എന്തൊരു ശാലീനതയാണ്' എന്ന് പറഞ്ഞുപറഞ്ഞ് ശാലീനതയൊരു ഭാരമാണല്ലോ എന്ന് തോന്നിയ നാട്ടിന്‍പുറത്തുകാരി ഒറ്റനിമിഷം കൊണ്ട് അതിനെ മറികടന്നു. തലയിലാകെ നിലാവെളിച്ചം കേറിയ പോലെ. പക്ഷേ, പ്രിയപ്പെട്ട മനുഷ്യര്‍ വീഡിയോ കോളിന്റെ മറുതലക്കല്‍ നിന്ന് 'അയ്യേ, ഇതെന്ത് കോലമെന്ന്' പറഞ്ഞു. നേരിട്ടും ഫോട്ടോയിലും കണ്ടപ്പോള്‍ ഏറെപ്പേരും 'പണ്ടായിരുന്നു ഭംഗി, ആ ഒരു സ്വാഭാവിക ഭംഗി അങ്ങ് പോയി' എന്നൊക്കെ കമന്റിട്ടു.

 

 

പ്രസ് ക്ലബ്ബിന്റെ മുകള്‍നിലയില്‍ നില്‍ക്കുകയായിരുന്നു. തൊട്ടപ്പുറത്ത് കുറച്ച് റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരുമുണ്ട്. 

'ഏതാടാ ആ തസ്ലീമ നസ്‌റീന്‍'

താഴേക്ക് നോക്കി. വലിയ കണ്ണുകളുള്ള ഒരു സുന്ദരിപ്പെണ്‍കുട്ടി നടന്നുവരുന്നു. ചുരുണ്ട് കറുത്ത മുടി തോളൊപ്പം വെട്ടിയിട്ടിരിക്കുകയാണ്. അന്ന് കണ്ണൂരില്‍ മുടി മുറിച്ച പെണ്ണുങ്ങളൊക്കെ കുറവാണ്, പരിചയത്തിലും. അതുകൊണ്ട്, കൗതുകത്തോടെ, കുറച്ച് അസൂയയോടെ നോക്കി. അടുത്തെത്തി സംസാരിച്ചപ്പോഴാണ് ആളെ മനസിലായത്. ഫ്‌ളാഷ്ബാക്കൊക്കെയുണ്ട് -വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനവളെ കണ്ടിട്ടുണ്ട്. അന്ന് നാടകമത്സരത്തില്‍ നമുക്കെതിരെ മത്സരിച്ചവളാണ്. ഒന്നാം സ്ഥാനം അവരുടെ ടീം നേടി, അവളായിരുന്നു മികച്ച നടി. പക്ഷേ, അന്നവള്‍ക്ക് നീണ്ട മുടിയാണെന്നാണ് ഓര്‍മ്മ.

ഏതായാലും, കണ്ണൂരില്‍ ജോലി ചെയ്യുന്ന കാലത്ത് അങ്ങനെയൊരു കൂട്ടുകിട്ടി, എല്ലാക്കാലത്തേക്കും എന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്താനൊരാളായി. വെറുതെ നടക്കാനും ഇരിക്കാനുമൊക്കെ ഇടം കുറവുള്ള നഗരമാണ് കണ്ണൂര്‍. എന്നാലും ജോലിയുടെ ഇടവേളകളിലും റിപ്പോര്‍ട്ടിംഗിനായും നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ് നടന്നു. ആ സമയത്ത് ആളുകളവളെ കൗതുകത്തോടെ നോക്കുന്നത് കണ്ട് ഞങ്ങള്‍ രണ്ടാളും ചിരിക്കും. 

'മരണം വരെ പോയി തിരികെവന്ന ഒരു മനുഷ്യന് ജീവിതത്തെ സ്‌നേഹത്തോടെ മാത്രമേ നോക്കാനാവൂ' -ഒരു നീണ്ട ആശുപത്രി വാസത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞവസാനിക്കുമ്പോള്‍ അവളെന്നോട്  പറഞ്ഞു. അങ്ങനെയാണ്  'ഉപാധികളില്ലാതെ ലോകത്തെ സ്‌നേഹിക്കൂ'വെന്ന് എപ്പോഴുമവള്‍ പറഞ്ഞുകൊണ്ടിരുന്നതിന്റെ പൊരുളെനിക്ക് മനസിലായത്.

.............................

Read more: ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!

 

 

ആശുപത്രിയില്‍ നിന്നും വന്ന് കുറച്ച് നാളുകള്‍ക്കുള്ളിലാണ് അവളുടെ മുടി കൊഴിഞ്ഞു തുടങ്ങിയതത്രെ. മുടി പെണ്ണിന് എന്തായാലും അഴകാണ് എന്ന് കുഞ്ഞുനാള് തൊട്ടേ കരുതിയിരുന്നൊരാള്‍, എപ്പോഴും മുടിയെ താലോലിച്ചിരുന്നവള്‍. മുടിപോകുന്നത് അവള്‍ക്കെന്തുമാത്രം വേദനയായി. പയ്യെപ്പയ്യെ കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് അവള്‍ക്ക് പുതിയ മുടികള്‍ വന്നു തുടങ്ങി. അനുഭവം പറച്ചിലിന്റെ അവസാനം അവള്‍ പറഞ്ഞു, 'മുടി വന്നപ്പോഴാണ് തിരിച്ചറിയുന്നത്, മുടി ശരിക്കും എനിക്കൊരു പ്രയോറിറ്റിയേ ആയിരുന്നില്ല. ജീവന്‍ തിരിച്ചു കിട്ടാനുള്ള യുദ്ധമായിരുന്നു വലുത്.'

എന്നിട്ടുപോലും, ഒരാളോടും എങ്ങനെയാണ് അവളുടെ മുടി കൊഴിഞ്ഞുപോയതെന്ന് അവള്‍ പറയുന്നത് കേട്ടിട്ടില്ല. എത്രകാലമെടുത്താണ് പുതിയ മുടികളിങ്ങനെ വന്നതെന്നും വിശദീകരിച്ചില്ല. എല്ലാ തമാശകളും കമന്റുകളും 'ജാഡക്കാരിയാവും' എന്ന വിലയിരുത്തലുകളും ഉള്ള് തുറന്ന ചിരിയോടെ അവള്‍ സ്വീകരിച്ചു. അവളുടെ ഓഫീസിന് തൊട്ടടുത്ത് ഒരു ഹോട്ടലുണ്ട്. അവിടെ ഒരു പണിക്കാരനുണ്ട്, ഭയങ്കര വായനയും അറിവുമുണ്ടായിരുന്നൊരാള്‍. മിക്കവാറും ഇവരുടെ ഓഫീസിലേക്കൊരു വിസിറ്റുണ്ട് പുള്ളിക്ക്. ഒരുദിവസം കള്ളുകുടിച്ച് അവിടെ ചെന്നപ്പോഴാണ് ഇവളെ ആദ്യമായി കാണുന്നത്. അവളെ കണ്ട ഉടനെ 'ഇതേതാണ് ഒര് ഹൈ സൊസൈറ്റി ലേഡി ഈട ഇരിക്ക്ന്ന്. ഇത് ടൈംസ് നൗവിന്റെ ഓഫീസൊന്നുമല്ലല്ലോ' എന്നയാള്‍ പറഞ്ഞത്രെ. ഈ തമാശ പറയാന്‍ അവള്‍ വിളിച്ചു. 

അന്നത് പറഞ്ഞ് ഞങ്ങളൊരുപാട് ചിരിച്ചു. പിന്നെ അവളും അയാളും കൂട്ടായി. ആള് കിണറ്റില്‍ വീണ് മരിച്ച ദിവസം ആ സങ്കടം പറയാനും അവള്‍ വിളിച്ചിരുന്നു. അപ്പോഴും നമ്മളീ 'ഹൈസൊസൈറ്റി ലേഡി'യുടെ കഥയോര്‍ത്തു.

.....................................

Read more: എല്ലാ തെറികളും പെണ്ണില്‍ച്ചെന്ന്  നില്‍ക്കുന്ന കാലം!

 

യുപി സ്‌കൂള്‍ കാലത്ത് ഒരു കൂട്ടുകാരിയുണ്ടായിരുന്നു. ഒരു വയസിന് മൂത്ത അവളെ ഏച്ചി എന്നാണ് വിളിക്കുന്നത്. മിക്കവാറും ഒരുമിച്ചാണ് സ്‌കൂളില്‍പോക്ക്. പെട്ടെന്നൊരു ദിവസം നോക്കുമ്പോള്‍ അവള്‍ക്ക് മൊട്ടത്തല. പത്തിരുപത് കൊല്ലം മുമ്പാണ്, 'ബോയ്കട്ട്' ഒക്കെ പണക്കാരുടെ വീട്ടിലെ കുട്ടികളുടെ മാത്രം സ്‌റ്റൈലായിരുന്ന കാലം. പറയത്തക്ക ഒരു പ്രിവിലേജുമില്ലാത്തവരായിരുന്നു ഞാനും അവളുമൊക്കെ. ദാരിദ്ര്യം കാരണം വീട്ടുകാര്‍ക്കുപോലും ശരിക്കും ശ്രദ്ധിക്കാനാവാത്ത കുഞ്ഞുങ്ങള്‍. അങ്ങനെ, ഇവളുടെ മുടി പോയ കാര്യം ആണ്‍കുട്ടികള്‍ക്ക് എന്നും ചിരിക്കാനും അവളെ കളിയാക്കാനുമുള്ള വകയായി. ഇവളെ കാണുമ്പോള്‍ ആണ്‍കുട്ടികളുറക്കെ വിളിക്കും, 'മൊട്ടച്ചീ, മൊട്ടച്ചീ...'

'ഒന്നും മിണ്ടണ്ട ഏച്ചീ നമുക്ക് പോകാം' എന്ന് ഞാന്‍. 

അവളെന്നെ നോക്കിപ്പേടിപ്പിക്കും, 'നീയാട മിണ്ടാണ്ട് നിന്നോ'. പിന്നെ, അവരോട് അവരേക്കാള്‍ ഉച്ചത്തില്‍ ''എന്താടാ നിനക്ക്, ആ എന്റെ തല മൊട്ടയാ, നെനക്കെന്താടാ നഷ്ടം, കളിക്കണ്ടാട്ടാ കൂടുതല്' എന്നൊക്കെ പറഞ്ഞ് ബഹളത്തോട് ബഹളം. ഇത് ഒരുദിവസം പോലും മുടക്കമില്ലാതെ തുടരും. ഒരിക്കല്‍പ്പോലും അവള്‍ തോറ്റുകൊടുത്തില്ല. പിന്നെപ്പിന്നെ എനിക്കും പേടിയില്ലാതായി. അവളൊരു ചീറ്റപ്പുലി, പിന്നെ ഞാനെന്തിന് പേടിക്കണം? ഒരുപക്ഷേ, മുടിയുടെ പേരില്‍ ഞാന്‍ കണ്ട ആദ്യത്തെ പ്രതിഷേധവും ഒച്ചവെപ്പും അവളുടേതാണ്. ആ മൊട്ടത്തല അവളുടെ തിരഞ്ഞെടുപ്പാണോ അതോ മുടി കളയാനുള്ള വീട്ടുകാരുടെ ശ്രമങ്ങളെ അവള്‍ ചെറുത്തു നിന്നിരുന്നോ എന്നതൊന്നും എനിക്കറില്ല. പക്ഷേ, 'നീ പോയി പണി നോക്കടാ, എന്റെ തല, എന്റെ മുടി, നിനക്കെന്തെടാ നഷ്ടം' എന്ന അവളുടെ ആ വീറ് അഭിമാനത്തോടെ എപ്പോഴും ഓര്‍ക്കാറുണ്ട്.

നീണ്ട മുടിയില്‍ ഒന്നുകില്‍ കനകാംബരമാല, അല്ലെങ്കില്‍ മുല്ലപ്പൂമാല ഇതിന്റെയൊന്നും സീസണല്ലെങ്കില്‍ തുളസിക്കതിര്‍, ചെക്കിപ്പൂ -ശാലീനതയില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാക്കാലമുണ്ടായിരുന്നു. പിന്നെ, നാടുവിട്ട് പലയിടങ്ങളിലായി. പത്രത്തിന്റെ ഡെസ്‌കിലേക്ക് മാറിയപ്പോള്‍ ഉറക്കമില്ലാതായി. കാണുന്നവര്‍ കാണുന്നവര്‍ 'അയ്യോ നിന്റെ മുടിക്കെന്ത് പറ്റി' എന്ന് ചോദിച്ചും തുടങ്ങി. അതോടെ മൂഡുപോവും. അങ്ങനെയാണ്, ആദ്യമായി മുടി തോളൊപ്പം വെട്ടുന്നത്. പ്രതീക്ഷിക്കാത്ത നീക്കമെന്ന് അമ്മയും അനിയനുമടക്കം പ്രതിഷേധിച്ചു. 'ഓ അവളൊരു ഫാഷന്‍കാരി' എന്ന് അടക്കം പറച്ചിലുണ്ടായി. പക്ഷേ, മുടിയല്ലേ, പിന്നേം വളര്‍ന്നു.

 

.............................

Read more: മരണത്തെ പേടിച്ചു തുടങ്ങിയ പത്താം വയസ്സിലെ ഒരു ദിവസം 

 

രണ്ട് വര്‍ഷം മുമ്പാണ്, ഓഫ് ദിവസം വെറുതെയിരിക്കുമ്പോള്‍ പെട്ടെന്നൊരു തോന്നല്‍ ഈ മുടിയങ്ങ് കളഞ്ഞാലെന്താ. നേരെ അടുത്തുള്ള ബ്യൂട്ടി പാര്‍ലറിലേക്ക്, മുടി വെട്ടിത്തള്ളാതെ ഇനിയൊരു മടക്കമില്ല. അവിടെച്ചെന്ന് കാര്യം പറഞ്ഞു. അന്നാണ് അപരിചിതരായ മനുഷ്യര്‍ക്ക് പോലും നമ്മുടെ മുടിയെച്ചൊല്ലിയുള്ള കരുതല്‍ കാണുന്നത്. കുറ്റി മാത്രം വെച്ചാമതിയെന്ന് പറഞ്ഞപ്പോള്‍ മുടി വെട്ടിത്തരുന്നവര്‍ക്കുപോലും വിഷമം. മുടി മുഴുവനും പോയിക്കഴിഞ്ഞ് കണ്ണാടിയില്‍ ഞാനെന്നെ കണ്ടൊരു സമയമുണ്ട്. ഈ തെയ്യം കെട്ടിക്കഴിഞ്ഞ് ഏറ്റവും ഒടുവില്‍ തെയ്യക്കാരന്‍ കണ്ണാടി നോക്കുന്ന നിമിഷത്തെ കുറിച്ച് കേട്ടിട്ടുണ്ട്. അവിടെയാണത്രെ അയാള്‍ക്ക് താന്‍ ദൈവരൂപമാണ് എന്ന് തോന്നുക. അതുപോലൊരു നിമിഷമായിരുന്നു അതും.

'എന്തൊരു ശാലീനതയാണ്' എന്ന് പറഞ്ഞുപറഞ്ഞ് ശാലീനതയൊരു ഭാരമാണല്ലോ എന്ന് തോന്നിയ നാട്ടിന്‍പുറത്തുകാരി ഒറ്റനിമിഷം കൊണ്ട് അതിനെ മറികടന്നു. തലയിലാകെ നിലാവെളിച്ചം കേറിയ പോലെ. പക്ഷേ, പ്രിയപ്പെട്ട മനുഷ്യര്‍ വീഡിയോ കോളിന്റെ മറുതലക്കല്‍ നിന്ന് 'അയ്യേ, ഇതെന്ത് കോലമെന്ന്' പറഞ്ഞു. നേരിട്ടും ഫോട്ടോയിലും കണ്ടപ്പോള്‍ ഏറെപ്പേരും 'പണ്ടായിരുന്നു ഭംഗി, ആ ഒരു സ്വാഭാവിക ഭംഗി അങ്ങ് പോയി' എന്നൊക്കെ കമന്റിട്ടു. ഏറെക്കാലം കൂടി കാണുന്നവരെല്ലാം 'ഓ, ജേണലിസ്റ്റണെന്നതിന്റെ പവറായിരിക്കും' എന്നൊക്കെ മുന്‍വിധി പറഞ്ഞു. അപ്പോഴെല്ലാം ഞാനെന്റെ പ്രിയപ്പെട്ടവളുടെ വാക്കുകളോര്‍ത്തു, 'ജീവന്‍ തിരികെ പിടിക്കാനോടുന്ന മനുഷ്യര്‍ക്ക് മുടിയൊന്നും ഒരു കാര്യവുമല്ല'. 

അങ്ങനെയുള്ള മനുഷ്യരോട് ഈ സമൂഹമെന്ത് പറയും? നമ്മുടെ സഹതാപത്തിനും മുന്‍വിധികള്‍ക്കും അവിടെ സാധ്യതകളേയില്ല.

അല്ലെങ്കിലും സമൂഹം നമ്മളോട് എല്ലാത്തരം ബാഹ്യാല/ഹങ്കാരങ്ങളോടും കൂടി നടക്കാനാണല്ലോ പറയുന്നത്. ഇവിടെ മുടി ത്യജിക്കുക അത്ര എളുപ്പമല്ല. മുടി കളയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഞാനെന്ന ചിന്തയുടെ, അഹങ്കാരങ്ങളുടെ, ബാഹ്യമായ ഭാരങ്ങളുടെ അഴിച്ചുകളയലുകള്‍ കൂടിയല്ലേ? അവനവന്റെ സ്വത്വത്തിലേക്ക് ഒന്നുകൂടി ചേര്‍ന്നു നില്‍ക്കുക എന്നതല്ലേ? മുടിമുറിച്ച കാലത്ത് 'ജാഡയാകും' എന്ന് പറഞ്ഞ് പലരും അകന്നുനിന്നിട്ടുണ്ട്. അന്ന് മുറിയില്‍ ധ്യാനത്തിലായിരുന്നു. മുടിയെന്നല്ല, ശരീരത്തിലെ ബാഹ്യമായ ഒന്നും സ്ഥായിയല്ലെന്ന് ഉള്ളിലൊരു വെളിച്ചം വീണ കാലം. മുടിയെച്ചൊല്ലിയുള്ള കാലാകാലങ്ങളായുള്ള പ്രതിസന്ധികളുടെ അവസാനം. ഇതൊക്കെ ഇത്രേയുള്ളൂവെന്ന തോന്നല്‍.

'എനിക്കും ആശയുണ്ട്, പക്ഷേ സമ്മതിക്കണ്ടേ മുടി മുറിക്കാന്‍' എന്ന് പറയുന്നവരുണ്ട്. 

അച്ഛനോടും അമ്മയോടും സഹോദരന്മാരോടും ഭര്‍ത്താവിനോടും അവരുടെ വീട്ടുകാരോടും കാമുകനോടും ഒക്കെ അനുവാദം ചോദിച്ച് നിരാശരാവുന്ന പെണ്ണുങ്ങള്‍. ഈ ഒറ്റജീവിതത്തില്‍ സ്വന്തം മുടിയില്‍ പോലും അവകാശമില്ലാത്ത ജീവികളായി മരിച്ചുപോവണ്ട നമുക്ക്, ഇഷ്ടത്തിന് മൊട്ടയടിക്കുകയും, മുറിക്കുകയും, നീട്ടുകയും, കളറാക്കുകയും ചെയ്യണ്ടേ? 

അങ്ങനെയല്ലേ മുടികൊഴിയുന്നത് സ്വന്തം തിരഞ്ഞെടുപ്പ് പോലുമല്ലാത്ത മനുഷ്യരോടും നമുക്ക് ചേര്‍ന്നുനില്‍ക്കാനാവൂ. പിന്നെ, ഇഷ്ടത്തിന് ജീവിക്കുക, അവളവളായിരിക്കുകയെന്നത് എത്ര മനോഹരമായ സംഗതിയാണല്ലേ? ശരിക്കും തലയില്‍ നിലാവെളിച്ചം കേറുന്നപോലെ.

Read more: അതുകൊണ്ട്, എനിക്കൊരു മുറിവേണം