വര്‍ഷങ്ങള്‍ക്ക് ശേഷം വിധി മുന്നിലെത്തിച്ച ഒരാള്‍ ഞാനറിയാതെ വീണ്ടും ഊര്‍ന്നിറങ്ങി പോയിരിക്കുന്നു. ചില മനുഷ്യരങ്ങനെയാണ് അറിയാതെ നമ്മളില്‍ നിന്നിറങ്ങിപ്പോവും.

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

ശബ്ദത്തിനെന്തോ പ്രശ്‌നമുണ്ട്. കഴിഞ്ഞ കുറേ നാളായി അങ്ങനെ ഒരു തോന്നലുണ്ടായിരുന്നു. എങ്കിലും ശബ്ദം പെട്ടെന്ന് നിന്നു പോവുമെന്ന് ചിന്തിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഒരു ട്രെയിനിംഗില്‍ പങ്കെടുത്തപ്പോള്‍ ആ അവസ്ഥയും മാറി. ജീവിതത്തില്‍ ശബ്ദത്തിന്റെ പ്രാധാന്യം എത്രയുണ്ടെന്ന് തിരിച്ചറിഞ്ഞു. ട്രെയിനിംഗിനിടയില്‍ ശബ്ദം പോയി. പറയാനുള്ളത് എഴുതി കാണിക്കേണ്ടി വന്നപ്പോള്‍ ശരിക്കും തകര്‍ന്നു പോയി. ഇനിയൊരിക്കലും ശബ്ദം തിരിച്ചു കിട്ടില്ലേ എന്ന് ഞാനാകുലപ്പെട്ടു. ആ മാനസികാവസ്ഥയിലും, മനസ് ഒരു പാട്ടിലേക്ക് ചിറകടിച്ചു പറന്നു പോയി.

കുട്ടിക്കാലത്ത് ഏതോ ഒരുച്ചനേരത്ത് റേഡിയോയിലാണ് ആദ്യം ഈ പാട്ട് കേട്ടത്. അതാണ് ആദ്യ ഓര്‍മ്മ. ആ ഉച്ചനേരത്ത് വാണിയമ്മയുടെ ശബ്ദം ഒഴുകിയെത്തിയത് കാതുകളിലേക്കായിരുന്നില്ല, ഹൃദയത്തിലേക്കായിരുന്നു. ആ പാട്ടുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഓര്‍മ്മ വഴിയേ പറയാം.

''മൗനം പൊന്‍മണി തംബുരു മീട്ടി
തന്ത്രിയില്‍ നാദവികാരമുണര്‍ന്നു
ഒരു ശ്രുതിയായ് ഉണരാന്‍
സങ്കല്‍പത്തിന്‍ ചിറകുകള്‍ ചൂടി
സന്തോഷത്തിന്‍ കുളിരല മൂടി
പറന്നുയരാം വാനില്‍ നീളേ...'

മൗനത്തില്‍ ഒളിപ്പിച്ച പ്രണയം നിറമായും ശില്‍പമായും മാറുന്ന അപൂര്‍വ്വ ചാരുതയായിരുന്നു 'ഓര്‍മയ്ക്കായി' എന്ന ഭരതന്‍ ചിത്രത്തിലെ ആ ഗാനം. രചന ആലപ്പുഴ മധു. ജോണ്‍സണ്‍ മാഷിന്റെ സംഗീതം. വാണി ജയറാം ഗാനങ്ങളില്‍ എനിക്കേറെ പ്രിയപ്പെട്ട ഗാനം. ആദ്യമായി കേട്ടപ്പോള്‍ ഹമ്മിംഗിനിടയിലെ ഒരു ശബ്ദം അരോചകമായി തോന്നിയിരുന്നു. അതെന്താവുമെന്ന് കുറേ ചിന്തിച്ചിരുന്നു, പൊട്ടിയായ അന്നത്തെ ആ സ്‌കൂള്‍ കുട്ടി. പാട്ടുകേള്‍ക്കാന്‍ റേഡിയോ മാത്രം ആശ്രയമായിരുന്ന അക്കാലത്ത് അത്തരം സംശയങ്ങള്‍ ദൂരികരിക്കുക തീരെ എളുപ്പമല്ല. അല്ലേലും ഓരോ പാട്ടിനുമനുസരിച്ച് ഒരു രംഗം ഭാവനയില്‍ കാണുകയായിരുന്നു അക്കാലത്തെ എന്റെ രീതി. പില്‍ക്കാലത്ത് സിനിമകാണുമ്പോഴാണറിയുക, ഞാന്‍ സങ്കല്‍പിച്ച് കൂട്ടിയ രംഗത്തിന് സിനിമയിലെ രംഗവുമായി ഒരു ബന്ധവുമുണ്ടാവില്ല.

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് 'ഓര്‍മ്മയ്ക്കായി'' എന്ന സിനിമ കാണുന്നത്. അപ്പോഴാണ് ഫോട്ടോഗ്രാഫറും ശില്‍പിയുമായ ഭരത് ഗോപിയുടെ നന്ദഗോപാല്‍ എന്ന നായക കഥാപാത്രം ബധിരനാണെന്നറിഞ്ഞത്. ഭരതന്‍ മാജിക്കിനു മുന്നില്‍ നമിച്ചു പോയി പഴയ ആ സ്‌കൂള്‍ കുട്ടി. പിന്നീട് പല തവണ ഈ പാട്ട് കേട്ടിട്ടുണ്ട്, ഹമ്മിംഗിനിടയിലെ ആ ശബ്ദം കേള്‍ക്കാനായി മാത്രം. ആംഗ്ലോ ഇന്ത്യന്‍ മോഡലായ സൂസന്നയായി മാധവിയും നന്ദഗോപാലായി ഭരത് ഗോപിയുമാണ് ഗാനരംഗത്ത്.

വാണിയമ്മയുടെ നിത്യഹരിത ഗാനങ്ങളിലൊന്ന്. ഭരത് ഗോപിയുടെ ചെവിയില്‍ പാടുകയാണ് സൂസന്ന. പാടാന്‍ ശ്രമിക്കുകയാണ് ഗോപിയുടെ കഥാപാത്രം. അതുപോലെ ശ്രമിക്കുകയായിരുന്നു ദില്ലിയിലെ ട്രെയിനിംഗിനിടെ ഞാനും, ഒരു വാക്ക് പറയാന്‍. ശബ്ദം പുറത്ത് വരാതെ എഴുതി കാണിക്കേണ്ടി വന്നപ്പോള്‍ എന്റെ കണ്ണ് നനഞ്ഞുപോയി. ആ നനവിലും മനസ്സില്‍ ആ ഗാനരംഗം മിന്നിമറഞ്ഞു.

'പുഴയായിടാന്‍ ഒഴുകും പുഴയായിടാന്‍
പുതുമണ്ണിലൂറുന്ന ഗന്ധം പകര്‍ന്നീടുവാന്‍
പുലര്‍വേളയില്‍ ചെങ്കതിരൊളി വീശവേ
ഉലയുന്ന പുല്‍ത്തുമ്പില്‍ ഒരു മഞ്ഞുമുത്തായിടാന്‍
ഹൃദയങ്ങളും ചലനങ്ങളും ഒരു സ്പന്ദനമാകും നേരം...''

പാട്ടിനിടയില്‍ കടന്നു വരുന്ന ഡയലോഗ്.

''ഹേയ്! തല നന്നായിട്ട് തോര്‍ത്തണമെന്നു പറഞ്ഞിട്ടില്ലേ ഞാന്‍. തല ശരിക്ക് തോര്‍ത്തിയിട്ടില്ലെങ്കില്‍ നീര്‍വീഴ്ച വരില്ലേ?'' സിനിമ കണ്ട നാളുകളില്‍ അത് ശരിക്കും നന്ദഗോപാല്‍ പറഞ്ഞതാണോ സൂസന്നയുടെ തോന്നലാണോന്നൊക്കെ ഓര്‍ത്ത് വട്ടായ കാലം ഓര്‍മ്മയില്‍ തെളിഞ്ഞു.

പിന്നീട് ഈ പാട്ട് കേള്‍ക്കുന്നത് ഒരു സുഹൃത്ത് പാടിയാണ്. സുഹൃത്തെന്ന് പറയാമോന്നറിയില്ല. അക്വയിന്റന്‍സ് എന്ന് പറയുന്നതാവും ശരി. വാണിയമ്മയുടെ പാട്ട് ഒരാണ്‍ ശബ്ദത്തില്‍ കേട്ടപ്പോള്‍ ആദ്യം എനിക്കത്ര ഇഷ്ടമായിരുന്നില്ല. പിന്നീട് ഈ പാട്ട് വാണിയമ്മയുടെ ശബ്ദത്തില്‍ കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ അയാള്‍ പാടിയതോര്‍ക്കും . അങ്ങനെ ഓര്‍ത്തോര്‍ത്ത് ആ കാലം കടന്നുപോയി. അയാളും എങ്ങോ പോയി. പാട്ടോര്‍മ്മയും അടഞ്ഞ ശബ്ദവുമായി ട്രെയിനിംഗും കഴിഞ്ഞു.

YouTube video player

രണ്ട്

ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവിലെ ഗാലാ ഡിന്നറിലായിരുന്നു ട്രെയിനിംഗില്‍ പങ്കെടുത്ത ഞങ്ങള്‍. ലോഞ്ചിലേക്ക് കയറുമ്പോള്‍ വാതില്‍ക്കല്‍ സംസാരിച്ചു നില്‍ക്കുന്ന രണ്ടുപേര്‍. ഒരാള്‍ ട്രെയിനിംഗില്‍ ഞങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഏത് സംസ്ഥാനത്ത് നിന്നാണെന്ന് അറിയില്ല. മറ്റേയാളെ എവിടെയോ കണ്ടു മറന്നതുപോലെ. അകത്തേയ്ക്ക് കയറി നാല് നോര്‍ത്ത് ഈസ്റ്റുകാര്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോഴും എന്റെ മനസ്സില്‍ വാതില്‍ക്കല്‍ കണ്ട ആളുടെ മുഖമായിരുന്നു.

'മാം, ചിക്കന്‍ ഓര്‍ മട്ടണ്‍' തിരിഞ്ഞു നോക്കുമ്പോള്‍ സ്റ്റാര്‍ട്ടര്‍ സെര്‍വ്‌ചെയ്യാനായി നില്‍ക്കുന്ന നോര്‍ത്തിന്‍ഡ്യന്‍ പയ്യന്‍. അവനും അയാളുടെ ഛായ!

'ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്ന് തോന്നും' എന്ന് അകലങ്ങളിലിരുന്ന് വെറ്റിലക്കറ പുരണ്ട പല്ലുകാട്ടി, പഴഞ്ചൊല്ലുകളിലേക്ക് കൈ പിടിച്ചു നടത്തിയ അമ്മൂമ്മ ചിരിക്കുന്നു.

അപ്പോഴും ഞാനയാളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. നോര്‍ത്ത് ഇന്ത്യന്‍ ലുക്ക് ഉണ്ടെങ്കിലും എവിടെയോ ഒരു മലയാളിത്തം. എവിടെയോ കണ്ടു മറന്നതുപോലെ. നിര്‍മ്മിതബുദ്ധി സഹായമില്ലാതെ തന്നെ മനസ് അയാളുടെ ഒരു റ്റീനേജ് ചിത്രം വരയ്ക്കുന്നു. ചില സമയത്ത് മനസ്സിനുമുന്നില്‍ ഏത് നിര്‍മ്മിത ബുദ്ധിയും തോറ്റുപോവും. ഇറങ്ങാന്‍ നേരം അയാളോട് സംസാരിച്ചുനിന്ന ആളോട് വെറുതേ ചോദിച്ചു, വാതില്‍ക്കല്‍ സംസാരിച്ചു നിന്ന ആളുടെ പേര് എന്തായിരുന്നു.

''മാം, ഹി ഈസ് ഫ്രം യുവര്‍ സ്റ്റേറ്റ്. വി വേര്‍ റ്റുഗദര്‍ ഫോര്‍ പിജി.''

''കുഡ് യൂ പ്ലീസ് ഷെയര്‍ ഹിസ് നമ്പര്‍'' എന്ന് ചോദിക്കാതിരിക്കാനായില്ല. നമ്പര്‍ വാങ്ങി നടക്കുമ്പോള്‍ അത് അയാള്‍ തന്നെ ആയിരിക്കില്ലേന്ന് പലവട്ടം ചിന്തിച്ചു. എനിക്ക് തീരെ ഇഷ്ടമില്ലാതിരുന്ന അയാളുടെ പല്ലുകള്‍ക്കിടയിലെ വിടവാണ് പെട്ടെന്ന് ശ്രദ്ധിക്കാന്‍ കാരണം.

ഹോസ്റ്റല്‍ റൂമിലെത്തിയ ഉടന്‍ ആ നമ്പറിലേക്ക് വിളിച്ചു. അങ്ങേ തലയ്ക്കല്‍ പ്രൗഢഗംഭീര ശബ്ദം. ഒരേ കാലത്ത് പഠിച്ചവരെയൊക്കെ മറന്നുപോയൊരാളെ ഓര്‍മ്മപ്പെടുത്താന്‍ കുറച്ച് പ്രയാസപ്പെടേണ്ടി വന്നു. ശബ്ദം പുറത്ത് വരാത്തത് കാരണം ഞാന്‍ കേഴ്വിക്കാരിയായി. പണ്ടും അങ്ങനായിരുന്നല്ലോ. ഞാനൊരു കേള്‍വിക്കാരിയും, അയാള്‍ കഥാകാരനും.

ഡല്‍ഹിയില്‍ ഒരു മീറ്റിംഗിന് എത്തിയതാണ് അയാള്‍. മിഡില്‍ ഈസ്റ്റില്‍ കുടുംബസമേതം താമസം. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി. പാട്ടും കൂട്ടുമൊക്കെ അയാളുടെ ഓര്‍മ്മയില്‍ കൂടിയില്ല. എങ്കിലും സംസാരിക്കാനാവാതെ എന്റെ ശബ്ദം ഇടയ്ക്ക് നിന്നു പോയപ്പോള്‍ അയാള്‍ ആ പാട്ടിലെ വരികള്‍ക്കായി പരതി. ചില ഓര്‍മ്മകളെങ്കിലും അവശേഷിക്കാതിരിക്കില്ലല്ലോ.

''കൗമാര കാലത്ത് ഞാന്‍ ഏറ്റവുമധികം ആസ്വദിച്ച ശബ്ദം വാണി ജയറാമിന്റേതായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് ഈ പാട്ടും. ഇപ്പോള്‍ മലയാളം പാട്ടൊന്നും കേള്‍ക്കാറില്ല.'' അയാള്‍ ആ ജീവിതം ആസ്വദിക്കുന്നതുപോലെയാണ് തോന്നിയത്.

എങ്കിലും കൂട്ടും പാട്ടുമൊക്കെ മറന്ന് ഏതോ നാട്ടില്‍ തിരക്കില്‍ മുങ്ങിക്കഴിയുന്ന ഒരാളെ വീണ്ടും പാട്ടോര്‍മ്മയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞല്ലോന്ന് ഓര്‍ത്തപ്പോള്‍ സന്തോഷം തോന്നി. രാത്രി ഏറെ വൈകുവോളം ഞാന്‍ ആ സിനിമ യുട്യൂബില്‍ കണ്ടു. അവസാന സീനിലെത്തുമ്പോള്‍, ആദ്യമായി ആ സിനിമ കണ്ടപ്പോള്‍ അനുഭവിച്ച അതേ നൊമ്പരം. സംസാരിക്കാനാവാത്ത കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് കരയുന്ന സൂസന്ന.

YouTube video player

മൂന്ന്

മടക്കയാത്ര. മേഘങ്ങള്‍ കീറിമുറിച്ച് വിമാനം ചീറിപ്പായുകയാണ്. അതിലും വേഗത്തില്‍ മനസ്സ് പിന്നിലേക്ക് പായുന്നു. ഈയിടെയായി എന്തിനും ഏതിനും നെഗറ്റീവ് ചിന്തകള്‍ ആയതിനാലാവണം ഓര്‍മ്മകള്‍ ആ ഗാനത്തിന്റെ ചരണത്തില്‍ തന്നെയെത്തി. ജോണ്‍സണ്‍ മാഷിന്റെ മാന്ത്രിക സ്പര്‍ശം ഇല്ലായിരുന്നെങ്കില്‍ ഈ പാട്ടിന്റെ വിധി മറ്റൊന്നായിരുന്നേനെയെന്ന് തോന്നി.

''മേഘങ്ങളായ് ചന്ദനമേഘങ്ങളായ്
മലരിട്ട തളിരിട്ട നക്ഷത്രമലര്‍വാടിയില്‍
ഇളംതൂവലിന്‍ പേലവ മണിമെത്തയില്‍
വിതിരാത്ത വിതറാത്ത മോഹങ്ങള്‍ കൈമാറിടാന്‍
പുളകങ്ങള്‍ തന്‍ മുകുളങ്ങളില്‍ മധുരം നിറയും നേരം....'

ദുരന്തത്തിലേക്ക് നീങ്ങിയ സൂസന്നയുടേയും നന്ദഗോപാലിന്റേയും ജീവിതം വീണ്ടും മനസ്സില്‍ നിറഞ്ഞു. ബീച്ചില്‍ തുള്ളിച്ചാടി നടക്കുന്ന ഭരത് ഗോപിയും മാധവിയും. ഈ പാട്ടിനോടുള്ള ഇഷ്ടം കാരണം മാധവിയോട് പ്രണയം തോന്നാറുണ്ടെന്ന് അയാളൊരിക്കല്‍ പറഞ്ഞത് ഓര്‍മ്മ വന്നു. അന്നേരമാണ് അയാളുടെ നമ്പര്‍ ഞാന്‍ സേവ് ചെയ്തില്ലല്ലോന്ന് ഓര്‍ത്തത്. സേവ് ചെയ്യാനായി കോള്‍ ലിസ്റ്റ് നോക്കുമ്പോള്‍, ആ നമ്പര്‍ ഡിലീറ്റായിരിക്കുന്നു. കോള്‍ ലോഗ് ഇടയ്ക്കിടയ്ക്ക് ഡിലീറ്റാക്കുന്ന സൂക്കേട് എനിക്കുണ്ടല്ലോ. പേരറിയാത്ത ഏതോ സ്റ്റേറ്റുകാരനാണല്ലോ എനിക്കാ നമ്പര്‍ പറഞ്ഞു തന്നത്. അയാളുടെ നമ്പറും ഇല്ല!

വര്‍ഷങ്ങള്‍ക്ക് ശേഷം വിധി മുന്നിലെത്തിച്ച ഒരാള്‍ ഞാനറിയാതെ വീണ്ടും ഊര്‍ന്നിറങ്ങി പോയിരിക്കുന്നു. ചില മനുഷ്യരങ്ങനെയാണ് അറിയാതെ നമ്മളില്‍ നിന്നിറങ്ങിപ്പോവും.

നീന്തി മറയുന്ന നീല മേഘങ്ങളിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഓര്‍മ്മയില്‍ വീണ്ടും ഭാസ്‌ക്കരന്‍ മാഷിന്റെ പ്രിയ ഗാനങ്ങളിലൊന്ന്. My memory is my enemy എന്ന് പറയാറുള്ള ഒരു ബോസിനെ ഓര്‍മ്മ വന്നു.

''നീലമേഘങ്ങള്‍ നീന്താനിറങ്ങിയ
വാനമാകും കളിപ്പൊയ്കക്കടവില്‍
ഏതോ സ്വപ്നത്തെ താലോലിച്ചിരുന്നു
ചേതോഹരീ സായാഹ്നസുന്ദരീ ...'

ഓരോ വിമാനയാത്രയിലും അറിയാതെ ഏതൊരാളും മൂളിപ്പോവുന്ന വരികള്‍. ഭാവഗായകന്റെ പ്രണയാതുരമായ ആലാപനം. എ ടി ഉമ്മറിന്റെ വശ്യമായ സംഗീത ചാര്‍ത്ത്. ആകാശത്തായാലും ഭൂമിയിലായാലും ഏത് പ്രായത്തിലും മനസ് പ്രണയാതുരമാവാന്‍ ഇതൊക്കെ മതിയെന്ന് തോന്നി.

നീന്തി നീങ്ങുന്ന നീലമേഘങ്ങളിലേക്ക് കണ്ണും നട്ട് ഏതോ ദിവാസ്വപ്നത്തിലെന്നപോലെ ഞാനിരുന്നു. ഭാവഗായകന്റെ ശബ്ദം കാതുകളിലേക്ക് ഒഴുകിയെത്തുന്നതുപോലൊരു തോന്നല്‍.

'ഇന്ദ്രപുരിയിലെ മലര്‍വനത്തില്‍ സഖി
ഇന്നലെ മല്ലികപ്പൂ നുള്ളുമ്പോള്‍
കാമുകനാരാനും വന്നു പോയോ -
ആരും
കാണാതെയുള്ളില്‍ കടന്നുപോയോ...'

പാട്ടും ഓര്‍മ്മയും വിരല്‍ തൊടുന്ന പാട്ടോര്‍മ്മകള്‍. മറ്റ് കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം