പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള യുദ്ധത്തിന് കാരണം പാക് താലിബാനും അഫ്ഗാൻ താലിബാനും തമ്മിലുള്ള ശത്രുതയാണ്. ഒരുകാലത്ത് അഫ്ഗാൻ താലിബാനെ പിന്തുണച്ച പാകിസ്ഥാൻ, ഇപ്പോൾ അവർക്ക് അഭയം നൽകുന്ന തെഹ്രീക് എ താലിബാനെതിരെ (TTP) നടപടിയെടുക്കുന്നു. ഈ സംഘർഷം മേഖലയിലെ രാജ്യങ്ങളായ ഇറാൻ, ചൈന, ഇന്ത്യ എന്നിവയുടെ നിലപാടുകളെയും സ്വാധീനിക്കുന്നു.
ഇറാൻ യുദ്ധത്തിന്‍റെ നിഴലിലായിപ്പോയി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലെ യുദ്ധം. ഇറാൻ യുദ്ധത്തിന്‍റെ അത്ര പ്രത്യക്ഷ ആഗോള പ്രത്യാഘാതങ്ങൾ ഇല്ലാത്തതാവാം കാരണം. പക്ഷേ, മേഖലയെ ആകെ ബാധിക്കുന്നതാണ് ഈ യുദ്ധം. ചൈന, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങളുൾപ്പടെ. പാക് താലിബാനും അഫ്ഗാൻ താലിബാനും തമ്മിലെ ശത്രുതയാണ്, സർക്കാരുകൾ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയത്. ഭീകരസംഘടനകളുടെ താവളങ്ങൾ ആക്രമിച്ചുവെന്നായിരുന്നു വിശദീകരണം. അതോടെ ഖത്തറും തുർക്കിയും ഇടപെട്ട് വെടിനിർത്തി. സൌദിയും ഇടപെട്ടു, പക്ഷേ നിലനിന്നില്ല. അതിർത്തിയിൽ കടന്നുകയറ്റവും ഏറ്റുമുട്ടലുകളും അന്നേ പതിവായി. ഫെബ്രുവരിയിൽ പാകിസ്ഥാനിൽ ചാവേറാക്രമണം നടന്നു. മധ്യസ്ഥതകൾ പിന്നെ ഫലിച്ചില്ല.
പാകിസ്ഥാൻ വീണ കുരുക്ക്
ഇപ്പോഴത്തെ ഏറ്റുമുട്ടലിന്‍റെ കാരണം പാക് താലിബാനും അഫ്ഗാൻ താലിബാനുമാണ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സുഹൃത്തുക്കളായിരുന്ന കാലത്ത്, അതായത് 1990 -കളിൽ, പാക് ഇന്‍റലിജൻസാണ് അഫ്ഗാൻ താലിബാന് രൂപം നൽകിയത്. സൈനിക പരിശീലനമടക്കം നൽകി അന്നത്തെ താലിബാൻ ഭരണകൂടത്തിന്. 2001 സെപ്തംബർ 11 ആക്രമണത്തിന് ശേഷം, ഭീകരവാദ വിരുദ്ധയുദ്ധത്തിൽ അമേരിക്കയുമായി കൈകോർത്തു പാകിസ്ഥാൻ. അപ്പോഴും രഹസ്യമായി താലിബാനുള്ള പിന്തണ തുടർന്നു. അമേരിക്കയുടെ അഫ്ഗാൻ സൈനിക നടപടിക്കാലത്ത് പാകിസ്ഥാൻ താലിബാന് അഭയം നൽകി എന്നാണ് നേറ്റോയുടെ റിപ്പോർട്ടിൽ പറയുന്നത്. 2021 -ൽ അമേരിക്ക പിൻമാറി. താലിബാൻ ഭരണമേറ്റു, പാകിസ്ഥാൻ സ്വാഗതം ചെയ്ത മാറ്റം. പക്ഷേ, അതിന് ശേഷം പാകിസ്ഥാനിൽ ആക്രമണങ്ങൾ കൂടി. അതിന് പാകിസ്ഥാൻ കുറ്റപ്പെടുത്തിയത് തെഹ്രീക് എ താലിബാനെയാണ് (Tehreek-e-Taliban).

(ഇറാനിയൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയെ സല്യൂട്ട് ചെയ്യ്ത് അഭിവാദ്യം അർപ്പിക്കുന്ന പാകിസ്ഥാൻ സൈനിക തലവൻ അസിം മുനീർ.)
തെഹ്രീക് എ താലിബാൻ
അമേരിക്കയുടെ അധിനിവേശ കാലത്താണ് TTP എന്ന തെഹ്രീക് എ താലിബാൻ പാകിസ്ഥാനിൽ ജന്മമെടുത്തത്. അമേരിക്കയുടെ സൈനിക നടപടിയിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്ത അഫ്ഗാൻ താലിബാനൊപ്പം പ്രവർത്തിച്ച പാക് പൌരൻമാർ, തെറ്റിപ്പിരിഞ്ഞു, പാകിസ്ഥാനെ ശത്രുവായി പ്രഖ്യാപിച്ചു. അമേരിക്കൻ സൈനിക നപടപടിയുടെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന അൽഖയ്ദക്കും മറ്റ് തീവ്രസംഘടനകൾക്കും അഭയം നൽകി. TTP രൂപീകരിച്ചത് 2007 -ലാണ്. 2013 ഓടെ ഇവർ അൽഖയ്ദയോട് കൂടുതലടുത്തു. അതിർത്തി കടന്ന് ആക്രമണങ്ങൾ തുടങ്ങി.
നേതാവായ മുല്ല ഫസലുള്ള (Mullah Fazlullah) അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ, ചെറുസംഘങ്ങളായി, ഒരൊറ്റ നേതൃത്വമില്ലാതായി. തീരുമാനങ്ങൾ അതത് സംഘങ്ങളുടെതാണ്. പക്ഷേ, ലക്ഷ്യം ഒന്നുമാത്രം. പാകിസ്ഥാൻ. ഇവരുടെ താവളം പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയാണ്. അമേരിക്കയുടെ സമ്മർദ്ദം കാരണം പാകിസ്ഥാൻ ഈ മേഖലയിൽ വ്യാപകമായി റെയ്ഡുകൾ നടത്തി. പക്ഷേ, ഫലം താൽകാലികമായിരുന്നു. സംഘങ്ങൾ പിന്നെയും ജീവനെടുത്തു. പാകിസ്ഥാനാണ് അവരുടെ ലക്ഷ്യം. അവർക്ക് അഫ്ഗാനിലെ താലിബാൻ ഭരണകൂടം അഭയം നൽകുന്നു എന്നാണ് പാകിസ്ഥാന്‍റെ പ്രധാന ആരോപണം.
അകലുന്ന പാകിസ്ഥാനും താലിബാനും
2023 -ൽ അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്താൻ പാകിസ്ഥാൻ തീരുമാനമെടുത്തതും ഭീകരവിരുദ്ധ നടപടിയെന്ന് പേരിട്ടാണ്. അതനുസരിച്ച് 2025 മാത്രം പുറത്താക്കിയത് 10 ലക്ഷം പേരെയന്നാണ് റിപ്പോർട്ട്. അതിന്‍റെ ബാക്കിയാണ് ഇപ്പോഴത്തെ സംഘർഷം. അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ താലിബാൻ സർക്കാരുമായി നല്ല ബന്ധത്തിലല്ല പാകിസ്ഥാൻ. ഇന്ത്യയുമായുള്ള സഹകരണത്തിലാണ് പകുതി അരിശം. 'ഇന്ത്യയുടെ പ്രോക്സി' എന്നാണ് ആരോപണം. സൈനിക കരുത്ത് കൂടുതൽ പാകിസ്ഥാനാണ്. 6,60,000 സൈനികർ, 3 ലക്ഷം പാരാമിലിട്ടറിയും പൊലീസും. യുദ്ധവിമാനങ്ങളുണ്ട്. ആണവശക്തിയുമാണ്.

(പാക് അക്രമണത്തിൽ തകർന്ന കാബൂൾ)
പക്ഷേ, വർഷങ്ങൾ നീണ്ടുനിന്ന യുദ്ധത്തിൽ അമേരിക്കയെ വശംകെടുത്തിയ അനുഭവ പരിചയമാണ് താലിബാന്. വ്യോമസേനയില്ല. സോവിയറ്റ് കാലത്ത ചില ഹെലികോപ്റ്ററുകളും, അമേരിക്ക ഉപേക്ഷിച്ചുപോയ ചരക്കുവിമാനങ്ങളും ഡ്രോണുകളുമേയുള്ളു. പക്ഷേ, ഗറില്ലാ യുദ്ധമുറകളിൽ മുമ്പിൽ. ചാവേറുകൾക്കും ക്ഷാമമില്ല. പാകിസ്ഥാൻ ഇപ്പോഴത്തെ യുദ്ധത്തിന് പേരിട്ടത് ഓപ്പറേഷൻ റൈറ്റ്യസ് ഫ്യൂറി (Operation Righteous Fury) എന്നാണ്. യുഎസ്എയുടെ ഇറാൻ യുദ്ധമായ ഓപറേഷൻ എപിക് ഫ്യൂറി (Operation Epic Fury) ഓടുള്ള സാമ്യം യാദൃശ്ചികമാകാം. നിയമവിരുദ്ധ സർക്കാർ എന്ന് അഫ്ഗാൻ താലിബാനെ പാകിസ്ഥാൻ കുറ്റപ്പെടുത്തുന്നു.
അടുക്കുന്ന ഇറാനും താലിബാനും
ഇതിൽ അമേരിക്ക, ഇന്ത്യ, ചൈന എന്നിവരുടെ നിലപാടെന്ത് എന്നതിലും ചർച്ചകൾ നടക്കുന്നുണ്ട്. ചൈനയോ ഇന്ത്യയോ യുദ്ധത്തിൽ നേരിട്ട് ഇടപെടില്ല. ചൈനയുടെ അഫ്ഗാൻ താൽപര്യവും പാകിസ്ഥാൻ താൽപര്യവും ഒരേപോലെയാണ്. സഖ്യത്തിലാണ് അവർക്ക് താൽപര്യം. അമേരിക്ക പാകിസ്താന് അനുകൂലം എന്നാണ് വിലയിരുത്തൽ. ഇപ്പോഴത്തെ ഇറാൻ യുദ്ധത്തിലും ഇതിന്‍റെ ചില പ്രതിഫലനങ്ങളുണ്ട്. അഫ്ഗാനിസ്ഥാനിലെ ബഗ്രാം താവളം ഉപയോഗിക്കാൻ താലിബാൻ സർക്കാർ അമേരിക്കയ്ക്ക് അനുവാദം നൽകിയില്ല. അതിൽ ഇറാൻ നന്ദി പറഞ്ഞു. താലിബാൻ സർക്കാരിനെ ഇറാൻ ഇതുവരെ അംഗീകരിച്ചിരുന്നില്ല. അതുടനെ ഉണ്ടാവും എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. അങ്ങനെ പല തലത്തിലാണ് പ്രതിഫലനം.
അഫ്ഗാനിസ്ഥാനോട് ശത്രുത തുടരുന്നത് പാകിസ്ഥാന്‍റെ താൽപര്യമല്ല. പക്ഷേ, ടിടിപിയെ ഇല്ലാതാക്കുക ലക്ഷ്യമാണ്. ഇറാൻ യുദ്ധത്തിന്‍റെ മറവിൽ മറ്റ് ചിലതും കൂടി പാകിസ്ഥാൻ നടപ്പാക്കുന്നുണ്ട് എന്നൊരു റിപ്പോർട്ടുണ്ട്. അമേരിക്ക ഉപേക്ഷിച്ച് പോന്ന ആയുധശാലകളിലാണ് പാക് ആക്രമണം ഉണ്ടായതെന്നാണ് ഈ കഥ. പക്ഷേ, ഉറപ്പിച്ച് പറയാൻ പറ്റില്ല.


