ഏപ്രില്‍ 22 -ന് അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികൾ 25 പേരെയാണ് കൊലപ്പെടുത്തിയത്. ഇതിന് മാര്‍ച്ച് 8 -ന് ഇന്ത്യ നല്‍കിയ മറുപടിയില്‍ 9 ഭീകര താവളങ്ങളാണ് ഇന്ത്യ തകർത്തത്. പിന്നീട് ഇന്നലെ വരെ അതിർത്തിയില്‍ സംഘർഷാവസ്ഥയായിരുന്നു. വൈകീട്ടോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടു. കശ്മീര്‍ താഴ്വരയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ധനേഷ് രവീന്ദ്രന്‍റെ ഗ്രൌണ്ട് റിപ്പോര്‍ട്ട്.
ആശങ്കാജനകമായ രണ്ട് രാത്രികൾക്ക് പിന്നാലെ കശ്മീര്‍ താഴ്വാര വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഇന്നലെ ഇന്ത്യയും പാകിസ്ഥാനും അംഗീകരിച്ച വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ, പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളായ ഗുരേസ്, ഉറി ഉൾപ്പെടെയുള്ള ഇടങ്ങളില്‍ വെടിവെയ്ക്ക് നടത്തി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്നലെ രാത്രി പാക് സേന വലിയ മോട്ടാർ ഷെല്ലുകളൊന്നും തന്നെ ഉപയോഗിച്ചില്ല. അതേസമയം ഇന്നലെ പാക് സേന പ്രധാനമായും ഇന്ത്യന്‍ സൈനിക പോസ്റ്റുകളെയായിരുന്നു ലക്ഷ്യം വച്ചത്. ഇന്ത്യന്‍ സേന അതേ നാണയത്തില്‍ തിരിച്ചടി നല്‍കി.
ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം ഇന്നലെ രാത്രിയിലും പാകിസ്ഥാന്‍ തുടർന്നു. ശ്രീനഗറില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോട് കൂടി വലിയ ആശങ്കയാണ് പാക് ഡ്രോണുകൾ ഉയര്‍ത്തിയത്. പാക് ഡ്രോണുകൾ ശ്രീനഗറിന്‍റെ വ്യോമ മേഖലയില്‍ കണ്ടതോടെ ഇന്ത്യന്‍ കരസേനയുടെ വ്യോമപ്രതിരോധ യൂണിറ്റ് ശക്തമായി തിരിച്ചടിച്ചു. ഇതോടെ ലാല്‍ചൌക്ക് ഉൾപ്പെടെ ശ്രീനഗറില്‍ വലിയ ശബ്ദം മുഴങ്ങി. ഇതോട് കൂടി രാത്രിയില്‍ തെരുവുകളില്‍ നിന്നും പോലീസും സൈന്യവും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ലാല്‍ചൌക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും രാത്രി വൈകിയും ആളുകൾ ഒഴിഞ്ഞ് പോകുന്നത് കാണാമായിരുന്നു.
ഇന്നലെ രാത്രി 11 മണിക്ക് ശേഷം പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും കാര്യമായ പ്രകോപനം ഉണ്ടായിട്ടില്ലെന്ന് സർക്കാര്‍ വൃത്തങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് ദിവസം നടന്ന പാക് ഷെല്ലാക്രമണത്തില്‍ രണ്ട് വയസുള്ള ഒരു പെണ്‍കുട്ടി ഉൾപ്പെടെ ആകെ 25 പേര്‍ മരിച്ചെന്നാണ് സംസ്ഥാന സര്‍ക്കാർ വ്യക്തമാക്കി. ഇതിനിടെ ഉദ്ദംപൂരില്‍ പാക് ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സര്‍ജ്ജന്‍റ് സുരേന്ദ്ര കുമാര്‍ വീരമൃത്യു വരിച്ചു. ഔദ്ധ്യോഗിക നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി അദ്ദേഹത്തിന്‍റെ ഭൌതിക ശരീരം നാട്ടിലെത്തിക്കുമെന്ന് സേവാ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ന് പകല്‍ ഇതുവരെയായും അതിര്‍ത്തിയില്‍ പാക് പ്രകോപനമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ശ്രീനഗര്‍ വിമാനത്താവളം സൈനികത്താവളങ്ങൾ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. ബുദ്ഗാവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളില്‍ റെഡ് അലര്‍ട്ടാണ്. നഗരങ്ങളില്‍ കടകൾ തുറക്കുന്നതിനും പൊതു ഇടത്ത് കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. എന്നാല്‍ ഗ്രാമീണ മേഖലയിൽ സാധാരണ ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞു. ഇന്നത്തെ രാത്രിയില്‍ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നും പ്രകോപനങ്ങൾ ഉണ്ടായിട്ടില്ലെങ്കില്‍ അത് കശ്മീര്‍ താഴ്വരയ്ക്ക് വലിയ ആശ്വാസമാകും.
കശ്മീര്‍ താഴ്വര വീണ്ടും ശാന്തിയിലേക്കും സമാധാനത്തിലേക്കും മടങ്ങും. എന്നാല്‍, ഏതെങ്കിലും തരത്തിലൊരു പ്രകോപനത്തിന് പാക് സൈന്യം മുതിർന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സേനാ വൃത്തങ്ങൾ പല തവണ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതേസമയം സുരക്ഷിത ക്യാമ്പുകളില്‍ കഴിയുന്നവര്‍ രണ്ട് ദിവസം കൂടി സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമേ സ്വന്തം വീടുകളിലേക്ക് മടങ്ങൂ. പാക് ഷെല്ലാക്രമണത്തില്‍ മരിച്ച കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. അതിനിടെ വീടുകൾ തകർന്നവര്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന ആവശ്യം ശക്തമായി.
ഇന്ത്യ പാക്ക് സംഘർഷത്തിൽ നിയന്ത്രണത്തിലേക്ക് സമീപമുള്ള ഗ്രാമങ്ങളിൽ പേടിപ്പെടുത്തുന്ന കാഴ്ചകൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. കുപ്വാര, ബാരമുള്ളയിലെ ഉറിയടക്കം നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളൊക്കെ തകർത്തുകളയുന്ന രീതിയിലായിരുന്നു പാകിസ്ഥാന്‍റെ പ്രകോപനം. വലിയ വീടുകൾ മുതൽ ചെറിയ കുടിലുകൾ വരെ പാക് ഷെല്ലാക്രമണത്തിൽ പൂർണ്ണമായി തകർന്നു.

ഉറീ സെക്ടറിലെ ഇന്ത്യയുടെ അവസാന ഗ്രാമങ്ങളിൽ ഒന്നായ സലാമാബാദിൽ ഞങ്ങൾ എത്തുമ്പോൾ പാക് ഷെല്ലാക്രമണത്തിൽ തകർന്ന വീടുകളിൽ തീ അണിഞ്ഞിരുന്നില്ല. ഒരു ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും കൊണ്ട് ഉണ്ടാക്കിയെടുത്ത വീടുകൾ കത്തിയമർന്നു പോയി. പരിസരത്തുള്ള വീടുകളൊക്കെ ഭാഗികമായി തകർന്നു. കുട്ടികളുടെ പുസ്തകങ്ങൾ കളിപ്പാട്ടങ്ങൾ വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ, ഉപകരണങ്ങൾ , കൊയ്തെടുത്ത നെല്ല് എല്ലാം ചാരമായി.
പാക്കിസ്ഥാന്‍റെ അക്രമണത്തിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട നാട്ടുകാർ കിട്ടിയതെല്ലാം എടുത്ത് പലായനം ചെയ്യുന്ന കാഴ്ചയായിരുന്നു ഉറിയിൽ കണ്ടത്. ഉറിയിലെ ലഗാമ എന്ന ചെറിയ അങ്ങാടി തകർത്തു കളഞ്ഞിരുന്നു പാക്ക് ഷെല്ലുകൾ. സമാനമായ കാഴ്ചകളായിരുന്നു കുപ്വാരയിലെ ചൗക്കി ബാലിയിലും കണ്ടത്. ഒരു ചെറിയ പട്ടണം അങ്ങനെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു. വീടുകളെല്ലാം തകർത്തു കളഞ്ഞു.
ജനവാസ മേഖലയിലേക്ക് വീണ പാക്ക് ഷെല്ലിന്‍റെ അവശിഷ്ടം എല്ലായിടത്തും ചിതറിക്കിടന്നു. എല്ലാം നഷ്ടമായി തന്‍റെ കുട്ടികളെയും ചേർത്തുപിടിച്ച് രക്ഷപ്പെടുന്നതിനിടയിൽ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിൽ ഷെൽ പതിച്ച് അതിന്‍റെ ചീള് കുത്തി കയറി നർഗീസ് ബാനു എന്ന യുവതി ദാരുണമായി കൊല്ലപ്പെട്ടു. ഞങ്ങൾ ഉറിയിൽ എത്തിയ ദിവസം കണ്ടത്, കൈയില്‍ കിട്ടിയതെല്ലാം പെറുക്കി എടുത്ത് കുട്ടികളെയും ചേർത്ത് പിടിച്ച് ജീവനും കൊണ്ട് സുരക്ഷിത മേഖലയിലേക്ക് ഓടുന്ന അമ്മമാരെയാണ്.
ഉറി, കുപ്വാര, ബാരമുള്ള തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങൾ ആളൊഴിഞ്ഞ നിലയിലാണ്. വീട് നഷ്ടപ്പെട്ടവര്‍, ക്യാമ്പുകളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് മടങ്ങുമ്പോൾ എന്ത് ചെയ്യണമെന്ന പ്രതിസന്ധിയിലാണുള്ളത്. ക്യാമ്പുകളില്‍ ഉള്ളവരെല്ലാം തങ്ങളുടെ വീടുകളിലേക്ക് മടങ്ങണമെന്ന ആഗ്രഹവും പങ്കുവച്ചു. ഇന്ത്യാ - പാക് അതിര്‍ത്തി പ്രദേശങ്ങളിലെ സംഘര്‍ഷ സാധ്യത ഒഴിവായാല്‍ തിരികെ പോകാന്‍ തന്നെയാണ് സാധാരണക്കാരുടെ തീരുമാനം. തിരികെ എത്തുന്നവര്‍ക്ക് പുനരധിവാസത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായം വേണമെന്നും ഇതിനായി പ്രത്യേകം പദ്ധതി പ്രഖ്യാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


