ഒമാൻ തീരത്തെ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹോർമൂസ് കടലിടുക്കിൽ ഇറാൻ പിടിമുറുക്കുന്നു. അമേരിക്കൻ സൈനിക മുന്നറിയിപ്പുകൾക്കും, ഭിന്നതകൾ നിറഞ്ഞ നയതന്ത്ര ചർച്ചകൾക്കുമിടയിൽ ഗൾഫ് മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
ഒമാൻ തീരക്കടലിൽ ഒരു കപ്പൽ ആക്രമിക്കപ്പെട്ടു. ജീവനക്കാർ സുരക്ഷിതരാണ്, കപ്പലിന് കാര്യമായ കേടുപാടില്ല. യാത്ര തുടരുകയും ചെയ്തു. പക്ഷേ, തൊട്ടുപിന്നാലെ അമേരിക്ക ഹോർമൂസിന് ചുറ്റുമുള്ള ഇറാന്‍റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു. കരാർ ലംഘിച്ചു, വിഢ്ഢിത്തം എന്നാണ് ട്രംപ് പ്രതികരിച്ചത്. വലിയൊരു സൈനിക നടപടിയല്ല. പക്ഷേ, ഇറാനുള്ള മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് ആക്രമണമുണ്ടായത്. ഹോർമൂസ് ആയുധമാക്കുകയാണ് ഇറാൻ.
ഹോർമൂസ് കടക്കാൻ ചുങ്കം വേണം
തങ്ങളുടെ അനുമതിയില്ലാതെ ആരും ഹോർമൂസ് കടക്കരുതെന്നാണ് ഇറാന്‍റെ നിലപാട്. ഒമാന്‍റെയോ International Maritime Organization -ന്‍റെയോ മാത്രം അനുമതി പോര. ഇറാൻ, കപ്പൽ ആക്രമിച്ചതോടെ 11,000 നാവികരെ പുറത്തെത്തിക്കാനുള്ള ദൗത്യം ഐക്യരാഷ്ട്ര സംഘടന തൽകാലത്തേക്ക് നിർത്തിവച്ചു. ഇതിനിടെ മാർകോ റൂബിയോ ഗൾഫിലെത്തി. ജെഡി വാൻസ് സ്വിറ്റ്സർലന്റിലും. രണ്ട് പ്രത്യേക ദൗത്യങ്ങൾ. രണ്ടുപേരുടെയും പ്രതികരണങ്ങളിലെ ചില വൈരുദ്ധ്യങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്.
ഹോർമൂസ് കടക്കാൻ ചുങ്കം നൽകേണ്ടിവരുമെന്ന നിലപാട് ആവർത്തിക്കുന്നുണ്ട് ഇറാൻ. 60 ദിവസത്തേക്ക് മാത്രമേ സൗജന്യ യാത്രയുള്ളു. ഇക്കാലത്തും ഇറാനുമായി ധാരണയിലെത്തിയ ശേഷമേ യാത്ര അനുവദിക്കൂ. അങ്ങനെയല്ലാതെ പോകാൻ ശ്രമിച്ച കപ്പലിലാണ് ഇറാനിയൻ ഡ്രോൺ വീണത്. ഹോർമൂസ് ഇനി ഇറാന്‍റെ അധീനതയിലേ പ്രവർത്തിക്കൂ എന്നുറപ്പിക്കാനാണ് ഇറാന്‍റെ പുറപ്പാട്. അമേരിക്കയ്ക്കും ഗൾഫ് രാജ്യങ്ങൾക്കും മാത്രമല്ല, മറ്റ് രാഷ്ട്രങ്ങൾക്കും തീരെ താൽപര്യമില്ലാത്ത കാര്യം.

(മാർക്കോ റൂബിയോ)
ധാരണയിലൊപ്പിട്ട ശേഷം തുറന്ന ഹോർമൂസ്, ലബനൺ ആക്രമണത്തെത്തുടർന്ന് ഇറാൻ അടച്ചു. പിന്നെയും തുറന്നു. കപ്പൽ ഗതാഗതം പഴയ നിലയിലെത്തിയിട്ടില്ല. എങ്കിലും കൂടിയിട്ടുണ്ട്. ഇറാന്‍റെ അനുമതിപത്രത്തോടെ മാത്രമേ കടലിടുക്കിന്‍റെ 23 മൈൽ വീതിയുള്ള വടക്കൻ ഇടനാഴി കടക്കാൻ പറ്റൂ. 60 ദിവസം കഴിഞ്ഞാൽ ഇറാനും ചിലപ്പോൾ ഒമാനും ചുങ്കം ഏർപ്പെടുത്തിയേക്കും. ബാരലിന് 1 ഡോളർ ആയാൽപ്പോലും മില്യണുകളാവും ഒരൊറ്റ ടാങ്കറിൽ നിന്നുള്ള വരുമാനം പോലും. അമേരിക്ക നിഷേധിക്കുന്നു. തർക്കം തുടരുകയാണ്.
ആണവോർജ എജൻസി
ആണവോർജ എജൻസിയുടെ പരിശോധനയിലാണ് മറ്റൊരു തർക്കം. ഇറാൻ സമ്മതിച്ചു എന്ന് IAEA -യും അമേരിക്കയും ഉറപ്പിച്ച് പറയുന്നു. പരിശോധനകൾ ആണവ നിർവ്യാപന കരാറിലൊപ്പിട്ട സമയത്തേ സമ്മതിച്ചതാണെന്നും അത് പക്ഷേ, അന്തിമ ധാരണയൊപ്പിട്ട ശേഷമേ നടക്കൂവെന്നുമാണ് ഇറാന്‍റെ നിലപാട്.
ലബനൺ
ലബനണിലും കാര്യങ്ങൾ നൂൽപ്പാലത്തിലാണ്. ധാരണയിൽ തങ്ങൾ പങ്കാളിയല്ലെന്ന ഇസ്രയേലിന്‍റെ നിലപാട് അമേരിക്കയ്ക്ക് പഥ്യമായിട്ടില്ല. അത് ട്രംപ് പരസ്യമാക്കുകയും ചെയ്തു. ഇസ്രയേൽ പിൻമാറിയാൽ ഇറാൻ പിന്നെയും ഹെസ്ബുള്ളയെ ശക്തരാക്കുമെന്ന സംശയം ഇസ്രയേലിന് മാത്രമല്ല താനും.
രണ്ട് പേർ, വിരുദ്ധ അഭിപ്രായങ്ങൾ; ആശയകുഴപ്പം സൃഷ്ടിക്കാൻ യുഎസ്
ഇതിനെല്ലാം ഇടയിലാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഗൾഫ് രാജ്യങ്ങളിലെത്തിയത്. അമേരിക്കൻ - ഇസ്രയേൽ ആക്രമണത്തിന് പകരമായി ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാന്‍റെ നടപടി. ഗൾഫ് മേഖലയെ മാത്രമല്ല, അമേരിക്കയെയും ഞെട്ടിച്ചു. അമേരിക്കയുടെ സുരക്ഷാ ഉറപ്പുകൾ ഫലം കാണാതെ പോയതായിരുന്നു ഏറ്റവും വലിയ ആഘാതം. അമേരിക്കയുമായുള്ള ബന്ധത്തിന് ക്ഷതമേൽക്കുമെന്ന് പ്രവചിക്കപ്പെട്ടു. ഇതെല്ലാം പരിഹരിക്കാനായിരുന്നു റൂബിയോയുടെ സന്ദർശനം. അതേസമയം വാൻസിന്‍റെ സ്വിറ്റ്സലാൻഡ് യാത്ര ഇറാനിയൻ സംഘവുമായുള്ള ചർച്ചകൾക്കാണ്.

(ജെ ഡി വാൻസ്)
ഇസ്രയേലും ഇറാനുള്ള നഷ്ടപരിഹാരവും
ഇവരുടെ രണ്ടുപേരുടെയും അഭിപ്രായങ്ങളിലെ ഭിന്നതകളാണ് ശ്രദ്ധിക്കപ്പെട്ടത്. ധാരണയെ വിമർശിക്കുന്ന ഇസ്രയേലിനെ വാൻസ് വിമർശിക്കുന്നു. അമേരിക്കൻ സമാധാനശ്രമത്തെ ഇസ്രയേലിന്‍റെ ആക്രമണങ്ങൾ ബാധിക്കുന്നുവെന്നും പറഞ്ഞത് വൈറ്റ് ഹൗസിൽ വച്ചാണ്. അതേസമയം റൂബിയോ ഇസ്രയേലിന്‍റെ ലബനൺ ആക്രമണത്തെ പ്രതിരോധിച്ചു. ഗൾഫ് സന്ദർശനത്തിനിടെ. വാൻസിന്‍റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയും പറഞ്ഞില്ല. ഗൾഫ് രാജ്യങ്ങൾ ഇറാന് 300 ബില്യൺ നൽകുമെന്ന് വാൻസ്. അത് വളരെക്കഴിഞ്ഞുമാത്രം പരിഗണിക്കപ്പെടുന്നതെന്ന് റൂബിയോ. ഇറാൻ - യുഎസ് പ്രത്യേക ധാരണയിൽ സൂചന നൽകിയ വാൻസ്, ഇറാനിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ സംഘർഷം ലഘൂകരിക്കാനുള്ള മധ്യസ്ഥനായി ഖത്തറിലേക്ക് ക്ഷണിച്ചുവെന്നും സൂചിപ്പിച്ചു. പെന്‍റഗണാണ് ഈ ഉദ്യോഗസ്ഥനുമായി ചർച്ച നടത്തുകയെന്നും കൂട്ടിച്ചേർത്തു.
ഈ ഭിന്നതകളോട് വൈറ്റ് ഹൗസ് പ്രതികരിച്ചത് പ്രസിഡന്‍റിനൊപ്പമാണ് എല്ലാവരും എന്നാണ്. രണ്ട് ക്യാമ്പില്ല, ഒരൊറ്റ ക്യാമ്പേയുള്ളൂവെന്നും. റൂബിയോയും വാൻസും 2028 -ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനാർത്ഥികളാകാനുള്ള സാധ്യത ഇതിനോട് ചേർത്തുവായിക്കുമ്പോൾ അർത്ഥം പലതാണ്. ഭിന്നതയും ആസൂത്രിതം എന്നും വായിക്കാം, വേണമെങ്കിൽ. സാഹചര്യമനുസരിച്ച് അഭിപ്രായം മാറ്റുന്നത് പ്രസിഡന്‍റിനും പതിവാണെന്ന വസ്തുത കണക്കിലെടുത്താൽ.


