Asianet News MalayalamAsianet News Malayalam

സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും കാമ്പസുകളിലുമാവാം!

 ചെറുപ്പക്കാലത്ത് സഖാവ് പിണറായി വിജയനും ഇതൊക്കെ അനുഭവിച്ചു  വന്നതല്ലേ. കെ.എസ്.യുക്കാരാണ് ഒരു കാലത്ത് കാമ്പസ്സുകളെ അക്രമതുറകളാക്കിയതെന്ന് പഴയ കാര്യങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം തന്നെ നിയമസഭില്‍  പറഞ്ഞതാണ്. താന്‍ അനുഭവിച്ച അവസ്ഥ മറ്റുള്ളവര്‍ക്കും ഉണ്ടാവണമെന്ന് പറയുന്നത് പ്രതികാര വാഞ്‌ച. തന്റെ അനുഭവങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാകാതെ പോകരുതെന്ന് കരുതുന്നത് മഹത്വം.       

S biju on Campus politics in Kerala
Author
Thiruvananthapuram, First Published Mar 18, 2022, 3:40 PM IST

സ്വകാര്യ സ്വാശ്രയ കലാലയങ്ങളില്‍ കാണിക്കാന്‍ ധൈര്യപ്പെടാത്ത അക്രമവും അരാജകത്വവും എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കുഴലൂത്തുകാരായ വിദ്യാര്‍ത്ഥി സംഘടനകള്‍ പൊതു വിദ്യാലയങ്ങളില്‍ പ്രകടിപ്പിക്കുന്നത്? വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം വേണ്ടെന്നല്ല, വേണമെന്നു തന്നെയാണ് പറയാനുള്ളത്. എന്നാലത് സക്രിയമാകണം, ഇങ്ങനെയാവരുത്.  

 

 

സാഹിത്യം പോലെ എളുപ്പമല്ല ഭാഷ പഠനം. പ്രത്യേകിച്ച് ഫാണറ്റികസ് പോലുള്ള ഇത്തിരി സങ്കീര്‍ണ്ണമായ വിഷയങ്ങള്‍. ഈയിടെ അന്തരിച്ച പ്രൊഫ. വി.കെ മൂത്തത് സാറാണ് ഞങ്ങള്‍ക്ക് അത് പഠിപ്പിച്ചിരുന്നത്. നടന്‍ നരേന്ദ്രപ്രസാദ് സര്‍ അടക്കം നിരവധി പ്രശസ്തരായ അദ്ധ്യാപകര്‍ ഉള്ള ഞങ്ങളുടെ ഇംഗ്ലീഷ് വകുപ്പില്‍ പക്ഷേ കുട്ടികള്‍ക്ക് പഥ്യം മൂത്തത് സാറിനോടായിരുന്നു. കാരണം മൂന്നാണ്. ഒന്ന്- വിഷയത്തിലുള്ള അവഗാഹം. രണ്ട്- അത് പകര്‍ന്നു തരുന്നതിന് യാതൊരു പിശുക്കോ സങ്കോചമോ  സമയക്കുറവോ ഇല്ല. മൂന്ന്- വിദ്യാര്‍ത്ഥികളോടുള്ള കരുണയും കരുതലും. 'unbearable pity towards the sufferings of mankind' എന്ന് ബര്‍ട്രാന്‍ഡ് റസല്‍ മഹത്വത്തെ വിവക്ഷിച്ചതിന്റെ ആള്‍ രുപമായിരുന്നു മൂത്തത് സര്‍. 

അങ്ങനെയുള്ള മൂത്തത് സര്‍ ഓള്‍ഡ് ഇംഗ്ലീഷിലും മിഡില്‍  ഇംഗ്ലീഷിലും തമ്മിലുള്ള ഭാഷ വ്യത്യാസം പറയവേ പുറത്ത് പ്രാകൃത ഭാഷയില്‍ വന്‍ അലര്‍ച്ച. ക്ലാസ്സില്‍ ഭുരിഭാഗവും പെണ്‍കുട്ടികള്‍. മരുന്നിനുള്ള ഞങ്ങള്‍ ആണുങ്ങള്‍ ടേണ്‍ വച്ച് മുങ്ങലാണ് പതിവ്. അന്ന് ഉള്ളിലായിരുന്ന ഞാനടക്കം രണ്ട് മുന്ന് വിദ്യാര്‍ത്ഥികളും അതിനു മുന്‍പ് മൂത്തേത് സാറും പുറത്തേക്ക് ചാടിയിറങ്ങി. അപ്പോഴേക്കും യുണിവേഴ്‌സിറ്റി കോളേജിലെ ഇംഗ്ലിഷ് വകുപ്പിന്റെ ദീര്‍ഘ ഇടനാഴിയിലെ ചുമരിന്റെ മുലക്ക് ചേര്‍ത്ത് നിറുത്തി ഞങ്ങളുടെ സഹപാഠിയെ (പേര് ഒഴിവാക്കുന്നു) മൃഗീയമായി ഒരാള്‍ മര്‍ദ്ദിക്കുന്നു!

ഉയരം കുറഞ്ഞ മൂത്തത് സര്‍ ഏറെ കഷ്ടപ്പെട്ടാണ് സ്വന്തം വിദ്യാര്‍ത്ഥിയെ ആ കൊടിയ മര്‍ദ്ദനത്തില്‍ നിന്ന് മുക്തനാക്കിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ച നേതാവായിരുന്നു മര്‍ദ്ദിച്ചത്. അദ്ദേഹത്തിന്റെ പേരും ഞാന്‍ ഒഴിവാക്കുന്നു. എന്നാല്‍ എസ് എഫ്. ഐക്കാര്‍ അല്ലാതെ ആരും കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ അവിടെ ഭരിച്ചിട്ടില്ലാത്തതിനാല്‍ ആ സംഘടനാ നാമം ഒഴിവാക്കുന്നതില്‍ കാര്യമില്ല. ഹോസ്റ്റലിലെ എന്തോ ചെറിയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് ഞങ്ങളുടെ സഹപാഠിയെ  നേതാവ് ക്രൂരമായി മര്‍ദ്ദിച്ചത്. കോളേജ് വിട്ടശേഷം ആ നേതാവ് തന്റെ വൈഭവം പ്രകടിപ്പിക്കേണ്ടയിടത്ത്  തന്നെയെത്തി. അയാള്‍ പോയത് അബ്കാരി മേഖലയിലേക്കാണ്.

 

 

മേല്‍പറഞ്ഞ സംഘടനാ നേതാവ് എസ്.എഫ്. ഐക്ക് അപമാനമാണെന്ന് അന്ന് തന്നെ മറ്റ്  പല സംഘടനാ ഭാരവാഹികളും പറയാറുണ്ടായിരുന്നു. അതിനും മുന്‍പും പിമ്പും  മികച്ച ചെയര്‍മാന്‍മരെ ഞങ്ങളുടെ യൂണിവേഴ്‌സിറ്റി കോളേജും മറ്റ് കലാലയങ്ങളും   സംഭാവന ചെയ്തിരുന്നു.  ഇവരില്‍ പലരും വിദ്യാര്‍ത്ഥികള്‍ വോട്ടിട്ടു തന്നെയാണ് ജയിച്ചു വന്നത്. എന്നാല്‍ ഇപ്പോഴും നിസ്സാരമായ എതിര്‍ ശബ്ദങ്ങളെ പോലും ഇവര്‍ ഭയക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സഫ്‌ന യാക്കൂബെന്ന തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ത്ഥിനിക്ക്  നേരേയുണ്ടായ പൈശാചികമര്‍ദ്ദനം.  ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ സഫ്‌ന എന്ന വൈസ് ചെയര്‍മാനെ തലങ്ങും വിലങ്ങും തെമ്മാടിക്കൂട്ടം വളഞ്ഞിട്ടടിക്കുകയായിരുന്നു. കെ എസ് യു യുണിറ്റ് സെക്രട്ടറിയായ ആഷിഖിനെ മര്‍ദ്ദിച്ചത് തടുക്കാന്‍ ചെന്നു എന്നത് മാത്രമാണ് സഫ്‌ന ചെയ്ത കുറ്റം.  ആ ദൃശ്യങ്ങളില്‍  തന്നെ നിതിന്‍ എന്ന വിദ്യാര്‍ത്ഥിയെ മതിലില്‍ ചേര്‍ത്ത് നിറുത്തി ഇടിക്കുന്നതും കാണാം. കലി തീരാത്തവര്‍ കെ.എസ്.യുക്കാരായ സഹപാഠികളുടെ വീട്ടില്‍ കയറി കാലും കഴുത്തുമൊക്കെ അടിച്ചൊടിച്ചതായും പരാതിയുണ്ട്. 

ഇതൊക്കെ ന്യായീകരിക്കാന്‍ ഒരു മുഖ്യമന്ത്രിയും. നിയമസഭയില്‍ ഈ വിഷയം വന്നപ്പോള്‍ പ്രകോപനപരമായി വിഷയത്തെ നേരിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ എരിതീയീല്‍ എണ്ണ പകരുകയല്ലേ ചെയ്തത്? ഇവിടെയാണ് മനുഷ്യവേദനകളോടുള്ള അനുതാപമാണ് മഹത്വത്തിന് അടിസ്ഥാനമെന്ന ബര്‍ട്രന്‍ഡ് റസ്സലിന്റെ നിലപാട് പ്രസക്തമാകുന്നത്. ഞങ്ങളുടെ മൂത്തത് സാറിനുള്ളതും ഞങ്ങളുടെ മുഖ്യമന്ത്രിയില്‍ ഇന്നലെ കാണാതെ പോയതും അതാണ്. ഇവിടെ അടി കൊള്ളുന്നതും മരിക്കുന്നതും കെഎസ്‌യുക്കാര്‍ മാത്രമല്ലലോ. എറണാകുളം മഹാരാജാസിലെ അഭിമന്യു, ഇടുക്കി എന്‍ജിനീയറിങ്ങ് കോളേജിലെ ധീരജ് എന്നിവര്‍ അടക്കമുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസ് അക്രമത്തിന്റെ രക്തസാക്ഷികളാണ്. സഫ്‌നയും ജീവിക്കുന്ന രക്തസാക്ഷിയല്ലേ. ചെറുപ്പക്കാലത്ത് സഖാവ് പിണറായി വിജയനും ഇതൊക്കെ അനുഭവിച്ചു  വന്നതല്ലേ. കെ.എസ്.യുക്കാരാണ് ഒരു കാലത്ത് കാമ്പസ്സുകളെ അക്രമതുറകളാക്കിയതെന്ന് പഴയ കാര്യങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം തന്നെ നിയമസഭില്‍  പറഞ്ഞതാണ്. താന്‍ അനുഭവിച്ച അവസ്ഥ മറ്റുള്ളവര്‍ക്കും ഉണ്ടാവണമെന്ന് പറയുന്നത് പ്രതികാര വാഞ്ച. തന്റെ അനുഭവങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാകാതെ പോകരുതെന്ന് കരുതുന്നത് മഹത്വം.       

തിരുവനന്തപുരം ലോ കോളേജില്‍ ഭുരിഭാഗം സീറ്റുകളും നേടിയത് എസ് എഫ് ഐയാണ്. എന്നിട്ടും അവിടെ നിന്ന് സഫ്‌ന അടക്കം മൂന്ന് കെ.എസ്.യുക്കാര്‍ ഭാരവാഹികളായത് ആ കാമ്പസ്സിന്റെ സ്വതന്ത്ര, ജനാധിപത്യ, സോഷ്യലിസ്റ്റ് മനോഭാവത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെയാണ് ബഹുസ്വരതയായി നാം വാഴ്‌ത്തേണ്ടത്. ഓര്‍ക്കുക പരിമിതമായ ചുറ്റുപാടുകളില്‍ നിന്ന് മെരിറ്റില്‍ പ്രവശനം നേടുന്നവരാണ് സര്‍ക്കാര്‍ ലോ കോളേജിലുള്ളത്. സഖാക്കള്‍ നിയന്ത്രിക്കുന്ന തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് ലോ കോളേജിനെ വ്യത്യസ്ഥമാക്കുന്നതും ഈ ഘടകമാണ്. നിയമവും ന്യായവും പഠിപ്പിക്കേണ്ട കലാലയങ്ങളില്‍ തന്നെ അതിന് ഘടകവിരുദ്ധമായി നിയമം കൈയിലെടുക്കുന്നത് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുന്നതിന് തുല്യം തന്നെയല്ലേ ? മുഖ്യമന്ത്രി പിണറായി വിജയന്റെതടക്കം പല നേതാക്കളുടെയും മക്കള്‍  നാട്ടിലെയും വിദേശത്തേയും സ്വകാര്യ സ്വാശ്രയ കലാലയത്തിലാണ് പഠിച്ചതും പഠിക്കുന്നതും. എന്നാല്‍ നമ്മുടെ സമൂഹതതിലെ സാധാരണക്കാരുടെ പ്രത്യേകിച്ച് സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്  ജീവിതം കരുപിടിപ്പിക്കാനുള്ള അവസാനത്തെ അത്താണിയാണ് പൊതു വിദ്യാലയങ്ങള്‍. സ്വകാര്യ സ്വാശ്രയ കലാലയങ്ങളില്‍ കാണിക്കാന്‍ ധൈര്യപ്പെടാത്ത അക്രമവും അരാജകത്വവും എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കുഴലൂത്തുകാരായ വിദ്യാര്‍ത്ഥി സംഘടനകള്‍ പൊതു വിദ്യാലയങ്ങളില്‍ പ്രകടിപ്പിക്കുന്നത്? വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം വേണ്ടെന്നല്ല, വേണമെന്നു തന്നെയാണ് പറയാനുള്ളത്. എന്നാലത് സക്രിയമാകണം, ഇങ്ങനെയാവരുത്.  

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടു പിടിച്ച് വിദേശ സര്‍വ്വകലാശാലാ കാമ്പസുകളെ കേരളത്തിലേക്ക് ആനയിക്കാന്‍ സി പി എം. പച്ചക്കൊടി കാട്ടിയിരിക്കുകയാണല്ലോ. നല്ലത്. വ്യത്യസ്ഥ ധാരകളില്‍ നിന്നുള്ള ബോധന രീതീകളും മികച്ച അറിവും നൈപുണ്യവും പ്രധാനം ചെയ്യാന്‍ ഇത് സഹായിക്കും. ആദ്യമൊന്നും നമ്മള്‍ സാധാരണക്കാര്‍ക്ക് ഇതിന്റെ ഗുണം കിട്ടില്ലെങ്കിലും അത് ക്രമേണ നമ്മുടെ സമൂഹത്തിലേക്ക് പടരും. പക്ഷേ ഇത്തരം കലാലയങ്ങളുടെ കരുത്ത് അവിടേക്ക് വരുന്ന വ്യത്യസ്ഥ. ദേശക്കാരും ഭിന്ന രാഷ്ട്രീയ-സാമൂഹ്യ   വീക്ഷണങ്ങളുമുള്ള വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും കരുത്തിലായിരിക്കും. ഇവരെ ആകര്‍ഷിക്കാന്‍ മുഹമ്മദ് റിയാസിനെ കൊണ്ട് കൊണ്ട് നല്ല റോഡുകളുണ്ടാക്കിയാല്‍ മാത്രം മതിയാകില്ല. ഇവിടെ നാം തുറക്കുന്ന പുത്തന്‍ പന്ഥാവുകള്‍  വ്യത്യസ്ഥ ചിന്താസരണികള്‍ ഒഴുക്കാന്‍ ശേഷിയുള്ളതാകണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ഓര്‍മ്മയുണ്ടാകുമല്ലോ . ഇടതുപക്ഷം ഒക്കെ മുന്‍കൈയെടുത്ത് നടത്തിയ പോരാട്ടമാണല്ലോ. അതില്‍ പങ്കെടുത്തതിന് മദ്രാസ് ഐ.ഐ.ടിയിലേയും പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലകളിലെയും ജര്‍മ്മന്‍, പോളിഷ് വിദ്യാര്‍ത്ഥികളോട് ഉടന്‍ സ്ഥലം വിടാന്‍ കേന്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് ഓര്‍ക്കുന്നുണ്ടാവുമല്ലോ? ജെ.എന്‍.യുവില്‍ ഒരു വലതുപക്ഷ സംഘം നടത്തിയ അതിക്രമങ്ങള്‍ നാം മറന്നിട്ടുണ്ടാകില്ലല്ലോ? ഹിജാബ് പ്രശ്‌നത്തിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികളുടെ പഠിപ്പ് മുടങ്ങാന്‍ പാടില്ലെന്ന് നിലപാടെടുത്ത് അവരെ പിന്തുണക്കുന്ന സി.പിഎമ്മും അവരുടെ വനിതാ നേതാക്കളും വൈസ് ചെയര്‍മാനായി തെരഞ്ഞടുക്കപ്പെട്ടതിന്റെ പേരില്‍ സഫ്‌ന യാക്കൂബിനെ  പഠിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് എടുക്കുന്നത് എന്തള നിലപാടിന്റെ അടിസ്ഥാനത്തിലാണ്. 

കേരളത്തിലെ  കലാലയങ്ങളിലും വിയറ്റ്‌നാം മുതല്‍ അഫ്ഗാന്‍ വരെയുള്ള വിദേശ രാജ്യങ്ങളില്‍  നിന്നുള്ളവരും  മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഒക്കെ പഠിക്കുന്നുണ്ട്. നാളെ അവരിലാരെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാല്‍ എങ്ങനെയാവും നാമതിനെ സ്വീകരിക്കുക. അതിഥി തൊഴിലാളികളെന്ന് നാം പേരിട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ കാലത്ത് പ്രതിഷേധിച്ചപ്പോള്‍ അതൊക്കെ നിങ്ങള്‍ കാണിക്കാതിരിക്കുന്നതല്ലേ നല്ലത് എന്ന്  ഒട്ടും സ്‌നേഹമില്ലാതെ ശാസിച്ചവരാണ് സര്‍ക്കാര്‍ പൊതുജന സമ്പര്‍ക്കക്കാര്‍. നാളെ നാം കേരളത്തിലേക്ക് ഓക്‌സഫോഡിനെയും കേബ്രിഡ്ജിനെയും കൊണ്ടു വരണമെങ്കില്‍ അവര്‍ക്ക് സ്ഥലവും, വെള്ളവും, വൈദ്യുതിയും , റോഡുമൊന്നും കൊടുത്താല്‍ മതിയാകില്ല. അവര്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യവും, ജനാധിപത്യവും സോഷ്യലിസവും നല്‍കാനാകണം. ആദ്യമത് നമ്മുടെ നിലവിലുള്ള കാമ്പസുകളില്‍ ഉറപ്പാക്കണം. അല്ലെങ്കില്‍ വിദേശത്ത് നിന്നെന്ന പേരില്‍ വരുക  ഇവിടുന്ന് കാശ് മോഷ്ടിച്ച് വിദേശത്ത് കൊണ്ട് പോയ അലക്കി വെളുപ്പിച്ച് അവിടത്തെ മേല്‍വിലാസത്തില്‍ സര്‍വ്വകലാശാല നടത്തുന്ന ഏതെങ്കിലും  പ്രാഞ്ചികളായിരിക്കും. അവരുടെ നിലവാരം ഊഹിക്കാമല്ലോ.

വാല്‍കഷ്ണം

ഞങ്ങള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കാന്‍ ചെല്ലുമ്പോള്‍ അവിടെ ഹോക്കി ടീമില്ലായിരുന്നു. അതു വരെ അവിടെ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ചിരുന്നത് ''വേറെ'' കാര്യത്തിനായിരുന്നു. തദ്ദേശീയരായ ഞങ്ങള്‍ എന്‍.സി.സി ക്കാരോട് ഹോക്കി ടീം സജ്ജമാക്കാന്‍ നിര്‍ദ്ദേശം കിട്ടി. കോളേജ് ക്ലാസ്സ്  കഴിഞ്ഞ് ഒരു ദിവസം വൈകിട്ട് ഞങ്ങള്‍  കളി പരിശീലിച്ചു കൊണ്ടിരുന്നപ്പോള്‍ സഖാക്കള്‍ ഓടി വരാന്‍ പറഞ്ഞു. പുറത്തെ റോഡില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബസ് തടഞ്ഞിട്ടിരിക്കുന്നു. കാരണം ഞങ്ങളുടെ കോളേജില്‍ പഠിച്ച് കൊണ്ടിരിക്കേ മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടി പോയ  ചിലരെ മറ്റു ചില കണക്ക് തീര്‍ക്കാന്‍ വേണ്ടി അവിടത്തെ സീനീയേഴ്‌സ് റാഗ് ചെയ്തു. ആ സീനീയേഴ്‌സ് അടങ്ങിയ മെഡിക്കല്‍ കോളജുകാര്‍ വീട്ടിലേക്ക് മടങ്ങവെ  വിരട്ടാന്‍ വേണ്ടിയാണ് ഹോക്കി സ്റ്റിക്ക് കൈയിലേന്തിയ  ഞങ്ങളെ കൊണ്ട് സഖാക്കള്‍ മെഡിക്കല്‍ കോളേജുകാരെ വിരട്ടിയത്. ആരെയും തെറി വിളിക്കുകയോ കായികമായി ഉപദ്രവിക്കുകയോ ചെയ്തില്ലെങ്കിലും ഞങ്ങളുടെ വിരട്ട് ഏറ്റു. എന്തായാലും  അന്ന് മെഡിക്കല്‍ കോളേജില്‍ റാഗിങ്ങ് നിലച്ചു.        

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തെ കോണ്‍ഗ്രസ്  സ്ഥാനാര്‍ത്ഥിയായിരുന്ന  ഡോക്ടര്‍.എസ്.എസ്. ലാല്‍ യുണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ പോയയാളാണ്. ലാല്‍ ഞങ്ങളുടെ കാലത്തെ ഒടുവിലത്തെ കെ.എസ്.യു യൂണിയന്‍ ചെയര്‍മാനുമായിരുന്നു.  
 

ഹോക്കി കളിയൊക്കെ പഠിച്ച് ഞങ്ങള്‍ ലീഗ് കളിക്കാന്‍ പോയത് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങുമായി സെമി കളിക്കവേ അവരുടെ ഫോര്‍വേഡിന്റെ  സ്‌കൂപ്പിനിടയില്‍ ഞങ്ങളുടെ കിരണ്‍ എന്ന വിദ്യാര്‍ത്ഥിയുടെ  താടി പൊട്ടി.  ഗോളിയായിരുന്ന ഞാന്‍ അവനെ പെട്ടെന്ന് സൈക്കിളിലിരുത്തി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയിലെത്തിച്ചു. അവിടത്തെ ഡ്യൂട്ടി ഡോക്ടര്‍ കാര്യം തിരക്കിയപ്പോള്‍ മുറിവിന് കാരണം ഹോക്കി സ്റ്റിക്കാണെന്നറിയിച്ചു. യൂണിവേഴിസിറ്റി കോളേജ് ജഴ്‌സിയണിഞ്ഞിരുന്ന ഞങ്ങളെ നിരീക്ഷിച്ച ഡോക്ടര്‍ നിങ്ങള്‍ അടിയുണ്ടാക്കിയിട്ടു വരുകയാണെന്നും പൊലീസ് പറഞ്ഞാലേ ചികിത്സിക്കൂ എന്നും നിലപാടെടുത്തു. പണ്ട് ഞങ്ങള്‍ വിരട്ടിയ  മെഡിക്കല്‍ കോളേജ് ബസ്സില്‍ അയാളും ഉണ്ടായിരുന്നിരിക്കണം. ചോര വാര്‍ന്നു കൊണ്ടിരുന്ന സഹപാഠിയെ ഓര്‍ത്ത് ഞങ്ങള്‍ ആ യുവ ഡോക്ടറെ തിരിച്ചു വിരട്ടി. ഏതായാലും അതേറ്റു. അറ്റക്കെക്ക് ഡോക്ടര്‍ ലാലിനെ വിളിക്കാമെന്ന് വിചാരിച്ചുവെങ്കിലും  വേണ്ടി വന്നില്ല.  കൂടുതല്‍ ചോരപുഴ ഒഴുക്കാതെ മുറിവ് തുന്നിക്കെട്ടി പരസ്പരം കൈകൊടുത്തു പിരിഞ്ഞു. ഇതിനെ സക്രിയമായ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനമായി  കണക്കാക്കാം. 
 

Follow Us:
Download App:
  • android
  • ios