ഹോർമൂസ് കടലിടുക്ക് അടഞ്ഞതോടെ ഉടലെടുത്ത പ്രതിസന്ധിയിൽ പാകിസ്ഥാൻ മധ്യസ്ഥവേഷം അണിയുന്നു. അമേരിക്കയുമായുള്ള പുതിയ ബന്ധങ്ങളും രാജ്യത്തെ അപൂർവ ധാതുക്കളുടെ ശേഖരവുമാണ് ഈ നയതന്ത്ര നീക്കങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. ഇറാനുമായുള്ള ചർച്ചകൾ തുടരുമ്പോൾ, മേഖലയിലെ സമാധാനം പാകിസ്ഥാന്‍റെ കൂടി ആവശ്യമായി മാറുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

താണ്ട് 2,000 കപ്പലുകളാണ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. ഹോ‍ർമൂസ് തുറക്കുമെന്ന പ്രഖ്യാപനത്തോടെ ധാരണകൾക്കായി പായുകയാണ് രാജ്യങ്ങൾ. വ്യാവസായിക ഇടനാഴി മാത്രമല്ല ഹോർമൂസ്. ഡോൾഫിനുകളുടെ ആവാസ കേന്ദ്രം കൂടിയാണ്. പവിഴപ്പുറ്റുകളുടെയും. ആക്രമിക്കപ്പെട്ട കപ്പലുകളിൽ നിന്നുള്ള എണ്ണച്ചോർച്ചയാണ് അവ നേരിടുന്ന ഭീഷണി. അതിലാണ് പരിസ്ഥിതി സംഘടനകളുടെ ആശങ്ക. തൊട്ടടുത്ത് ചെറിയൊരു പാതയുമുണ്ട്. ഖുറൻ കടലിടുക്ക്. അവിടെയും എണ്ണച്ചോർച്ച ഭീഷണിയാവുന്നുണ്ട്. ഇതിനെല്ലാം പുറമേയാണ് രാഷ്ട്രീയപ്പോര്.

പാകിസ്ഥാന്‍റെ നയതന്ത്രം

പാകിസ്ഥാന്‍റെ നയതന്ത്രം ഫലം കാണുന്നുവെന്ന് വേണം വിചാരിക്കാൻ. സമാധാന ധാരണ വരെ കാര്യങ്ങളെത്തിയാൽ പാകിസ്ഥാന്‍റെ പ്രതിഛായയിൽ തന്നെ മാറ്റം വരും. വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളിയായിരുന്നു അമേരിക്കക്ക് പാകിസ്ഥാൻ. ജോ ബൈഡന്‍റെ കാലത്ത് അകറ്റി നിർത്തപ്പെട്ടു. ട്രംപിന്‍റെ ആദ്യഭരണ കാലത്ത് ചതിയും കള്ളവുമല്ലാതെ മറ്റൊന്നും മുന്നോട്ട് വയ്ക്കാനില്ലാത്ത രാജ്യമെന്ന് ട്രംപ് തന്നെ അധിക്ഷേപിച്ച രാജ്യം. അത് തിരുത്തിയത് അടുത്തിടെ. അപൂർവ ധാതു ശേഖരമാവാം ഒരു കാരണം. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലും ഖൈബർ പക്തൂൺക്വയിലും ജിൽജിത് ബാൾട്ടിസ്ഥാനിലും അപൂർവധാതുക്കളുടെയും ചെമ്പ്, സ്വർണം, ലിഥിയം തുടങ്ങിയവയുടെയും 6 ട്രില്യൻ വിലമതിക്കുന്ന ശേഖരമുണ്ടെന്നാണ് അവകാശവാദം. ചൈനീസ് ധാതുക്കളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചതും ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര യുദ്ധവും പാകിസ്ഥാന് മുന്നിൽ പുതിയൊരു അവസരം തുറന്നിട്ടു.

(പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും യുഎസ് പ്രസിഡന്‍റ് ട്രംപും)

പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും ഒരു പെട്ടി നിറയെ അപൂർവ ധാതുക്കളുമായി വൈറ്റ് ഹൗസിലെത്തിയെന്നാണ് റിപ്പോർട്ട്. അതോടെ കഥ മാറി. തനിക്കേറ്റവും ഇഷ്ടപ്പെട്ട ഫീൽഡ് മാർഷൽ എന്ന് അസിം മുനീറിനെ ട്രംപ് വിശേഷിപ്പിച്ചു. 2025 -ൽ തന്നെ അമേരിക്കൻ എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് 1.25 ബില്യൻ പാകിസ്ഥാനിലെ ഖനനത്തിനായി അനുവദിച്ചു. 500 മില്യന്‍റെ കരാറിലൊപ്പിട്ടു. കൂട്ടത്തിൽ പാകിസ്ഥാൻ നയതന്ത്രവും പയറ്റി. ഇന്ത്യാ - പാക് യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഇടപെട്ടുവെന്ന് പറഞ്ഞു. സമാധാന നൊബേലിന് ട്രംപിനെ നോമിനേറ്റും ചെയ്തു. പ്രസിഡന്‍റിന് അതിൽ കൂടുതൽ സന്തോഷമില്ല.

തുടരുന്ന ചർച്ചകൾ

പക്ഷേ, ബലൂചിസ്ഥാനിലും വസിരിസ്ഥാനിലും ഖൈബർ പക്തൂൺക്വയിലും ഖനികൾ നിയന്ത്രിക്കുക എളുപ്പമല്ല. പാക് താലിബാന്‍റെ കേന്ദ്രങ്ങളാണവ. ആക്രമണങ്ങൾ പതിവ്. പാക് സൈന്യത്തിന് അവരെ എതിരിടാൻ തക്ക ആയുധബലമില്ല. ബലൂചിസ്ഥാനിലെ ഒരു ഖനി ചൈനയുടെ നിയന്ത്രണത്തിലുമാണ്. എന്തായാലും മധ്യസ്ഥവേഷം വിജയിക്കേണ്ടത് പാകിസ്ഥാന്‍റെയും ആവശ്യമാണ്. ഹോർമൂസ് അടച്ചതും സൗദിയുമായുള്ള പ്രതിരോധ കരാറും പ്രതിസന്ധിയാണ്. ഇസ്ലാമാബാദിലെ ചർച്ച പരാജയപ്പെട്ട്, ജെഡി വാൻസ് മടങ്ങിയതോടെ അസിം മുനീർ ടെഹ്റാനിലെത്തി. അതോടെ രണ്ടാംഘട്ട ചർച്ചകൾക്ക് വഴിയൊരുങ്ങി. ഇസ്രയേൽ - ലബനീസ് വെടിനിർത്തലും പ്രഖ്യാപിച്ചു അമേരിക്കൻ പ്രസിഡന്‍റ്. പ്രശ്നത്തിലെ പ്രധാന കക്ഷികളുമായുള്ള സൗഹൃദം പാകിസ്ഥാന് തുണയായി. ഇസ്രയേലിനോടുള്ള ശത്രുത ഇറാനുമായുള്ള ചർച്ചയിൽ പാകിസ്ഥാനെ സഹായിച്ചു.

(പാക് സൈനിക തലവൻ അസീം മുനീറും ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷെഷ്കിയാനും)

തർക്കവിഷയങ്ങളും ഇറാനും

മൂന്ന് കാര്യങ്ങളിൽ തട്ടിയാണ് ഇസ്ലാമാബാദിലെ ചർച്ച പരാജയപ്പെട്ടത്. ഇറാന്‍റെ യുറേനിയം ശേഖരം, ആണവ സ്വപ്നം, ഹോർമൂസ്. യുറേനിയം സമ്പുഷ്ടീകരണം നിർത്തില്ല. പക്ഷേ, അതിന്‍റെ തോതിൽ ചർച്ചയാവാമെന്ന് ഇറാൻ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കാലാവധിയിൽ തർക്കമുണ്ട്. ഒരു മാസത്തിലേറെ നീണ്ട ആക്രമണത്തിൽ ഇറാനുണ്ടായ നഷ്ടം ചെറുതല്ല. മുൻനിര നേതാക്കളുടെ മരണം, കാണാമറയത്തിരിക്കുന്ന മുജ്തബ, മൂന്നാം നിര നേതൃത്വത്തിൽ ഒതുങ്ങിയ IRGC, യുദ്ധത്തിന്‍റെ സാമ്പത്തിക ബാധ്യത. ഇതെല്ലാം ആഘാതങ്ങളാണ്. പ്രചാരണവും മീം യുദ്ധവും അരങ്ങിൽ മാത്രമാണ്.

ഇതൊന്നുമല്ലാതെ, ഗൾഫ് അറബ് രാജ്യങ്ങളുടെ നേരെ ഇറാൻ ഉതിർത്ത ആക്രമണ പരമ്പര പരിക്കേൽപ്പിച്ചത് സുരക്ഷിതവും സമ്പൽ സമൃദ്ധവുമെന്ന അവരുടെ പ്രതിഛായയ്ക്കാണ്. പോരാത്തതിന് അടിത്തറയിൽ ഉറങ്ങിക്കിടക്കുന്ന സുന്നി - ഷിയാ വൈരവും. ഇതിനൊക്കെ എന്താവും പ്രത്യാഘാതമെന്നത് അറിയാനിരിക്കുന്നതേയുള്ളു.