കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

വീട്ടില്‍ നിന്ന് പത്ത് മിനിറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരത്തിലുള്ള അയിരൂര്‍ എയ്ഡഡ് യു.പി സ്‌ക്കൂളിലായിരുന്നു അഞ്ച് മുതല്‍ ഏഴ് വരെ എന്റെ വിദ്യയും അഭ്യാസവും. അന്ന് സ്‌ക്കൂളിലെ ജീപ്പിലായിരുന്നു  പൊയ്ക്കൊണ്ടിരുന്നത്. ഏഴാം ക്ലാസ്സിലായപ്പോള്‍,  ഇനി തൊട്ട്  ഞാനും ഫൈസേം വീടിനടുത്തുള്ളതും ഒരേ സ്‌ക്കൂളില്‍ പഠിക്കുന്നതുമായ കൂട്ടുകാരികള്‍ അമൃതേന്റേം ഫാരിന്റേം കൂടെ നടന്ന് പൊയ്ക്കാളാംന്ന് പറഞ്ഞ് സ്‌ക്കൂള്‍ ജീപ്പ് ഒഴിവാക്കി. വലിയ കുട്ടിയായി ഇനി നടന്ന് പോവാം എന്ന ത്വരയായിരുന്നു അതിന്റെ  പിന്നില്‍ (ഛെ വേണ്ടായിരുന്നു എന്ന് പിന്നെ തോന്നിയെങ്കിലും സ്വയമെടുത്ത തീരുമാനമായത് കൊണ്ട്  ഉമ്മാന്റെ മടല് വെട്ടിയുള്ള അടി ഒഴിവാക്കാന്‍ പിന്നെ തിരുത്താന്‍ പോയില്ല.) അങ്ങനെ നേരത്തെ സ്‌ക്കൂളിലെത്തിയിരുന്ന അമൃതേം ഫാരീം പിന്നെ ഇടക്കിടക്ക് ഞങ്ങളെ കാത്ത് നിന്ന് നേരം വൈകിക്കൊണ്ടിരുന്നു.

കണക്ക് പഠിപ്പിക്കുന്ന ശശി മാഷിന്റെ നുള്ളല്ലാത്ത ഒന്നും എന്നെ അവിടെ പേടിപ്പിച്ചിട്ടില്ല.

അവിടെ എന്റെ കൂടെ ഏഴ് ഡി ക്ലാസ്സില്‍ പഠിക്കുന്ന ഒരു ചെക്കനുണ്ടായിരുന്നു. ഇരുനിറത്തില്‍ ഇത്തിരി ഉരുണ്ടിരിക്കുന്ന ശരീരവും ഇട തൂര്‍ന്ന മുടിയും ഒക്കെയായി ഒരു കൊച്ചു സുന്ദരന്‍. അരുണ്‍. പരസ്പരം അധികം സംസാരിക്കാറില്ലെങ്കിലും കണ്ണുകളിലേക്ക് നോക്കുമ്പോഴൊക്കെ ഞാനും അവനും വിടര്‍ന്നതും വിടരാത്തതും തണുത്തതും ഒക്കെയായ ചിരികള്‍ കൈമാറിക്കൊണ്ടേയിരുന്നു. ക്ലാസില്‍ യൂണിഫോം  ട്രൗസറിട്ട് വരുന്നതിന്റെ കൗതുകം എനിക്കവനെക്കുറിച്ചുണ്ടായിരുന്നു.
ഏഴ് ഡി യിലെ വേറെയാരെങ്കിലും ട്രൗസറിട്ട് വന്നതായി ഓര്‍മ്മയിലില്ല.

