Asianet News MalayalamAsianet News Malayalam

പെണ്ണുങ്ങള്‍ക്ക് ആണുങ്ങളേക്കാള്‍ കരുത്ത് കുറവാണോ, ആ ധാരണ ശരിയാണോ?

സ്ത്രീകള്‍ എല്ലാം ബലഹീനകള്‍ ആണ് എന്നൊരു ചിന്ത പൊതുവെയുണ്ട്. അങ്ങനെയാണോ? അല്ല എന്നതാണ് ഇന്നത്തെ സ്ത്രീകള്‍ തെളിയിക്കുന്നത്. 

opinion gender equations of power by Nisha Rose
Author
First Published Oct 27, 2022, 5:13 PM IST

 ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

opinion gender equations of power by Nisha Rose

 

ഒരാളുടെ ബലഹീനതകള്‍ തിരിച്ചറിയാന്‍ കഴിയുന്നത് അയാളുമായി അത്രയും അടുപ്പമുള്ള ഒരാള്‍ക്കാണ്. അതുകൊണ്ട് തന്നെയാണ് പല ദാമ്പത്യബന്ധങ്ങളും നിലനിന്ന് പോകുന്നതും.

പുറമെ നിന്ന് നോക്കുമ്പോള്‍ വളരെ ശക്തിമാന്‍ എന്ന് തോന്നുന്ന പലരും മനസ്സ് കൊണ്ട് ദുര്‍ബലര്‍ ആയിരിക്കും.

എന്താണ് ശക്തി? മനസ്സിനാണോ ശരീരത്തിനാണോ ശക്തി വേണ്ടത്?

പുരുഷന് ശരീരത്തിന് ശക്തി കൂടുതല്‍ കൊടുത്തിട്ടുണ്ട് ദൈവം എന്നാണ് വിശ്വാസം.  അതുകൊണ്ട് തന്നെ മനസ്സിനും അവര്‍ക്കാണ് ധൈര്യം എന്ന ചിന്താഗതി പൊതുവെ ഉണ്ടെങ്കിലും വലിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പലരും ഭാര്യമാരുടെ സഹായം തേടാറുണ്ട് എന്ന സത്യം മറക്കാന്‍ വയ്യ. എന്തെങ്കിലും തെറ്റ് പറ്റിയാല്‍  കുറ്റപ്പെടുത്തല്‍ അവരുടെ തലയില്‍ ഇടുകയും ചെയ്യാമല്ലോ. തെറ്റ് പറ്റിയാല്‍ ഭാര്യമാര്‍ അവരെ മരിക്കുന്നത് വരെ കുറ്റപ്പെടുത്തികൊണ്ടിരിക്കുകയും ചെയ്യും എന്നത് വേറെ. അനുസരണശീലം ദാമ്പത്യ ബന്ധത്തിന് വളരെ അത്യാവശ്യമാണ് എന്ന മട്ടില്‍ ഒതുങ്ങുന്ന ശക്തിമാന്‍മാരും ധാരാളമുണ്ട്.

സഹതാപം അര്‍ഹിക്കുന്നവരോട് അത് കാണിക്കുക, അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുക എന്നത് ചിലരുടെ ശീലമാണ്. അത് അവരുടെ സ്‌നേഹത്തിന്റെ ശക്തി കൊണ്ടാണ്. പക്ഷേ ആ സ്‌നേഹശക്തി തന്നെ ഒരു ബലഹീനതയായി കണ്ട് അങ്ങനെയുള്ളവരെ പറ്റിക്കുന്നവരും ധാരാളം.

ഏത് ശക്തിമാന്മാര്‍ക്കും കാണും എന്തെങ്കിലും ബലഹീനത. അത് കണ്ട് പിടിച്ചാല്‍ അവരെ മണിയടിക്കാന്‍ സുഖമാണ്. 

സ്ത്രീകള്‍ എല്ലാം ബലഹീനകള്‍ ആണ് എന്നൊരു ചിന്ത പൊതുവെയുണ്ട്. അങ്ങനെയാണോ? അല്ല എന്നതാണ് ഇന്നത്തെ സ്ത്രീകള്‍ തെളിയിക്കുന്നത്. അവര്‍ രാജ്യം ഭരിക്കുന്നു, കമ്പനികളുടെ എം ഡി കള്‍ ആകുന്നു. പല കാര്യങ്ങളിലും പുരുഷന്മാരേക്കാള്‍ മിടുക്കികള്‍ ആകുന്നു. നമ്മുടെ ഇന്ദിരാഗാന്ധി, ഇംഗ്ലണ്ടിന്റെ മാര്‍ഗരറ്റ് താച്ചര്‍ അങ്ങനെ എത്രയോ കരുത്തരായ സ്ത്രീകള്‍. ലോകം ബലഹീനര്‍ എന്ന് എഴുതിതള്ളിയ സ്ത്രീകള്‍ ശക്തരായി ഭരിച്ച രാജ്യങ്ങള്‍.

വിവാഹം കഴിക്കുന്നത് വരെ ആണ്‍മക്കള്‍ക്ക് പോലും ശക്തി അമ്മയാണ് മിക്ക വീടുകളിലും. എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് അമ്മയോടൊന്ന് ചോദിച്ചാല്‍ ഉറപ്പായി. ചിലപ്പോള്‍ അമ്മ എതിരഭിപ്രായം പറയും അപ്പോള്‍ അടികൂടി സമ്മതിപ്പിക്കും. പെണ്‍കുട്ടികളും ഏറെക്കുറെ അങ്ങനെ തന്നെ. എങ്കിലും അച്ഛനെ കൊണ്ട് കാര്യങ്ങള്‍ സാധിപ്പിക്കാന്‍ അവര്‍ക്ക് പ്രത്യേക മിടുക്കാണ്. അവരുടെ ശക്തി അച്ഛന്‍ എന്നൊരു തോന്നല്‍ ഉണ്ടെങ്കിലും എന്തെങ്കിലും കാര്യം നടന്ന് കിട്ടണമെങ്കില്‍ അമ്മ തന്നെ വരണം.

ശക്തി തന്നെ ബലഹീനത ആകുന്ന സന്ദര്‍ഭങ്ങളും ഇല്ലേ. ഒരു അമ്മയുടെ ശക്തി അവരുടെ മക്കള്‍ ആണ്. അതേപോലെ തന്നെ ആ മക്കള്‍ തന്നെയാണ് അമ്മമാരുടെ ബലഹീനതയും. തിരിച്ചും അങ്ങനെതന്നെ.

നമ്മുടെ ബലഹീനതകള്‍ നാം മനസിലാക്കി അത് മാറ്റിയെടുത്ത് ശക്തര്‍ ആകുന്നതിനാണ് നാം ശ്രമിക്കേണ്ടത്. പക്ഷേ ഒരു വിധം കര കയറി വരുമ്പോള്‍ പെട്ടെന്ന് എന്തെങ്കിലും ഒരു തിരിച്ചടി ഉണ്ടായി എല്ലാം വീണ്ടും പഴയ സ്ഥിതിയില്‍ ആകും.

എല്ലാറ്റിനും ഭര്‍ത്താവിനെ ആശ്രയിച്ച് വീട്ടമ്മ മാത്രമായി ജീവിച്ച സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ മരിച്ചാല്‍ വളരെ ശക്തമായി കുടുംബം കൊണ്ട് നടക്കുന്നത് കണ്ടിട്ടില്ലേ. ആദ്യമായിട്ടാവും കുറച്ച് കാശൊക്കെ സ്വന്തമായി എടുത്ത് ചിലവാക്കാനുള്ള അവസരവും ലഭിക്കുന്നത്. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കാതെ ജീവിച്ചാല്‍ അവര്‍ ഭര്‍ത്താക്കന്മാരേക്കാള്‍ കൂടുതല്‍ മിടുക്കികള്‍ ആയി കാര്യങ്ങള്‍ നടത്തും. 

പൊതുവെ ഭാര്യക്ക് വിവരമില്ല എന്ന് ചുറ്റുമുള്ളവരോട് പറയുമ്പോള്‍ ആണ് ഭര്‍ത്താവിന് സന്തോഷം. ഒപ്പം താന്‍ കൂടുതല്‍ ശക്തിമാന്‍ ആണ് എന്ന് കാണിക്കാന്‍ ഒരു അവസരവും. അത് വര്‍ഷങ്ങളോളം കേട്ട് കേട്ട് തന്നെ ഒന്നിനും കൊള്ളാത്തവള്‍, ബലഹീന ആണ് എന്ന് ഭാര്യമാര്‍ക്കും തോന്നലുണ്ടാകുന്നു. എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു ലൈസന്‍സ് ആയി അത് മാറുന്നു. വെക്കലും വിളമ്പലും വൃത്തിയാക്കലും കുട്ടികളെ നോക്കലും എല്ലാം ചെയ്യുന്ന ഒരു പണിക്കാരി.

 കുട്ടികള്‍ മുതിര്‍ന്ന ശേഷം അവരുടെ കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ട സമയമാകുമ്പോള്‍ ഈ ഭര്‍ത്താക്കന്മാര്‍ പതറും. അപ്പോള്‍ ഭാര്യയുടെ സഹായം വേണം. അപ്പോഴേക്കും ഒന്നിനും കൊള്ളാത്ത ഭാര്യക്ക് അതിനുള്ള കഴിവൊക്കെ നഷ്ടപ്പെട്ട് കാണും. അപ്പോള്‍ വഴക്കാവും. എന്ത് പറഞ്ഞാലാണ് പ്രശ്‌നം എന്നറിയാത്ത കാരണം എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കും. കൂടെ നില്‍ക്കേണ്ട സമയത്ത് അതിനുള്ള കഴിവ് അവര്‍ക്കുണ്ടാകില്ല. കുടുംബ കാര്യങ്ങളില്‍ തുടക്കം തൊട്ടേ ഭാര്യയെ ഒപ്പം നിര്‍ത്തണം. അഭിപ്രായങ്ങള്‍ ചോദിക്കണം. ഒരാളുടെ ശക്തി മറ്റേ ആള്‍ ആകണം. ബലഹീനതകള്‍ മനസ്സിലാക്കി പരസ്പരം സഹകരിക്കണം. അത് മുതലെടുക്കരുത്. അപ്പോള്‍ സമാധാനം ഉണ്ടാകും ജീവിതാവസാനം വരെ.

 

Follow Us:
Download App:
  • android
  • ios