ഗവേഷണത്തെയും ശാസ്ത്രത്തെയും മാറ്റി നിര്‍ത്തി വാക്സിന്‍ വിരുദ്ധരെ ആരോഗ്യ രംഗത്തേക്ക് തിരുകിക്കയറ്റാനാണ് ട്രംപിന്‍റെ ശ്രമം. ഇത് അമേരിക്കയില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രശ്നങ്ങൾ…. വായിക്കാം ലോകജാലകം. 

മേരിക്കയിലിപ്പോൾ സംസ്ഥാനങ്ങളുടെ അതിർത്തികൾ മാറ്റിവരയ്ക്കപ്പെടുകയാണ്. റിപബ്ലിക്കൻ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ കിട്ടാനുള്ള തന്ത്രം. ഡമോക്രാറ്റുകൾ അത് ചെറുക്കാനും രംഗത്തിറങ്ങിയിട്ടുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പിൽ ഭരണകക്ഷി തോൽക്കുന്നത് യുഎസിൽ പതിവ് സംഭവമാണ്. അത് നേരിടാനാണ് ട്രംപിന്‍റെ നീക്കം. സഭകളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഒഴിവാക്കാനും. അതുപോലെ തന്നെ പ്രധാന സ്ഥാപനങ്ങൾ പിടിച്ചെടുക്കാനും ശ്രമം നടക്കുന്നുണ്ട്. അതിന്‍റെ ഭാഗമാണ് ഫെഡ് ഗവർണർ ലിസ കുക്കിനെ നീക്കാൻ ശ്രമിക്കുന്നത്. സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോൾ ആന്‍റ് പ്രിവന്‍ഷനെ (Centers for Disease Control and Prevention - CDC) ലക്ഷ്യം വച്ചിരിക്കുന്നതും അതിന്‍റെ ബാക്കിയാണ്.

വാക്സീൻ വിരുദ്ധനായ റോബർട്ട് എഫ് കെന്നഡി ജൂനിയർ ട്രംപ് സർക്കാരിലെ ആരോഗ്യവകുപ്പ് സെക്രട്ടറിയായപ്പോൾ തന്നെ പല സംശയങ്ങളും ആശങ്കകളും ആരോഗ്യരംഗത്ത് തുടങ്ങിയിരുന്നു. അതിപ്പോൾ സത്യമായിക്കൊണ്ടിരിക്കയാണ്. സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോൾ ആന്‍റ് പ്രിവന്‍ഷന്‍റെ ഡയറക്ടർ ഡോ.സൂസൻ മൊണാറസിനെ (Susan Patricia Coller Monarez) ട്രംപ് സർക്കാർ പിരിച്ചുവിട്ടു. പകരം റോബർട്ട് എഫ് കെന്നഡി ജൂനിയറിന്‍റെ ഡെപ്യൂട്ടി ജിം ഒ നീലിനെ സിഡിസിയിലേക്ക് നിർദ്ദേശിച്ചിരിക്കുകയാണ്. ഡോ.സൂസൻ മൊണാറസ് പ്രസി‍‍ഡന്‍റിന്‍റെ അജണ്ടകളുമായി ഒത്തുപോകുന്നില്ലെന്നാണ് വൈറ്റ്ഹൗസിന്‍റെ പ്രസ്താവന.

പുതിയ മേധാവി ട്രംപിന്‍റെ മറ്റ് വകുപ്പ് മേധാവികളെ പോലെ തന്നെയാണ്. മേഖലയുമായി ബന്ധമില്ല. സിലിക്കോൺ വാലി ടെക് നിക്ഷേപകനാണ്. പക്ഷേ, ട്രംപിന്‍റെ ആശയങ്ങളോട്, കെന്നഡി ജൂനിയറിന്‍റെ ആശയങ്ങളോട്, റിപബ്ലിക്കൻ ആശയങ്ങളോട് യോജിച്ചുനിൽക്കുമെന്ന് ഉറപ്പ്. പക്ഷേ, സിഡിസിയുടെ ഭാവി, രാജ്യത്തെ ആരോഗ്യനയങ്ങൾ, ചികിത്സകളൊക്കെ എന്താകുമെന്ന് കണ്ടറിയണം. അതിന്‍റെ ആശങ്കയാണ് ട്രംപ് ഭക്തരും റിപബ്ലിക്കൻ തീവ്രപക്ഷക്കാരും ഒഴിച്ചുള്ളവർക്ക്.

ശാസ്ത്രജ്ഞയായ ഡോ.സൂസൻ മൊണാറസ് ചുമതലയേറ്റിട്ട് ഒരുമാസമേ ആയുള്ളൂ. നിർദ്ദേശിച്ചത് പ്രസിഡന്‍റ് തന്നെയാണ്. സെനറ്റ് അംഗീകരിച്ചതോടെ മേധാവിയായി. അവർക്ക് മെഡിക്കൽ ഡിഗ്രിയില്ല. ഡോക്ടറേറ്റ് പകർച്ചവ്യാധികളിലാണ്. രോഗനിയന്ത്രണവും പ്രതിരോധവുമാണ് സിഡിസിയുടെ ദൗത്യം. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യരക്ഷ. ശാസ്ത്രമാണ് അടിസ്ഥാനം. പഠനങ്ങളിലൂടെ ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്നതും ഉരുത്തിരിയുന്നതും ക്രോഡീകരിച്ച് അതിൽ നിന്ന് രൂപീകരിക്കുന്ന രോഗനിയന്ത്രണ, ചികിത്സാരീതികൾ. വാക്സിനേഷൻ അതിന്‍റെ ഭാഗമാണ്. കൊവിഡ് കാലത്തെ വാക്സിനേഷനിലും രോഗനിയന്ത്രണത്തിലും പ്രതിരോധത്തിലും സിഡിസി നിർണായക പങ്ക് വഹിച്ചു.

പക്ഷേ, കെന്നഡി ജൂനിയർ അതിനൊക്കെ എതിരാണ്. വാക്സിനേഷനോടുള്ള എതിർപ്പ് നേരത്തെ പരസ്യമാക്കിയിരുന്നു. അത് നിർത്തലാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്‍റിന്, കെന്നഡി ജൂനിയറിന്‍റെ നിലപാടുകളോട് പൂർണയോജിപ്പാണ്. കൊവിഡിന് മരുന്ന് വാക്സിനേഷനല്ല, കൊവിഡ് ഒരു രോഗമേയല്ല, ടെസ്റ്റുകളൊന്നും ചെയ്യണ്ട എന്നൊക്കെ ആഹ്വാനം ചെയ്ത കൂട്ടത്തിലാണ് ഡോണൾഡ് ട്രംപ്. ഇതൊക്കെ ഏറ്റുപറയുന്ന ഒരു വലിയ വിഭാഗം ജനങ്ങളുമുണ്ട്, റിപബ്ലിക്കൻ പക്ഷക്കാർ. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളും സോഷ്യൽ ഡിസ്റ്റൻസിംഗും മാസ്ക് ധരിക്കലും എതിർത്തിരുന്ന വിഭാഗം. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ പരിധി ലംഘിക്കുന്നുവെന്ന് വാദിച്ച് പ്രതിഷേധിച്ച വിഭാഗം. അവരുടെ വോട്ട് കൂടിയാണ് ട്രംപിന്‍റെ രണ്ടാമൂഴം സാധ്യമാക്കിയത്. അതുകൊണ്ട് പ്രസിഡന്‍റിന് അവരുടെ വിശ്വാസം രക്ഷിച്ചേ തീരൂ. സ്വന്തം വിശ്വാസവും. അതുതന്നെയായപ്പോൾ കാര്യങ്ങൾ എളുപ്പം. അതിന് പുറമേയാണ് ഡീപ് സ്റ്റേറ്റ് (Deep State) ആരോപണങ്ങൾ.

(ഡോ.സൂസൻ മൊണാറസ്)

ഡീപ് സ്റ്റേറ്റാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. പലതും അട്ടിമറിക്കുന്നതെനന്ന് വിശ്വസിക്കുന്നത് ട്രംപും അദ്ദേഹത്തിന്‍റെ തീവ്രപക്ഷ അനുയായികളും തന്നെ. സിഡിസി ഈ ഡീപ് സ്റ്റേറ്റിന്‍റെ ഭാഗമെന്നാണ് ഇവരുടെയെല്ലാം വാദം. സിഡിസി മാത്രമല്ല, പ്രസിഡന്‍റിന്‍റെ അജണ്ടകൾക്ക് ഒപ്പം നിൽക്കാത്ത എന്തും, ആരായാലും അവർ ഡീപ് സ്റ്റേറ്റിന്‍റെ ഭാഗമെന്നാരു ചാപ്പ കുത്തുന്നത് പതിവാണിപ്പോൾ. ഇക്കൂട്ടരിൽ പലരും വമ്പൻ ഭക്ഷ്യ, മരുന്ന് കമ്പനികൾക്കുമെതിരാണ്. കെന്നഡി ജൂനിയർ അടക്കം. പ്രോസസ്ഡ് ആയിട്ടുള്ള ഭക്ഷ്യ വിഭവങ്ങൾക്കെതിരായി സംസാരിച്ച കെന്നഡി ജൂനിയറിനെ അന്ന് പലരും പിന്തുണച്ചു. ആരോഗ്യ വിദഗ്ധരടക്കം. മെയ്ക്ക് അമേരിക്ക ഹെൽത്തി എഗെയ്ൻ (Make America Healthy Again) എന്ന മുദ്രാവാക്യം അവരും ഏറ്റെടുത്തു. പക്ഷേ, അതിന്‍റെ ബാക്കിയായി വാക്സിനേഷൻ വിരുദ്ധതയും തുടങ്ങിയപ്പോൾ ആരോഗ്യ വിദഗ്ധർ അമ്പരന്നു. പക്ഷേ, നിസ്സഹായരാണ്. ഒന്നുകിൽ ശാസ്ത്രം, അല്ലെങ്കിൽ പ്രസിഡന്‍റ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ശാസ്ത്രം തെരഞ്ഞെടുത്താൽ ജോലിയുണ്ടാവില്ല. ഡോ.സൂസൻ മൊണാറസിന് ജോലി പോയി. പിന്നാലെ മൂന്ന് ശാസ്ത്രജ്ഞർ രാജിവച്ചു. ശാസ്ത്രത്തിൽ രാഷ്ട്രീയം കലർത്തുന്നതിൽ പ്രതിഷേധിച്ചാണ് രാജി. പക്ഷേ, പ്രയോജനമുണ്ടാവില്ലെന്ന് വ്യക്തമാണ്.

ട്രംപാണ് വോട്ട് നേടി ജയിച്ചത്. ശാസ്ത്രജ്ഞരല്ല എന്നാണ് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റിന്‍റെ അറിയിപ്പ്. സിഡിസിയിൽ മാത്രമല്ല ഈ ആശയ സംഘർഷം. ഫെഡറൽ റിസർവ് ഗ‍വർണർ ലീസ കുക്കിനെ പിരിച്ചു വിട്ടത് മറ്റൊരു ഉദാഹരണം. ചെയർമാൻ ജെറോം പവൽ പ്രസിഡന്‍റിന്‍റെ ആക്രമണശരം നേരിടാൻ തുടങ്ങിയിട്ട് കുറച്ചായി. ട്രംപ് -പുടിൻ കൂടിക്കാഴ്ചയ്ക്ക് മുമ്പ് ട്രംപ് സംഘത്തെ ബ്രീഫ് ചെയ്ത സിഐ, റഷ്യൻ വിദഗ്ധനെ നാഷണൽ ഇന്‍റലിജൻസ് മേധാവി തുൾസി ഗബാ‍ഡ് പിരിച്ചു വിട്ടു എന്നാണ് മാധ്യമ റിപ്പോർട്ട്.എംആഎൻഎ വാക്സിൻ (mRNA vaccine) പദ്ധതികളിലെ നിക്ഷേപം കെന്നഡി ജൂനിയർ തട‍ഞ്ഞു. സിഡിസിയുടെ പുറത്ത് നിന്നുള്ള വാക്സീൻ വിദഗ്ധരുടെ പാനൽ പിരിച്ചുവിട്ടു. 2026-ലെ തെരഞ്ഞെടുപ്പിൽ ഇതൊക്കെ ട്രംപിനെ സഹായിക്കും. പക്ഷേ, ചില വ്യക്തികളുടെ താൽപര്യം രാജ്യത്തിന്‍റെ, അവിടത്തെ ജനങ്ങളെ എഴുതിത്തള്ളുമ്പോൾ അതിന് നീണ്ടുനീൽക്കുന്ന പ്രത്യാഘാതങ്ങളാവും ഉണ്ടാവുക. അതിന്‍റെ ഭീതിയിലാണ് അമേരിക്കയിലെ ആരോഗ്യ വിദഗ്ധർ.