ഒടുവില്‍ പുടിന്‍ തനിക്ക് വഴങ്ങില്ലെന്ന് ട്രംപ് തിരിച്ചറിഞ്ഞു. യുക്രൈയ്ന് ആയുധങ്ങള്‍ കൈമാറാന്‍ തയ്യാറായി. പക്ഷേ, പിന്മാറാന്‍ പുടിന്‍ തയ്യാറല്ല. എന്താകും യുക്രൈയ്ന്‍ യുദ്ധത്തിന്‍റെ ഭാവി? വായിക്കാം ലോകജാലകം. 

മേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കുറച്ച് താമസിച്ചാണെങ്കിലും റഷ്യൻ പ്രസിഡന്‍റിന്‍റെ തനിസ്വഭാവം മനസിലാക്കി. പെരുമാറ്റം നല്ലത് പക്ഷേ, ആത്മാർത്ഥതയില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ആരോപിക്കുന്നു. ഇതെല്ലാം യുക്രൈയ്ന് ആശ്വാസം നൽകുന്ന കാര്യങ്ങളാണ്. 'പുടിൻ സ്നേഹം' കാരണം ട്രംപിന് യുക്രൈയ്നോട് അരിശമായിരുന്നു ഇത്രയും നാൾ. അത് തീർന്നതോടെ യുക്രൈയ്ന് കൂടുതൽ ആയുധം നൽകാമെന്നായി.

പക്ഷേ, ട്രംപായത് കൊണ്ട് പരിധികളുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ബില്യനുകൾ ഒഴുകിത്തുടങ്ങുമ്പോൾ പിന്നോട്ട് പോകാനാണ് സാധ്യത. എന്തായാലും ഇപ്പോൾ നേറ്റോ വഴി കൂടുതൽ പേട്രിയട്ട് മിസൈലുകൾ അയക്കാനുള്ള ധാരണയായിട്ടുണ്ട്. പുടിനെ തന്‍റെ വഴിക്ക് കൊണ്ടുവരാമെന്ന വിശ്വാസം പോയി. എല്ലാ ചർച്ചകളും വെറുതേയായി. ഇത്രയും നാൾ തന്നെ പാവ കളിപ്പിക്കുകയായിരുന്നു പുടിനെന്ന് ട്രംപിന് മനസിലായി. കഴിഞ്ഞ ആഴ്ച നടന്ന ചർച്ചയ്ക്ക് ശേഷമാണ് റഷ്യ ഒരു രാത്രി മുഴുവൻ യുക്രൈയ്ന് മേൽ തീമഴ പെയ്യിച്ചത്. അതോടെ ട്രംപിന് വിശ്വാസം പോയി. യുക്രൈയ്ൻ തിരിച്ചടിച്ചു. സമാധാനത്തോട് പുടിന് താൽപര്യമില്ലെന്ന കാര്യം അതോടെ ട്രംപിന് മനസിലായെന്ന് വേണം കരുതാന്‍.

പുടിന്‍റെ താത്പര്യക്കുറവ്

എന്തുകൊണ്ട് പുടിന് യുദ്ധം അവസാനിപ്പിക്കാന്‍ താൽപര്യമില്ല എന്നത് മറ്റൊരു വശമാണ്. ട്രംപിന്‍റെ ചർച്ചകൾക്ക് വഴങ്ങിയിരുന്നെങ്കിൽ ഒരുപക്ഷേ യുദ്ധം അവസാനിച്ചേനെ. യുക്രൈയ്ന്‍റെ ഒരു ഭാഗം ഒരു പക്ഷേ റഷ്യക്ക് കിട്ടിയേനെ. ഒപ്പം നേറ്റൊ അംഗത്വമെന്ന യുക്രൈയ്ന്‍റെ മോഹവും അവസാനിച്ചേനെ. അതായിരുന്നു പുടിന്‍റെ ലക്ഷ്യമെങ്കിൽ. പക്ഷേ, അതല്ല ശരിയായ കാരണമെന്ന അഭിപ്രായം നേരത്തെയുണ്ട്.

