ഗാസയും യെമനും ഇറാനും ശേഷം നെതന്യാഹു തെക്കന്‍ സിറിയയില്‍ പുതിയ യുദ്ധമുഖം തുറന്നു. ഇത്തവണ സിറിയയിലെ ഡ്രൂസുകളുടെ രക്ഷകനാകാനാണ് ഇസ്രയേലിന്‍റെ ശ്രമം, പക്ഷേ, ലക്ഷ്യം മറ്റൊന്ന്. വായിക്കാം ലോകജാലകം. 

സിറിയയിൽ വീണ്ടും വംശീയ സംഘ‌ർഷത്തിന്‍റെ സൂചനകൾ കണ്ട് തുടങ്ങിയിരിക്കുന്നു. ഡ്രൂസുകളാണ് (Druze) കേന്ദ്രബിന്ദു. ഇസ്രയേൽ കുറേനാളായി സിറിയയിൽ കടന്നാക്രമണങ്ങൾ നടത്തുന്നുണ്ട്. ഡ്രൂസുകളുടെ സുരക്ഷക്ക് വേണ്ടി എന്നാണ് വാദം. മറ്റൊന്നുകൂടിയുണ്ട്. സിറിയയുടെ ഭരണാധികാരി അഹമ്മദ് അൽ ഷരായെ ഇസ്രയേലിന് അത്ര വിശ്വാസമില്ല. മുൻ ജിഹാദിയായ ഷരായുടെ സൈന്യത്തിന്‍റെ സാന്നിധ്യം തങ്ങളുടെ അതിർത്തിയോടടുത്ത് ഇസ്രയേലിന് വേണ്ട. എന്തായാലും സിറിയ വീണ്ടും ഒരു കലാപത്തിന്‍റെ വക്കിലാണ്.

ഡ്രൂസ്

ഡ്രൂസ് എന്ന അറബ് ജനവിഭാഗം 11 -ാം നൂറ്റാണ്ടിൽ ഈജിപ്തിൽ നിന്ന് വന്നവരെന്നാണ് ചരിത്രം. പല രാജ്യങ്ങളിലും ന്യൂനപക്ഷമാണ്. സിറിയ, ലെബനൺ, ഇസ്രയേൽ, ഗോലാൻ കുന്നുകൾ എന്നിവിടങ്ങളിലാണ് വാസം. ഷിയാ ഇസ്ലാമിന്‍റെ ഒരു വിഭാഗമാണെങ്കിലും സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെയുണ്ട്. പക്ഷേ, മതം മാറ്റം അനുവദിക്കില്ല. അങ്ങോട്ടും ഇങ്ങോട്ടും. വിവാഹങ്ങളും പുറത്ത് നിന്ന് സമ്മതിക്കില്ല. അറബാണ് സംസാര ഭാഷ. അവരിൽ തന്നെ രണ്ട് വിഭാഗങ്ങളുണ്ട്.

സിറിയയിൽ 5 ലക്ഷം ഡ്രൂസുകളുണ്ട് എന്നാണ് കണക്ക്. ജനസംഖ്യയുടെ 3 ശതമാനം. സിറിയ - ഇസ്രയേൽ അതിർത്തിയിലെ ഇസ്രയേലിന്‍റെ കൈവശമുള്ള ഗോലാൻ കുന്നുകളിലുള്ള ഡ്രൂസുകൾക്ക് സിറിയയോടാണ് പ്രതിപത്തി. ഇസ്രയേൽ ഗോലാൻ കുന്നുകൾ പിടിച്ചെടുത്ത ശേഷം ഇവർക്ക് ഇസ്രയേലി പൗരത്വം വച്ച് നീട്ടിയപ്പോൾ നിരസിച്ചവരാണ് ഇവർ. അതേസമയം ഇസ്രയേലിൽ താമസിക്കുന്ന ഡ്രൂസുകൾക്ക് ഇസ്രയേലിനോടാണ് പ്രതിപത്തി. ഇസ്രയേലി സൈന്യത്തിൽ അംഗങ്ങളാണ് പലരും.

തെക്കൻ സിറിയയിലെ സുവൈദ (Suwayda) പ്രവിശ്യയിൽ ഡ്രൂസുകളാണ് ഭൂരിപക്ഷം. ആഭ്യന്തര കലാപ കാലത്ത് അസദിന്‍റെ സൈന്യത്തിനും തീവ്രപക്ഷ സംഘടനകൾക്കുമിടയിൽ പെട്ട് ശ്വാസം മുട്ടിയതാണിവർ. അക്കാലത്ത്, സ്വന്തം സൈനിക സംഘങ്ങൾക്ക് രൂപം കൊടുത്തു, ഏതാണ്ടൊരു സ്വയംഭരണം. അസദിന്‍റെ വീഴ്ചയോടെ ഇവർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനുള്ള പല ശ്രമങ്ങൾ നടന്നു. അതിനെയെല്ലാം ചെറുത്ത് തോൽപ്പിച്ചവരാണ് ഡ്രൂസുകൾ. അൽഖ്വയിദയുടെ നേതാവായിരുന്ന അഹമ്മദ് അൽ ഷരായുടെ സർക്കാരിനെയും അവർ അംഗീകരിക്കുന്നില്ല. അതിന്‍റെ ഭാഗമാകാനും അവർക്ക് താൽപര്യമില്ല.

കളം പിടിക്കാൻ ഇസ്രയേൽ

അസദിന്‍റെ വീഴ്ചക്ക് ശേഷമാണ് ഇസ്രയേൽ സിറിയയിലെ ഡ്രൂസുകളുമായി ബന്ധം സ്ഥാപിച്ചത്. ന്യൂനപക്ഷങ്ങളുടെ പ്രാദേശിക സംരക്ഷകൻ എന്ന് സ്വയം കൽപ്പിച്ച സ്ഥാനവുമായി കുർദ്ദുകളെയും സിറിയയിലെ തന്നെ അലവൈറ്റുകളെയും ചേർത്തുനിർത്താനാണ് ശ്രമം. സിറിയയിലെ അഹമ്മദ് അൽ ഷരാ സർക്കാരിനെ വിശ്വാസമില്ല ഇസ്രയേലിന്. തെക്കൻ സിറിയയിൽ ഷറാ സർക്കാരിന്‍റെ ആധിപത്യം വേണ്ട എന്നാണിപ്പോൾ ഇസ്രയേലിന്‍റെ വാദം. ഡ്രൂസുകളെ സംരക്ഷിക്കാനെന്ന പേരിൽ സിറിയയിൽ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലിന് ഷരായുടെ പഴയ സംഘടനാ ബന്ധങ്ങളിലാണ് ഭീതി.

അസദിന്‍റെ വീഴ്ചയോടെ ആക്രമണങ്ങൾ തുടങ്ങി ഇസ്രയേൽ. ദമാസ്കസ് തുടങ്ങി ലറ്റാക്കിയ വരെ സിറിയയുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു. സൈന്യം വിട്ടിട്ടുപോയ ആയുധ ശേഖരങ്ങൾ ഭീകരവാദികളുടെ കൈയിൽ പെടാതിരിക്കാൻ എന്നായിരുന്നു ന്യായീകരണം. ഒറ്റ ദിവസം 300 -ലേറെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. 2024 ഡിസംബറിൽ സിറിയൻ ഗോലാൻ കുന്നുകളിലെ യുഎൻ നിയന്ത്രണത്തിലുള്ള ബഫർ സോണും പിടിച്ചെടുത്തു. അന്ന് ഇസ്രയേലി സൈനിക വിദഗ്ധർ തന്നെ പറഞ്ഞത് ഇതൊക്കെ വളരെ പണ്ടേ ഇസ്രയേൽ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമെന്നാണ്. 1970 -കളോളം പഴക്കമുള്ള പദ്ധതി.

ഇസ്രയേൽ - സിറിയ

ഇസ്രയേലും സിറിയയും പണ്ടേ ശത്രുക്കളാണെന്നത് ചരിത്രം. 1948 -ൽ ഇസ്രേയലിന്‍റെ രൂപീകരണത്തിന് ശേഷം ഇസ്രയേലിനെ ആക്രമിച്ചത് സിറിയയും കൂടി ഉൾപ്പട്ട അറബ് സഖ്യമാണ്. പിന്നെ 1967 -ലെ ആറ് ദിവസത്തെ യുദ്ധം. 1973 ലെ യോം കിപ്പൂർ യുദ്ധത്തിലും (Yom Kippur war) രണ്ട് രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടി. ശത്രു രാജ്യങ്ങളെന്ന് തന്നെയാണ് പരസ്പരം കണക്കാക്കുന്നതും. അസദിന്‍റെ കാലത്തും ഇസ്രയേൽ ആക്രമിച്ചിട്ടുണ്ട്. പക്ഷേ, ഏറ്റെടുത്തിട്ടില്ല.

അന്നത്തെ ആക്രമണങ്ങൾ ഇറാന്‍റെ സ്വാധീനം തടയാനായിരുന്നു. ഇറാന്‍റെ സഖ്യകക്ഷിയായ അസദ്, സിറിയ വഴി ലെബനണിലെ ഹെസ്ബുള്ളയ്ക്ക് ആയുധങ്ങൾ കൈമാറാൻ അനുവദിച്ചിരുന്നു. ഇറാൻ അനുകൂല സംഘടനകൾ സിറിയയിലും ഉണ്ടായിരുന്നു. പക്ഷേ, ആഭ്യന്തര കലാപം തുടങ്ങുകയും റഷ്യ സിറിയയെ ശക്തമായി പിന്തുണച്ച് തുടങ്ങുകയും ചെയ്തതോടെ നേരിട്ടുള്ള ഏറ്റുമുട്ടൽ ഇസ്രയേൽ ഒഴിവാക്കി എന്നാണ് നിരീക്ഷകപക്ഷം.

പുതിയ കലാപം

പക്ഷേ, അഹമ്മദ് അൽ ഷറായുടെ വരവും അസദിന്‍റെ വീഴ്ചയും ഇസ്രയേലിന് മുന്നിൽ പുതിയ വഴികൾ തുറന്നുവെന്നത് വ്യക്തം. അതിലൊന്ന് ഡ്രൂസ് - ബെദോയിൻ സംഘ‍ർഷമാണ്. കാലുറപ്പിച്ച് മാത്രം തുടങ്ങിയ സിറിയൻ സർക്കാരിനെ വീണ്ടും അടിതെറ്റി വീഴ്ത്താൻ പറ്റിയ കലാപം. സുവൈദ പ്രവിശ്യയിലാണിത് പൊട്ടിപ്പുറപ്പെട്ടത്. ഡ്രൂസുകൾക്ക് സ്വയംഭരണാവകാശം എന്ന മോഹമുണ്ട്. അതിൽ ദമാസ്കസുമായി ചർച്ചകളും നടക്കുന്നുണ്ട്.

അതിനിടയിലാണ് തദ്ദേശവാസികളായ ബെദോയിനുകളുടെ രംഗപ്രവേശം. സുന്നി ബെദോയിൻ വംശജരും ഡ്രൂസുകളും തമ്മിൽ ദിവസങ്ങൾ തുടർന്ന ഏറ്റുമുട്ടലിൽ രണ്ട് ഭാഗത്തും നിരവധി പേർ കൊല്ലപ്പെട്ടു. ഒരു ഡ്രൂസ് വ്യാപാരിയെ തട്ടിക്കൊണ്ട് പോയതാണ് തുടക്കം. സിറിയൻ സർക്കാർ സുരക്ഷാ സൈന്യത്തെ അയച്ചു. പക്ഷേ, ചിലയിടങ്ങളിൽ സംഘർഷം തീർന്നില്ല. ബെദോയിനുകൾ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും സുവൈദയിലേക്ക് ഒഴുകി. കൊല്ലപ്പെട്ടവർക്ക് കൃത്യമായ കണക്കില്ല. അതോടെ ഇസ്രയേൽ ഇടപെട്ടു. വ്യോമാക്രമണം നടത്തി.

ഇസ്രയേലിന്‍റെ ഇടപെടൽ

പക്ഷേ, ജൂലൈ 16 -ന് ആക്രമിച്ചത് സിറിയൻ പ്രതിരോധ മന്ത്രാലയവും ദമാസ്കസിലെ സൈനികാസ്ഥാനം. സൈനികാസ്ഥാനത്തിന് അടുത്തുള്ള ടെലിവിഷൻ സ്റ്റുഡിയോയിൽ നിന്ന് അവതാരകർ ഇറങ്ങിയോടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്തായാലും തെക്കൻ സിറിയയിൽ സൈനിക സാന്നിധ്യം അനുവദിക്കില്ലെന്നാണ് ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ചില ഡ്രൂസ് നേതാക്കൾ ഇസ്രയേലിനെയാണ് പഴിക്കുന്നത്. ദമാസ്കസുമായി രമ്യതയിൽ പോകുന്നതാണ് നല്ലതെന്നാണ് അവരുടെ പക്ഷം. എന്നാൽ, അൽ ഷരായ്ക്കെതിരെ നിലകൊള്ളുന്നവരുമുണ്ട്. ലബനണലിലെ പ്രമുഖനായ ഡ്രൂസ് നേതാവ് വാലിദ് ജംബ്ലാറ്റിന്‍റെ (Walid Jumblatt) അഭിപ്രായത്തിൽ, ഇസ്രയേൽ ഡ്രൂസുകളെ സംരക്ഷിക്കുകയല്ല. സിറിയയുടെ ദേശീയ ഐക്യമാണ് ലക്ഷ്യമാകേണ്ടെതെന്നാണ് ജുംബലാട്ടിന്‍റെ പക്ഷം.

അമേരിക്ക എതിർത്തിട്ടും ഇസ്രയേൽ സിറിയൻ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ തയ്യാറായില്ല. മേഖല ഒന്നാകെ അബ്രഹാം അക്കോർഡ്സിൽ (Abraham Accords) ഒപ്പിടണം എന്നാണ് ട്രംപിന്‍റെ താൽപര്യമെന്ന് വിദഗ്ധർ അറിയിക്കുന്നു. സിറിയയുൾപ്പടെ. അടുത്തിടെ സൗദി സന്ദർശിച്ച ട്രംപ് ഷരായുമായി കൂടിക്കാഴ്ചയും നടത്തി. പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്ക - സിറിയ ഉന്നതതല കൂടിക്കാഴ്ച. അതിൽ സൗദിയുടെ പ്രത്യേക താൽപര്യം ഉണ്ടെങ്കിൽ കൂടി. അബ്രാഹം അക്കോർഡ്സ് ഇസ്രയേലിന്‍റെയും താൽപര്യമാണ്.

സിറിയൻ സർക്കാരുമായി ഇസ്രയേലും ചർച്ചകൾ നടത്തിയിട്ടുണ്ട്. പക്ഷേ, അതിനിടയിലും ആക്രമണങ്ങൾ തുടർന്നു. തൽകാലം എന്തായാലും സിറിയൻ സർക്കാർ ഡ്രൂസ് മേഖലയായ സുവൈദയിൽ നിന്ന് സൈന്യത്തെ പിൻവലിച്ചു. പക്ഷേ, അതോടെ സംഘർഷം മുറുകി. അങ്ങനെ 48 മണിക്കൂർ നേരത്തേക്ക് സിറിയൻ പൊലീസിനും സൈന്യത്തിന് ഇസ്രയേൽ പ്രവേശനാനുമതി നൽകി. ഡ്രൂസുകളെ അനുനയിപ്പിക്കേണ്ടത് ഷരാ സർക്കാരിന്‍റെയും ആവശ്യമാണ്. ഇനിയൊരു കലാപം താങ്ങാനുള്ള കരുത്ത് സിറിയയ്ക്കില്ല. അതിൽ നിന്ന് ഉണ്ടായേക്കാവുന്ന അഭയാർത്ഥി പ്രവാഹം താങ്ങാൻ ലോകത്തിനും.