''അച്ഛാ, ദേ നയാഗ്രാ വെള്ളച്ചാട്ടം'' ആ വാക്കുകള്‍ നാവില്‍ നിന്നല്ലായിരുന്നു, ഉള്ളില്‍ നിന്നാണ് വന്നത്. അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ കൈകള്‍ കൂട്ടി പിടിച്ച് ആ ഗാനരംഗം മുഴുവന്‍ കണ്ടിരുന്ന എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

യു എസില്‍ നിന്ന് ഹ്രസ്വാവധിക്കെത്തിയ സഹപാഠിയുമൊത്ത് ഡിന്നറിനെത്തിയതായിരുന്നു ഞങ്ങള്‍. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ ഇതുപോലെ ഒത്തുകൂടുന്നത്. സ്‌കൂളും കോളേജുമൊക്കെയായി ഒരുപാട് കൂട്ടായ്മകള്‍ ഉണ്ടെങ്കിലും മറകളില്ലാതെ ഞങ്ങളൊക്കെ ഞങ്ങളായി മാറുന്നത് ഈ കൂട്ടായ്മയിലാണെന്ന് തോന്നാറുണ്ട്. സൂര്യന് താഴെയുള്ള സകലതും മറയും മടിയുമില്ലാതെ ചര്‍ച്ചാവിഷയമാവാറുണ്ട് ഞങ്ങളുടെ ഈ കൂടിച്ചേരലിനിടയില്‍.
കോഫിയും സ്റ്റാര്‍ട്ടറും ഓര്‍ഡര്‍ ചെയ്തിരിക്കുന്നതിനിടയില്‍, രണ്ട് ദിവസം മുമ്പ് സന്ദര്‍ശിച്ച ആതിരപ്പള്ളി വെള്ളച്ചാട്ടവും ഫോറസ്റ്റ് റ്റിബിയിലെ രാത്രി വാസവുമൊക്കെ സ്വതസിദ്ധമായ നര്‍മ്മം കലര്‍ത്തി വര്‍ണ്ണിക്കുകയായിരുന്നു കൂട്ടത്തിലൊരുവന്‍.
''രാത്രിയില്‍ വെള്ളം പാറക്കെട്ടില്‍ തട്ടി ചിതറുന്ന ശബ്ദം കേട്ടാല്‍ ഉറങ്ങാന്‍ തോന്നില്ല. വെള്ളത്തിന്റെ ഭയം ജനിപ്പിക്കുന്ന വന്യസൗന്ദര്യം ജനല്‍ തുറന്ന് കണ്ട് നില്‍ക്കുക വല്ലാത്തൊരു ഫീല്‍ തന്നെയാണ്. അടുത്ത പ്രാവശ്യം മദാമ്മ വരുമ്പോള്‍ നമുക്ക് അതൊന്ന് ട്രൈ ചെയ്താലോ?'
'മദാമ്മ ' അവളെ കളിയാക്കി അവന്‍ വിളിക്കുന്നത് അങ്ങിനെയാണ്. അത് കേട്ട് ഞാനും അങ്ങനെ വിളിച്ചു തുടങ്ങിയിട്ടുണ്ട്. അവനെ ചൊടിപ്പിക്കാനെന്നോണം, ആ വര്‍ണ്ണന നിസ്സാരമെന്ന മട്ടില്‍ കേട്ടിരിക്കുകയായിരുന്നു അവള്‍.
''നയാഗ്രാ വെള്ളച്ചാട്ടത്തില്‍ നീന്തി നടക്കുന്ന എനിക്കെന്ത് ആതിരപ്പള്ളിയെന്ന അവളുടെ പുച്ഛം കണ്ടില്ലേ? ഒരു മദാമ്മ..'' തന്റെ നിര്‍ദ്ദേശത്തിന് വേണ്ടത്ര പ്രാധാന്യം കിട്ടാത്തതിലെ അനിഷ്ടം അവന്‍ മറച്ചുവച്ചില്ല. എന്നിട്ട് തിരിഞ്ഞെന്നോട് ചോദിച്ചു.
