Asianet News MalayalamAsianet News Malayalam

അകത്തിരുത്തിയിട്ടും മുഖം മറച്ചിട്ടും ഉടല്‍ മൂടിയിട്ടും അതിക്രമങ്ങള്‍  പെരുകുന്നുവെങ്കില്‍ എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?

എനിക്കും പറയാനുണ്ട്: പ്രിയ പ്രിയദര്‍ശന്‍ എഴുതുന്നു 

Speak up a special series for quick response by priya priyadarsan
Author
Thiruvananthapuram, First Published Jun 18, 2019, 2:28 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Speak up a special series for quick response by priya priyadarsan

മൂന്നും ഒമ്പതും പന്ത്രണ്ടും വയസ്സുള്ള മൂന്നു കുട്ടികളുടെ അമ്മയാണ് ഒരാളലില്‍ കത്തിയമര്‍ന്നത്. അവരുടെ വ്യക്തിജീവിതത്തിലേയ്ക്കാണ് പോണ്‍സൈറ്റിലെന്നവണ്ണം നമ്മള്‍ നുഴഞ്ഞു കയറുന്നത്. 'ഗള്‍ഫുകാരന്റെ ഭാര്യ' എന്ന മലയാളിയുടെ സ്ഥിരം ലൈംഗിക കാമനകളിലേക്ക് വലിച്ചിഴച്ചാണ് അതിക്രൂരമായ ഒരു പകല്‍ക്കൊലപാതകം ന്യായീകരിക്കപ്പെടുന്നതും. 

അവനെ അതുപോലെ തന്നെ വണ്ടിയിടിച്ച് വെട്ടിപ്പിളര്‍ന്ന് തീവച്ചു കൊല്ലണമെന്ന് നമ്മള്‍ വേദനയുടേയും ആവേശത്തിന്റെയും ഒറ്റയാള്‍ക്കൂട്ടമാവുന്നുണ്ട്. ഭാര്യയും അമ്മയുമായിരുന്നിട്ടും അവിഹിത ബന്ധത്തിലേര്‍പ്പെട്ടതിന്റെ ശിക്ഷയായി 'അവനൊരാണല്ലേ' എന്ന് മറ്റൊരാള്‍ക്കൂട്ടം അയാളുടെ പൊള്ളലുകളില്‍ മരുന്നു പുരട്ടുന്നുണ്ട്. കേരളം പോലെ വിദ്യാഭ്യാസമുള്ള ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡക്‌സില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് കഴിഞ്ഞ നാലു മാസങ്ങള്‍ക്കുള്ളില്‍ സമാനരീതിയില്‍ മരണപ്പെട്ടത് ആറു സ്ത്രീകളാണ്. കുലസ്ത്രീകളുള്‍പ്പടെ. അനുസരിപ്പിച്ചിട്ടും അകത്തിരുത്തിയിട്ടും മുഖം മറച്ചിട്ടും ഉടല്‍ മൂടിയിട്ടും അതിക്രമങ്ങള്‍ പെരുകുന്നുവെങ്കില്‍ എവിടെയാണ് നമുക്കു പിഴയ്ക്കുന്നത്?

.....................................................................................................................................................................

നിരസിക്കാനുള്ള അവകാശം പെണ്‍കുട്ടികള്‍ക്കുണ്ടെന്ന് വളര്‍ന്നുവരുന്ന നമ്മുടെ ആണ്‍കുട്ടികളെ നാം പഠിപ്പിക്കേണ്ടിയിരിക്കുന്നു

.....................................................................................................................................................................

ഇഴഞ്ഞു നീങ്ങുന്നതെങ്കിലും നിലവിലുള്ള നിയമ വ്യവസ്ഥയിലല്ലാതെ മറ്റൊന്നിലും ഒരു പരിഷ്‌കൃത സമൂഹത്തിന് വിശ്വാസമര്‍പ്പിക്കാനാവില്ല. പ്രതികളെ സമാന രീതിയിലോ അതിലും ഭീകരമായോ കൊല ചെയ്യുന്നതിലേയ്ക്കല്ല. ഒറ്റയാള്‍ക്കോടതികളില്‍ തനിച്ചു വാദം കേട്ട് ശിക്ഷയും വിധിച്ച് ഷമ്മിമാരും ഗോവിന്ദുമാരും അജാസുമാരുമൊക്കെ നമുക്കു ചുറ്റും പതുങ്ങി നടക്കുന്നതിലേയ്ക്കാണ് പൊതുജനശ്രദ്ധ ഉണ്ടാവേണ്ടത്. ഇവരില്‍ നമുക്കു പ്രിയപ്പെട്ടവരുമുണ്ട്, നാളെ എരിയേണ്ടവര്‍ നമ്മളില്‍ പലരുമാണ് എന്നതിലേയ്ക്കാണ്.

'ആണ്' എന്നും 'പെണ്ണ്' എന്നുമുള്ള നിര്‍വ്വചനങ്ങള്‍ തന്നെ എത്രത്തോളം അപകടം പിടിച്ചവയാണ്. ചെറുപ്രായം മുതല്‍ക്കു തന്നെ ആണായിരിക്കല്‍ എന്നത് അധികാരങ്ങളുടെ, അവകാശങ്ങളുടെ, സ്വന്തമാക്കലുകളുടെ, പകവീട്ടലുകളുടെ ആകെത്തുകയെങ്കില്‍ പെണ്ണായിരിക്കല്‍ സഹനമാണ്, പ്രതികരിക്കാതിരിക്കലാണ്, ഭയക്കലാണ്, ഒളിക്കലാണ്, അവളവളേ ആകാതിരിക്കലാണ്. അമ്മ, പെങ്ങള്‍, പെണ്‍സുഹൃത്തുക്കള്‍, കാമുകിമാര്‍ ഇവരില്‍ ഉടമസ്ഥതയോടെ വെട്ടിപ്പഠിച്ചവരാണ് വിവാഹത്തോടെ സ്വന്തമാക്കുന്നവളെ മെരുക്കാനുതകുന്ന ആണ്‍. വെളിച്ചം കടക്കാത്ത ഈ ഇരുട്ടറകളിലാണ് അജാസുമാര്‍ കത്തികള്‍ രാകുന്നത്. 
തുറന്നു പറച്ചിലുകള്‍ക്ക് ചെവി കൊടുക്കാത്ത, മാനസിക വൈകല്യങ്ങളെ ഗൂഢമായൊളിപ്പിക്കുന്ന, ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധങ്ങള്‍ക്ക് അവസരങ്ങളില്ലാത്ത, അനുസരിക്കാത്തവള്‍ അവഹേളിക്കപ്പെടുന്ന, നിരസിക്കുന്നവളെ ചുട്ടെരിക്കുന്ന സമൂഹം വാസ്തവത്തില്‍ എത്രമാത്രം അനാരോഗ്യകരമായ ഒന്നാണ്.

അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അവര്‍ തമ്മിലുള്ള വിനിമയങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തല്‍ പ്രധാനം തന്നെയാണ്. അതവരുടെ ജോലിയുടെ ഭാഗമാണ്. പക്ഷേ പൊതു സമൂഹം എന്ന നമ്മള്‍ അതിര്‍ വരമ്പുകള്‍ ലംഘിച്ച സ്ത്രീ അതിദാരുണമായ മരണം അര്‍ഹിക്കുന്നു എന്ന വിധി പുറപ്പെടുവിക്കുന്നിടത്താണ് ഇതിനിയും ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന് ഭയപ്പാടോടെ നാം മനസ്സിലാക്കേണ്ടത്. 

ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു, വിശകലനം ചെയ്യേണ്ടിയിരിക്കുന്നു, പഠിക്കേണ്ടിയിരിക്കുന്നു. നിരസിക്കാനുള്ള അവകാശം പെണ്‍കുട്ടികള്‍ക്കുണ്ടെന്ന് വളര്‍ന്നുവരുന്ന നമ്മുടെ ആണ്‍കുട്ടികളെ നാം പഠിപ്പിക്കേണ്ടിയിരിക്കുന്നു. സദാചാര സന്ദേഹങ്ങള്‍ക്കപ്പുറത്ത് തുറന്നു പറയുവാനും നിയമസഹായം തേടുവാനും അവരും ശ്രമിക്കേണ്ടിയിരുന്നു. 

ഒരുവള്‍ പിളരുമ്പോള്‍, വെന്തെരിയുമ്പോള്‍ അനാഥരാവുന്നവരില്‍ അവളുടെ കുഞ്ഞുങ്ങളുണ്ട്, ഉലഞ്ഞു പോകുന്ന ഭര്‍ത്താവും അവള്‍ തണലാവേണ്ട ഒരമ്മയുമുണ്ട്. മറിഞ്ഞു കിടക്കുന്ന ആ വെള്ള സ്‌കൂട്ടറില്‍ മുന്നിലും പിന്നിലും വശങ്ങളിലുമായി ഒതുങ്ങിയിരുന്ന കുഞ്ഞുങ്ങളും പാലും പച്ചക്കറികളുമുണ്ട്. വെള്ളത്തുണിക്കടിയില്‍ അടര്‍ന്നു പോയൊരമ്മ ആ കുഞ്ഞുങ്ങളുടെ വരാനിരിക്കുന്ന വര്‍ഷങ്ങളിലെ മുഴുവന്‍ ദുസ്വപ്നങ്ങളും കൂടിയാണ്.

പാതി വെന്ത മുഖത്തോടെ ഉയര്‍ന്നു വരാന്‍ പല്ലവിക്കായത് പ്രാണനെങ്കിലും ബാക്കിയായതു കൊണ്ടാണ്...

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios