നേപ്പാളിലെ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ആഡംബര ജീവിതത്തിനെതിരെ ജൻസീ തലമുറ സമൂഹ മാധ്യമങ്ങളിൽ തുടങ്ങിയ #NepoKid ഹാഷ്ടാഗ് പ്രതിഷേധം നേപ്പാളിൽ വലിയ കലാപത്തിനാണ് വഴിവെട്ടിയത്. സർക്കാർ, സമൂഹ മാധ്യമങ്ങൾ നിരോധിച്ചതോടെ പ്രതിഷേധം അണപൊട്ടി.വായിക്കാം ലോകജാലകം.
ഹാഷ്ടാഗ് നെപ്പോ കിഡ്സ്. ഒരു രാജ്യം കത്തിയെരിഞ്ഞത് ഈ ഹാഷ്ടാഗിന്‍റെ ബാക്കി പത്രമായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ആഡംബര ജീവിതത്തെ പരിഹസിച്ച് തുടങ്ങിയ ഹാഷ്ടാഗ്. അതുപോലെ വേറെയും ഹാഷ്ടാഗുകളും മീമുകളും പ്രചരിച്ചു. ജനം വൻതോതിൽ അവയെല്ലാം ഏറ്റെടുത്തു. അപകടം മണത്ത സർക്കാർ സമൂഹ മാധ്യമങ്ങൾ നിരോധിച്ചു. രാജ്യത്ത് രജിസ്റ്റർ ചെയ്തില്ലെന്നായിരുന്നു വിശദീകരണം. അതോടെ പ്രതിഷേധം അണപൊട്ടി. 'ജൻസീ' എന്ന ഓമനപ്പേരുള്ള തലമുറ അതേറ്റെടുത്തു പക്ഷേ, പെട്ടെന്ന് കാര്യങ്ങൾ കൈവിട്ടുപോയി. ജനക്കൂട്ടം പാർലമെന്‍റ് മന്ദിരം കത്തിച്ചു. പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു. 65-കാരനായ ധനകാര്യ മന്ത്രിയെ തെരുവിലൂടെ ഓടിച്ചിട്ട് തല്ലി. അതോടെ സൈന്യം ഇറങ്ങി. ഇത് തങ്ങളുടെ സമരമല്ലെന്ന് പറഞ്ഞ് ജൻസീയും പിൻമാറി. ഒടുവിൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി (K.P.Sharma Oli) രാജിവച്ചു. ഇടക്കാല പ്രധാനമന്ത്രിയായിരിക്കുന്നത് ജൻസീ നേതാക്കൾ നിർദ്ദേശിച്ച വനിത. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കെ (Sushila Karki).
നിയമാനുശ്രുതമല്ല
തെക്കനേഷ്യൻ രാജ്യമായ നേപ്പാളിൽ ജനസംഖ്യയുടെ 56 ശതമാനവും 30-ന് താഴെ പ്രായമുള്ളവരാണ്. അതിൽ ഏറ്റവും കൂടുതൽ 15-നും 19-നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് കണക്കുകൾ. ജൻസീക്കാർ അവരുടെ മാത്രമല്ല, എല്ലാവരുടെയും ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്തതാണ് സമൂഹ മാധ്യമങ്ങൾ. തെക്കൻ ഏഷ്യയിൽ നേപ്പാൾ ഏറ്റവും കൂടുതൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന രാജ്യമായത് വെറുതെയല്ല. പക്ഷേ, സർക്കാർ ഒറ്റയടിക്ക് 26 പ്ലാറ്റ്ഫോമുകൾ നിരോധിച്ചു.വാട്‌സ്ആപ്പ് (WhatsApp), ഇൻസ്റ്റാഗ്രാം (Instagram), ഫേസ്ബുക്ക് (Facebook) അങ്ങനെ ഒരു നിര. കാരണമായി പറഞ്ഞത് വാർത്താ വിനിമയ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തില്ലെന്നാണ്. രജിസ്റ്റർ ചെയ്ത ടിക് ടോക് (Tik Tok) നിരോധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
പക്ഷേ, യഥാർത്ഥ കാരണം വേറെയെന്നാണ് ജനപക്ഷം. സോഷ്യൽ മീഡിയയിൽ അടുത്ത കാലത്ത് ചില ഹാഷ്ടാഗുകളും പോസ്റ്റുകളും വൈറലായി. #NepoKid, #NepoBaby എന്നിവ പ്രധാനം. രാഷ്ട്രീയക്കാരുടെ ആഡംബര ജീവിതം. അവരുടെ മക്കൾ ഡിസൈനർ വസ്ത്രങ്ങളും വിദേശ യാത്രകളും ആഡംബര വാഹനങ്ങളും ഒക്കെയായി ജീവിതം ആഘോഷമാക്കുമ്പോൾ നികുതി കൊടുക്കുന്ന സാധാരണക്കാർ ജീവിക്കാൻ തന്നെ പാടുപെടുന്നു. തൊഴിലില്ലായ്മ, നിർബന്ധിത പലായനം ഇതൊക്കെ അവരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാകുന്നു.

കൈവിട്ട പ്രതിഷേധം
ജൻ സീ തുടങ്ങിവച്ച പ്രതിഷേധത്തിൽ വളരെ പെട്ടെന്ന് ആളുകൂടി. ഭരണ സംവിധാനങ്ങൾക്കെതിരെ പ്രതിഷേധം നുരഞ്ഞുപൊങ്ങി. കെ പി ശർമ്മ ഒലി എന്ന പ്രധാനമന്ത്രിക്കെതിരെ, പ്രധാന രാഷ്ട്രീയ പാർട്ടികൾക്കെതിരെ, മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ നീങ്ങി. പിന്നാലെ കാഠ്മണ്ഡുവിൽ വച്ച് പൊലീസ് വെടിവച്ചു. 19 പേർ കൊല്ലപ്പെട്ടു. അതോടെ എല്ലാം കൈവിട്ടുപോയി. ജനക്കൂട്ടം ഇരമ്പിയെത്തി പാർലമെന്‍റ് മന്ദിരം കത്തിച്ചു. രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും ആക്രമിച്ചു. വീടുകൾക്ക് തീയിട്ടു. പ്രസിഡന്‍റ് രാം ചന്ദ്ര പൗഡലിനെ (Ram Chandra Poudel) രഹസ്യ സ്ഥലത്തിലേക്ക് മാറ്റേണ്ടി വന്നു. ആദ്യമൊക്കെ സംയമനം പാലിച്ച സൈന്യം ഒടുവിൽ രംഗത്തിറങ്ങി. ജൻസീ നേതാക്കളെ ചർച്ചക്ക് വിളിച്ചു. ഒരൊറ്റ നേതൃത്വമുണ്ടായിരുന്നില്ല പ്രതിഷേധത്തിന്. യുവാക്കൾ സംഘടിച്ച് ഇറങ്ങിയതാണ്. അതുകൊണ്ട് തന്നെ സമാധാനം എളുപ്പമായിരുന്നില്ല. സ്കൂൾ കുട്ടികൾ വരെ പ്രതിഷേധ മാർച്ചുകളിൽ പങ്കെടുത്തുവെന്നാണ് ദൃശ്യങ്ങൾ തെളിയിച്ചത്.
തള്ളിപ്പറഞ്ഞ പ്രതിഷേധം
ഒടുവിൽ, സമൂഹ മാധ്യമ നിരോധനം പിൻവലിച്ചു. പക്ഷേ, പ്രതിഷേധക്കാരുടെ ആവശ്യം അത് മാത്രമായിരുന്നില്ല. രാഷ്ട്രീയ രംഗത്തെ അഴിമതി തുടച്ച് നീക്കുക കൂടിയായിരുന്നു. നിരോധിച്ച മാധ്യമങ്ങൾ പുനസ്ഥാപിച്ചു. അതിലും തീർന്നില്ല പ്രതിഷേധം. പലതും വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തുന്നവർ ഒന്നും പാലിക്കാതെ ഇറങ്ങിപ്പോവുന്നതാണ് നേപ്പാൾ ഇതുവരെ കണ്ടിട്ടുള്ളത്. അതിനെതിരെ, അസമത്വത്തിനെതിരെ കൂടിയായിരുന്നു ജൻസീയുടെ രോഷം. പക്ഷേ, അത് കൈവിട്ടുപോയത് അവർ തന്നെ മനസിലാക്കിയത് അമ്പരപ്പോടെയാണ്. തങ്ങളുടെ പ്രതിഷേധം അക്രമ രഹിതമായിരുന്നു. അതിലെപ്പോഴാണ് അതിക്രമവും തീയിടലും തുടങ്ങിയതെന്ന അമ്പരപ്പ്, അതോടെ അവരുടെ നേതാക്കൾ സമരമുറകളെ തള്ളിപ്പറഞ്ഞു. തങ്ങളുടെ സമരം ആരോ പിടിച്ചെടുത്തു എന്നാരോപിച്ചു.
ചർച്ചകൾക്ക് തയ്യാറായി. സുരക്ഷാ ചുമതലയേറ്റെടുത്ത സൈന്യം പ്രഖ്യാപിച്ച കർഫ്യൂ തുടരണമെന്ന് അഭ്യർത്ഥിച്ചു. ബുധനാഴ്ച ആയപ്പോഴേക്കും കാര്യങ്ങൾ കുറച്ചൊന്ന് ശാന്തമായി. എങ്കിലും അപ്പോഴും മാസ്ക് വച്ച ചിലർ രംഗത്ത് കറങ്ങി നടന്നു. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പെന്ന് പ്രഖ്യാപിച്ച് കൊണ്ട്. എന്തായാലും ഇടക്കാല സർക്കാരിനായി ശ്രമം തുടങ്ങി. രാജ്യം മാറേണ്ട സമയം കഴിഞ്ഞുവെന്നാണ് പലരുടേയും നിലപാട്. പക്ഷേ, അക്രമം വേണ്ടെന്നും. അതിൽ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കിയതാര് എന്നൊരാശയക്കുഴപ്പം ജൻസീയ്ക്കുമുണ്ട്. സൈന്യവും അത് ശരിവയ്ക്കുന്നു. കത്തിച്ചും ഇടിച്ചും പൊടിച്ചും വൃത്തികേടാക്കിയ നഗരം വൃത്തിയാക്കാൻ ജൻസീയും മറ്റുള്ളവരും അണിചേർന്നു.

(സുശീല കർക്കി)
സുശീല കർക്കി
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെയാണ് ജൻസീക്കാർ നേതാവായി നിർദ്ദേശിച്ചത്. ഇടക്കാല പ്രധാനമന്ത്രിയാകണം എന്നായിരുന്നു ആവശ്യം. നേപ്പാൾ സുപീംകോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത കൂടിയാണ് സുശീല കർക്കി. ഇന്ത്യയിലെ ബിഹാറിലാണ് ജനിച്ചത്. നേപ്പാളിലേക്ക് കുടിയറിയതാണ്. അവർ സമ്മതിക്കുകയും ചെയ്തു. കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷായും ചിത്രത്തിലുണ്ടായിരുന്നു. മുൻ റാപ്പറാണ്, 35 കാരനായ ഷാ. ഷായും പക്ഷേ, കർക്കിയെ പിന്തുണച്ചു.
നാശ നഷ്ടം
25 ബില്യന്‍റെ നാശനഷ്ടമാണ് പ്രതിഷേധം വരുത്തിവച്ചത്. എല്ലാം നുഴഞ്ഞു കയറ്റക്കാരെന്ന് ജൻസീ ആരോപിക്കുന്നു. 5 സ്റ്റാർ ഹോട്ടലുകൾ, ആഡംബര വസതികൾ എല്ലാം തീവച്ചു, അല്ലെങ്കിൽ തകർത്തു. ഹയാത്തും ഹിൽട്ടണും ഉൾപ്പടെ. ബുദ്ധനാഥ സ്തൂപത്തിനടുത്തുള്ള ഹയാത്തിൽ പ്രക്ഷോഭകാരികൾ കടന്നുകയറി നാശനഷ്ടമുണ്ടാക്കി. ജീവാപായമുണ്ടായില്ല. ഹോട്ടൽ ഹിൽട്ടൺ കത്തി. 8 ബില്യന്‍റെ നഷ്ടം അവിടെ മാത്രം.
സമ്പന്നരുടെ കൊടിയടയാളങ്ങളെല്ലാം ലക്ഷ്യമിട്ടു. 51 പേരാണ് ഇതിനിടെ കൊല്ലപ്പെട്ടത്. ലോകത്തെ ദരിദ്ര രാഷ്ട്രങ്ങളിലൊന്നായ നേപ്പാളിന്‍റെ ചരിത്രത്തിൽ രാജഭരണം അവസാനിച്ച ശേഷം നടന്ന ഏറ്റവും രൂക്ഷമായ കലാപം. സാമ്പത്തിക അസമത്വം തന്നെയാണ് അടിസ്ഥാന കാരണമെന്ന് വ്യക്തം. വിനോദ സഞ്ചാരം വലിയൊരു വിഭാഗത്തിന്‍റെ ജീവനോപാധിയാണ്. പ്രക്ഷോഭവും അതിനെത്തുടർന്നുണ്ടായ അക്രമവും വിനോദ സഞ്ചാര രംഗത്തെ ബാധിക്കും. അവിടെയുണ്ടായിരുന്ന സഞ്ചാരികൾക്ക് വീഡിയോകളിലൂടെ സഹായത്തിനായി കേണപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ നേപ്പാൾ ശാന്തമാണ്. പാർലമെന്‍റ് പിരിച്ചു വിട്ടു. കർക്കി അധികാരമേറ്റു. സൈന്യത്തിന്‍റെ പട്രോളുണ്ട്.
ജനാധിപത്യ ചരിത്രം
2008-ൽ മാത്രമാണ് നേപ്പാൾ ജനാധിപത്യ രാജ്യമായത്. അതിനുമുമ്പ് 1959 -ൽ രാജഭരണത്തിനെതിരായി നടന്ന പ്രതിഷേധം തെരഞ്ഞെടുപ്പിന് വഴിവച്ചെങ്കിലും കൊയ്‍രാള (Bishweshwar Prasad Koirala) സർക്കാരിനെ പിരിച്ചുവിട്ട് വീണ്ടും രാജാവ് ഭരണത്തലവനായി. രാഷ്ട്രീയ പാർട്ടികൾക്ക് പ്രസക്തിയില്ലാതെയായി. പിന്നെ 96-ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി യുദ്ധം തന്നെ അഴിച്ചു വിട്ടത്. പതിനായിരം പേർ കൊല്ലപ്പെട്ടു. ഒടുവിൽ 2006 -ൽ ഗ്യാനേന്ദ്ര രാജാവ് അധികാരമൊഴിഞ്ഞു, രാജഭരണം നിരോധിച്ചു. നേപ്പാൾ ജനാധിപത്യ രാജ്യമായി.
അടുത്തതാര്?
നേപ്പാളിലെ സംഭവ വികാസങ്ങൾ ആശങ്കയാവുന്നത് പ്രധാനമായും രണ്ട് രാജ്യങ്ങൾക്കാണ്. ചൈന, ഇന്ത്യ. ഇന്ത്യ മൂന്ന് വശങ്ങളിൽ, ഒരു വശത്ത് ചൈന. രാജിവച്ച പ്രധാനമന്ത്രി കെ പി ശർമ്മ ഒലി ബിജിംഗ് പക്ഷപാതിയായിരുന്നു. ഇനി അടുത്തതാര് എന്നതും ഇന്ത്യയെയും ചൈനയെയും സംബന്ധിച്ച് പ്രധാനമാണ്. ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കിയുടെ ഭർത്താവ് ദുർഗാ പ്രസാദ് സുബേദി പണ്ടൊരു വിമാനം ഹൈജാക്ക് ചെയ്തിട്ടുണ്ട്. അതിലെ പണമായിരുന്നു ലക്ഷ്യം. രാജാവിനെതിരായ പ്രക്ഷോഭത്തിനായിരുന്നു പണം. വിമാനത്തിൽ അന്നത്തെ ബോളിവുഡ് നടി മാലാ സിൻഹയുമുണ്ടായിരുന്നത് കൊണ്ട് ഇന്ത്യയിലും അത് വാർത്തയായി. 1973 -ലെ ഈ ഹൈജാക്കിംഗാണ് നേപ്പാളിന്‍റെ ചരിത്രത്തിലെ ഒരേ ഒരു ഫ്ലൈറ്റ് ഹൈജാക്കിംഗ്. തന്‍റെ ഓർമ്മക്കുറിപ്പുകളിൽ സുബേദി ഈ ഹൈജാക്കിംഗ് കഥയും പറഞ്ഞിട്ടുണ്ട്. അത് വാൽക്കഷ്ണം.