അങ്ങനെയാണ് സ്‌ക്കൂളില്‍ നിന്നും ടൂറ് പോവുന്ന ദിവസമെത്തിയത്. അതിരപ്പള്ളി-വാഴച്ചാല്‍ എന്നിവിടങ്ങളിലേക്കായിരുന്നു ആ ടൂര്‍. അരുണും ഉണ്ടായിരുന്നു ടൂറിന്. അങ്ങനെ കുഞ്ഞുകാലത്തെ മൊത്തം കൗതുകവും മനസ്സില്‍ നിറച്ച് ഇത് വരെ കാണാത്ത സ്ഥലം കാണാനുള്ള ആവേശത്തില്‍ ഞാനും ബസില്‍ ചാടിക്കേറിയിരുന്നു. ബസ്സ് നീങ്ങിത്തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് എന്റെ നേര്‍ക്ക് അപ്പുറത്തെ സീറ്റില്‍ നിന്നും ഒരു കൈ നീണ്ട് വന്നത്. നോക്കുമ്പോ അരുണാണ് .നീട്ടിയ കയ്യില്‍ ഒരു പാക്കറ്റ് മിക്‌സ്ച്ചറും ചുണ്ടിലൊരു കുഞ്ഞു ചിരിയുമായി അവനെന്നെ നോക്കുന്നു.

പക്ഷേ  ആങ്കുട്ട്യോളോട് അധികം മിണ്ടാന്‍ പാടില്ലെന്ന അന്നത്തെ ചിന്തയാണോ ടീച്ചര്‍മാര് കണ്ടാ ചീത്ത പറയുമോയെന്ന് പേടിച്ചിട്ടാണോ ചിരിച്ച് കൊണ്ട് ഞാനത് വേണ്ടെന്ന് പറഞ്ഞു. ടീച്ചര്‍ക്ക് കൊടുത്തോ എന്ന് കൂട്ടിപ്പറയുകയും ചെയ്തു. സദാചാര ബോധത്തിന്റെ അംശം എനിക്കന്നുണ്ടായിരുന്നു എന്ന് വലുതായപ്പോള്‍ ആ സംഭവം എന്നെ ഓര്‍മ്മിപ്പിച്ച് കൊണ്ടിരുന്നു.

ഓണാഘോഷപ്പരിപാടിക്ക് സദ്യയൊരുക്കാന്‍ പച്ചക്കറി കൊണ്ട് പോവുക എന്നൊരു സമ്പ്രദായം അന്ന് ഞങ്ങടെ സ്‌ക്കൂളിലുണ്ടായിരുന്നു. അപ്പോഴും ഇപ്പോഴും എനിക്ക് വീട്ടില്‍ ചോദിച്ചാല്‍ ഏറ്റവും എളുപ്പത്തില്‍ കിട്ടുന്നത് തേങ്ങയായത് കൊണ്ട് അന്നും ഞാന്‍ കൊണ്ട് പോയത് തേങ്ങയാണെന്ന് തോന്നുന്നു. അപ്പോഴും ഞങ്ങളെ ഞെട്ടിച്ചത് അരുണായിരുന്നു. വലിയൊരു മത്തങ്ങയും കൊണ്ടാണ് അന്നാ ഓണാഘോഷത്തിന് അരുണ്‍ വന്നത്.

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും പഠിച്ച സ്‌ക്കൂളിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ട്രൗസറിട്ട് വരുന്ന ആ തടിച്ച കുട്ടിയുടെ കുഞ്ഞു ചിരിയാണ്. ഒരു ഗ്രൂപ്പ് ഫോട്ടോ പോലും എടുക്കാത്ത ക്ലാസ്സായിരുന്നു ഞങ്ങളുടേത്. കഴിഞ്ഞ കാലത്തിനിടക്ക് കാണാന്‍ തോന്നിയിട്ടുള്ളതും അവനെയാണ്..

അടുത്തെവിടെയോ അവനുണ്ടാവും.

അവനെന്നെ ഓര്‍ക്കാന്‍ വഴിയുണ്ടാവില്ല. പരസ്പരം നോക്കി ചിരിച്ചു കൊണ്ടിരുന്ന രണ്ട് പേര്‍ എന്നതിനപ്പുറത്തേക്ക് ഞങ്ങള്‍ തമ്മില്‍ ഒന്നുമില്ലായിരുന്നല്ലോ..
എന്റെ കൈദൂരത്തിലെവിടെയോ അവനുണ്ട്. എന്നെങ്കിലും അപ്രതീക്ഷിതമായി ഞങ്ങളൊരിക്കല്‍ കൂട്ടി മുട്ടുമായിരിക്കും. 

അന്നവനെന്നെ നോക്കി ചിരിക്കുമ്പോള്‍ ഞാനാ പഴയ പന്ത്രണ്ട് വയസ്സുകാരനെ തിരഞ്ഞ് പോവും...

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം