Asianet News MalayalamAsianet News Malayalam

വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം; അമേരിക്ക എങ്ങോട്ടാണ് പോവുന്നത്?

ഡോളറിന് വില കൂടുമ്പോഴും അമേരിക്കയില്‍ എന്തുകൊണ്ടാണ് ഇത്ര വിലക്കയറ്റം? അമേരിക്കയില്‍ ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന രാകേഷ് രവിയുമായി ചേര്‍ന്ന് എസ് ബിജു എഴുതുന്നു

Possibilities of a recession in US by Biju S
Author
Thiruvananthapuram, First Published Aug 2, 2022, 5:13 PM IST

പ്രസിഡന്റ് ജോ ബൈഡന്റെ ജന പിന്തുണയും കുത്തനെ താഴോട്ടിടിഞ്ഞിരിക്കുകയാണ്. പ്രമുഖരായ  പ്യൂ റിസേര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ കണക്കെടുപ്പില്‍ ബൈഡന്റെ ജന പിന്തുണ ഇപ്പോള്‍ 37 ശതമാനം മാത്രമാണ്. അധികാരമേറ്റ ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ ജന പിന്തുണ. ഒരു വര്‍ഷം മുമ്പ് 55 ശതമാനം ഉണ്ടായിരുന്ന ജന പിന്തുണയില്‍ നിന്നാണീ ഇടിവ്.

 

Possibilities of a recession in US by Biju S

 

ഒരു ഡോളര്‍ വേണമെങ്കില്‍ 80 രൂപ എണ്ണി കൊടുക്കണം. ഓരോ ദിവസവും രൂപയുടെ മുല്യം ഇടിയുന്നതല്ലാതെ കൂടുന്നില്ല.  ഇത് തന്നെയാണ് യൂറോയും പൗണ്ടും അടക്കം മിക്ക കറന്‍സികളുടെയും അവസ്ഥ. ഡോളറിന്റെ മാത്രം വിലകയറുകയും മറ്റെല്ലാത്തിന്റെയും മുല്യം ഇടിയുകയും ചെയ്യുമ്പോള്‍ സാമാന്യ യുക്തിയില്‍ നമ്മുടെ ധാരണ അമേരിക്കക്കാര്‍ക്ക്  വന്‍ നേട്ടമെന്നാണ്. ശരിയാണ് അമേരിക്കന്‍ ഡോളറുമായി ഇന്ത്യയില്‍  എത്തിയാല്‍ ഇപ്പോള്‍ അടിച്ചു പൊളിക്കാം. 

എന്നാല്‍ ആ പണം അമേരിക്കയില്‍ ചെലവഴിച്ചാലോ? അമേരിക്കയില്‍ ന്യൂയോര്‍ക്കിനടുത്ത ന്യൂജേഴ്‌സി സംസ്ഥാനത്ത് ധാരാളം ഇന്ത്യക്കാരുണ്ട്. ന്യൂയോര്‍ക്കില്‍ പണിയെടുക്കുന്നവര്‍ പോലും ജീവിത ചെലവ് കുറവായതിനാല്‍ ന്യൂജേഴ്‌സിയില്‍ വന്ന് ധാരാളമായി താമസിക്കുന്നുണ്ട്. നാട്ടില്‍ നിന്ന് അമേരിക്കയ്ക്ക് പോകുന്നവര്‍ ന്യൂയോര്‍ക്കിലെ കൂറ്റന്‍ വിമാനത്താവളമായ ജെ.എഫ് കെക്കു പകരം പലപ്പോഴും ജേഴ്‌സിയിലെ ന്യൂ ആര്‍ക്ക് വിമാനത്താവളമാണ് പിടിക്കാറ്. എന്നാല്‍ ഇപ്പോള്‍ അവിടെ വിമാനമിറങ്ങി ടാക്‌സി പിടിക്കുന്നവര്‍ക്ക് ഓരോ ഓട്ടത്തിനും 10 ഡോളര്‍ അധികം നല്‍കണം. ഇന്ധനത്തിനുള്ള കടുത്ത വിലക്കയറ്റമാണ് അധികമായി ഈ ഫ്യുവല്‍ സര്‍ചാര്‍ജിന് കാരണം. 

നമ്മെളെക്കാളും വിലക്കുറവായിരുന്നു അമേരിക്കയില്‍ ഇന്ധനത്തിന്. എന്നാല്‍ ഇപ്പോള്‍ ഫുള്‍ ടാങ്കടിക്കുന്നവര്‍ക്ക് നെഞ്ചിടിപ്പ് ഉയരും. ദിനം പ്രതി വില കൂടുകയാണവടെയും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇന്ധന വില ഉയര്‍ന്നത് 40 ശതമാനമാണ്. രണ്ട് വര്‍ഷം കൊണ്ട് കൂടിയത് ഇരട്ടിയാണ്.

അമേരിക്കയിലെവിടെയും വലിയ ഹൈവേകളാണ്. വിശാലമായ അമേരിക്കയില്‍  വ്യത്യസ്ഥ  കാലാവസ്ഥയും ഭുപ്രകൃതിയുമാണ്. ഒരറ്റത്തുള്ള കാലിഫോര്‍ണിയയില്‍ ആപ്പിളിന്റെ ഉത്പാദനം കൂടി  വിലകുറഞ്ഞാല്‍ ഇത്തരം ഹൈവേകള്‍ ഉപയോഗിച്ച ഇങ്ങേയറ്റത്തുള്ള ന്യൂയോര്‍ക്കിലേക്ക് ചരക്കെത്തിച്ച് വിലസ്ഥിരത ഉറപ്പു വരുത്തും. അതു പോലെ തന്നെ് തങ്ങളുടെ രാഷ്ട്രീയ സൈനിക കരുത്തുപയോഗിച്ച് ലോകത്തെവിടെ നിന്നും ചരക്കെത്തിക്കും അമേരിക്ക. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അമേരിക്കയിലും പന്തിയല്ല. കോഴിയിറച്ചിക്കും  പാലിനുമൊക്കെ തീപിടിച്ച വിലയാണ് . അത് ശരാശരി അമേരിക്കക്കാരെ വിഷമ വൃത്തതിലാക്കുകയാണ്. 

ഭക്ഷ്യ വസ്തുക്കളുടെ വിലകയറ്റവും നാണയപെരുപ്പവുമൊക്കെ കുതിച്ചു കയറുകയാണ്. 9 ശതമാനം വരുന്ന വിലകയറ്റം കഴിഞ്ഞ 40 കൊല്ലത്തെ  ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഫലമോ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തെ വളര്‍ച്ചാ നിരക്ക് 1.6 ശതമാനം കീഴ്‌പോട്ടാണ്.  മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍   കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ ഉണ്ടായ 6.9 ശതമാനം വളര്‍ച്ചയുടെ സ്ഥാനത്താണ് ഇത് സംഭവിച്ചിട്ടുള്ളത്. അമേരിക്കയുടെ ഓഹരി വിപണിയും ഇതിനൊപ്പം കൂപ്പ് കുത്തി. ഏതാണ്ട് 22 ശതമാനമാണ് കീഴ്‌പോട്ടുള്ള വളര്‍ച്ച. എന്തിനും കടമെടുത്ത് കാര്യം നടത്തുന്നവരാണ് അമേരിക്കന്‍ ജനത. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത് നന്നായി പ്രേത്സാഹിപ്പിച്ചിരുന്നു. നമ്മുടെ റിസര്‍വ് ബാങ്കിന് സമാനമായുള്ളതാണ് യു.എസ് ഫെഡറല്‍ റിസര്‍വ്. എന്നാലിപ്പോള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തി കടമെടുപ്പ് നിരുത്സാഹപ്പെടുത്തുകയാണ്അവര്‍. 

ഇതിനൊപ്പം പ്രസിഡന്റ് ജോ ബൈഡന്റെ ജന പിന്തുണയും കുത്തനെ താഴോട്ടിടിഞ്ഞിരിക്കുകയാണ്. പ്രമുഖരായ  പ്യൂ റിസേര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ കണക്കെടുപ്പില്‍ ബൈഡന്റെ ജന പിന്തുണ ഇപ്പോള്‍ 37 ശതമാനം മാത്രമാണ്. അധികാരമേറ്റ ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ ജന പിന്തുണ. ഒരു വര്‍ഷം മുമ്പ് 55 ശതമാനം ഉണ്ടായിരുന്ന ജന പിന്തുണയില്‍ നിന്നാണീ കുത്തെനെയുള്ള ഇടിവ്. ലോകമാകെ കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ അമേരിക്ക ഉണര്‍ന്നിരിക്കാന്‍ തന്നെയാണ് ശ്രമിച്ചത്. മറ്റിടങ്ങളിലെ പോലെ  അവിടെ ലോക്ഡൗണും നിര്‍ബന്ധിത അടച്ചിടലും കര്‍ശനമല്ലായിരുന്നു. ഒരു യാത്രികനേ ഉണ്ടായിരുന്നുള്ളുവെങ്കിലും യാത്രാ വിമാനങ്ങള്‍ മിക്ക സെക്ടറിലും പറന്നു. കടുത്ത സാമ്പത്തിക വീഴചയുണ്ടായിട്ടും തൊഴില്‍ നഷ്ടപ്പെട്ട ഓരോ അമേരിക്കന്‍ പൗരന്‍മാര്‍ക്കും വ്യക്തിഗത സാമ്പത്തിക സഹായം എത്തിച്ചു. ഒപ്പം വിവിധ മേഖലകള്‍ക്ക്  യു.എസ് കോണ്‍ഗ്രസ് വമ്പന്‍ സഹായ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. വാക്‌സിനുകള്‍ കൂടി എത്തിയതോടെ 2021-ല്‍ കാര്യമായ തിരിച്ചു വരവു നടത്തുകയായിരുന്നു അമേരിക്ക. കോവിഡ് പ്രതിസന്ധിയെ മറി കടക്കാന്‍ ലോകം കാര്യമായി ഐ.ടി അധിഷ്ഠിത സാങ്കേതിക വിദ്യയെ ആശ്രിയച്ചതിന്റെയും  നേട്ടം ഏറെക്കുറെ  അമേരിക്കന്‍ കമ്പനികള്‍ക്കായിരുന്നു. അവിടത്തെ ഗൂഗിളും ആമസോണും  അടക്കമുള്ളവയെല്ലാം കുത്തനെ വളര്‍ന്ന് വമ്പന്‍ ലാഭം കരസ്ഥമാക്കി.

എന്നിട്ടെന്തേ പെട്ടെന്ന് അമേരിക്കയില്‍ സാമ്പത്തിക തളര്‍ച്ചയുണ്ടായി? പെട്ടെന്നുള്ള ഹേതു യുക്രെനിലേക്ക് റഷ്യ നടത്തിയ അധിനിവേശം തന്നെയാണ്. പെട്ടെന്ന് യുക്രൈനെ കീഴടക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. എന്നാല്‍ അമേരിക്കയുടെ നേതൃതത്തില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ യുക്രൈനെ  പിന്തുണച്ചതോടെ റഷ്യന്‍ അധിനിവേശത്തിന് ആക്കം കുറഞ്ഞു. പോരാടുന്ന ഇരു  രാജ്യങ്ങളും  ആളാലും അര്‍ത്ഥത്താലും  തകര്‍ന്നടിഞ്ഞു. ഒപ്പം അമേരിക്കയിലെയും യൂറോപ്പിലെയും സമ്പന്ന രാഷ്ട്രങ്ങളെയും ഇത് കാര്യമായി ബാധിച്ചു. അമേരിക്ക മാത്രം 700 കോടി ഡോളര്‍ അഥവാ 56000 കോടിയാണ്  ഇതിനകം യുക്രൈനെ ആയുധമണിയിക്കാന്‍ ചെലവഴിച്ചത്. ഇനിയും ഇതുപോലെ എത്രയോ ഇരിട്ടി ചെലവഴിക്കേണ്ടി വരും ബൈഡന്. 

സമാന സ്ഥിതി തന്നെയാണ് പല പാശ്ചാത്യ രാജ്യങ്ങള്‍ക്കും. സംഘര്‍ഷത്തിന് സഹായമൊരുക്കാന്‍ ചെലവഴിക്കുന്ന ഭീമമായ തുക പ്രാദേശിക സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണ്. യുകൈന്‍ യുദ്ധം എത്ര കാലം നീണ്ടു പോകുമെന്നത് പ്രവചനാതീതമാണ്.ആദ്യം ഒരഭിനിവേശത്തിന് യുകൈനെ പിന്തുണച്ചവര്‍ , അത് തങ്ങളുടെ കഞ്ഞിയിലും പാറ്റയിടുന്നു എന്ന് മനസ്സിലാക്കിയതോടെ ഇപ്പോള്‍ തണുത്ത നിലപാടാണ് സ്വീകരിക്കുന്നത്. പൊതുജനത്തിനും പഴയ ആവേശമൊന്നുമില്ല. യുദ്ധം നീണ്ടു  പോയാല്‍ അത് റഷ്യയെ സാമ്പത്തികമായി തകര്‍ക്കും എന്ന് കരുതി പ്രോത്സാഹിപ്പിച്ചവര്‍ പോലും ഇപ്പോള്‍ ചുവടു മാറ്റി ചവിട്ടുകയാണ്. മാത്രമല്ല ആണവ രാജ്യങ്ങളാണിവ എന്നതും ആശങ്കയേറ്റുന്നു.  


യൂറോപ്പിന്റെ ധാന്യപ്പുരകളായാണ് റഷ്യയും യുക്രൈനും അറിയപ്പെടുന്നത്. ഗോതമ്പിന് പുറമേ  പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പാശ്ചാത്യ ലോകം ഇവിടങ്ങളെ കാര്യമായാണ് ആശ്രയിക്കുന്നത്. ചുരുക്കത്തില്‍ യുദ്ധം ലോകമാകെ  ഭക്ഷണത്തിനും ഇന്ധനത്തിനും ക്ഷാമത്തിനും വിലകയറ്റത്തിനും ഇടയാക്കിയിരിക്കുകയാണ്. അമേരിക്കയും ഇതില്‍ നിന്ന് മുക്തമല്ല. സാധനമൊക്കെ ഇഷ്ടം പോലെയുണ്ട്. എന്നാല്‍ വില കൂടിയപ്പോള്‍ സാധാരണക്കാര്‍ക്ക് പ്രത്യേകിച്ച് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്ക് അത് വാങ്ങാനുള്ള പാങ്ങില്ല. ഇത് അമേരിക്കന്‍ സമൂഹത്തില്‍ വല്ലാത്ത അസ്വസ്ഥതയും അസന്തുലനവും ഉണ്ടാക്കുന്നുണ്ട്. 2020 ഏപ്രിലില്‍ ബാരലൊന്നിന് 12 ഡോളര്‍  മാത്രമുണ്ടായിരുന്ന ക്രൂഡോയിലിന് ഇപ്പോള്‍ 112 ഡോളറാണ് വില. ഡീസലിന് 175 ഡോളര്‍ വിലവന്നപ്പോള്‍ വിമാനങ്ങള്‍ക്കുള്ള ജെറ്റ് ഫ്യൂവലിന് 275 ഡോളര്‍ വരെയാണ് വില.  കോവിഡ് കാലത്ത് എല്ലാം നിശ്ചലമായപ്പോള്‍ വില കൂപ്പ് കുത്തി. ഇപ്പോള്‍ ലോകം സാധാരണ ഗതിയിലേക്ക് വന്നു തുടങ്ങിയപ്പോള്‍ വില കയറി. എന്നാല്‍ യുക്രൈനിലെ സംഘര്‍ഷാന്തരീക്ഷവും അതിന്റെ പേരില്‍ റഷ്യയുടെ മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധവുമാണ് എണ്ണ -ഭക്ഷ്യ വിലയെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറം ഉയര്‍ത്തിയത്. ഗള്‍ഫ് മേഖലയെപ്പോലെ പ്രധാന എണ്ണ ഉത്പാദന മേഖലയാണിവിടം.  എണ്ണ വില ഉയരുമ്പോള്‍ മറ്റെല്ലാത്തിനും വില ഉയരും. ഭക്ഷണ വില ഉയരുന്നത് ലോകത്ത് പട്ടിണിയും രോഗവും പടര്‍ത്തും.  


ലോക പൊലീസിങ്ങില്‍  അമേരിക്കയുടെ കുറഞ്ഞു വരുന്ന സ്വാധീനവും ബൈഡനെ ദുര്‍ബലമാക്കുന്നുണ്ട്. യുക്രൈന്‍ അധിനിവേശത്തെ പോലെ മറ്റ് നിരവധി ചെറു പൂരങ്ങളും സംഭവിക്കുന്നുണ്ട്. യുക്രൈനെ സഹായിക്കാന്‍ ഒരുമ്പെട്ടതു പോലെ ആ പ്രശ്‌നങ്ങളില്‍ അമേരിക്കക്ക് ഇടപെടുക എളുപ്പമല്ല. ഇന്ത്യയെ അടക്കം വെല്ലുവിളിച്ച് കൊണ്ട് മുന്നേറുകയാണ് ചൈന. നാളെ ചൈന തായ്‌വാനെ ആക്രമിക്കാന്‍ ഒരുമ്പെട്ടാല്‍ അമേരിക്കന്‍ ഇടപെടലൊന്നും ഒട്ടും എളുപ്പമാവില്ല. ജൂലൈ 28ന് ബൈഡനും പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി നടത്തിയ ചര്‍ച്ചയില്‍  ചൈന ഒട്ടും സഹായകരമല്ലാത്ത നിലപാടാണ് സ്വീകരിച്ചത്. 

അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസ്‌കിയുടെ നിയുക്ത തായ്‌വാന്‍ സന്ദര്‍ശനത്തെ ചര്‍ച്ചയില്‍ ചൈന ശക്തമായി എതിര്‍ക്കുകയും ചെയ്തു.  ചൈനയുടെ പിന്‍ബലത്തില്‍ ചില ചെറിയ രാജ്യങ്ങള്‍ കിരാത  ചെയ്തികളില്‍  ഏര്‍പ്പെടുമ്പോഴും  നിശബ്ദരായിരിക്കാനെ അമേരിക്കക്ക് സാധിക്കുന്നുള്ളു. 'ൈനിക ഭരണകൂടത്തിന്റെ ചെയ്തികളെ ചോദ്യം ചെയ്തതിന് നാലു പേരെ വധശിക്ഷക്ക് വിധേയമാക്കിയ മ്യാന്‍മാറിന്റെ  നടപടി ഇതിലെ ഒടുവിലത്തെ ഉദാഹരണം.  ഇക്കാര്യത്തില്‍ ഇടപെടണമെന്ന അമേരിക്കയുടെ ആവശ്യത്തെ  മറ്റുള്ളവരുടെ ആഭ്യന്തര കാര്യത്തില്‍ തങ്ങള്‍ ഇടപെടില്ലെന്ന് പറഞ്ഞ് ചൈന തള്ളുകയും ചെയ്തു. ഇതിനൊപ്പം പല ആഭ്യന്തര പ്രശ്‌നങ്ങളും ബൈഡനെ ദുര്‍ബലമാക്കുന്നുണ്ട്. അമേരിക്കയുടെ മിഡ് വെസ്റ്റിലെ വംശീയ സംഘര്‍ഷങ്ങളും,വര്‍ദ്ധിച്ചു വരുന്ന  പാര്‍പ്പിട ചെലവുമെല്ലാം ആഭ്യന്തരമായി ബൈഡന്‍ ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നുണ്ട്.      

ഗര്‍ഭം അലസിപ്പിക്കാന്‍ സ്തീകള്‍ക്കുണ്ടായിരുന്ന അവകാശത്തില്‍ ഭേദഗതി വരുത്തിയ അമേരിക്കന്‍ സുപ്രീം കോടതി വിധിയും ഡെമോക്രാറ്റായ  ബൈഡന് തിരിച്ചടിയാണ്. പൊതുവേ ഗര്‍ഭം അലസിപ്പിക്കുന്ന വിഷയത്തില്‍ ഡെമോക്രാറ്റുകള്‍ അനുകൂലവും റിപബ്‌ളിക്കുകള്‍ പ്രതികൂലവുമാണ്.  പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ഓരോ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ സ്വന്തമായ നിലപാടെടുക്കാം. തങ്ങളുടെ സംസ്ഥാനങ്ങളില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ നിയമ തടസ്സമുണ്ടെങ്കില്‍ അവര്‍ക്ക് അടുത്ത സംസ്ഥാനങ്ങളിലേക്ക് അതിനായി പോകേണ്ടി വരും. ഇതൊന്നും സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും എളുപ്പമല്ല. ധാരാളം ചെറുപ്പക്കാരും പെണ്‍കുട്ടികളും താത്പര്യമില്ലാതെ ഗര്‍ഭം പേറണ്ടി വരുമെന്നും അവിവാഹിത അമ്മമാര്‍ ഏറുമെന്നുമെന്ന ആശങ്കയും അസ്വസ്ഥത പടര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും ജന പിന്തുണ ഇടിഞ്ഞിരിക്കുകയാണ്. പല അഭിപ്രായ സര്‍വ്വകളിലും അവര്‍ക്ക് 40 ശതമാനം പോലും ജന പിന്തുണയില്ല. ഇതെല്ലാം വരുന്ന നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ബൈഡന് വെല്ലുവിളിയാണ്. അമേരിക്കയിലെ കോണ്‍ഗ്രസിലും സെനറ്റിലും എതിര്‍പക്ഷക്കാരായ റിപബ്‌ളിക്കുകള്‍ക്ക് മുന്‍കൈ കിട്ടുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലാകും. ഇത് 2024-ലെ പ്രസിഡന്റ് തെരഞ്ഞടുപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഇപ്പോഴേ രാഷ്ടീയ നിരീക്ഷകര്‍ ഉയത്തുന്നുണ്ട്.


അമേരിക്ക സാമ്പത്തികമായി  ദുര്‍ബലമാകുന്നത് ഇന്ത്യക്കും അനുഗുണമല്ല. അമേരിക്കന്‍ ബിഗ് ടെക് കമ്പനികളെയും അവിടത്തെ വ്യവസായ സ്ഥാപനങ്ങളെയും ആശ്രയിച്ചാണ് ഇന്ത്യയുടെ ഐ.ടി വ്യവസായം ചലിക്കുന്നത്.  നമ്മുടെ ഐ.ടി കമ്പനികളുടെ 40 ശതമാനം മുതല്‍ 78 ശതമാനം വരെ ഇടപാടുകള്‍ അമേരിക്കന്‍ കമ്പനികളുമായാണ്.  കോവിഡ് മറ്റ് ഒട്ടു മിക്ക മേഖലകളെയും തകര്‍ത്തപ്പോഴും തൊഴിലില്ലായ്മ സൃഷ്ടിച്ചപ്പോഴും പിടി വള്ളിയായത് ഐ.ടി മേഖലയാണ്. നമ്മള്‍ പടച്ചു വിടുന്ന വലിയൊരു ശതമാനം എന്‍ജിനീയറിങ്ങ് ബിരുദധാരാളികളെയും ഏറെക്കുറെ ഉള്‍കൊണ്ടത് ഈ മേഖല മാത്രമാണ്. പല പ്രമുഖ ഇന്ത്യന്‍ ഐ.ടി കമ്പനികളും വലിയ തോതിലാണ് ഇക്കാലയളവില്‍ റിക്രൂട്ട് ചെയ്തത്. ഐ.ടി പ്രൊഫഷണലുകള്‍ക്ക് നല്ല ശമ്പള വര്‍ദ്ധനവും പുതിയ അവസരങ്ങളും ലഭിച്ചു. അമേരിക്കന്‍ കമ്പനികളുടെ വളര്‍ച്ചക്ക് ഒത്താശ ചെയ്യാനായി നിരവധി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും ആവിര്‍ഭവിച്ചു. ഏതാണ്ട് 60,000ത്തോളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളാണ് കോവിഡ് നിര്‍ബന്ധിതമാക്കിയ ഡിജിറ്റല്‍ ചോദനകള്‍ സജ്ജമാക്കാന്‍ മുളപൊട്ടിയത്. ഐ.ടി കമ്പനികള്‍ ശരാശരി 15 ശതമാനം വളര്‍ച്ചയാണ് നേടിയത്. കോവിഡ് കാലത്ത് വന്‍ ശമ്പള വര്‍ദ്ധനയും പലര്‍ക്കും ലഭിച്ചു. 

അമേരിക്ക സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടാല്‍ അത് നമ്മുടെ ഐ.ടി വ്യവസായത്തേയാകും ആദ്യം ബാധിക്കുക. ഐ.ടിയില്‍ ഉണ്ടാകുന്ന ചെറിയ മാന്ദ്യം പോലും ഇതര മേഖലകളെ കാര്യമായി തളര്‍ത്തും. അതിനുള്ള ബദല്‍ നടപടികള്‍ ആലോചിക്കാന്‍ നാം സജ്ജമാണോ? 

Follow Us:
Download App:
  • android
  • ios