Asianet News MalayalamAsianet News Malayalam

നിങ്ങള്‍ക്ക് കമന്റിട്ട് രസിക്കാനുള്ളതല്ല ഭിന്നശേഷി കുഞ്ഞുങ്ങളുടെ ജീവിതം!

നമ്മുടെ സമൂഹം എപ്പോഴാണ് അവരോട് സഹൃദയത്വത്തോടെ പെരുമാറാന്‍ ശ്രമിച്ചിട്ടുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? സ്‌നേഹത്തോടെ ഒന്നു ചിരിക്കാന്‍ കൂടി മിനക്കെടാറില്ല എന്നതാണ് സത്യം

opinion on  parents of differently abled kids
Author
First Published Oct 24, 2022, 4:16 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

opinion on  parents of differently abled kids

 

ഭിന്നശേഷിക്കാരനായ മകനെ സ്വന്തം പിതാവ് തീ കൊളുത്തി കൊന്നു !

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച മറ്റൊരു വാര്‍ത്ത കൂടി. വാര്‍ത്തയ്ക്കു താഴെ കുറേ മനുഷ്യര്‍ ആ അച്ഛനെ കുറ്റപ്പെടുത്തിയിരിക്കുന്നതു കണ്ടു. അദ്ദേഹം മാനസിക രോഗി വല്ലതും ആയിരുന്നോ, എന്തെങ്കിലും ദുഃസ്വഭാവങ്ങള്‍ക്ക് അടിമയായിരുന്നോ എന്നൊന്നുമറിയില്ല. സ്വന്തം കുട്ടിയെ പരിപാലിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് വാര്‍ത്തകളില്‍ കണ്ടത്. വാര്‍ത്തയോടനുബന്ധിച്ച് വന്ന ഒരഭിപ്രായം ഇങ്ങനെയായിരുന്നു: 'എന്ത് ബുദ്ധിമുട്ടാണ് ഇത് പോലുള്ള മക്കളേ കൊണ്ട്. സ്വന്തം കാലില്‍ എഴുന്നേറ്റ് നടക്കുകയും കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുകയും, സ്വയം പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ കഴിവും ഉള്ള ഇത്തരം മക്കളേ കൊണ്ട് ആര്‍ക്ക് എന്ത് ബുദ്ധിമുട്ട്?'- കിടപ്പുരോഗികളോട് താരതമ്യം ചെയ്താണ് ഈ അഭിപ്രായം.

ഒരിക്കലെങ്കിലും നിങ്ങള്‍ ഈ കുട്ടികളുടെ വീട്ടില്‍ കുറച്ചു ദിവസങ്ങള്‍ കഴിയാന്‍ ശ്രമിച്ചിട്ടുണ്ടോ? ഒരു നേരമെങ്കിലും  ഇവരുടെ ഏതെങ്കിലും കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്തു കൊടുക്കാന്‍ തുനിഞ്ഞിട്ടുണ്ടോ? ഒന്നു ശ്രമിച്ചു നോക്കുക. അപ്പോള്‍ മനസിലാകും ഈ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ നേരിടുന്ന പ്രയാസങ്ങള്‍. അവരെ പ്രാഥമിക കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യാന്‍ പഠിപ്പിച്ചെടുക്കാന്‍, മരുന്നുകള്‍ കൊടുക്കാന്‍, യാത്രകളില്‍ കൂടെ കൂട്ടാന്‍, ചികിത്സകള്‍ക്ക് പണം കണ്ടെത്താന്‍, സാധാരണ കുട്ടികള്‍ക്കൊപ്പം വിദ്യാഭ്യാസം കൊടുക്കാന്‍, മറ്റു മനുഷ്യരുടെ തുറിച്ചു നോട്ടത്തില്‍ നിന്ന്, മോശമായ പെരുമാറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തുടങ്ങി എന്തെല്ലാമെന്തെല്ലാം ബുദ്ധിമുട്ടുകളില്‍ കൂടിയാണ് അവര്‍ കടന്നു പോകുന്നതെന്ന് നാം മനസിലാക്കണം. സ്വന്തം വീട്ടകങ്ങളിലെ കുറ്റപ്പെടുത്തലുകള്‍ വരെ അവരെ മുറിവേല്പിക്കുന്നത് നാം അറിയണം. കാരണം അവര്‍ നമ്മുടെ സഹജീവികളാണ്. മനുഷ്യര്‍ തന്നെയാണ്. ഒരു മനുഷ്യന്‍ ആഗ്രഹിക്കുന്ന എല്ലാ സ്‌നേഹവും പരിഗണനയും അവരും അര്‍ഹിക്കുന്നുണ്ട്, ആഗ്രഹിക്കുന്നുണ്ട്. ഒറ്റപ്പെടുത്തരുത്, ആ രക്ഷിതാക്കളെയും കുഞ്ഞുങ്ങളെയും.

നമ്മുടെ സമൂഹം എപ്പോഴാണ് അവരോട് സഹൃദയത്വത്തോടെ പെരുമാറാന്‍ ശ്രമിച്ചിട്ടുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? സ്‌നേഹത്തോടെ ഒന്നു ചിരിക്കാന്‍ കൂടി മിനക്കെടാറില്ല എന്നതാണ് സത്യം. കൗതുകത്തോടെ അല്ലെങ്കില്‍ സഹതാപത്തോടെ 'അയ്യോ..പാവം' എന്ന രണ്ടു വാക്കുകള്‍ കുടഞ്ഞിടുന്നതോടെ കഴിഞ്ഞു, നമ്മുടെ ഉത്തരവാദിത്തം. അറിയുക, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ   വിദ്യാഭ്യാസം മുതല്‍ സമൂഹത്തില്‍ അവര്‍ക്ക് ലഭിക്കുന്ന പരിഗണന വരെ ഇന്നും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വസ്തുതകളാണ്. 

കടുവ എന്ന സിനിമയില്‍ ഭിന്നശേഷിക്കാരി കുഞ്ഞിനെ ചൂണ്ടിയുള്ള ഡയലോഗ്- 'നാം ചെയ്യുന്ന കൊള്ളരുതായ്മയ്ക്ക് അനുഭവിക്കുന്നത് മക്കളാണ്'-വിവാദമുണ്ടാക്കിയത് നമുക്കറിയാം. ഇത് ആദ്യമായി പറയുന്നത് ആ സിനിമയുടെ സംവിധായകനോ, നായകനോ അല്ല.  ഈ സമൂഹം തന്നെയാണ്. ഈ സമൂഹത്തില്‍ നിന്നടര്‍ത്തിയെടുത്ത വൃത്തികേടാണ് അവര്‍ സിനിമയിലേക്ക് ഒട്ടിച്ചു വച്ചത്. ഇത്തരം വിശ്വാസങ്ങള്‍ വച്ചു പോറ്റുന്ന സമൂഹത്തിന്, ആ മക്കള്‍ക്ക് സാധാരണ  കുഞ്ഞുങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസം അനുവദിക്കാത്ത സമൂഹത്തിന്, അവരുടെ കൂടെ കളിക്കാന്‍ പോലും സ്വന്തം മക്കളെ വിലക്കുന്ന സമൂഹത്തിന്, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ പൊട്ടന്‍ എന്നും മന്ദബുദ്ധി എന്നും വിളിച്ചു പരിഹസിക്കുന്ന ഈ സമൂഹത്തിന് എന്ത് അര്‍ഹതയാണ് ആ പിതാവിനെ കുറ്റപ്പെടുത്താന്‍ ? അവരുടെ പ്രയാസങ്ങള്‍ക്ക് പുല്ലുവിലയിടാന്‍ ?

