ്രേഷൻ പരോൾ (immigration Parole) എന്ന പദ്ധതി മുൻ പ്രസിഡന്‍റ് ജോ ബൈഡൻ സ്ഥാപിച്ചതാണ്. വിമാനത്തിൽ അമേരിക്കയിലെത്തുന്ന വെനിസ്വേലക്കാർക്ക് താൽകാലികമായി ജോലി ചെയ്യാനും ജീവിക്കാനുമുള്ള അനുവാദമാണ് ആദ്യം നൽകിയത്. പിന്നെയത് ക്യൂബ, ഹെയ്തി, നിക്കരാഗ്യ തുടങ്ങിയ രാജ്യക്കാർക്ക് കൂടി ബാധകമാക്കി. മെക്സിക്കൻ അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റം തടയാനുള്ള ശ്രമമായിരുന്നു ഇത്. ജനുവരി 20 -ന് അധികാരമേറ്റയുടൻ ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടിവ് ഉത്തരവുകളിൽ ഒന്നായിരുന്നു ഈ പദ്ധതി അവസാനിപ്പിക്കൽ. ആഭ്യന്തര സുരക്ഷാ വകുപ്പ് മാർച്ചിൽ താൽകാലിക അനുമതി പിൻവലിച്ചു.

സര്‍ക്കാറിന്‍റെ ചെലവ് കുറയ്ക്കൽ തുടരും, പക്ഷേ മസ്ക് പടിയിറങ്ങി, ഒപ്പം ലഹരി ആരോപണവും
ഈ മാസമാദ്യം തന്നെ സുപ്രീംകോടതി മറ്റൊരു ഉത്തരവിട്ടിരുന്നു. Temporary protected status എന്ന മറ്റൊരു പദ്ധതി പിൻവലിക്കാനുള്ള അനുമതി. അത് പ്രയോജനം ചെയ്തിരുന്നത് മൂന്നരലക്ഷം വെനിസ്വേലക്കാർക്കാണ്. രണ്ട് ഉത്തരവുകളും നിയമാനുസൃതമായി രാജ്യത്തെത്തിയവരെക്കൂടിയാണ് ഇത് ബാധിക്കുന്നത്. അതിൽ ചിലർ ബൈഡന്‍റെ ഭരണകാലത്ത് തന്നെ സ്പോൺസറും സർക്കാർ അനുമതിയും കിട്ടിയവരാണ്. ട്രംപ് സർക്കാരിന്‍റെ ഹർജി തള്ളണമെന്ന് കുടിയേറ്റക്കാരുടെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. മനുഷ്യ ജീവിതങ്ങളും അവരുടെ കുടുംബങ്ങളും സമൂഹങ്ങളും പിച്ചിച്ചീന്താൻ സമ്മതിക്കരുതെന്നും. പക്ഷേ, സുപ്രീംകോടതി അതൊന്നും വകവച്ചില്ല.
വിദ്യാഭ്യാസത്തിനും കടിഞ്ഞാണ്‍
ഇതിന് തൊട്ടുമുമ്പാണ് വിദേശനവിദ്യാർത്ഥികൾക്ക് വീസ നൽകുന്നത് നിർത്തി വയ്ക്കാൻ ട്രംപ് എംബസികളോട് ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ കൂടി നോക്കിയിട്ടേ ഇനി അമേരിക്കൻ വീസ കിട്ടൂ. ഹാർവാർഡ് പോലുള്ള യൂണിവേഴ്സിറ്റികളെ ലക്ഷ്യമിട്ടുള്ള നടപടികൾക്ക് ശേഷമാണ് ഇത് രണ്ടും നടക്കുന്നത്. ഇവരെ തീവ്ര ഇടത് എന്ന് ട്രംപ് ആരോപിക്കുന്നു. ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങളാണ് കാരണം. വിദേശ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകേണ്ടെന്ന ഉത്തരവ് കനത്ത തിരിച്ചടിയായത് ചൈനയ്ക്കാണ്. വിദ്യാർത്ഥികളുടെ അവകാശവും താൽപര്യവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ചൈന. ഇപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റികൾക്കും അത് തിരിച്ചടിയാണ്. വിദേശ വിദ്യാർത്ഥികളുടെ ഫീസ് അവരുടെ ഫണ്ടിംഗിന്‍റെ വലിയൊരു ഭാഗമാണ്. എന്തായാലും വിദേശ വിദ്യാർത്ഥികളുടെ അപേക്ഷകൾ മാറ്റിവച്ചു കഴിഞ്ഞു. എംബസി അപ്പോയിൻമെന്‍റുകൾ നേടിയവർക്ക് അതുമായി മുന്നോട്ടുപോകാം.
യൂണിവേഴ്സിറ്റികളുടെ ഫണ്ടിംഗിൽ പ്രസിഡന്‍റ് പിടികൂടിയതും ഇപ്പോഴത്തെ നടപടികളുടെ ഭാഗമാണ്. ഹാർവേഡിനുള്ള 2.65 ബില്യന്‍റെ ഫണ്ടാണ് ട്രംപ് തടഞ്ഞത്. 100 മില്യന്‍റെ മറ്റൊരു ഫണ്ടും പുനരാലോചനക്കായി മാറ്റിവച്ചു. ട്രംപിന്‍റെ നിർദ്ദേശങ്ങളോടൊന്നും ഹാർവേഡ് വഴങ്ങിയില്ല. ഹാർവേഡിന് വഴിതെറ്റി എന്ന് ട്രംപ് പോസ്റ്റിട്ടു. അതിന്‍റെയെല്ലാം അവസാനമാണിപ്പോൾ പുതിയ നിയമം.

അപമാനിക്കൽ തുടർന്ന് ട്രംപ്; ഇത്തവണത്തെ ഇര ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറിൽ രാമഫോസ
ചൈനീസ് വിദ്യാർത്ഥികൾ
ചൈനീസ് വിദ്യാർത്ഥികളെ പ്രത്യേകം ലക്ഷ്യമിട്ടിരിക്കയാണ് ട്രംപ് സർക്കാർ. വീസ അപ്പോയിൻമെന്‍റ് കിട്ടിയവർക്ക് വീസ കിട്ടിയില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവരെ തെരഞ്ഞുപിടിക്കുമെന്നാണ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയുടെ പോസ്റ്റ്. ഇപ്പോൾ ക്യാമ്പസുകളിലുള്ള ചൈനീസ് വിദ്യാർത്ഥികൾക്കും മാനസിക സംഘർഷമാണ്. സെമികണ്ടക്ടറുകളുടെ വിൽപന തടയുന്നതിലും ഉത്തരവിട്ടു. അതും ചൈനക്കെതിര്. വളരെ ലോലമായൊരു ധാരണയിൽ രണ്ടുകൂട്ടരും ഒപ്പിട്ട ശേഷമാണിതെല്ലാം.
ചൈനീസ് വിദ്യാർത്ഥികൾ അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാനെത്തുന്നത് പതിറ്റാണ്ടുകൾ മുമ്പ് തന്നെ തുടങ്ങിയ പതിവാണ്. അവരാണ് ഏറ്റവും കൂടുതൽ. കഴിഞ്ഞ വർഷം 2,70,000 പേരെത്തി അമേരിക്കയിൽ. ട്യൂഷൻ ഫീയായി കിട്ടുന്നത് ലക്ഷങ്ങൾ, ഗവേഷണമടക്കമുള്ള പദ്ധതികളുടെ ഫണ്ടെന്ന് അർത്ഥം. അതും ഇല്ലാതെയാകും.
ട്രംപ് സർക്കാരിന്‍റെ ഈ ചീന ഭയത്തിന് പിന്നിൽ ചില സംശയങ്ങളാണെന്നാണ് നിരീക്ഷണം. വിദ്യാർത്ഥികൾ വഴി അമേരിക്കൻ സാങ്കേതിക വിദ്യയും ഗവേഷണ ഫലങ്ങളും ചൈന ചോർത്തുന്നു എന്ന സംശയം. അടുത്ത കാലത്തായി STEM ഗവേഷണ രംഗത്താണ് ചൈനീസ് വിദ്യാർത്ഥികൾ കൂടുതലും എത്തുന്നത്. അതൊരു സുരക്ഷാ ഭീഷണിയായി കാണുന്നു ട്രംപ് സർക്കാർ. ഏതുവഴിക്ക് എങ്ങനെ ഇതൊക്കെ ഉരുത്തിരിയും എന്നറിയാൻ കാത്തിരിക്കയാണ് നിരീക്ഷകർ. ഡോണൾഡ് ട്രംപായത് കൊണ്ട് ഒന്നും പ്രവചിക്കാൻ പറ്റില്ല.
