പ്രഷർ കുക്കറുകൾ സുരക്ഷിതമാക്കിയ ഗാസ്കറ്റ് റീലീസ് സിസ്റ്റം കണ്ടുപിടിച്ചത് ടി ടി ജഗന്നാഥനാണ്. തന്റെ കണ്ടുപിടുത്തത്തിന് പേറ്റന്റ് എടുക്കാതെ എല്ലാ നിർമ്മാതാക്കൾക്കും ഉപയോഗിക്കാൻ അദ്ദേഹം അനുവാദം നൽകി. 

ന്ന് പ്രഷ‌ർ കുക്കർ ഉപയോഗിക്കാത്ത വീടുകൾ കുറവാണ്. കഞ്ഞിയും പയറും വയ്ക്കാനോ ഇറച്ചി വേവിക്കാനോ ഒക്കെ ഇത് നമുക്ക് ഇന്നിത് അനിവാര്യമാണ്. 17-ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ കണ്ടു പിടിച്ചതാണ് ഇതിന്റെ ആദ്യ രൂപം. ഇത് നമുക്ക് പ്രചാരത്തിലായത് സമീപകാലത്താണന്ന് മാത്രം. ആദ്യ കാലങ്ങളിൽ പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ അത് പൊട്ടിതെറിക്കുക വലിയ വെല്ലിവിളിയായിരുന്നു. അടച്ചു പൂട്ടിയ പാത്രത്തിലെ ആവിയുടെ സമ്മർദ്ദം കൊണ്ടാണ് വേഗത്തിൽ പാചകം ചെയ്യാൻ കഴിയുന്നത്. സമയ- ഇന്ധന ലാഭം എന്ന മേൽകോയ്മ ഉണ്ടായിരുന്നുവെങ്കിലും ഈ സുരക്ഷാ പ്രശ്നം കാരണം പലരും ഇത് ഉപയോഗിക്കാൻ മടിച്ചു. സമ്മർദ്ദം ഏറുമ്പോൾ അധിക ആവി സുരക്ഷിതമായി പുറത്ത് പോകാൻ സാധിക്കുന്ന സമ്പ്രദായമായ സേഫ്റ്റി ഗാസ്കറ്റ് കണ്ടുപിടിച്ചതോടെയാണ് പ്രഷർ കുക്കിന് ഇന്ത്യയിൽ ഇത്ര പ്രചുര പ്രചാരം ലഭിച്ചത്. പ്രഷർ കുക്കറിന് മുകളിലെ വെയിറ്റും സ്ഫേറ്റി പ്ളഗും പലപ്പോഴും കൃത്യമായി പ്രവർത്തിച്ചിരുന്നില്ല. കുക്കറിന്റെ അടപ്പിലെ വശത്ത് ഒരു വിടവ് ഉണ്ടാക്കി അവസാനമായി പ്രഷർ റിലീസ് ചെയ്യുന്നതായിരുന്നു ജഗന്നാഥന്റെ അധിക സൃഷ്ടി. 

നമ്മൾ റബർ വാഷർ ഇട്ട് മൂടി അടയ്ക്കുമ്പോൾ അതിന് പിന്നിലുള്ള വിടവിന്റെ ഉദ്ദേശം ഇതാണ്. സമ്മർദ്ദം അധികമായാൽ മൂടിയുടെ വശങ്ങളിൽ കൂടി ആവി നുരഞ്ഞു പോകുന്നത് കണ്ടിട്ടുണ്ടാകുമല്ലോ. ഗാസ്കറ്റ് റീലീസ് സിസ്റ്റം എന്നാണ് ഇതിനെ അദ്ദേഹം വിളിച്ചത്. അത് കണ്ടുപിടിച്ചത് ടി ടി ജഗന്നാഥനാണ്. പക്ഷേ അദ്ദേഹം ചെയ്ത മഹത്തായ കാര്യം അതിന് പാറ്റന്റ്റ് എടുത്തില്ലെന്നതായിരുന്നു. തന്റെ പ്രസ്റ്റീജ് ബ്രാൻഡിന് പുറമേ പ്രഷർ കുക്കറുകൾ സുരക്ഷിതമാക്കാൻ എല്ലാ നിർമ്മാതാക്കളും ഇത് ഉപയോഗിച്ചോട്ടേ എന്നതായിരുന്നു ആ തീരുമാനത്തിന് പിന്നിൽ. 

1856ലും 1964ലുമായി ഇന്ത്യയുടെ ധനകാര്യ മന്ത്രിയായ ടി ടി കൃഷ്ണമാചാരിയാണ് ടി ടി കെ എന്ന സ്ഥാപനം തുടങ്ങിയത്. കൃഷ്ണണമാചാരിയുടെ കൊച്ചുമകനാണ് ഒക്ടോബ‍ർ പത്തിന് അന്തരിച്ച ടി ടി കെ എമിറേറ്റസ് ചെയ‍‍ർമാനായ ടി ടി ജഗന്നാഥൻ. മദ്രാസ് ഐ.ഐ ടി യിൽ നിന്ന് സ്വർണ്ണ മെഡലോടെ എൻജിനീയറിങ്ങ് പാസായി അമേരിക്കയിലെ കോർണ്ണൽ സർ‍വ്വകലാശാലയിൽ നിന്ന് പി എച്ച് ഡി എടുത്ത് അവിടെയായിരുന്നു ജഗന്നാഥൻ. അദ്ദേഹത്തിന്റെ അച്ഛൻ ടി ടി നരസിംഹനായിരുന്നു കമ്പനി ആ സമയത്ത് നടത്തികൊണ്ടിരുന്നത്. പക്ഷേ അപ്പോഴത്തേക്കും കമ്പനി തകർച്ചയുടെ പാതയിലെത്തിയിരുന്നു. അച്ഛൻ മകനെ അമേരിക്കയിൽ നിന്ന് വിളിച്ചു കൊണ്ടു വന്ന് കമ്പനിയുടെ ചുമതല ഏൽപ്പിച്ചു. തകർച്ചയിലായ കമ്പനിയെ സമർത്ഥമായി 1975 മുതൽ നയിച്ച ജഗന്നാഥനാണ് ടി ടി കെയെ ബില്യൻ ഡോളർ ബൃഹത് സ്ഥാപനമായി മാറ്റിയെടുത്തത്. 

കേലവം കച്ചവട നേതൃത്വം നൽകൽ മാത്രമല്ല സാങ്കേതിക ഗവേഷണ മേഖലകളിൽ ശക്തായ ദിശാബോധം മുന്നിട്ടിറങ്ങി നിർവഹിക്കാൻ ടി ടി ജഗന്നാഥന് കഴിഞ്ഞു. നല്ലൊരു പാചകക്കാരൻ കൂടിയായിരുന്നു ജഗന്നാഥൻ. അത് കൊണ്ടാണ് തനിക്ക് പ്രസ്റ്റീജിനെ ഈ വിധം വളർത്തിയെടുക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പാചകത്തിന്റെ രസമുകളങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ പാചക ഉത്പന്ന ഉപകരണങ്ങൾ നന്നായി നിർമ്മിക്കാൻ കഴിയൂവെന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വശാസ്ത്രം. ഇതിനാൽ കമ്പനി മാനേജർമാരെയും എക്സിക്യൂട്ടിവുകളെയും പാചകം മനസ്സിലാക്കാൻ അദ്ദേഹം പ്രേരിപ്പിച്ചിരുന്നു.

നമ്മുടെ ശ്രീചിത്ര ഗവേഷണ ആശുപത്രിയിൽ വികസിപ്പിച്ച ശ്രീചിത്ര ഹൃദയ വാൽവ് വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ചത് ടി ടി കെ ഗ്രൂപ്പാണ്. ഇതടക്കം നിരവധി ബ്രാൻഡുകളും ഉത്പന്നങ്ങളും കെട്ടിപെടുക്കാൻ ടി ടി കെ ജഗന്നാഥന് സാധിച്ചു. ഉദാരവത്കരണത്തിന് മുൻപ് തന്നെ ഇന്ത്യയിലേക്ക് സംഘടിത രൂപത്തിൽ വിദേശ ഉത്പന്നങ്ങളുടെ വിപണനം സാധ്യമാക്കിയത് ടി ടി കെ ഗ്രൂപ്പാണ്. ലോകപ്രശസ്ത ബ്രാൻഡുകളയ കാഡ്ബറീസ്, കിവി, ലൈഫ്ബോയ്, ലക്സ്, ബ്രിൽക്രീം, കെല്ലോഗസ്, ഹോർലിക്സ് എന്നിവയടക്കം നിരവധി വിദേശ ബ്രാൻഡുകൾ ആദ്യമായി ഇന്ത്യൻ വിപണയിലെത്തിച്ചത് ടി ടി കെയാണ്. അതിനെല്ലാം സമർത്ഥമായി നേതൃത്വം നൽകി ടി ടി കെ ജഗന്നാഥൻ 82-ാം വയസ്സിൽ ഇന്നലെ ( 10 ഒക്ടോബർ 25 ) ബംഗലൂരൂവിലായിരുന്നു അന്തരിച്ചത്.