നാം ഇനി എന്നാണ് മനുഷ്യരേ കണ്ണു തുറക്കുക? എന്നാണിനി ഈ വക വൃത്തികെട്ട മനോഭാവങ്ങളില്‍ നിന്നു മുക്തരാവുക? സമൂഹത്തിന്റെ വര്‍ദ്ധിച്ചു വരുന്ന ഓരോ വൈകൃതങ്ങളും വേദനകള്‍ മാത്രമാണ് ദിവസവും നല്‍കിക്കൊണ്ടിരിക്കുന്നത്. എന്റെ സുഹൃദ് വലയത്തില്‍ ഭിന്നശേഷിക്കാരായ മക്കളുള്ള നാലോ അഞ്ചോ അമ്മമാരുണ്ട്. അവരുടെ എഴുത്തുകള്‍ പലതും വായന മുഴുമിപ്പിക്കാനാവാതെ ഞാന്‍ മാറ്റി വയ്ക്കും. പക്ഷേ വേദനയുടെ തീച്ചൂട് പകരുന്ന ആ അനുഭവങ്ങളില്‍ നിന്നും അവര്‍ക്ക് വിടുതലുണ്ടോ? തങ്ങളുടെ മാലാഖ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ച് അവര്‍ നടത്തുന്ന യുദ്ധങ്ങള്‍ ഓരോന്നും ഈ സമൂഹത്തില്‍ നമുക്കൊപ്പം ജീവിക്കാന്‍ വേണ്ടിയാണ്. തങ്ങള്‍ക്ക് ലഭിച്ച കുഞ്ഞുങ്ങള്‍ ഡോക്ടറോ എഞ്ചിനീയറോ ആയി കാണാനല്ല അവരുടെ നെട്ടോട്ടങ്ങള്‍. 'അച്ഛാ..അമ്മേ എന്നൊരു വിളി കേള്‍ക്കാന്‍ മാത്രം, അവരുടെ ഏറ്റവും ചെറിയ ആവശ്യങ്ങള്‍ പങ്കു വയ്ക്കാന്‍ പ്രാപ്തരാവുന്നത് കാണാന്‍ മാത്രമാണ് അവരുടെ ജീവിതം. ഒപ്പം തങ്ങള്‍ക്ക് ശേഷം ഈ മക്കളുടെ ഭാവി എന്തെന്ന് വരെയുള്ള ചോദ്യങ്ങളില്‍ ഓരോ നിമിഷവും അവര്‍ വെന്തുരുകുന്നു.

ഇന്ന് ഈ വക ദുരിതങ്ങള്‍ തീരെയും സഹിക്കവയ്യാതെ ഒരച്ഛന്‍ കൊലപാതകിയായപ്പോള്‍ കുറ്റപ്പെടുത്തുകയും, കഷ്ടം പറയുകയും ചെയ്ത ആ ഒരുനിമിഷത്തേക്കെങ്കിലും  നാം ഓര്‍ക്കേണ്ടതാണ് നമ്മുടെ വികലമായ കാഴ്ചപ്പാടുകളുണ്ടാക്കുന്ന, പ്രവൃത്തികളുണ്ടാക്കുന്ന ദോഷങ്ങളെ പറ്റി. അവരുടെ ബുദ്ധിമുട്ടുകളില്‍ നാം ഇനിയും അവര്‍ക്കായി ചെയ്തു കൊടുക്കേണ്ട സൗകര്യങ്ങളെ പറ്റി ഒക്കെ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിരാഹാരസമരം ചെയ്ത ലോകമറിയുന്ന സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ പോലും നിഷ്‌കരുണം അധിക്ഷേപിച്ച മനുഷ്യരുള്ള നാടാണ് നമ്മുടേത്. ഈ പ്രവൃത്തികളൊക്കെ വൈകല്യം ബാധിച്ച പ്രബുദ്ധകേരളത്തിന്റെ നേര്‍ചിത്രങ്ങളായാണ് മാറിക്കൊണ്ടിരിക്കുന്നത്. ബിരുദങ്ങള്‍ കടലാസുകളില്‍ മാത്രമൊതുങ്ങുന്ന അഭ്യസ്തവിദ്യരുടെ നാടെന്ന അധഃപതന കാഴ്ച്ചകള്‍.  ഇനിയുമെത്ര സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ ജന്മമെടുത്താലാണ്, എത്ര ബോധവല്‍ക്കരണങ്ങള്‍ നടത്തിയാലാണ് നാം യഥാര്‍ത്ഥ മനുഷ്യരാവുക ? ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലേറിയാലാണ് മൂല്യമുള്ള ചിന്താഗതി വളര്‍ത്തപ്പെടാന്‍ വേണ്ടി പ്രവര്‍ത്തിക്കുക ?

അറിവില്ലായ്മയുടെയും അന്ധവിശ്വാസങ്ങളുടെയും കെടുതികളാല്‍ സഹജീവികളില്‍ നിന്നു തന്നെ വേദനകളേറ്റു വാങ്ങേണ്ടി വരുന്ന പ്രിയപ്പെട്ട മാലാഖക്കുഞ്ഞുങ്ങളോടും അവരുടെ രക്ഷിതാക്കളോടും മാപ്പ്.  
 

Follow Us:
Download App:
  • android
  • ios