ചരിത്രപരമായ തെറ്റുകൾ തിരുത്തുന്നുവെന്ന പുടിന്‍റെ വാക്കുകളാണ് ശ്രദ്ധേയം. പണ്ടേ യുക്രൈയ്ൻ റഷ്യയുടെ ഭാഗമാണെന്ന വാദം ഒരു കാരണമാണ്. പിന്നെ വ്യക്തിപരമായ ചിലത്, ജർമ്മനിയിലുണ്ടായിരുന്ന കാലത്ത്, ബർലിൻ മതിൽ തകരുന്നത് കണ്ടുനിന്ന പഴയ കെജിബി ഉദ്യോഗസ്ഥന് അത് പറഞ്ഞറിയിക്കാനാവാത്ത നഷ്ടബോധമാണ് ഉണ്ടാക്കിയത്. ഇപ്പോൾ പടിഞ്ഞാറ് റഷ്യയുടെ പടിവാതിൽ വരെ നേറ്റോ എത്തിയിരിക്കുന്നു എന്നത് ആ പഴയ നഷ്ടബോധവും ഭീതിയുമാവണം പ്രസിഡന്‍റിന്‍റെ മനസിൽ തോന്നിപ്പിക്കുന്നത്. അതിനൊരു കാരണമുണ്ട്.

1989 -ലെ ബർലിൻ മതിൽ തകർച്ചയ്ക്ക് ശേഷം അന്നത്തെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജെയിംസ് ബേക്കറും സോവിയറ്റ് യൂണിയൻ നേതാവ് ഗൊർബച്ചേവുമായി ഒരു ധാരണയുണ്ടായി. കിഴക്കോട്ട് നേറ്റോ ഒരിക്കലും വരില്ല. എന്ന് വച്ചാൽ കിഴക്കുള്ള രാജ്യങ്ങളെ അംഗങ്ങളാക്കില്ല എന്നർത്ഥം. വാക്കാൽ അങ്ങനെയൊരു ധാരണയുണ്ടായിരുന്നുവെന്ന് സിഐഎ മുൻ ഡയറക്ടർ വില്യം ബേൺസ് (William J. Burns) തന്‍റെ ഓർമ്മക്കുറിപ്പുകളിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ, രേഖകളിലൊന്നും ആരും ഒപ്പിട്ടില്ല.

വാക്ക് പാലിക്കാത്ത യുഎസ്എ

പിന്നീടാണ് സോവിയറ്റ് യൂണിയൻ തകർന്നത്. അതോടെ ലോകക്രമം മാറി. നേറ്റോ വികസിച്ചു. റഷ്യക്ക് ഭീഷണിയല്ലെന്ന് പറയുന്നെങ്കിലും 2022 -ലെ വിലയിരുത്തൽ അനുസരിച്ച് റഷ്യയെ ഭീഷണിയായാണ് കാണുന്നത്. പുടിൻ പറയുന്ന അടിസ്ഥാന കാരണങ്ങൾ ഇതൊക്കെയാണ്. ശീതയുദ്ധത്തിന് ശേഷമുള്ള നേറ്റോയുടെ വികസനം തങ്ങൾക്ക് ഭീഷണിയായി കാണുന്നു ക്രെംലിൻ. മുൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നേറ്റോ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതും ക്രെംലിന് താൽപര്യമല്ല.

ഇതെല്ലാം തിരുത്താനാണ് ഇപ്പോഴത്തെ യുക്രൈയ്ൻ ആക്രമണവും ധാരണകൾക്ക് വഴങ്ങാത്ത നിലപാടും. സമാധാനത്തിനുള്ള തങ്ങളുടെ ആവശ്യങ്ങൾ നിരത്തുന്ന മെമ്മോറാണ്ടം തയ്യാറാക്കുന്നു എന്നാണ് മോസ്കോ പറയുന്നത്. പക്ഷേ, അതെത്ര നാള്‍ എടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 2021 -ൽ റഷ്യ ഒരു കരട് നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. യുക്രൈയ്നുൾപ്പടെയുള്ള രാജ്യങ്ങളെ നേറ്റോ അംഗമാക്കില്ലെന്ന കാര്യം ഉൾപ്പെടുന്ന കരട്. അത് റഷ്യയുടെ തീരുമാനമല്ലെന്ന് നിലപാടെടുത്തു അമേരിക്കയും യൂറോപ്പും. രണ്ട് മാസത്തിന് ശേഷം റഷ്യ യുക്രൈയ്ൻ ആക്രമിച്ചു.

(നേറ്റോ രാഷ്ട്രത്തലവന്മാര്‍/ഗെറ്റി)

നേറ്റോ വികാസം

2008 -ലാണ് യുക്രൈയ്നും ജോർജിയയ്ക്കും അംഗത്വം നൽകാമെന്ന് നേറ്റോ സമ്മതിച്ചത്. നേറ്റോ, യൂറോപ്യൻ യൂണിയൻ അംഗത്വത്തിനുള്ള വഴിതെളിച്ച് കൊണ്ട് 2019 -ൽ യുക്രൈയ്ൻ ഭരണഘടന ഭേദഗതി ചെയ്തു. പക്ഷേ, യുക്രൈയ്ൻ ആക്രമണത്തിന് ശേഷമാണ് കൂടുതൽ രാജ്യങ്ങൾ നേറ്റോയിൽ അംഗമായത്. ഫിൻലൻഡ്, നിഷ്പക്ഷസ്ഥാനത്തായിരുന്ന സ്വീഡൻ എന്നീ രാജ്യങ്ങൾ നേറ്റോയിലേക്ക് തിരിഞ്ഞു.

പുടിൻ ഉദ്ദേശിച്ച കാര്യങ്ങളല്ല നടക്കുന്നത്. പക്ഷേ, അതുകൊണ്ട് തന്നെ എല്ലാം തിരുത്തുന്നതുവരെ യുദ്ധം തുടരാനാവും പുടിന്‍റെ തീരുമാനം. ട്രംപ് ഇപ്പോഴങ്കിലും കാര്യങ്ങൾ മനസിലാക്കിയെന്നതാണ് വിദഗ്ധരുടെ ആശ്വാസം. യുക്രൈയ്ന് കൂടുതൽ ആയുധങ്ങൾ നൽകുന്നത് റഷ്യയുടെ മേലുള്ള സമ്മർദ്ദമാണ്. പക്ഷേ, പുടിനെ ധാരണക്ക് സമ്മതിപ്പിക്കാൻ അതുകൊണ്ട് മതിയാവില്ല.

കലങ്ങിത്തെളിയണം

ഇക്കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കൻ - റഷ്യൻ വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിൽ റഷ്യ ഒരു പുതിയ കാഴ്ചപ്പാട് മുന്നോട്ടു വച്ചു എന്നാണ് മാർകോ റൂബിയോ പറഞ്ഞത്. സെർഗി ലാവ്റോവ് മുന്നോട്ട് വച്ചത് പുതിയ കാഴ്ചപ്പാടാണോ അതോ യുദ്ധം ഇനിയും നീട്ടാനുള്ള തന്ത്രമാണോ എന്നിപ്പോൾ പറയാനാവില്ല. അതേസമയം ട്രുംപുമായി ഒരേറ്റുമുട്ടലിന് പുടിന് താൽപര്യവുമില്ല. ട്രംപിന് ഇപ്പോഴുള്ള യുക്രൈയ്ൻ സ്നേഹം നീണ്ടുനിൽക്കുമെന്നും ഉറപ്പില്ല. ട്രംപ് എന്ന ബിസിനസുകാരന് റഷ്യയുമായി സൌഹൃദത്തിലെത്താനാണ് താൽപര്യം. എല്ലാം എങ്ങനെ ഉരുത്തിരിഞ്ഞുവരുമെന്നത് ഇപ്പോൾ പ്രവചനാതീതവും.