ഗവി യാത്രക്കിടെ കണ്ട പട്ടിണി കോലങ്ങളായ ആദിവാസി കുട്ടികളുടെ ദയനീയാവസ്ഥ, കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജന പ്രഖ്യാപനത്തിന്‍റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ആദിവാസി മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ക്ഷേമപദ്ധതികളുടെ പരാജയവും ചർച്ച ചെയ്യുന്നു.  

കുമളിയില്‍ നിന്ന് പുലര്‍ച്ചെ പത്തനംതിട്ടയ്‌ക്കൊരു ആന വണ്ടിയുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വള്ളക്കടവില്‍ വനം വകുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ മടങ്ങിയത് ആ വണ്ടിയിലാണ്. ഗവി അടക്കമുള്ള വനമേഖലയിലൂടെ ഏതാണ്ട് മുഴുവനായി സഞ്ചരിച്ച് പത്തനംതിട്ടയ്ക്ക് പോകുന്നതിനാല്‍ വളരെ ഉഷാറായിരുന്നു അതിലെ യാത്രക്കാര്‍. 'വന്യമൃഗങ്ങളെ കാണും, കണ്ണും കാതും കൂര്‍പ്പിച്ചിരിക്കണം' എന്ന് ഡ്രൈവറുടെ നിര്‍ദ്ദേശം. യാത്രക്കാരെ കൂടുതല്‍ ആവേശം കൊള്ളിക്കാനെന്നോണം, 'ഇന്നലെയൊക്കെ ധാരാളം മൃഗങ്ങളെ കണ്ടിരുന്നു' എന്നും അദ്ദേഹം പറയുന്നുണ്ട്.

അങ്ങനെ കണ്ണുംകാതും തുറന്ന് ഒരു വനയാത്ര. ആദ്യം മൃഗങ്ങളെയൊന്നും കണ്ടില്ല. ഒടുവില്‍ നേരം പുലര്‍ന്നപ്പോള്‍ ചില ആനകള്‍ മേയുന്നത് കാണാനായി. ഗവിയില്‍ നിറുത്തി അവിടത്തെ കെ.എസ്.ഇ.ബി കാന്‍റീനില്‍ നിന്ന് പ്രഭാത ഭക്ഷണമൊക്കെ കഴിഞ്ഞ് വണ്ടി പുറപ്പെട്ടപ്പോള്‍ ഞാനടക്കം പല യാത്രക്കാരും മയക്കത്തിലേക്ക് വീണു. പമ്പക്ക് കുറുകെയുള്ള അണക്കെട്ടിലൂടെ വണ്ടി മുന്നോട്ട് നീങ്ങവേ ഡ്രൈവര്‍ പെട്ടെന്ന് വണ്ടി നിറുത്തി. 'ആരുടെയെങ്കിലും കൈയ്യില്‍ ബ്രഡോ ബിസ്‌കറ്റോ ഉണ്ടോ?' അദ്ദേഹം ചോദിച്ചു. കുരങ്ങന്‍മാരുടെ കൂട്ടം വന്നിട്ടുണ്ടാകാമെന്നും, അവര്‍ക്ക് കൊടുക്കാനായിരിക്കും എന്നാണ് ഞാനും വിചാരിച്ചത്. കാട്ടിലെ മൃഗങ്ങള്‍ക്ക് ഇങ്ങനെ ഭക്ഷണം കൊടുത്ത് വഷളാക്കരുതെന്നൊക്കെ നമ്മുടെ ക്യാമ്പിലടക്കം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് അന്നേരം മനസ്സില്‍ വന്നതിനാലും അര്‍ദ്ധ മയക്കത്തിലായിരുന്നതിനാലും ഞാന്‍ വലിയ താല്‍പര്യം കാട്ടിയില്ല.

ചങ്ക് പിടഞ്ഞ കാഴ്ച

പക്ഷേ, സഹയാത്രികരുടെ പ്രതികരണം കണ്ടപ്പോള്‍ ഞാന്‍ ജാഗരൂകനായി. ജനല്‍ പാളിയിലൂടെ വെറുതെ പാളി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. തികച്ചും പ്രാകൃതമായ അവസ്ഥയിലുള്ള കുറച്ച് പട്ടിണി കോലങ്ങള്‍. ആദിവാസി കുട്ടികളാണ്. ഉത്തരേന്ത്യയിലൂടെ സഞ്ചരിക്കുമ്പോള്‍ പോലും കാണാത്തത്ര കോലം കെട്ട അവസ്ഥയിലാണവര്‍. അവരെ കണ്ടപ്പോള്‍ ചങ്ക് പിടഞ്ഞു പോയി. മറ്റ് പല യാത്രക്കാര്‍ക്കും അതേ അവസ്ഥ തന്നെയായിരുന്നു. അവരില്‍ പലരും ഉള്ളത് എടുത്ത് നല്‍കി. എന്‍റെ കൈയില്‍ ബ്രഡും ബിസ്‌കറ്റും ഒന്നുമില്ലായിരുന്നു. ഒരു കൂട് കപ്പലണ്ടി മിഠായി മാത്രം. ഞാനതെടുത്ത് നല്‍കി. എനിക്ക് ആ ദയനീയ അവസ്ഥ ചിത്രീകരിക്കണമെന്ന് പിന്നീട് തോന്നി. പക്ഷേ, അന്നേരത്തെ ഞെട്ടലില്‍ അതോര്‍ത്തില്ല. ഒരു പ്രശ്‌നം മുന്നില്‍വന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ പ്രാഥമികമായി കാഴ്ചക്കാരാവണമെന്നതാണ് സാധാരണ രീതി. എന്നാലേ നമ്മള്‍ക്ക് അത് നിക്ഷ്പക്ഷമായി വിലയിരുത്താനാകൂ എന്നാണ് തത്വം. പക്ഷേ, ചിലപ്പോഴെങ്കിലും നമ്മള്‍ അതിൽ പങ്കാളികളാകാറുണ്ട്. അവിടെയും അതാണ് സംഭവിച്ചത്.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം

കേരളത്തില്‍ അതിദരിദ്രരെ നിര്‍മ്മാര്‍ജനം ചെയ്തായി മുഖ്യമന്ത്രി ഇന്ന് കേരളപ്പിറവി ദിനത്തില്‍ നിയമസഭയില്‍ പ്രഖ്യാപനം നടത്തുകയും അത് പ്രഹസനമാണെന്ന് പറഞ്ഞ് പ്രതിപക്ഷം ബിഷ്‌കരിക്കുകയും ചെയ്തത് കണ്ടപ്പോള്‍ എന്തുകൊണ്ടോ കേരളത്തിലിന്നും ജീവിക്കുന്ന ആ കുട്ടികളെയാണ് ആദ്യമോര്‍ത്തത്. പത്രങ്ങളിലത്രയും ജാക്കറ്റ് പരസ്യത്തോടെയാണ് ഈ പ്രഖ്യാപനം. കുറേ ദിവസമായി സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചാ വിഷയവുമാണ് ഇത്. വലിയ കണക്കുകള്‍ നിരത്തി കേരളത്തിന്‍റെ വലിയ നേട്ടമായി ഇതിനെ ഒരു വിഭാഗം ഉയര്‍ത്തി കാട്ടുന്നു. അതിനെ നിരാകരിച്ച് മറുപക്ഷവും. വലിയ പങ്കാളിത്തത്തോടെ കഠിനാദ്ധ്വാനത്തിലൂടെ നടത്തിയ പ്രയത്‌നമായാണ് സര്‍ക്കാര്‍ ഇതിനെ ഉയര്‍ത്തി കാട്ടുന്നത്. (തീര്‍ച്ചയായും അത്തരം ശ്രമങ്ങളെ ചെറുതായി കാണാനാകില്ല).

കഴിഞ്ഞ നൂറ്റാണ്ടിലെ (കഴിഞ്ഞ സഹസ്രാബ്ദത്തിലെയും) ഒടുവിത്തെ ദശാബ്ദത്തില്‍ നടന്ന സമ്പൂര്‍ണ്ണ സാക്ഷരതാ യഞ്ജം നമ്മുടെ അറിവിലുണ്ട്. ഞാനതില്‍ പങ്കെടുത്തിട്ടുള്ള ആളാണ്. അതിന് പിന്നിലെ തീവ്രശ്രമം എനിക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രക്രിയയിലും അത്തരം ശ്രമം നടന്നിട്ടുണ്ടാകും. പക്ഷേ, അതിനെ ഇങ്ങനെ ആഘോഷിക്കേണ്ടതുണ്ടോ? ഇത്തരം സന്ദര്‍ഭത്തില്‍ അതിദരിദ്രരായ കുറെ കുടുംബങ്ങള്‍ക്ക് വീടും ഭക്ഷണവും ചികിത്സയും അടക്കം പ്രയോജനം കിട്ടിക്കാണുമെന്ന കാര്യവും നിഷേധിക്കുന്നില്ല. എന്നാല്‍, ദാരിദ്ര്യത്തെ ഇങ്ങനെ കേവല അക്കാദമികമായി നിര്‍വചിച്ച് പെരുമ്പറ കൊട്ടുന്നതില്‍ കാര്യമുണ്ടോ?

ദുരന്തമായ ആരോഗ്യമേഖല

കാട്ടിലും കടപ്പുറത്തും മാത്രമല്ല വലിയ പട്ടണങ്ങളിലൊക്കെ അതി ദരിദ്രരുണ്ട്. അതിലും വലുതാണ് സാധാരണ കുടുംബങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍. ഏറ്റവും വലിയ പ്രയാസം അസുഖം വന്നാല്‍ ചികിത്സിക്കുന്നതിലാണ്. മെഡിക്കല്‍ കോളേജുകള്‍ അടക്കം നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ പരമദയനീയമാണ് കാര്യങ്ങള്‍. അവിടത്തെ സേവന -വേതന വ്യവസ്ഥയും ബൗദ്ധിക സാഹചര്യങ്ങളിലെ അപര്യാപ്തയും കാരണം നല്ല ഡോക്ടര്‍മാര്‍ പ്രത്യേകിച്ച് ചെറുപ്പക്കാര്‍ അങ്ങോട്ട് വരാന്‍ തയ്യാറാകുന്നില്ല. നിവൃത്തിയില്ലാതെ ഉള്ളതെല്ലാം പണയപ്പെടുത്തി സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കാന്‍ സാധാരണക്കാരും ദരിദ്രരും വരെ നിര്‍ബന്ധിതമായിരിക്കുകയാണ്.

ജാക്കറ്റ് പരസ്യം അതിദാരിദ്ര്യം ഇല്ലാതാക്കില്ല

വീടില്ലാത്തവര്‍ക്ക് വീട് പണിതു നല്‍കിയും, അവയവം മാറ്റി വയ്ക്കല്‍ അടക്കം പല കാര്യങ്ങള്‍ നടത്തിയും സര്‍ക്കാര്‍ അതിദരിദ്രരെ സഹായിക്കുന്നതില്‍ നല്ല പരിശ്രമങ്ങള്‍ നടത്തിയതായി പറയുന്നുണ്ട്. പക്ഷേ, പുതിയ കുടുംബങ്ങള്‍ ദാരിദ്ര്യത്തിലേക്ക് വഴുതി വീഴാതിരിക്കാനുള്ള ഘടനാപരമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറയാന്‍ കഴിയുമോ? മിഥ്യാഭിമാനം ഉള്ളവരാണ് മലയാളികള്‍. അതിനാല്‍ ദാരിദ്ര്യാവസ്ഥ തരണം ചെയ്യാനുള്ള കൈതാങ്ങിനൊരുങ്ങാന്‍ പലര്‍ക്കും മടിയുണ്ട്. നമ്മള്‍ വിപുലമായി നടത്തിയ പരിശോധനയില്‍ ഇത് പൂര്‍ണ്ണമായും കണ്ടെത്തിയെന്ന് എങ്ങനെ പറയാന്‍ കഴിയും? ഇതിനായി സ്വീകരിച്ച സര്‍വേ രീതികള്‍ ഒട്ടും സുതാര്യമല്ല എന്നൊരു മൗലിക പ്രശ്‌നം ഇതോടൊപ്പമില്ലേ? രാജ്യം മുഴുവനുള്ള മാധ്യമങ്ങളില്‍ വലിയ ജാക്കറ്റ് പരസ്യം നല്‍കിയാല്‍ നമ്മുടെ ദാരിദ്ര്യം ഇല്ലാതാകാന്‍ പോകുന്നില്ല.

പൂങ്കാവനത്തിലെ ആദിമ നിവാസികൾ

ഈ ലേഖനം തുടങ്ങിയത് പമ്പ ഉത്ഭവിക്കുന്ന ശബരിമല പൂങ്കാവനത്തിലെ ആദിവാസി കുട്ടികളുടെ പരമദയനീയ അവസ്ഥ ചൂണ്ടിക്കാട്ടിയാണ്. ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പറ്റാതെ, എല്ലും തോലുമായ അവര്‍ വിനോദ സഞ്ചാരികളില്‍ നിന്ന് തെണ്ടുകയായിരുന്നു. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ നിലനിറുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ശബരിമല ക്ഷേത്ര പൂങ്കാവനത്തിലെ ആദിമ നിവാസികളായ കുട്ടികളാണ് ഇങ്ങനെ പരമദാരിദ്ര്യത്തില്‍ കഴിയുന്നത്. ഇപ്പോഴും അവരത് തുടരുന്നുവോയെന്ന് വ്യക്തമല്ല.

മല പണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് ഇവിടുത്തുകാര്‍. 20 വര്‍ഷം മുന്‍പ് റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ അവിടങ്ങളില്‍ പോയപ്പാള്‍ പരമ ദയനീയമായിരുന്നു അവസ്ഥ. താമസം, ഭക്ഷണം, വിദ്യാഭ്യാസം, കുടുംബ ജീവിതം എന്നിവയുടെ കാര്യത്തിലൊക്കെ തീര്‍ത്തും പരിതാപകരമായ അവസ്ഥയിലായിരുന്നു അവര്‍ അന്നും. ഇതൊക്കെ കേരളത്തിലാണോയെന്ന് സംശയം തോന്നും.

മറ്റ് ചിലത് കൂടി ഓർക്കേണ്ടതുണ്ട്

ആദിവാസ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ധാരാളം പണം നമ്മൾ ചെലവഴിക്കുന്നു. ഇപ്പോഴത്തെ ബജറ്റ് പ്രകാരം കണക്ക് കൂട്ടിയാല്‍ ഒരാദിവാസിക്ക് ശരാശരി 17,946 രൂപ വര്‍ഷം തോറും ചെലവാക്കുന്നുണ്ട്. കേരളത്തില്‍ 426,208 ആദിവാസികള്‍ ഉണ്ടെന്നാണ് ഇപ്പോഴത്തെ അനുമാനം. 661 കോടി രൂപയാണ് 2024 - 2025 വര്‍ഷത്തെ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വച്ചത്. ഇതിലും കൂടുതല്‍ തുക നീക്കി വെക്കുന്നുണ്ടാവും. കാരണം എത്രയോ മറ്റ് പദ്ധതികളുമുണ്ട്. ഇത്ര തുക ചെലവഴിച്ചിട്ടും ഭൂരിഭാഗം ആദിവാസികളുടെയും അതിദാരിദ്ര്യാവസ്ഥയ്ക്ക് കാര്യമായ മാറ്റം വന്നില്ലെന്ന് പറയേണ്ടി വരും. ക്ഷേമ പ്രവര്‍ത്തനങ്ങളിലെ അഴിമതി, മദ്യപാനം തുടങ്ങിയ സാമൂഹ്യ തിന്‍മകള്‍ പല കാരണങ്ങളാലും പല ആദിവാസി വിഭാഗങ്ങളെയും നാമാവശേഷമാകുന്ന സ്ഥിതി കേരളത്തിലുണ്ട്. ഇപ്പോഴും അവരുടെ അവസ്ഥക്ക് കാര്യമായ മാറ്റമില്ലെന്നതാണ് വാസ്തവം. ഇത് മറ്റ് വിഭാഗങ്ങള്‍ക്കും ബാധകം തന്നെയാണ്. അതിദാരിദ്യം ഉച്ചാടനം ചെയ്യുമ്പോള്‍ ഇതൊക്കെ ഓര്‍ക്കുന്നത് നല്ലത്.

ഒരാൾക്ക് 180 രൂപയില്‍ കുറവ് വരുമാനം ലഭിക്കുന്നവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. അത്തരത്തിലുള്ള 64,006 കുടുംബങ്ങളെ കണ്ടെത്തി 2021 -ലാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടി നടപ്പാക്കിയത്. ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം, ഉപജീവനം, രേഖകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് സൂക്ഷമ പദ്ധതി തയ്യാറാക്കിയാണിത് പദ്ധതി തുടങ്ങിയത്. ഇതിനായി ഏതാണ്ട് 1,000 കോടി രൂപ ചെലവഴിച്ചു എന്നാണ് കണക്ക്. ഇതില്‍ പ്രധാനം വീട് വച്ച് നല്‍കലാണ്. അപ്പോള്‍ പ്രത്യക്ഷത്തില്‍ അവര്‍ ദാരിദ്ര്യ മുക്തരായെന്ന് തോന്നാം. ഭവന നിമ്മാണത്തിലാണ് നാം മലയാളികള്‍ ഏറ്റവും അധികം തുക ചെലവഴിക്കുന്നത്. പക്ഷേ, നല്ല വീടുണ്ടെന്ന് കരുതി ദാരിദ്ര്യമുക്തമായ തുടര്‍ ഉപജീവനം സാധ്യമാകില്ല. സമൂഹത്തിലെ പാര്‍ശ്വവതരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ -പ്രതേകിച്ച് ആദിവാസികള്‍ക്കിടയില്‍ -സുസ്ഥിരമായ ദാരിദ്ര്യ നിര്‍മ്മാര്‍ജനം സാധ്യമായിട്ടില്ലെന്ന് സാമൂഹ്യ വിമര്‍ശകര്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ പല വീടുകളും ആദിവാസികള്‍ക്ക് ഉപയോഗിക്കാനാവാത്ത കാഴ്ചയാണ് കാണുന്നത്.

ഇടമലക്കുടി

പട്ടിക വര്‍ഗ്ഗ പ്രദേശമായ ഇടമലക്കുടി തന്നെ വലിയ ഉദാഹരണം. അവിടെ കെട്ടിപ്പൊക്കിയ പല പദ്ധതികളും ആ ഫണ്ട് തീര്‍ന്നപ്പോള്‍ തകിടം മറിഞ്ഞതായി ആ രംഗത്തുള്ളവര്‍ തന്നെ പറയുന്നു. അവിടെ അതിജീവനം സാധ്യമായിരുന്നത് ഏകാധ്യാപക വിദ്യാലയങ്ങള്‍ വഴിയായിരുന്നു. ഇത് കുട്ടികളുടെ മാത്രമല്ല, ഒരു പരിധിവരെ മുതിര്‍ന്നവരുടെയും ആശ്രയ ഇടമായിരുന്നു. ഇവയില്‍ ഭൂരിപക്ഷവും നിറുത്തലാക്കുകയും സൊസൈറ്റിക്കുടിയിലെ സ്‌കുളിലേക്ക് കുട്ടികളെ മാറ്റുകയും ചെയ്തു. സന്നദ്ധ പ്രവര്‍ത്തകര്‍ കൂടിയായ ഏകാധ്യാപകരായിരുന്നു സര്‍ക്കാറിനും ആദിവാസികള്‍ക്കുമിടയിലെ പാലം. അവരെ പിരിച്ചുവിടുകയോ തൂപ്പൂകാരക്കി മാറ്റുകയോ ചെയ്തതോടെ എല്ലാം തകിടം മറിഞ്ഞു.

ദുര്‍ഘടമായ ഊരുകള്‍ താണ്ടി സൊസൈറ്റി കുടിയിലേക്ക് കുട്ടികള്‍ എത്തുക പ്രയാസമാണ്. അവിടെ ഹോസ്റ്റല്‍ സൗകര്യം പരിമിതമാണ്. ആവശ്യത്തിന് പോയിട്ട് പലപ്പോഴും അധ്യാപകര്‍ ഉണ്ടാകാറില്ല. മുന്‍വര്‍ഷം 72 കുട്ടികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2024-25 -ല്‍ 54 ആയി ചുരുങ്ങി. ഇതും കണക്കുകളില്‍ മാത്രമാണ്. പലപ്പോഴും അവരൊന്നും സ്‌കൂളില്‍ വരാറില്ല. ഇത്രയും വര്‍ഷമെടുത്ത് കെട്ടിപൊക്കിയ നേട്ടങ്ങള്‍ അങ്ങനെ ഒറ്റയടിക്ക് കൈവിട്ടു പോകുന്ന കാഴ്ചയുടെ ഉദാഹരണമാണ് ഇടമലക്കുടി. സമാനമാണ് പല ആദിവാസി ഊരുകളികളിലെയും അവസ്ഥ. അതിന്‍റെയൊക്കെ പ്രതിഫലനമാണ് ഗവിയിലെ പമ്പാ അണക്കെട്ടിന് കുറുകെ നാം കണ്ട എല്ലും തോലുമായ ആദിവാസി കുട്ടികള്‍.