''താന്‍ പറയ്. നയാഗ്രാ വെള്ളച്ചാട്ടം ആദ്യമായി ഒരു മലയാള ഗാനരംഗത്ത് വന്നിട്ടുള്ളത് ഏത് സിനിമയിലാണ്. ഗാനമേതാണ്. രണ്ടും പറഞ്ഞാല്‍ തനിക്കൊരു പ്ലേറ്റ് ചിക്കന്‍ സ്പ്രിംഗ് റോള്‍ എന്റെ വക..''
എനിക്ക് ആ പാട്ട് കണ്ടെത്താന്‍ ഒരു സെക്കന്റ്‌പോലും ആലോചിക്കേണ്ടതില്ലെന്ന് അവനറിയില്ലല്ലോ.
'സുരലോകജലധാരയൊഴുകിയൊഴുകി
പുളകങ്ങള്‍ ആത്മാവില്‍ തഴുകി തഴുകി
ഇളം കാറ്റു മധുമാരി തൂകി തൂകി
വാനമൊരു വര്‍ണ്ണചിത്രം എഴുതിയെഴുതീ...'

''ഏഴാം കടലിനക്കരെ'' എന്ന ഐ.വി ശശി ചിത്രം. വാണി ജയറാം ആലപിച്ച മനോഹര ഗാനം. ഭാസ്‌ക്കരന്‍ മാഷിന്റെ ലളിത സുന്ദരമായ രചന. എം എസ് വിശ്വനാഥന്റെ സംഗീതം.
എന്റെ മറുപടി കേട്ട് അവനൊന്ന് ഞെട്ടി.
പഴയൊരു സിനിമ. ഏറെ ചര്‍ച്ച ചെയ്യപ്പെടാത്ത പാട്ടും. അവന്റെ കണ്ണുകളിലെ അത്ഭുതം എനിക്ക് വായിക്കാമായിരുന്നു. താന്‍ കൊള്ളാമല്ലോടോ എന്നൊരു ഭാവം!
''എടോ താന്‍ വിചാരിക്കുന്നതുപോലെ ഇതില്‍ അത്ഭുതമൊന്നുമില്ല. ആ പാട്ടിന് പിന്നില്‍ ഒരു കഥയുണ്ട്. അതാണ് ആ സിനിമയും പാട്ടും ഓര്‍ക്കാന്‍ കാരണം.' ഞാന്‍ പറഞ്ഞു.
''അത്രയ്ക്ക് വിനയമൊന്നും വേണ്ട. തനിക്ക് ഇക്കാര്യത്തില്‍ കുറച്ചൊക്കെ ധാരണയുണ്ട്..'' എന്ന് അവന്‍ എന്നെയൊന്ന് പ്രോത്സാഹിപ്പിച്ചു. മറ്റുള്ളവര്‍ ആ കഥ കേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ചിരിപ്പായി. മുന്നിലെ ചിക്കന്‍ ലോലിപോപ് കഴിയാറായി.
''ചിക്കന്‍ സ്പ്രിംഗ് റോള്‍ ഓര്‍ഡര്‍ ചെയ്യൂ. എന്നിട്ടാവാം കഥ'' എന്നായി ഞാന്‍.
''ഒന്നല്ല, രണ്ട് പ്ലേറ്റ്.. താനിത് പറയുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചില്ല...'' അവന്റെ കണ്ണുകളിലെ അത്ഭുതം വിട്ടുമാറിയിരുന്നില്ല.
കുട്ടിക്കാലത്ത്, വരികളുടെ അര്‍ത്ഥം പോലും മനസ്സിലാവാതിരുന്ന കാലത്ത് മനസ്സില്‍ പതിഞ്ഞ പാട്ടാണ്. എന്റെ മനസ് വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്ക് പറന്നിരുന്നു. ഒരു കുഞ്ഞ് ഫ്രോക്കുകാരി അച്ഛന്റെ കൈ പിടിച്ച് നടക്കുകയാണ് ഓര്‍മ്മയുടെ ഇടവഴിയിലൂടെ. അനിയനുമുണ്ട് ഒപ്പം. മൂന്നാം ക്ലാസിലാണ് അവള്‍. അനിയന്‍ ഒരു ക്ലാസ് താഴെ. ''പറയെടോ കഥ'' എന്ന് എല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞു. അങ്ങനെ ഞാന്‍ കഥയിലേക്ക് കടന്നു.
''മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ്, നയാഗ്രാ വെള്ളച്ചാട്ടം കാണിച്ചു തരാമെന്ന് പറഞ്ഞ് അച്ഛന്‍ എന്നെയും അനിയനേയും പട്ടണത്തിലേക്ക് കൂട്ടി കൊണ്ടുപോയി. അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന നാട്ടിന്‍പുറത്ത് നിന്നും 23 കി യാത്ര ചെയ്യണം പട്ടണത്തിലെത്താന്‍. നയാഗ്ര വെള്ളച്ചാട്ടത്തിനെ കുറിച്ച് അച്ഛന്‍മുമ്പ് പറഞ്ഞുതന്നിട്ടുണ്ട്. കാനഡയിലെ ഒന്റാരിയോക്കും ന്യൂയോര്‍ക്കിനുമിടയിലെ നയാഗ്ര മലയിടുക്കുകള്‍ക്കിടയില്‍ നിന്നുത്ഭവിക്കുന്ന മൂന്ന് വെള്ളച്ചാട്ടങ്ങളുടെ കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടമെന്ന്. അതൊക്കെ കാണാപ്പാഠം പഠിച്ച് വച്ചിട്ടുണ്ട് ആ മൂന്നാം ക്ലാസുകാരി. വടക്കേ അമേരിക്കയിലെ ഈ വെള്ളച്ചാട്ടം തിരുവനന്തപുരം പട്ടണത്തില്‍ എങ്ങനെ കാണാനാണ്! എത്ര ആലോചിച്ചിട്ടും കുഞ്ഞ് ബുദ്ധിയില്‍ ഒന്നും തെളിഞ്ഞില്ല.
''അവിടെ നിന്ന് നമ്മളെ വിമാനത്തില്‍ കയറ്റി കൊണ്ടുപോവുമായിരിക്കും..'' ഞാനവനോട് പറഞ്ഞു.
''അച്ഛന്‍ വേറെ ഏതേലും വെള്ളച്ചാട്ടം കാണിച്ചുതരും.നോക്കിക്കോ'' എന്ന് അവനും.
പട്ടണത്തിലെത്തിയപ്പോള്‍ അച്ഛന്‍ ഞങ്ങളെ കൊണ്ടുപോയത് ഒരു സിനിമാതീയേറ്ററിലേക്കായിരുന്നു. സിനിമ തുടങ്ങിയപ്പോഴും നയാഗ്രാ വെള്ളച്ചാട്ടം എപ്പോള്‍ കാണുമെന്ന് ചോദിച്ചുകൊണ്ടേയിരുന്നു ഞങ്ങള്‍.
'അടങ്ങിയിരിക്കൂ, അടങ്ങിയിരിക്കൂ' എന്ന് അച്ഛനും. ഒരു ഗാനരംഗം എത്തിയതും, ദേ നയാഗ്ര വെള്ളച്ചാട്ടമെന്ന് അച്ഛന്‍.
വടക്കേ അമേരിക്കയിലെ നയാഗ്രവെള്ളച്ചാട്ടം കണ്‍മുന്നിലെന്നപോലെ കണ്ട ദിവസം. നയനാനന്ദകരമായ ആ വിസ്മയം! ഇന്നും ആ ദിവസം ഓര്‍മ്മയില്‍ നിന്ന് മാഞ്ഞിട്ടില്ല.അതൊക്കെ എങ്ങനെ മറക്കാനാ അല്ലേ?
കെ. ആര്‍ വിജയയും ജോ വാഷിംഗ്ടണുമാണ് ഗാനരംഗത്ത്. കെ.ആര്‍ വിജയ പാടുകയാണ്.
കാമുകനാം പൂന്തെന്നല്‍ മുറുകെ മുറുകെ പുണരുന്നു
കാമിനിയാം പൂഞ്ചോല കുതറിക്കുതറിയോടുന്നു
മേഘമാല വാനിലാകെ മലര്‍ന്നു മലര്‍ന്നു നീന്തുന്നു...
അച്ഛനിന്നില്ല. എങ്കിലും ചില ഓര്‍മകള്‍ക്ക് മരണമില്ല. അന്ന്,സിനിമ കഴിഞ്ഞു വരുമ്പോള്‍ കഴിച്ച മസാല ദോശയുടെ രുചി ഇപ്പോഴും നാവിന്‍ തുമ്പില്‍ അനുഭവപ്പെടുന്നത് പോലെ.
ഇക്കഥയ്ക്ക് ഒരു രണ്ടാം ഭാഗം കൂടിയുണ്ട്. അഞ്ചോ ആറോ വര്‍ഷം മുമ്പാണ്. അച്ഛന്‍ തീരെ വയ്യാണ്ട് കിടപ്പിലായകാലം. ഒരു വൈകുന്നേരം, അച്ഛനെ കാണാന്‍ പോയതായിരുന്നു ഞാന്‍. അക്കാലത്ത് അച്ഛന് ആകെയുള്ള വിനോദം വെറുതേ റ്റി വി കണ്ടിരിക്കലാണ്. എന്താ കാണുന്നതെന്ന് മനസിലാവാറുണ്ടായിരുന്നോ ആവോ.
എങ്കിലും അച്ഛന്‍ ഉറങ്ങുമ്പോഴല്ലാതെ ആ റ്റി വി ഓഫാക്കാറില്ലായിരുന്നു. അന്ന് ഞാന്‍ കയറി ചെല്ലുമ്പോള്‍ ഏതോ പഴയ സിനിമ കാണുകയായിരുന്നു അച്ഛന്‍. ഞാനത് ശ്രദ്ധിക്കാതെ അച്ഛനോട് എന്തൊക്കെയോ പറഞ്ഞിരുന്നു. അക്കാലത്തൊക്കെ എന്നെ കാണുമ്പോള്‍ കരയുക അച്ഛന്റെ പതിവാണ്. അച്ഛന്റെ ശ്രദ്ധ മാറ്റാനായി റ്റി വി ഓഫ് ചെയ്യാന്‍ റിമോട്ടെടുക്കുമ്പോഴതാ ഏറെ പരിചിതമായ പാട്ടിന്റെ ഹമ്മിംഗ്. ജോ വാഷിംഗ്ടണും കെ. ആര്‍ വിജയയും പ്രത്യക്ഷപ്പെടുന്നു.
''അച്ഛാ, ദേ നയാഗ്രാ വെള്ളച്ചാട്ടം'' ആ വാക്കുകള്‍ നാവില്‍ നിന്നല്ലായിരുന്നു, ഉള്ളില്‍ നിന്നാണ് വന്നത്. അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ കൈകള്‍ കൂട്ടി പിടിച്ച് ആ ഗാനരംഗം മുഴുവന്‍ കണ്ടിരുന്ന എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
കഥ പറഞ്ഞ് നിര്‍ത്തുമ്പോള്‍ എന്റെ മനസില്‍ ആ പഴയ തീയേറ്ററും, രണ്ട് കുട്ടികളും സുന്ദരനായ അവരുടെ അച്ഛനുമായിരുന്നു. ആ ചെറുപ്പക്കാരനില്‍ നിന്നും മെലിഞ്ഞുണങ്ങിയ, പ്രായത്തേക്കാള്‍ വാര്‍ദ്ധക്യം കീഴടക്കിയ മനുഷ്യനിലേക്കുള്ള ദൂരം എന്നെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും ആ ദിവസം ഏറെ നാള്‍ മനസില്‍ തങ്ങി നിന്നു.
ഞാനും അവനുമൊഴികെ കൂട്ടത്തില്‍ മറ്റാരും ആ പാട്ട് കേട്ടിട്ടില്ല. അവര്‍ക്ക് കാണാനായി അവന്‍ ആ പാട്ടിന്റെ വീഡിയോ പ്ലേചെയ്തു.
വാണിയമ്മയുടെ ശബ്ദം ഞങ്ങള്‍ക്കിടയില്‍ ഒഴുകി നടക്കുകയാണ്. എന്നെപ്പോലെ തന്നെ വാണിയമ്മ അവന്റെയും പ്രിയ ഗായികയാണ്.
''വാണിയമ്മയുടെ ആദ്യകാല ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉച്ചാരണം സംഗീത സംവിധായകര്‍ക്ക് ഇത്തിരി കൂടി തിരുത്താമായിരുന്നില്ലേന്ന് തോന്നിപ്പോവാറുണ്ട്. വാണിയമ്മ അസാധ്യമായി പാടിയെങ്കിലും പല സ്ഥലത്തും, നമ്മുടെ മദാമ്മയെ പോലെ, ഉച്ചാരണത്തില്‍ മലയാളിത്തം അല്‍പ്പം കുറവാണോന്ന് തോന്നാറുണ്ടെനിക്ക്...' അവന്‍ ചരണത്തിലെ വരികള്‍ മൂളി.
'മാനസത്തില്‍ സ്വപ്നരാജി നിറയെ നിറയെ വിരിയുന്നു
മാദകമാം സങ്കല്പങ്ങള്‍ ചിറകു നീര്‍ത്തിപ്പറക്കുന്നു
ചക്രവാള സീമയിങ്കല്‍ പാറിപ്പാറി ചെല്ലുന്നൂ
മാരിവില്ലിന്‍ ഊഞ്ഞാലയില്‍ ഉര്‍വശിയായ് ചാഞ്ചാടും
മാറി മാറി മദന സ്വപ്ന ഗാനമാല ഞാന്‍ പാടും.... '
ഇടയ്ക്കിടയ്ക്കുള്ള അവന്റെ മദാമ്മ വിളി അവളെ ചൊടിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കിട്ടുന്ന അവസരത്തിലൊക്കെ അവളവനെ കൊട്ടുന്നുമുണ്ട്. അപ്പോഴേയ്ക്കും ചിക്കന്‍ സ്പ്രിംഗ് റോള്‍ എത്തിയിരുന്നു.
''ഈ ചിക്കന്‍ സ്പ്രിംഗ് റോളിന്റെ ബില്‍ പ്രത്യേകം വേണം ട്ടോ'' എന്നായി മദാമ്മ.
അത് ശ്രദ്ധിച്ചിട്ടും, കേട്ടില്ലാന്ന മട്ടില്‍ അവന്‍ പറഞ്ഞു, ''ഈശ്വരാ, മീശയെടുക്കാമെന്നൊന്നും ബെറ്റ് വയ്ക്കാത്തത് ഭാഗ്യം...''
അവന്റെ നര്‍മ്മം കലര്‍ന്ന ഡയലോഗില്‍ വെയിറ്റര്‍ പോലും ചിരിച്ചുപോയി. അപ്പോഴും എന്റെ മനസ് ആ വരികള്‍ക്കൊപ്പം അപ്പൂപ്പന്‍താടി പോലെ എങ്ങോ പറന്നു നടക്കുകയായിരുന്നു.


