Asianet News MalayalamAsianet News Malayalam

കടലിന് മാത്രമറിയാവുന്ന രഹസ്യങ്ങള്‍, തിരകളേക്കാള്‍ ആഴമേറിയ വ്യസനങ്ങള്‍!

'അവള്‍ എനിക്ക് വല്ലാത്ത ഒബ്‌സെഷനായി മാറിയിരുന്നു. അവളുടെ ഹൃദയതാളം ശ്രവിച്ചുകിടക്കുമ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു എനിക്ക്.' ഞങ്ങള്‍ക്കിടയില്‍ വീണ്ടും  ഉരുണ്ടു കൂടിയ മൗനത്തെ തൊട്ടുണര്‍ത്തി അയാള്‍ പറഞ്ഞു.

Pattorma a column on music memory and Love by Sharmila C Nair
Author
First Published Jan 3, 2024, 6:29 PM IST

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

Pattorma a column on music memory and Love by Sharmila C Nair

Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'
...........................

ചുറ്റിലും കണ്ണാടി പോലെ തെളിഞ്ഞ കടല്‍. കണ്‍തുറന്നാല്‍ കടല്‍ മാത്രം. കാതിലും കടലിരമ്പം. 

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അഗത്തിയില്‍ ഫ്‌ളൈറ്റിറങ്ങുമ്പോള്‍ ദ്വീപ് ഏറെ മാറിയിരുന്നു.  ആള്‍ക്കാര്‍ക്ക് മാത്രം ഒരു മാറ്റവുമില്ല. സ്‌നേഹവും സൗഹൃദവും പഴയതു പോലെ. ഇന്റര്‍നെറ്റില്ലാതെ കടന്നുപോയ ഏഴ് പകലും രാത്രിയും കഴിഞ്ഞ് കടലിന്റെ വന്യസൗന്ദര്യം ആസ്വദിച്ച് കപ്പലില്‍ ഒരു മടക്കയാത്ര. കപ്പലിന്റെ ഡെക്കില്‍ നിന്നും, കണ്ണില്‍ നിന്ന് മറയുന്നതുവരെ ദ്വീപ്  നോക്കി നില്‍ക്കുക. വല്ലാത്തൊരനുഭവമാണത്! 

എല്ലാവരും ഉറങ്ങാനായി മടങ്ങുമ്പോഴും അനന്തതയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അയാള്‍. പാതിരാത്രി. ചുറ്റിലും ഭയപ്പെടുത്തുന്ന നിശ്ശബ്ദത. ആര്‍ത്തിരമ്പി വരുന്ന തിരമാലകള്‍. തിരകളെ ഉള്ളിലൊളിപ്പിച്ച ഉള്‍ക്കടലിന്റെ ശാന്തതയാണോ നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന കടലിന്റെ ഇരുളിമയാണോ, ഏതാണ് കൂടുതല്‍ ആകര്‍ഷിക്കുന്നതെന്ന ചിന്തയിലായിരുന്ന ഞാനും.

ക്യാബിനിലേക്ക് മടങ്ങാന്‍ തുടങ്ങുന്നേരമാണ് അയാള്‍ പാടി തുടങ്ങിയത്.

............................

 Also Read: പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...

 

'കടലിന്നഗാധമാം നീലിമയില്‍
കതിര്‍ ചിന്നും മുത്തു പോലെ പവിഴം പോലെ...

കടലിന്നഗാധമാം നീലിമയില്‍
കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തു വെച്ചതേതു രാഗം
അരുമയാം അനുരാഗ പത്മരാഗം
കതിര്‍ ചിന്നും മുത്തു പോലെ പവിഴം പോലെ...'

മലയാളി എന്നും ഉള്ളില്‍ സൂക്ഷിക്കുന്ന മനോഹര ഗാനം. അയാളുടെ ഘനസാന്ദ്ര സ്വരം അല ചിതറുന്ന തിരമാലകള്‍ ഏറ്റുവാങ്ങി. 

എവിടെയാണ് ഞാനയാളെ കണ്ടിട്ടുണ്ടാവുക? നല്ല പരിചയം! 

ഇന്നലെകളില്‍ എവിടെയോ ഞാനയാളെ കണ്ടിട്ടുണ്ട്. പാതിരാത്രി  കപ്പലിന്റെ ഡെക്കില്‍  അപരിചിതനായ ഒരാളുടെ പാട്ടുകേട്ട് നില്‍ക്കുക. ഒപ്പം എന്റെ ഏത് വട്ടിനും കുട പിടിക്കുന്ന സുഹൃത്തും, മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്നതിന് മാത്രം മുന്‍തൂക്കം നല്‍കുന്ന  ഭര്‍ത്താവും ഉണ്ട്. 

'അയാള്‍  നന്നായി പാടുന്നു. കേട്ടിട്ട് പോവാം' എന്നായി ഞാന്‍. ആ പാട്ട് കേള്‍ക്കാന്‍ അതിലും അനുയോജ്യമായ സന്ദര്‍ഭം വേറെ ഉണ്ടാവില്ല. ഒന്നുകൂടി കാണാന്‍ മനസ്സനുവദിക്കാത്ത സിനിമയിലെ, നൂറു തവണയെങ്കിലും കേട്ട പ്രിയഗാനം. ഞാന്‍ പറഞ്ഞത് കേട്ടിട്ടാവണം അയാള്‍ സൗഹൃദഭാവത്തോടെ ചിരിച്ചു.

ഹരികുമാറിന്റെ സംവിധാനത്തില്‍ 1994 -ല്‍ പ്രദര്‍ശനത്തിനെത്തിയ സുകൃതം. എം ടി യുടെ കഥയും തിരക്കഥയും. ആസന്നമായ മരണത്തെ കാത്തിരിക്കുന്ന രവിശങ്കര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ 'വൈകരുത് , ഇത് എളുപ്പമാക്കുക' എന്ന ഡോക്ടറോടുള്ള അഭ്യര്‍ത്ഥനയുടെ നീറ്റല്‍ ഓര്‍മ്മയിലിന്നുമുണ്ട്. അര്‍ബുദം ഭേദമായ ശേഷം, റെയില്‍വേ ട്രാക്കിലൂടെ അയാള്‍ ആ തുരങ്കത്തിലേക്ക് നടന്നകലുമ്പോഴും അതേ നീറ്റല്‍ ബാക്കിയായി. 

രവിശങ്കറിനോടുള്ള പ്രണയം പറയാതെ ഉള്ളില്‍ കൊണ്ടു നടന്ന ദുര്‍ഗ. ദുര്‍ഗയുടെ പ്രണയം പോലെ അവളിലെ കവിയേയും അറിയാതെ പോയ രവിശങ്കര്‍. പില്‍ക്കാലത്ത്, മാധ്യമപ്രവര്‍ത്തകനായ രവിശങ്കറിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന മാലിനിയെന്ന (ഗൗതമി) കോളേജ് അധ്യാപിക. വൈകാരികതയ്ക്കപ്പുറം ജീവിതത്തെ പ്രായോഗികമായി സമീപിക്കുന്ന സ്ത്രീയാണ് മാലിനി. ഒരു കാലത്ത് മാലിനിയെ ഒപ്പം കൂട്ടണമെന്നാഗ്രഹിച്ച രാജേന്ദ്രന്‍ ( മനോജ് കെ ജയന്‍). മരണം മുന്നില്‍ കണ്ട നിമിഷങ്ങളില്‍ മാലിനിയെ രാജേന്ദ്രനെ ഏല്‍പിക്കുന്ന രവിശങ്കര്‍. അര്‍ബുദം ഭേദമായി തിരിച്ചെത്തുമ്പോള്‍ ഏല്‍പിച്ച ആള്‍ അധികാരം സ്ഥാപിച്ചു കഴിഞ്ഞുവെന്ന് പറഞ്ഞ് രവിശങ്കറിന്റെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്ന മാലിനി. തീവ്രമായ ജീവിതാനുഭവങ്ങളുടെ മാത്രമല്ല മനുഷ്യരുടെ നിസ്സഹായതയുടേയും നേര്‍സാക്ഷ്യമായി മാറി, ഈ എം. ടി ചിത്രം. 
 
രവിശങ്കറിന്റെ പഴയൊരു കവിത ദുര്‍ഗയും രവിയും  ചേര്‍ന്ന് പാടുന്നതാണ് പശ്ചാത്തലത്തില്‍. ഒ എന്‍ വിയുടെ പ്രണയതീവ്രമായ വരികള്‍ക്ക്, ചെയ്ത പാട്ടുകളിലെല്ലാം കൈയ്യൊപ്പ് ചാര്‍ത്തിയ ബോംബെ രവിയുടെ മാന്ത്രിക ഈണം. യേശുദാസിന്റേയും ചിത്രയുടെയും ആലാപന മാധുരി. ഒരു കാലഘട്ടത്തിന്റെ മാസ്മരിക ഗീതമായി മാറിയ ഗാനം.

പറയാനാവാതെ പോവുന്ന ഇഷ്ടമാണ് മനസ്സിന്റെ ഏറ്റവും വലിയ വിങ്ങല്‍. രവിശങ്കറിനെ കുട്ടിക്കാലം മുതല്‍ ഇഷ്ടപ്പെട്ടിരുന്ന ദുര്‍ഗ ഒരിയ്ക്കലും ആ ഇഷ്ടം പറഞ്ഞിട്ടില്ല. പറയാതെ പലവുരു അവളത് പറഞ്ഞിട്ടും അയാളത് അറിയാതെയും പോയി. 

വല്ലാതെ സങ്കടത്തിലാഴ്ത്തിയ ഒരു പാട്ടിന്റെ വരികള്‍ എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു.

 

....................

Also Read : 'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍', പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

 

'പറയാത്ത മൊഴികള്‍തന്‍
ആഴത്തില്‍ മുങ്ങിപ്പോയ്
പറയുവാനാശിച്ചതെല്ലാം
നിന്നോടു പറയുവാനാശിച്ചതെല്ലാം.
ഒരുകുറി പോലും
നിനക്കായ് മാത്രമായ്
ഒരു പാട്ടു പാടാന്‍ നീ ചൊന്നതില്ല. 
പറയാം ഞാന്‍ ഭദ്രേ,
നീ കേള്‍ക്കുവാനല്ലാതെ
ഒരു വരി പോലും പാടിയില്ല...'

പെരുമ്പടവം ശ്രീധരന്റെ നോവലിനെ ആസ്പദമാക്കി ഭരത് ഗോപി സംവിധാനം ചെയ്ത 'എന്റെ ഹൃദയത്തിന്റെ ഉടമ 'എന്ന ചിത്രത്തിലെ അധികം ശ്രദ്ധിക്കപ്പെടാതെ പോയ മനോഹരഗാനം. ഒ എന്‍ വി യുടെ ഹൃദയസ്പര്‍ശിയായ വരികള്‍ക്ക് രവീന്ദ്ര സംഗീതം. ബിജു നാരായണനും ചിത്രയും അസാധ്യമായാലപിച്ച ഭാവഗീതം. വാണി വിശ്വനാഥും (ഉമ ) ലാലും (പവിത്രന്‍ ) അനശ്വരമാക്കിയ ആ ഗാന രംഗത്തിന്റെ ഓര്‍മ്മകളുടെ കുടുക്കഴിച്ച് ഞാന്‍ പുറത്തെത്തുമ്പോള്‍, നിറകടലിനെയും താരാകാശത്തെയും സാക്ഷിയാക്കി, കപ്പല്‍ ഡെക്കില്‍ അയാള്‍ ചരണത്തിലെത്തിയിരുന്നു.

'നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഢമാം രാഗത്തിന്‍
ചെമ്മണി മാണിക്യം 
എന്റെ മനസ്സിന്നഗാധ ഹൃദത്തിലുണ്ടി-
ന്നതെടുത്തു കൊള്‍ക...'

ദുര്‍ഗ അവളുടെ ഉള്ളിന്റെയുള്ളില്‍ പവിഴം പോലെ കൊണ്ടു നടന്ന അനുരാഗം. ഒരു ക്യാന്‍വാസില്‍ എന്നപോലെ മനസില്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ തെളിയുന്നു. ആസന്ന മരണത്തിനായി കാത്തിരിക്കുന്ന രവിശങ്കറിനെ പരിചരിക്കുന്നതിലൂടെ തന്റെ ജീവിത ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന ദുര്‍ഗ പറയുന്നു. 'എന്റെ മടിയില്‍ കിടന്ന് എന്റെ കയ്യീന്ന് വെള്ളം വാങ്ങി കുടിച്ചോണ്ട് വേണം രവിയേട്ടന്‍ മരിക്കാന്‍.'

വീണ്ടും ഓര്‍മ്മകളില്‍ നഷ്ടപ്പെട്ട എന്നിലേക്ക് പെട്ടെന്നാണയാള്‍ ആ ചോദ്യം എറിഞ്ഞത്.

'ഏകാന്തതയുടെ നിറം ഏതാണെന്നറിയാമോ?'

ഏകാന്തതയുടെ നിറം കറുപ്പാണെന്ന് നീയൊരിക്കല്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മ വന്നു. കറുപ്പെന്ന് ഞാന്‍.  

'നോ, യു ആര്‍ റോംഗ്. അവളുടെ അഭാവം നല്‍കിയ എന്റെ ഏകാന്തതയ്ക്ക് ഈ കടലിന്റെ നീലിമയാണ്.  അത്രയ്ക്ക് ആഴമുണ്ടായിരിക്കണം ആ വിയോഗം എനിക്കു നല്‍കിയ ഷോക്കിന്.'- അറ്റമില്ലാത്ത കടലിന്റെ അനന്തതയില്‍ നോക്കിയാണയാള്‍ സംസാരിച്ചു തുടങ്ങിയത്. 

'നമ്മള്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ'-അയാളത് ചോദിക്കുമ്പോള്‍ ഞാനും ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്നലെകളില്‍ എവിടെയാണ് ഞാനീ മുഖം കണ്ടത്?

ഭര്‍ത്താവ് തൊട്ടപ്പുറത്ത് നിന്ന് അക്ഷമനായി വാച്ചില്‍ നോക്കുന്നു. ഒരു യാചനയോടെ ഞാന്‍ ഭര്‍ത്താവിന്റെ കരം ഗ്രഹിച്ചു. സുഹൃത്തിന്റെ മുഖത്തും അസ്വസ്ഥത പ്രകടമാവുന്നു. സമയം രണ്ട് മണി കഴിഞ്ഞിരുന്നു. എങ്കിലും ഞാനത് കൂട്ടാക്കാതെ പറഞ്ഞു. 

'എവിടെയാണെന്ന് ഓര്‍മ്മവരുന്നില്ലല്ലോ'

തിരിഞ്ഞു നടക്കുമ്പോള്‍ പിന്നില്‍ നിന്നയാള്‍ പറഞ്ഞു, 'യെസ് ഞാനോര്‍ക്കുന്നു. മാത്‌സ് ട്യൂഷന് രണ്ടു വര്‍ഷം നമ്മള്‍ ഒരേ ക്ലാസില്‍. ബട്ട് പേരോര്‍മ്മ വരുന്നില്ല'

'ഓര്‍ത്തെടുക്കാന്‍ ശ്രമിക്കൂ. രാവിലെ കാണാം' എന്ന് പറഞ്ഞ് ഞാന്‍ അവര്‍ക്കൊപ്പം ക്യാബിനിലേക്ക് നടന്നു. കൈകള്‍ കെട്ടി അയാളതേ നില്‍പ്പ് തുടര്‍ന്നു. ചുറ്റിലും അറ്റമില്ലാത്ത കടല്‍!

നഷ്ടമാവുമെന്നുറപ്പായ ഉറക്കത്തിനു വേണ്ടി വെറുതേ കണ്ണടച്ച് കിടന്നു. മനസ്സ് മുഴുവന്‍ അയാളും ആ പാട്ടുമായിരുന്നു. ഞാനയാളുടെ പേരോര്‍ത്തെടുക്കാന്‍ ശ്രമിച്ചു. കഴിയുന്നില്ല. പ്രീഡിഗ്രിക്ക് മാത്‌സ് ട്യൂഷനുണ്ടായിരുന്ന മിടുക്കനായ ഒരു പൊടി മീശക്കാരന്‍ ഓര്‍മ്മയില്‍ തെളിയുന്നു. പക്ഷേ, പേര്...? ഈയിടെയായി കൂടി വരുന്ന മറവിയെ ഞാന്‍ ശപിച്ചു. അയാളുടെ കണ്ണുകളിലും സംസാരത്തിലും തളം കെട്ടി നില്‍ക്കുന്ന വിഷാദത്തിന് പിന്നിലെന്താവുമെന്ന ചിന്ത എന്നെ അലട്ടി .നേരം പുലരാനായി കാത്തു കിടന്നു.

സൂര്യോദയം കാണാനായി പുലര്‍ച്ചെ ഡെക്കിലേക്ക് കടക്കുമ്പോള്‍ എന്റെ കണ്ണുകള്‍ അയാളെ തിരഞ്ഞു .
മേഘാവൃതമായ ആകാശം. കടലില്‍ നിന്നും ഒരു കനല്‍ക്കട്ട പോലെ ഉദിച്ചുയരുന്ന സൂര്യന്‍. സൂര്യ കിരണങ്ങളാല്‍ വെട്ടിത്തിളങ്ങുന്ന വെളളം. സൂര്യനെ നോക്കി അതേ സ്ഥാനത്ത്  ഇരിപ്പുണ്ട് അയാള്‍. ഞാനയാളുടെ അടുത്തേക്ക് നടന്നു. അയാള്‍ വളരെ സന്തോഷത്തോടെ വിഷ് ചെയ്തു കൊണ്ട് പാടി .

....................

 Also Read: പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?

 

'പേരറിയാത്തൊരു പെണ്‍കിടാവേ
നിന്റെ നേരറിയുന്നു ഞാന്‍ പാടുന്നു. 
കോതമ്പ് കതിരിന്റെ നിറമാണ്
പേടിച്ച പേടമാന്‍ മിഴിയാണ്
കൈയ്യില്‍ വളയില്ല
കാലില്‍ കൊലുസില്ല
മെയ്യിലലങ്കാരമൊന്നുമില്ല'

അലസതയിലാണ് സൗന്ദര്യമെന്ന് പറഞ്ഞ് വളയും മാലയുമൊക്കെ ഉപേക്ഷിച്ചു നടന്നിരുന്ന ഒരു പെണ്‍കുട്ടി ഓര്‍മ്മയില്‍ തെളിയുന്നു. അവളെ നോക്കി ഒരിയ്ക്കല്‍ ഒ എന്‍ വി യുടെ 'കോതമ്പ് മണികള്‍' ചൊല്ലിയ വിരുതന്റെ രൂപം മനസില്‍ വരയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. 

അതേ, ഗോവിന്ദരാജ്! അറിയാതെ എന്റെ ചുണ്ടുകള്‍ മന്ത്രിച്ചു. അയാളുടെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി. കഷണ്ടി കയറിയ നെറ്റി. ഡൈ ചെയ്യാന്‍ കൂട്ടാക്കാത്ത നരച്ച മുടി. ഞാന്‍  അയാള്‍ക്കെതിരെയുള്ള കസേരയില്‍ ഒരു മന്ദഹാസത്തോടെ ഇരുപ്പുറപ്പിച്ചു. പിന്നില്‍ നിന്ന ഭര്‍ത്താവിനോട് 'ഇതെന്റെ പഴയ ക്ലാസ് മേറ്റ്' എന്നുറക്കെ പറഞ്ഞു. ഭര്‍ത്താവും ചങ്ങായിയും ഒരു 'ഹായ്' പറഞ്ഞു പിന്നിലെവിടെയോ ഇരുപ്പുറപ്പിച്ചു. തികഞ്ഞ നിസ്സംഗതയോടെ അയാള്‍ ചോദിച്ചു:

'കപ്പലിന്റെ ഡെക്കില്‍ നിന്ന് വളരെ വൈകുന്നതു വരെ നിങ്ങള്‍ നക്ഷത്രം എണ്ണിയിട്ടുണ്ടോ?' പണ്ട് അയാളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ വിഷമിച്ചിരുന്ന ജോസഫ് മാഷിന്റെ മുഖം മനസില്‍ തെളിഞ്ഞു.

'ഇന്നലെ ഞാനത് ചെയ്തു' പിന്നെ, എല്ലാം ജീവിതത്തിന്റെ നിസ്സാരതകളാണെന്ന ആമുഖത്തോടെ, പതിയെ തന്റെ ജീവിതം എന്റെ മുന്നില്‍ തുറന്നു .

പി ജി കഴിഞ്ഞ സമയത്താണ് കേന്ദ്ര ഗവണ്‍മെന്റ് സര്‍വ്വീസില്‍ അയാള്‍ക്ക്  ജോലി കിട്ടുന്നത്. നാല് വര്‍ഷത്തിന് ശേഷം, അച്ഛന്റ നിര്‍ബ്ബന്ധത്തിന് വഴങ്ങി അച്ഛന്‍ പെങ്ങളുടെ മകളെ വിവാഹം കഴിച്ചു. പന്ത്രണ്ട് വര്‍ഷത്തെ വരണ്ട, ശുഷ്‌കിച്ച ദാമ്പത്യത്തിനൊടുവില്‍ തമ്മില്‍ പിരിഞ്ഞു. മകള്‍ അമ്മയ്‌ക്കൊപ്പം.

'എത്രമേല്‍ ചേര്‍ന്നൊഴുകാന്‍ ശ്രമിക്കുമ്പോഴും വഴി മാറിയൊഴുകുന്ന പുഴയുടെ കൈവഴികള്‍പോലെ ആയിരുന്നു ഞങ്ങള്‍'-പണ്ടും അയാളുടെ വര്‍ത്തമാനം കേള്‍ക്കാന്‍ നല്ല രസമായിരുന്നു. അയാള്‍ തുടര്‍ന്നു.

'നാട്ടില്‍ നിന്നും ഒരു മാറ്റം ആവശ്യമായിരുന്നു. മധ്യപ്രദേശിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോവുമ്പോള്‍ പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. ഇന്‍ഡോറിലേക്കുള്ള യാത്രയ്ക്കിടയിലാണ് ജൂലി കുര്യനെ പരിചയപ്പെടുന്നത്. മധ്യപ്രദേശില്‍ നഴ്‌സിംഗ് അധ്യാപികയായിരുന്നു അവിവിവാഹിതയായ ജൂലി. 

'ജീവിതം പാതി പിന്നിട്ടവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പക്വമാവുമെന്നല്ലേ? ഉടഞ്ഞു പോയ ദാമ്പത്യത്തിന്റെ കുപ്പിച്ചില്ലുകളില്‍ ചവിട്ടി നിന്നുകൊണ്ടായിരുന്നല്ലോ ഞാനവള്‍ക്ക് നേരെ കൈ നീട്ടിയത്. ഒരേ വൈബ് ഉള്ളവരെ പെട്ടെന്ന് തിരിച്ചറിയാനാവുമല്ലോ. അവള്‍ എന്റെ ഒറ്റപ്പെടലിന്റെ ഉത്തരമായി. തുറന്നു പറയാനുള്ള ധൈര്യമുണ്ടായില്ല. ഒരു തിരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ എന്റെ മനസ് തയ്യാറല്ലായിരുന്നു.' അയാള്‍ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരുന്നു.

അവളെ സ്വന്തമാക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അവളും അത് ആഗ്രഹിച്ചതു പോലെ അയാള്‍ക്ക്  തോന്നി . ഒരൊഴിവു ദിനം. നെറ്റ്ഫ്‌ലിക്‌സില്‍ അയാള്‍  'അനാര്‍ക്കലി ' സിനിമ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ജൂലി കയറി വന്നത്. 'നമുക്ക് ലക്ഷദ്വീപ് പോയാലോ മാഷേ, ഈ ക്രിസ്തുമസ് കാലത്ത്' എന്നവള്‍ ചോദിച്ചു. 

ഒരുമിച്ച് ഡിന്നര്‍ കഴിക്കുക, ഒരുമിച്ച് യാത്ര ചെയ്യുക ഇതൊക്കെ അവരുടെയിടയില്‍ പതിവായിരുന്നു. ലക്ഷദ്വീപിലേക്കുള്ള യാത്ര ഒരു വഴിത്തിരിവായി. നെടുമ്പാശ്ശേരി എത്തിയപ്പോള്‍ അവര്‍ ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനം എടുത്തിരുന്നു. ജൂലി വളരെ നേരത്തേ ആ തീരുമാനം എടുത്തിട്ടുണ്ടാവണം. ഒരു കുഞ്ഞു താലി അവള്‍ കരുതിയിരുന്നു. എന്നാല്‍ സാഗരം സാക്ഷിയായി താലി ചാര്‍ത്തി സ്വന്തമാക്കാമെന്നത് അയാളുടെ തീരുമാനമായിരുന്നു. ദ്വീപിലെ സ്‌പോണ്‍സര്‍ അവളുടെ പഴയ ബി.എഡ് ക്ലാസ്‌മേറ്റ് ആയിരുന്നു.  അങ്ങനെ 2019 -ല്‍  സാന്റി ബീച്ചില്‍വച്ച് സാഗരം സാക്ഷിയായി ഒരു കുഞ്ഞു താലി അയാളവളെ അണിയിച്ചു. 

'ഞാന്‍ കണ്ടതില്‍ വച്ചേറ്റവും ബോള്‍ഡായ സ്ത്രീ ആയിരുന്നു അവള്‍. ആ ബോള്‍ഡ്‌നെസായിരുന്നു എന്നെ ആകര്‍ഷിച്ചതും . അതേ ബോള്‍ഡ്‌നെസ് തന്നെയാണ് ഞങ്ങളെ പിരിച്ചതും.' അയാളുടെ വാക്കുകള്‍  വീണ്ടും എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി.

ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോഴും രണ്ടു പേരുടേയും സ്വകാര്യതകള്‍ അവര്‍ മാനിച്ചിരുന്നു.  സൗഹൃദങ്ങളില്‍ പരസ്പരം ഇടപെടില്ലായെന്ന തീരുമാനവും സംയുക്തമായിരുന്നു. അയാള്‍ എപ്പോഴും  സൗഹൃദങ്ങള്‍ക്ക് ഒരതിര്‍വരമ്പ് നിശ്ചയിച്ചിരുന്നു. എന്നാല്‍ അവളുടെ സൗഹൃദങ്ങളില്‍ അയാളത് നിശ്ചയിച്ചിട്ടുമില്ലായിരുന്നു. മൂന്ന് വര്‍ഷം കടന്നുപോയി.

'അവള്‍ എനിക്ക് വല്ലാത്ത ഒബ്‌സെഷനായി മാറിയിരുന്നു. അവളുടെ ഹൃദയതാളം ശ്രവിച്ചുകിടക്കുമ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു എനിക്ക്.' ഞങ്ങള്‍ക്കിടയില്‍ വീണ്ടും  ഉരുണ്ടു കൂടിയ മൗനത്തെ തൊട്ടുണര്‍ത്തി അയാള്‍ പറഞ്ഞു.

...........................

Also Read : രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!

Pattorma a column on music memory and Love by Sharmila C Nair

 

പക്ഷേ ജീവിതം നല്‍കിയ രണ്ടാമൂഴത്തിന്റെ ആനന്ദം ഹ്രസ്വമായ ഒരു മരീചിക മാത്രമായിരുന്നെന്ന് വൈകാതെ അയാളറിഞ്ഞു. ജോലി ഉപേക്ഷിച്ച്  വിദേശത്തേക്ക്  പോവാനുള്ള തീരുമാനം എടുത്തപ്പോള്‍ അയാളോടൊന്ന് ചോദിക്കാന്‍ അവള്‍ തയ്യാറായില്ല.  അതെന്റെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു വാദം. കാനഡയിലുള്ള അവളുടെ ഒരു ഫ്രണ്ടായിരുന്നു എല്ലാ സഹായവും ചെയ്തു കൊടുത്തത്. അങ്ങനെയൊരു സുഹൃത്തിനെ കുറിച്ച് അയാള്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. ആ തീരുമാനം അംഗീകരിക്കാന്‍ അയാള്‍ക്കാവില്ലായിരുന്നു. തമ്മില്‍ പിരിയേണ്ടി വന്നാലും തീരുമാനം മാറ്റാന്‍ തയ്യാറല്ലെന്ന വാശിയില്‍ അവള്‍ ഉറച്ചു നിന്നു. 'ഒരു സുഹൃത്തിന് കൊടുത്ത വാക്കിന്റെ  വിലയുമില്ലേ നമ്മുടെ ബന്ധത്തിന്' എന്ന അയാളുടെ ചോദ്യം അവളുടെ മുന്നില്‍ അയാളെ മെയില്‍ ഷോവനിസ്റ്റാക്കി. സ്വന്തം തീരുമാനത്തില്‍ അയാളും ഉറച്ച് നിന്നു. ആത്മാഭിമാനത്തേക്കാള്‍ വലുതായിരുന്നില്ല അയാള്‍ക്ക് മറ്റൊന്നും .
'എന്നെ എന്തിനു ഈ മഴയത്തു നിര്‍ത്തിയിരിക്കുന്നു എന്നൊരിക്കല്‍ ചോദിച്ച പ്രണയിനിക്ക് ഉപേക്ഷിച്ചു പോകുവാന്‍ ഈ കാരണങ്ങള്‍ മതിയാവുമല്ലേ.'- അയാളുടെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ വീണ്ടും നിശബ്ദയായി. ആ നിശബ്ദത ഭേദിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു.

'ഉഭയകക്ഷി സമ്മതത്തോടെ ഞങ്ങള്‍ പിരിഞ്ഞു. വിശ്വാസങ്ങള്‍ക്ക് ഉലച്ചില്‍ സംഭവിച്ചാല്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. നാല് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം അങ്ങനെ അവസാനിച്ചു. അവള്‍  കാനഡയ്ക്ക് പറന്നു . ഏതാണ് ശരി ഏതാണ് തെറ്റെന്ന് ഇന്നും എനിക്കറിയില്ല. ഒരു പക്ഷേ എനിക്കും അവള്‍ക്കുമിടയിലാവണം ശരി!' 

ജീവിതത്തില്‍ നിന്നിറങ്ങിപ്പോയെങ്കിലും ഇപ്പോഴും അവളെ മനസില്‍ നിന്നിറക്കി വിടാന്‍ കഴിഞ്ഞിട്ടില്ല, അയാള്‍ക്ക്. 'അവളെ മരുമകളായി സ്വീകരിച്ചിരുന്ന അച്ഛനോടും അമ്മയോടും ഞാനെന്താ പറയുക. മകന്‍ ഒറ്റപ്പെടില്ലല്ലോയെന്ന ആശ്വാസമായിരുന്നു അവര്‍ക്ക്. മരണത്തേക്കാള്‍ ഭീകരമാണീ ഒറ്റപ്പെടല്‍. നോര്‍മന്‍ കസിന്‍സ് പറഞ്ഞതു പോലെ, 'മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല, നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍  എന്താണ് മരിക്കുന്നത് അതാണ് ഏറ്റവും വലിയ നഷ്ടം.' 

ഒറ്റയ്ക്കാവുന്നതില്‍ കൗതുകവും രസവും കണ്ടെത്തിയിരുന്ന കൗമാരമല്ലല്ലോ. ലക്ഷദ്വീപില്‍ ഒന്നുകൂടി വരണമെന്ന് തോന്നി. ഒറ്റയ്‌ക്കൊരു യാത്ര. വെറുതേ ഒരു രസം. ഒരിയ്ക്കല്‍ പ്രിയപ്പെട്ടൊരാളോടൊപ്പം വന്ന സ്ഥലത്തേയ്ക്ക്, അവള്‍ വിട്ടു പോയ ശേഷം  ഒറ്റയ്ക്ക് വരണം.  അവളുടെ ദ്വീപ്‌വാസിയായ ക്ലാസ് മേറ്റ് തന്നെയാണ് സ്‌പോണ്‍സര്‍ .'

അയാള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഞാനറിയാതെ എന്റെ ചുണ്ടുകള്‍ മന്ത്രിച്ചു, 'അതേ, ജീവിതം വലിയൊരു പാരഡോക്‌സ് ആണ്. നമ്മളറിയാതെ കെട്ടിയാടുന്ന വേഷങ്ങള്‍.'

അന്നേരം, ഞങ്ങള്‍ക്കിടയില്‍ ഘനീഭവിച്ച മൗനത്തിന്റെ മഞ്ഞ് ഉരുകാനെന്നോണം ഞാന്‍ പറഞ്ഞു,
'ആ ചരണത്തിലെ വരികള്‍ ഒന്നു പാടാമോ'

'നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ
ഹൃത്തടം വേദിയാക്കൂ 
എന്നന്തരംഗ നികുഞ്ജത്തിലേതോ
ഗന്ധര്‍വന്‍ പാടാന്‍ വന്നൂ...
കടലിന്നഗാധമാം നീലിമയില്‍..'

നൃത്തം ചെയ്യുവാന്‍ ഹൃത്തടം വേദിയാക്കാന്‍ അനുവാദം നല്‍കുന്ന കാമുകന്‍. പ്രണയം പോലെ ഹൃദയം തൊടുന്ന വരികള്‍. 

കപ്പലില്‍ പ്രഭാത ഭക്ഷണത്തിനുള്ള അനൗണ്‍സ്‌മെന്റ് മുഴങ്ങി. നെഞ്ചിലൊരു വിങ്ങലോടെ ഒന്നും പറയാനാവാതെ അയാളോട് ബൈ പറഞ്ഞ് പ്രഭാത ഭക്ഷണത്തിനായി  താഴേയ്ക്കിറങ്ങുമ്പോള്‍ മനസ് മുഴുവന്‍ പ്രതിനായിക  ജൂലി കുര്യനായിരുന്നു. ഇക്കഥയുടെ മറ്റൊരു വെര്‍ഷന്‍ അവള്‍ക്കും പറയാനുണ്ടാവുമോ? അവളും മരണത്തേക്കാള്‍ ഭീകരമായ ഒറ്റപ്പെടല്‍ അനുഭവിച്ചിരിക്കുമോ? 

Follow Us:
Download App:
  • android
  • ios