Asianet News MalayalamAsianet News Malayalam

എങ്ങനേലും ജോലി പോവണേ എന്ന് ഒരു നഴ്‌സ് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളം.
 

nurses experiences column  by theresa Joseph
Author
New York, First Published Aug 27, 2020, 2:10 PM IST
  • Facebook
  • Twitter
  • Whatsapp

തുറന്ന് കിടന്ന ജനലിലൂടെ പുറത്തേക്ക് നോക്കി എന്തോ സ്വപ്നം കണ്ടു നിന്ന ഞാന്‍ ഡയരക്ടര്‍ വന്നത് അറിഞ്ഞില്ല. അവളാണെങ്കില്‍ ആ ഇരിപ്പില്‍ ഇരുന്ന് ഉറങ്ങിപ്പോയിരുന്നു. ഡയരക്ടര്‍ അവളുടെ മുന്‍പില്‍ നില്‍ക്കുകയാണ് . ഞാനവളെ തട്ടി വിളിച്ചു. ചാടിയെഴുന്നേറ്റ അവള്‍ മുന്‍പില്‍ നില്‍ക്കുന്ന ഡയരക്ടറെ കണ്ട് ഞെട്ടിപ്പോയി. ഉറക്കത്തില്‍നിന്ന് ചാടി എഴുന്നേറ്റ അവള്‍ പറഞ്ഞത് 'good morning sister' എന്നാണ്. അത് കേട്ട അവര്‍ക്ക് കലിയിളകി. 'I am not your sister, call me madam' അവര്‍ മുരണ്ടു, പിന്നെ ചവിട്ടി കുലുക്കി അകത്തേക്ക് പോയി.

 

nurses experiences column  by theresa Joseph

 

ഡല്‍ഹിയില്‍ പോയി ജോലി ചെയ്യണം. നഴ്‌സിംഗ് പാസായി സര്‍ടിഫിക്കറ്റ് കൈയില്‍ കിട്ടുന്നതിനും മുമ്പ് തുടങ്ങിയ ആഗ്രഹമായിരുന്നു അത്. ആ ആഗ്രഹംഎങ്ങനെ മനസ്സില്‍ കയറിക്കൂടിയെന്നറിയില്ല. 'നീ  ഇങ്ങോട്ടു പോരെടീ ഞങ്ങള്‍ എല്ലാം ശരിയാക്കിത്തരാം' എന്ന കൂട്ടുകാരുടെ വാക്കിന്റെ ബലത്തിലാണ് തലസ്ഥാനത്തേക്ക് ചാടി പുറപ്പെടുന്നത്. അതും ഒരു തണുപ്പുകാലം. ആകെ അറിയാവുന്ന ഹിന്ദി, 'കുറച്ചുകുറച്ച് അറിയാം' എന്നതാണ്. അത് കേട്ട് പിന്നെന്തെങ്കിലും ചോദിച്ചാല്‍ നമ്മുടെ കാര്യം കട്ടപ്പൊക.

എന്നും രാവിലെ സര്‍ടിഫിക്കറ്റ് കക്ഷത്തില്‍ വച്ചു തെണ്ടാനിറങ്ങും. തെണ്ടുക എന്നതൊഴികെ മറ്റൊരു വാക്കും അന്നത്തെ അവസ്ഥക്ക് യോജിക്കില്ല. സാരി വാങ്ങുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക് കൂടിലാണ് ആകെയുള്ള സര്‍ട്ടിഫിക്കറ്റ് ഭദ്രമായി വെച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വളരെ പ്രശസ്തമായ ഒരു ഹോസ്പിറ്റല്‍ ഉണ്ട്. അന്നത്തെ കാലത്തു ഡല്‍ഹിയില്‍ വന്നിറങ്ങുന്ന നഴ്‌സുമാരുടെയൊക്കെ സ്വപ്നമായിരുന്നു അവിടെ ഒരു ജോലി കിട്ടുക എന്നത്. നല്ല ശമ്പളം, ഹോസ്പിറ്റലിന്റെ പേര് ഇതൊക്കെയാണ് കാരണങ്ങള്‍.

ആഴ്ചയില്‍ ഒന്നു രണ്ടു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അങ്ങനെ, ഒരുദിവസം ഞാനും അവിടെ ഇന്റര്‍വ്യൂവിന് പോയി. കുറേ കുട്ടികളുണ്ട്. മിക്കവാറും എല്ലാവരുടെയും കൈയില്‍ ഒരു സാരിക്കൂടുണ്ട്. അതിലാണ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപിച്ചത്. സവര്‍ണ്ണ ജാതിക്കാരായ വളരെചുരുക്കം പേര്‍ക്കേ ഫോള്‍ഡര്‍ എന്ന ആഡംബരം ഉള്ളൂ.

അങ്ങനെ നില്‍ക്കുമ്പോള്‍ അതാ നഴ്‌സിംഗ് സൂപ്രണ്ട് വരുന്നു. വന്ന പാടെ അവര്‍ പറഞ്ഞു. കാര്‍ഡിയാക് എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ ആരും ഇന്റര്‍വ്യൂവിന് നില്‍ക്കേണ്ട. 'ജോലി തന്നാലല്ലേ എക്‌സ്പീരിയന്‍സ് ആകൂ, അമ്മച്ചീ' എന്നൊരു ചോദ്യം എന്റെ തലയില്‍ മിന്നി. പക്ഷെ അത് ചോദിക്കാനുള്ള ഭാഷാ പരിജ്ഞാനം അത്ര പോരാത്തത് കൊണ്ട്  ഒന്നും മിണ്ടിയില്ല. എന്തായാലും കുറേ പിള്ളേര്‍ പുറത്തേക്കു പോയി. 'പാവങ്ങള്‍!' എനിക്ക് അവരോട് സഹതാപം തോന്നി.

പിന്നെയാണോര്‍ത്തത് ഞാനെന്തിനാ ഇവിടെ നില്‍ക്കുന്നത്? ഹൃദയത്തിന് നാലറകളും കുറേ രക്തക്കുഴലുകളും സ്വന്തമായി ഉണ്ടെന്നും അത് രക്തം പമ്പ് ചെയ്യുന്നത് കൊണ്ട് ഞാന്‍ ജീവിച്ചിരിക്കുന്നുവെന്നുമല്ലാതെ കൂടുതല്‍ കാര്യങ്ങളൊന്നും നമുക്ക് പിടിയില്ല.

 

...........................................

Read more: നെഞ്ചില്‍ നിന്നും കുഞ്ഞു പറിച്ചെടുക്കപ്പെട്ട ഒരമ്മ 
...........................................

 

പുറത്തേക്ക് പോകാന്‍ തുടങ്ങിയ എന്നെ, കൂടെ വന്ന കൂട്ടുകാരി പിടിച്ചു നിര്‍ത്തി. പിന്നെ പതുക്കെ ചെവിയില്‍ പറഞ്ഞു-'എടീ പോകരുത്. അവര്‍ അങ്ങനെയൊക്കെ പറയും. അത് കുറേപ്പേരെ ഒഴിവാക്കാനാ.'

അവള്‍ എന്നേക്കാള്‍ രണ്ടു മാസം മുന്‍പേ ഡല്‍ഹിയില്‍ നിരങ്ങാന്‍ തുടങ്ങിയതാണ്. എന്നെക്കാളും തെണ്ടലില്‍ മൂത്തവള്‍.

സീനിയഴ്‌സിനെ അനുസരിക്കണമെന്ന നഴ്‌സിംഗ് സ്‌കൂളിലെ ഒന്നാം കല്‍പ്പന ഓര്‍മ്മ വന്നതിനാല്‍ മുന്നോട്ട് വച്ച കാല്‍ ഞാന്‍ പിന്നോട്ട്  വച്ചു. അതാ വരുന്നു അടുത്ത പാര.

ഹിന്ദി അറിയില്ലാത്തവര്‍ നില്‍ക്കേണ്ട. ഞാന്‍ പെട്ടു. ഞാന്‍ സിനിയെ ഒന്നു നോക്കി. ഡല്‍ഹിയില്‍ വന്നിട്ട് രണ്ടുമാസം ആയെങ്കിലും അവളും അധികം മുന്നോട്ട് പോയിട്ടില്ല. അത് കൊണ്ട് പോയേക്കാം എന്ന് കരുതി പുറത്തേക്ക് നടക്കാനൊരുങ്ങിയ എന്നെ അവള്‍ കണ്ണുരുട്ടി കാണിച്ചു. പിന്നെ ചെവിയില്‍ പറഞ്ഞു

''എങ്ങനെയെങ്കിലും നമുക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം''- ആ സമയം കൊണ്ട് പകുതിയില്‍ കൂടുതല്‍ പേര്‍ വെളിയില്‍ ഇറങ്ങിയിരുന്നു. എനിക്ക് ചെറിയ പേടി തോന്നി. ഇവരെങ്ങാനും ഹിന്ദിയില്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ പെട്ടത് തന്നെ. നുണ പറഞ്ഞു ഇത്രയും നേരം ഇവിടെ നിന്നതിന് അവരുടെ വായിലിരിക്കുന്ന ചീത്ത കൂടി കേള്‍ക്കേണ്ടി വരും. മലയാളിയാണെങ്കിലും മുഖഭാവം കണ്ടിട്ട് ഒരു കരുണയും അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ട.

ഞാന്‍ മനസ്സില്‍ ചില കണക്ക് കൂട്ടലുകള്‍ നടത്തി. ഇവര്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഉറപ്പായിട്ടും സിനിയെ ഞാന്‍ ഒറ്റും. അവള്‍ക്ക് കൂട്ട് വന്നതാ അല്ലാതെ ഇന്റര്‍വ്യൂവിന് വന്നതല്ല എന്ന് തന്നെ പറയുമെന്ന് ഞാനുറപ്പിച്ചു. ബലം പിടിച്ചു അങ്ങനെ നില്‍ക്കുമ്പോള്‍ അതാ വരുന്നു അടുത്ത ഡയലോഗ്. 'പ്ലാസ്റ്റിക് കൂടിന്റെ ശബ്ദം ഇവിടെ കേള്‍ക്കാന്‍ പാടില്ല. കൂടിനകത്തു സര്‍ടിഫിക്കറ്റ് ഇട്ടിരിക്കുന്നവര്‍ അത് ശബ്ദമുണ്ടാക്കാതെ പിടിക്കണം.''

 

............................................

Read more: ഭ്രാന്തിനേക്കാള്‍ ആഴമേറിയ മുറിവുകള്‍
............................................

 

എനിക്ക് ചിരി പൊട്ടി. അവശേഷിക്കുന്ന എല്ലാവരുടെയും കൈയില്‍ പ്ലാസ്റ്റിക് കൂടാണ് . അതും കിലുകിലാ ശബ്ദമുണ്ടാകുന്നത്. നമ്മള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട, വെറുതെ ശ്വാസം വിട്ടാല്‍ മതി. കൂട് ഒച്ചയുണ്ടാക്കിക്കൊള്ളും. ഞാന്‍ സിനിയെ ഒന്ന് നോക്കി. അവളുടെ മുഖം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി, ഈ മൂന്നാമത്തെ കുരിശ് അവള്‍ക്കും പുതിയതാണ് . അവള്‍ ഇത് നാലാമത്തെ തവണ ആണ് ഇവിടെ ഇന്റര്‍റ്വ്യൂവിന് വരുന്നത്.

(എന്തൊരു ധൈര്യം) എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ട്. എത്ര അടക്കി പിടിച്ചിട്ടും എന്റെ തൊണ്ടയില്‍ നിന്ന് ചിരി പോലെ ഒരു ശബ്ദം പൊട്ടി പുറപ്പെട്ടു. സിനി എന്നെ തുറിച്ചു നോക്കി. എനിക്കാണെങ്കില്‍ ചിരി അടക്കാന്‍ പറ്റുന്നുമില്ല. ഇത്രയും പേര്‍ പ്ലാസ്റ്റിക് കൂട് പിടിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ശബ്ദം വെളിയില്‍ കേള്‍ക്കരുത് എന്ന് പറയുന്ന ഇവര്‍ എന്നാ സൂപ്രണ്ടാ. ഓര്‍ത്തോര്‍ത്തു ഞാന്‍ പിന്നെയുംചിരിച്ചു.


റിസപ്ഷനിസ്റ്റിനു എന്തോ നിര്‍ദ്ദേശം കൊടുക്കുകയായിരുന്ന അവര്‍ തിരിഞ്ഞു നോക്കി. ''ആരാണ് ശബ്ദമുണ്ടാക്കിയത?''

എന്താണോ അവര്‍ ഉദ്ദേശിച്ചത്? കൂടിന്റെ ശബ്ദമോ ചിരിച്ച ശബ്ദമോ. അവര്‍ തിരിഞ്ഞു അവശേഷിച്ച ആട്ടിന്‍പറ്റത്തിന് നേരെ നടന്നു വന്നു.

''ആരാണ് ചിരിച്ചത്?''

ഇത്തവണ ഞാന്‍ കുടുങ്ങി. ജോലി കിട്ടുകയുമില്ല ഇവരുടെ വായിലിരിക്കുന്ന ചീത്തയും കേള്‍ക്കണം.

''ഞാനാണ് മേഡം''. വളരെ വിനീതയായി ഞാന്‍ പറഞ്ഞു. ചിരി അടക്കിപ്പിടിച്ചു എന്റെ കണ്ണ് രണ്ടും നിറഞ്ഞിട്ടുണ്ട്. അന്നേരത്തെ എന്റെ മുഖ ഭാവം എന്തായിരുന്നോ എന്തോ!

''Get out''

ഒരൊറ്റ അലര്‍ച്ച. അത് തീരുന്നതിന് മുന്‍പേ ഞാന്‍ വാതില്‍ കടന്നിരുന്നു. സിനി പുറകേ വരുന്നുണ്ട്. അവിടെനിന്നിറങ്ങി ഒരു സൈക്കിള്‍ റിക്ഷാ പിടിക്കുന്നത് വരെ ആ സ്ത്രീ പറഞ്ഞതിലെ അര്‍ത്ഥമില്ലായ്മ ഓര്‍ത്തു ഞാന്‍ചിരിച്ചു കൊണ്ടിരുന്നു.

അധികം താമസിയാതെ വേറൊരു നല്ല ഹോസ്പിറ്റലില്‍ ജോലി കിട്ടി. നല്ലതെന്ന് പറയുമ്പോള്‍, നല്ല ശമ്പളം, നല്ല ജോലി സാഹചര്യം എന്നൊന്നും തെറ്റിദ്ധരിക്കരുത് . സൂപ്പര്‍വൈസറിന്റെ നല്ല ചീത്ത വിളി, നല്ല തിരക്ക്, രോഗികള്‍ക്ക് കൊടുക്കുന്ന നല്ല നീണ്ട ബില്ല് അങ്ങനെ വളരെ നല്ല ഒരു ഹോസ്പിറ്റല്‍. പക്ഷേ ബ്രാന്റ് ലോകപ്രശസ്തം. കഴിഞ്ഞ ഇന്റര്‍വ്യൂവിന്റെ കാര്യമോര്‍ത്ത് അധികം ശബ്ദമുണ്ടാക്കാത്ത ഒരു കവര്‍ സംഘടിപ്പിച്ച് സര്‍ടിഫിക്കറ്റുകള്‍ അതിനകത്തു വെച്ചാണ് ഇത്തവണ പോയത് . പല നടപ്പുകള്‍ക്ക് ഒടുവില്‍ സിനിക്ക് അവളാഗ്രഹിച്ച സ്ഥലത്തു തന്നെ ജോലി കിട്ടിയതിനാല്‍ ഇത്തവണ എന്റെ കൂടെ വേറെ കൂട്ടുകാര്‍ ആയിരുന്നു. ഈ സമയം കൊണ്ട് അത്യാവശ്യം രണ്ട് വാക്ക് ഹിന്ദി സംസാരിക്കാനൊക്കെ പഠിച്ചിരുന്നു. അധികം ചോദ്യവും പറച്ചിലും ഇല്ലാതെ നമ്മള് പാസ്സായി. പേപ്പര്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അവര്‍ പറഞ്ഞു, സര്‍ടിഫിക്കറ്റ് ഇവിടെ വാങ്ങി വെക്കും. രണ്ടു വര്‍ഷത്തെ ബോണ്ട്. അത് ബ്രേക്ക് ചെയ്യണമെങ്കില്‍ ഒരു ലക്ഷം രൂപ കൊടുക്കണം. നേരത്തെ ഇത് അറിഞ്ഞിരുന്നത് കൊണ്ട് നമ്മള് ഇതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ വളരെ കൂളായി അവര്‍ കാണിച്ചസ്ഥലങ്ങളില്‍ ഒപ്പിട്ട് കൊടുത്തു.

 

......................................................

Read more: ഒരു അധോലോക സിനിമാ കഥാപാത്രം എന്റെ മുന്‍പില്‍ ജീവനോടെ ഇരിക്കുന്നു

......................................................

 

സര്‍ടിഫിക്കറ്റ് അവരുടെ  കൈയിലേക്ക് കൊടുക്കുമ്പോള്‍ എനിക്ക് അല്‍പ്പവും വിഷമം േതാന്നിയില്ലല്ലോ എന്നോര്‍ത്തു പിന്നീട് അത്ഭുതപ്പെട്ടിട്ടുണ്ട് . എന്റെ കുറേ വര്‍ഷത്തെ അധ്വാനം, പഠിക്കാന്‍ മുടക്കിയ പണം, സമയം ഇതിന്റെയൊക്കെ ആകെത്തുകയായിരുന്നു ഞാന്‍ നിസ്സാരമായി ഒരൊപ്പിട്ട് കൈമാറിയ ആ കടലാസ്സു കഷ്ണം. അന്ന് ഒരു ജോലി കിട്ടുക എന്നതായിരുന്നു പ്രധാനം. ആ സമയം മനസ്സില്‍ ചിന്തിച്ചത് ഇങ്ങനെയാണ്. പുറത്തെവിടെയെങ്കിലും പോകാന്‍ രണ്ടു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് എങ്കിലും വേണം . ഇതാണെങ്കില്‍ വളരെ പ്രശസ്തമായ ഹോസ്പിറ്റല്‍. എന്തായാലും രണ്ടു വര്‍ഷത്തേക്ക് ഞാനൊരിടത്തും പോകുന്നില്ല. പിന്നെ എന്തിന് ഈ സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് വേവലാതിപ്പെടണം. അത് കൊണ്ട് അല്‍പ്പവും വിഷമം തോന്നിയില്ല.

(ആ ജോലിയില്‍ പ്രവേശിച്ചു ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടില്‍ പി എസ് സി ഇന്റര്‍വ്യൂവിന് വിളിച്ചു. സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പറ്റില്ലെന്ന് ഉറപ്പായിരുന്നിട്ടും വെറുതെ പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു, പാസായി. സര്‍ട്ടിഫിക്കറ്റ് എന്ന് കൊണ്ട് വരാന്‍ പറ്റുമെന്ന് ചോദിച്ചപ്പോള്‍ ഒരു മാസം എന്ന് വെറുതെ പറഞ്ഞിട്ട് തിരികെ പോന്നു. ഒരു ലക്ഷം രൂപ ലോട്ടറി അടിക്കുമെന്ന് വെറുതെ സ്വപ്നം കണ്ടു കാണണം.)

രണ്ടു മാസമൊക്കെ ആയപ്പോഴേക്ക് ഇനി ഇവിടെ ജോലി ചെയ്യാന്‍ പറ്റില്ല എന്നൊരു അവസ്ഥ ആയി. ഒരുതരത്തിലും മുന്നോട്ടു പോകാന്‍ പറ്റാത്ത പോലെ. ആറ്  മണിക്കൂര്‍ ജോലി സമയം. പക്ഷെ പലപ്പോഴും എട്ടും ഒന്‍പതും മണിക്കൂറുകള്‍ കഴിഞ്ഞാവും റിപ്പോര്‍ട്ട് കൊടുത്ത് ഇറങ്ങുന്നത്. എന്തിനും ഏതിനും വിശദീകരണം കൊടുക്കല്‍, ആവശ്യമില്ലെങ്കിലും വെറുതെ പിടിച്ചു നിര്‍ത്തുക, അനുവദിക്കപ്പെട്ട കാഷ്വല്‍ ലീവ് പോലും തരാതിരിക്കുക എന്നീ വിനോദങ്ങള്‍ വേറെയും.

 

..............................................

Read more: അലങ്കാര തൊങ്ങലുകള്‍ കൊണ്ട് മൂടാനാവില്ല, നഴ്‌സുമാരുടെ ജീവിതമുറിവുകള്‍ 
..............................................

 

അപ്പോഴാണ് ചരിത്ര പ്രധാനമായ (എന്ന് ഞാന്‍ പറയും) സമരം വരുന്നത് . സമരത്തില്‍ പങ്കെടുത്താല്‍ ജോലിയില്‍നിന്ന് പിരിച്ചു വിടും  എന്ന് ആരോ പറഞ്ഞു. ഇത് കേട്ടപാടെ വേറൊന്നും ആലോചിക്കാതെ ഞാനും സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടി. എന്തിനാണ് സമരം ചെയ്യുന്നതെന്ന് അത്ര പിടിയില്ല. മേലാളന്മാരുടെ ക്രൂരതക്ക് എതിരെ അടിമ വര്‍ഗം നടത്തുന്ന മുന്നേറ്റം എന്നൊക്കെയാണ് പൊതുവേയുള്ള ഒരു പറച്ചില്‍. എന്റെ മനസില്‍ ഒറ്റചിന്തയേ ഉള്ളു, സമരത്തില്‍ പങ്കെടുത്താല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടും. ഞാന്‍ ജോലിയില്‍ ഇല്ലെങ്കില്‍ എന്റെ സര്‍ടിഫിക്കറ്റ് അവര്‍ക്ക് എന്തിന്. അപ്പോള്‍ പിന്നെ അതും വാങ്ങിച്ചോണ്ട് വേറേ എവിടെയെങ്കിലും ജോലിക്ക് കയറാം. എവിടെ എന്നൊന്നും അറിയില്ല, എങ്ങനെയെങ്കിലും ഇവിടെ നിന്ന് പോകണം.

സമരം കുറേ ദിവസം പിന്നിട്ടെങ്കിലും കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല. എന്നും രാവിലെ കുളിച്ചു നല്ല ഉടുപ്പൊക്കെ ഇട്ട് സമരപന്തലില്‍ പോയിരിക്കും. കഴിക്കാനുള്ള ചപ്പാത്തി പൊതിഞ്ഞു കൊണ്ടു പോകും.ഹിന്ദിയിലുള്ള മുദ്രാവാക്യങ്ങള്‍ ഒക്കെ അര്‍ത്ഥം അറിയില്ലെങ്കിലും ഉച്ചത്തില്‍ വിളിച്ചു കൂവും. എന്റെ ഈ വിളികേട്ട് സര്‍ട്ടിഫിക്കറ്റ് ആരെങ്കിലും കൊണ്ട് തരുമെന്ന് പ്രതീക്ഷിച്ചാണ് ഈ കൂവല്‍. സമരത്തില്‍ പങ്കെടുക്കാത്തവരെ കാണുമ്പോള്‍ കൂവലിന് ശക്തി കൂടും. ആവാസ് ദോ ഹം ഏക് ഹേ എന്നൊക്കെ തൊണ്ട പൊട്ടി അലറുമ്പോള്‍ ഞാനും ഒരു സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് തോന്നും.

മുദ്രാവാക്യം വിളി മുറയ്ക്ക് നടന്നെങ്കിലും ഞങ്ങളുടെ ഒരു ഡിമാന്റുകളും മാനേജ്‌മെന്റ് അംഗീകരിച്ചില്ല. അന്ന് ഷീല ദീക്ഷിതിനെയും പ്രകാശ് കാരാട്ടിനേയും ഒക്കെ കാണാന്‍ പോയിരുന്നു. അവര്‍ നഴ്‌സുമാരെ എല്ലാവരെയുംആശ്വസിപ്പിച്ചു. 'ഇപ്പം ശരിയാക്കിത്തരാം' എന്ന് പറയുന്ന പപ്പുമാരെ വിശ്വസിച്ചു നടപ്പു കുറേ നടന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ഇടിത്തീ പോലെ ആ വാര്‍ത്ത വരുന്നത്. ജോലിയില്‍ പ്രവേശിച്ചു മൂന്ന് മാസംപൂര്‍ത്തിയാക്കാത്തവരെ നിയമ പ്രകാരം പിരിച്ചു വിടാന്‍ പറ്റില്ല.

എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടിയില്ല. വേറേ എവിടെങ്കിലും ജോലി നോക്കാമെന്ന് വെച്ചാല്‍ ചരിത്രപ്രധാനമായ സമരത്തിന്റെ ഭാഗമായിരിക്കുന്ന ഈ വീരനായികയ്ക്ക് സര്‍ട്ടിഫിക്കറ്റ് പോലും കൈയിലില്ലാതെ ആര് ജോലി തരാന്‍! എന്തായാലും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുറേപ്പേര്‍ തിരിച്ചു ജോലിക്ക് കയറി, ഒപ്പംഞാനും.

തിരിച്ചു കയറിയ സമര നായികമാരെ സമരത്തിനിറങ്ങാത്തവര്‍ പേടിയോടെയായിരുന്നു കണ്ടത്. ആദ്യമൊക്കെ അല്‍പ്പം അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും സാവധാനം എല്ലാം പഴയ പടിയായി. ജോലി സാഹചര്യങ്ങള്‍ അല്‍പ്പവും മെച്ചപ്പെട്ടിരുന്നില്ല. സമരത്തില്‍ പങ്കെടുത്തവര്‍ മാനേജ്‌മെന്റിന്റെ നോട്ടപ്പുള്ളികള്‍ ആയിരുന്നു. ചിലപ്പോള്‍ വളരെ നിസ്സാരമായ കാരണങ്ങളുടെ പേരില്‍ ഒക്കെ ജോലി കഴിഞ്ഞു ഒരുപാട് നേരം നില്‍ക്കേണ്ടി വന്നിട്ടുണ്ട് . സര്‍ട്ടിഫിക്കറ്റ് പിടിച്ചു വെക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടും മാനേജ്മെന്റ് അത് തിരിച്ചുതന്നില്ല. നിവൃത്തിയില്ലാതെ വീണ്ടും അവിടെത്തന്നെ ജോലി തുടര്‍ന്നു. തിരിച്ചു കയറിയ ആദ്യ ദിവസങ്ങളില്‍ സമര വീര്യം കെടാതെ ഉണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ കഴിയും തോറും പതുക്കെ അത് അണഞ്ഞു പോയി. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകളില്‍ വീര്യം കെടാതെ സൂക്ഷിക്കാന്‍ പറ്റിയില്ല എന്നതാണ് സത്യം.

 

..............................................

Read more: പ്രസവാനന്തര വിഷാദങ്ങളില്‍  മണിച്ചേച്ചിമാരുടെ ജീവിതം 
..............................................

 

കിച്ചണില്‍ നിന്ന് രാവിലേ രോഗികള്‍ക്കുള്ള കോഫി വരുമ്പോള്‍ അതില്‍ നിന്ന് കോഫി എടുക്കുക എന്നത് പരമ്പരാഗതമായി ഞങ്ങള്‍ തന്നെ തീരുമാനിച്ച ഞങ്ങളുടെ അവകാശമായിരുന്നു. ആട് ജീവിതത്തിലെ ജയിലിനേക്കാള്‍ മോശപ്പെട്ട സ്ഥലമായിരുന്നത് കൊണ്ട് സുബ്ഹി നമസ്‌കാരം കഴിഞ്ഞു പാലോ പിന്നെ ഇഷ്ടം പോലെ കേറിയിറങ്ങി കുടിക്കാന്‍ ചായയോ ഒന്നുമില്ല. ചായ വേണ്ട, രാവിലെ ജോലിക്ക് കയറിയാല്‍ പിന്നെ ഇറങ്ങുന്നത് വരെ ഒരു തുള്ളി വെളളം പോലും കുടിക്കാതെയാണ് ഇന്നും ഒരുപാട് നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. ഇതിനിടയില്‍ കാണുന്ന രോഗികളോടെല്ലാം വെളളം കുടിക്കേണ്ടതിന്റെ അവശ്യകതയെപ്പറ്റി ദീര്‍ഘ സമയം പ്രസംഗിക്കുകയും ചെയ്യും.

അങ്ങനെ ഒരു ദിവസം. ഞാനും പാറ്റ പോലിരിക്കുന്ന കൂട്ടുകാരിയും കൂടി ജോലി ചെയ്യുന്ന ഒരു ദിവസം. രാത്രിമുഴുവനും തിരക്കായിരുന്നു. അവളാണെങ്കില്‍ എത്ര ക്ഷീണമുണ്ടെങ്കിലും മടുത്തു എന്ന് പറയില്ല. അന്ന് രാവിലെ എന്തോ ജീവന്‍ പറിഞ്ഞു പോകും എന്ന് തോന്നിയത് കൊണ്ടാവും കിച്ചണില്‍ നിന്ന് വന്ന ഫുഡ്  ട്രോളിയില്‍നിന്ന് അവള്‍ ഒരു കപ്പ് കാപ്പിയെടുത്തു. അതിരാവിലെയല്ലേ, സൂര്‍പ്പര്‍വൈസര്‍മാര്‍ ആരുമില്ലല്ലൊ എന്ന ധൈര്യത്തിലാവും ആ പാവം കാപ്പിയെടുത്തത്. അവള്‍ കാപ്പിക്കപ്പുമായി തിരിഞ്ഞതും അതാ സെക്യൂരിറ്റി മുന്‍പില്‍ നില്‍ക്കുന്നു. ഒരുപേഷ്യന്റിന്റെ റൂമില്‍ നിന്ന് ഇറങ്ങി വന്ന ഞാന്‍ കാണുന്നത് സെക്യൂരിറ്റിയുടെ മുന്‍പില്‍ നിന്ന് എലിക്കുഞ്ഞിനെപോലെ വിറക്കുന്ന അവളെയാണ്. എകദേശം 13 മണിക്കൂര്‍ ആയി നിര്‍ത്താതെ ഓടുകയാണ് , വീണു പോകും എന്ന് തോന്നിയ നിമിഷത്തില്‍ ആകും അവള്‍ക്കത് ചെയ്യാന്‍ തോന്നിയത് . സാധാരണ ഞാനാണ് ഇത് പോലുള്ള തരികിട  പരിപാടികള്‍ കാണിക്കാറുള്ളത് . സെക്യൂരിറ്റി ഓഫീസര്‍ ഒരു മലയാളിയാണ് . പക്ഷെ മലയാളികളെ അങ്ങേര്‍ക്കു വലിയ പുച്ഛം. ഒരു ദാക്ഷിണ്യവും ഇല്ലാതെ അവളുടെ ബാഡ്ജ് ഊരി വാങ്ങി അയാള്‍ പോയി. ഇനി അത് കിട്ടണമെങ്കില്‍ നഴ്‌സിംഗ് ഡയരക്ടറുടെ റൂമില്‍ ചെല്ലണം, എന്നിട്ട് അവര്‍ നിശ്ചയിക്കുന്ന പ്രായശ്ചിത്തംചെയ്യണം.

പാവം നിന്ന് കരയുകയാണ്, എടുത്ത കാപ്പി പോലും കുടിക്കാനാവാതെ.

ഒരു വിധത്തില്‍ രാവിലത്തെ നഴ്‌സുമാര്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തു. പിന്നെ അവളെയും കൊണ്ട് ഡയറക്ടര്‍ ഇരിക്കുന്ന റൂമില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ അവര്‍ വന്നിട്ടില്ല. നോക്കിയിരിക്കുക അല്ലാതെ വേറേ ഒരുവഴിയുമില്ല. ഞങ്ങള്‍ അവിടെക്കിടന്ന കസേരയില്‍ ഇരുന്നു.

കണ്ണ് അടഞ്ഞു പോകുന്നുണ്ട് . ഇനി ഇരുന്നാല്‍ ഉറങ്ങിപ്പോകുമെന്ന് കരുതി ഞാന്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. കൂട്ടുകാരി കണ്ണടച്ചു ഇരിക്കുകയാണ് . പാവം, വിളിക്കേണ്ട വിളിച്ചാല്‍ കരയാന്‍ തുടങ്ങും, ഞാന്‍ കരുതി. തുറന്ന് കിടന്ന ജനലിലൂടെ പുറത്തേക്ക് നോക്കി എന്തോ സ്വപ്നം കണ്ടു നിന്ന ഞാന്‍ ഡയരക്ടര്‍ വന്നത് അറിഞ്ഞില്ല. അവളാണെങ്കില്‍ ആ ഇരിപ്പില്‍ ഇരുന്ന് ഉറങ്ങിപ്പോയിരുന്നു. ഡയരക്ടര്‍ അവളുടെ മുന്‍പില്‍ നില്‍ക്കുകയാണ് . ഞാനവളെ തട്ടി വിളിച്ചു. ചാടിയെഴുന്നേറ്റ അവള്‍ മുന്‍പില്‍ നില്‍ക്കുന്ന ഡയരക്ട െകണ്ട് ഞെട്ടിപ്പോയി. ഉറക്കത്തില്‍നിന്ന് ചാടി എഴുന്നേറ്റ അവള്‍ പറഞ്ഞത് 'good morning sister' എന്നാണ്. അത് കേട്ട അവര്‍ക്ക് കലിയിളകി. 'I am not your sister, call me madam' അവര്‍ മുരണ്ടു, പിന്നെ ചവിട്ടി കുലുക്കി അകത്തേക്ക് പോയി.

ഇപ്പോള്‍ അവളുടെ കുറ്റങ്ങള്‍ താഴെപ്പറയുന്നവയാണ് .

1. ട്രോളിയില്‍ നിന്ന് ഒരു കപ്പ് കാപ്പി മോഷ്ടിച്ചു'

2. നഴ്‌സിംഗ് ഡയരക്ടറുടെ റൂമിന് മുന്‍പില്‍ ഇരുന്ന് ഉറങ്ങി

3. നഴ്‌സിംഗ് ഡയരക്ടറെ സിസ്റ്റര്‍ എന്ന് വിളിച്ചു


എന്താണാവോ ഇവളുടെ തലവര? ഞങ്ങള്‍ കാത്തിരിപ്പു തുടര്‍ന്നു. പലരും അകത്തേക്ക് പോകുകയും വരികയും ചെയ്യുന്നുണ്ട്. അവസാനം. പത്തു മണി ആയപ്പോള്‍ അവളെ അകത്തേക്ക് വിളിപ്പിച്ചു. എന്തൊക്കെയോ ശകാരങ്ങള്‍. സമര നായികയായ എന്റെ കൂടെ വന്നതിന് സ്‌പെഷ്യല്‍ ആയി കിട്ടിയെന്ന് അവള്‍ പിന്നീട് പറഞ്ഞു. ശിക്ഷ വിധിച്ചത് ഇതാണ്, തിരികെ വാര്‍ഡില്‍ ചെന്ന് ചാര്‍ജ് നഴ്‌സിനെ കാണണം. അവിടെ നല്ല നടപ്പിന് വേണ്ടകാര്യങ്ങള്‍ എഴുതുന്ന ഒരു ബുക്ക് ഉണ്ട് . അതില്‍ അവളുടെ കുറ്റങ്ങള്‍ എഴുതിയിരിക്കുന്നതിന് നേരെ കണ്ടു ബോധിച്ചു എന്നെഴുതി ഒപ്പിടണം.

മണി പത്തര. തലേ ദിവസം വൈകിട്ട് ആറരക്ക് ജോലിക്ക് കയറിയതാണ് . തിരികെ വാര്‍ഡിലേക്ക് നടക്കുമ്പോള്‍ അവള്‍ പറഞ്ഞു, 'എന്റേടി രക്ഷപെട്ടു . സാലറി കട്ട് ചെയ്യുമെന്നാ ഞാനോര്‍ത്തേ . ഈ മാസം വീട്ടിലേക്ക് കാശ് അയക്കാമെന്ന് അപ്പച്ചനോട് പറഞ്ഞിരുന്നതാ. സാലറി കട്ട്‌ചെയ്തിരുന്നെങ്കില്‍ ഞാന്‍ പെട്ടു പോയേനെ'.  ഈ പൊട്ടിക്കൊച്ചിന്റെ കാര്യം ഓര്‍ത്തിട്ട് എനിക്ക് കരച്ചില്‍ വന്നു.

ഒപ്പിടാന്‍ ചാര്‍ജ് നഴ്‌സിന്റെ റൂമിലേക്ക് കയറിപ്പോയ അവളെയും നോക്കി നില്‍ക്കുമ്പോള്‍ വേറൊരു കാഴ്ച കണ്ടു. നഴ്‌സസ് സ്റ്റേഷനിലെ പതിവ് ഒളിസ്ഥലത്തു പാട ചൂടിയ രണ്ടു കപ്പ് കാപ്പി. ജോലി ചെയ്ത് തളരുന്ന നഴ്‌സുമാര്‍ക്ക് കിച്ചണിലെ പേരറിയാത്ത സഹോദരന്‍ എന്നും ഒളിച്ചു വെക്കാറുണ്ടായിരുന്ന സ്‌നേഹ സമ്മാനം. ചാര്‍ജ് നേഴ്‌സ് കാണാതെ അതെടുത്തു വേസ്റ്റ് ബിന്നില്‍ ഇടുമ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios