നിലവിലെ പ്രസിഡന്‍റിനെ കോടതി പുറത്താക്കിയപ്പോൾ പുതിയൊരു ആളെ പോലും ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാനില്ലാത്ത അവസ്ഥയിലാണ് തായ്‍ലന്‍റിലെ ഫ്യൂയ് തായ് പാര്‍ട്ടി. തായ്‍ലന്‍ഡിലെ രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് അറിയാം, വായിക്കാം ലോകജാലകം. 

തായ്‍ലന്‍റ് പ്രധാനമന്ത്രിയെ കോടതി നീക്കി. തെരഞ്ഞെടുപ്പിന് ശേഷം തക്സിൻ ഷിനാവത്രയുടെ പാർട്ടിക്ക് ഇത് രണ്ടാമത്തെ പ്രധാനമന്ത്രിയുടെ സ്ഥാനമാണ് നഷ്ടമാവുന്നത്. ഇത്തവണ സ്ഥാന നഷ്ടം തക്സിന്‍റെ മകൾക്ക് തന്നെയാണ്, അതും കംബോഡിയയുമായി 5 ദിവസം നീണ്ട ഒരു യുദ്ധത്തിന് ശേഷം.

തക്സിൻ ഷിനാവത്ര തായ് രാഷ്ട്രീയത്തിലെ അതികായനാണ് അല്ലെങ്കിൽ ആയിരുന്നു. അധികാരം നിലനി‌‍ർത്തുന്നതിലും ഭരണത്തിലും മിടുക്കൻ. മൂവ് ഫോർവേഡ് പാർട്ടി (Move Forward Party) വിജയിച്ച തെരഞ്ഞെടുപ്പ്, രാജഭരണത്തിനെതിരെ പ്രചാരണം നടത്തിയത് കൊണ്ട് അവർക്ക് പക്ഷേ, സർക്കാർ രൂപീകരിക്കാനായില്ല. പാർലമെന്‍റിന്‍റെ രണ്ട് സഭകളും പിന്തുണച്ചില്ല. സൈനികർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങൾ സ്വാഭാവികമായും മൂവ് ഫോർവേഡിനെ കൈവിട്ടു. ഒടുവിൽ രണ്ടാമതെത്തിയ തക്സിന്‍റെ പാർട്ടി സർക്കാർ രൂപീകരിച്ചു.

ആദ്യത്തെ പ്രധാനമന്ത്രി ശ്രേത്ത തവിസിനെ (Srettha Thavisin) കോടതി പിരിച്ചുവിട്ടു. പിന്നെ അധികാരമേറ്റത് തക്സിന്‍റെ മകൾ പേതോങ്‌ടാർൺ ഷിനവത്ര (Paetongtarn Shinawatra), ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. പക്ഷേ, ഭരിച്ചത് ഒരു കൊല്ലം. ഭരണപാടവം പോര. കംബോഡിയൻ നേതാവ് ഹൻ സെന്നുമായുള്ള (Hun Sen) ഫോൺ സംഭാഷണത്തിൽ സ്വന്തം സൈന്യത്തെ തള്ളിപ്പറഞ്ഞതടക്കം വിവാദമായത് മറ്റൊന്ന്. അതിലാണിപ്പോഴത്തെ കോടതി വിധിയുണ്ടായത്. പ്രധാനമന്ത്രിയാകാൻ വേണ്ട ഗുണഗണങ്ങളില്ലെന്നും നിരോധിക്കപ്പെട്ട സ്വഭാവ വിശേഷങ്ങളുണ്ടെന്നുമാണ് കോടതി വിധി.

സംഭാഷണം പുറത്ത് വിട്ടത് ഹൻ സെൻ തന്നെയാണ്. തക്സിനുമായി അടുത്ത സൗഹൃദമുള്ള, പലപ്പോഴും തക്സിന്‍റെ പാർട്ടിയംഗങ്ങൾക്ക് അഭയം നൽകിയിട്ടുള്ള കംബോഡിയ എന്തിനിത് ചെയ്തുവെന്ന ചോദ്യം ബാക്കിയാണ്. കംബോഡിയൻ നേതൃത്വത്തിന്‍റെ സോഷ്യൽ മീഡിയ ഉപയോഗം അൺപ്രൊഫഷണൽ എന്ന് വിളിച്ച പേതോങ്‌ടാർണിന്‍റെ നടപടിയിലാണ് അരിശമെന്നാണ് റിപ്പോർട്ട്. അതോടെയാണ് ടെലിഫോൺ സംഭാഷണം പുറത്ത് വിട്ടതെന്നും. കംബോഡിയയുമായി അതിർത്തി തർക്കമുണ്ട് തായ്‍ലൻഡിന്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ മരിച്ചിരുന്നു. അതിലാണ് ഫോൺ സംഭാഷണം നടന്നത്. സ്വന്തം സൈനികരെ കുറ്റപ്പെടുത്തി, ഹൻ സെന്നിനെ 'അങ്കിൾ' എന്ന് വിളിച്ചു പേതോങ്‌ടാർൺ. എന്ത് വേണമെങ്കിലും തന്നെ വിളിച്ചോളൂ, അത് ശരിയാക്കാമെന്നൊരു വാഗ്ദാനവും നൽകി. പുറത്തായതോടെ വിവാദം പുകഞ്ഞു. ജൂലൈ ഒന്നിന് പേതോങ്‌ടാർണെ കോടതി, പ്രധാനമന്ത്രിയുടെ ചുമതലയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എങ്കിലും സാസ്കാരിക മന്ത്രിയായി തുടർന്നു. കഴിഞ്ഞയാഴ്ച രാജരണത്തിനതിരെ സംസാരിച്ച കേസിൽ നിന്ന് തക്സിൻ രക്ഷപ്പെട്ടത് കഷ്ടിച്ചാണ്.

(പേതോങ്‌ടാർൺ ഷിനവത്ര)

പുതിയ പ്രതിസന്ധി

എന്തായാലും തായ്‍ലൻഡിൽ പിന്നെയും രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് എളുപ്പമല്ല. ഓരോ പാർട്ടിയുടെയും മൂന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥികളെ നിർദ്ദേശിക്കണമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ്. ഫ്യൂയ് തായ് (Pheu Thai Party) നിർദ്ദേശിച്ച മൂന്നിൽ രണ്ട് പേർ പുറത്തായി. ശേഷിക്കുന്ന ഒരാൾ ചൈകാസെം നിതിസിരിയ്ക്ക് (Chaikasem Nitisiri) ആരോഗ്യം മോശം.

പിന്നെയൊരു സാധ്യത സഖ്യത്തിൽ നിന്ന് വിട്ടുപോയ മറ്റൊരു പാർട്ടിയംഗമാണ് അനുട്ടിൻ ചർൺവിരാകുൽ (Anutin Charnvirakul) ആണ്. പക്ഷേ, സർക്കാർ രൂപീകരിക്കണമെങ്കിൽ തക്സിന്‍റെ പാർട്ടി പിന്തുണക്കണം. അതിന് സ്ഥിരതയുണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. വീണ്ടുമൊരു തെരഞ്ഞെടുപ്പാണ് പിന്നെ ശേഷിക്കുന്നത്. പക്ഷേ, തക്സിന്‍റെ ഫ്യൂയ് തായ് പാർട്ടിക്ക് അതിൽ താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥി ദാരിദ്ര്യം തന്നെയാവണം കാരണം. പേതോങ്‌ടാർണിന് തന്നെ കാര്യമായ ഭരണപാടവം തെളിയിക്കാനായില്ല. തീരുമാനങ്ങൾ തക്സിന്‍റെത് എന്നൊരു മുൻവിധിയാവാം കാരണം. തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനമൊന്നും നിറവേറ്റാനുമായില്ല. ഡിജിറ്റൽവാലറ്റ്. ഇന്ത്യൻ - പസഫിക് സമുദ്രങ്ങൾക്ക് ഇടയിലൊരു പാലം. ഒന്നും നടപ്പായില്ല. കംബോഡിയൻ വിവാദവും തിരിച്ചടിച്ചിട്ടുണ്ട്. രാജ്യ താൽപര്യങ്ങളേക്കാൾ ബിസിനസ് താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്ന സംശയം ഇ നി ജനമനസിൽ നിന്ന് പോവില്ല.

തായ്‍ലൻഡിൽ ഇതൊന്നും ഒരു പുത്തരിയല്ല. കോടതി പാർട്ടികളെ തന്നെ പിരിച്ച് വിട്ടിട്ടുണ്ട്. പ്രധാനമന്ത്രിമാരെ അട്ടിമറിച്ചിട്ടുണ്ട്. അതും കോടതി നേരിട്ട്. പേതോങ്‌ടാർണിന്‍റെ അമ്മായി യിങ്‌ലക്ക് ഷിനവത്രയെ (Yingluck Shinawatra) സൈന്യമാണ് അട്ടിമറിച്ച്. അഴിമതി കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ തക്സിന്‍ 15 വർഷമാണ് രാജ്യം വിട്ട് താമസിച്ചത്. ഫ്യൂയ് തായ് അധികാരത്തിലെത്തിയപ്പോഴാണ് തക്സിൻ പിന്നീട് രാജ്യത്ത് തിരിച്ചെത്തിയത്. ഇനി ആര് അടുത്ത പ്രധാനമന്ത്രിയാവുമെന്നത് വിലയൊരു ചോദ്യമാണ്. സൈന്യത്തിന് മേൽക്കൈയുള്ള, അവരുടെ ഭരണം മാത്രം നടപ്പാകുന്ന തായ്‍ലന്‍റിൽ ആര് വന്നാലും സൈന്യത്തിന്‍റെ പിന്തുണ വേണം താനും.