എനിക്കും ചിലത് പറയാനുണ്ട്. സ്വകാര്യ നിമിഷങ്ങള്‍ വൈറലാക്കാന്‍ ആര്‍ക്കെന്ത് അവകാശം. ഡോ. എന്‍എം ഫസീന എഴുതുന്നു | Speak Up | Opinion | Privacy |  

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

 

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തന്റെ അനവസരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ വേദനയുണ്ടെന്ന് പറഞ്ഞ് നടി അന്ന രാജന്‍ രംഗത്തെത്തിയത് അടുത്തിടെയാണ്. നടി രമ്യ പണിക്കരും ഏറക്കുറെ ഇതേപോലെ പ്രതികരിച്ചു. രണ്ട് പേരും പറയുന്ന കാര്യങ്ങളുടെ ചുരുക്കം ഇങ്ങനെയാണ്: വിശേഷം ചോദിക്കാന്‍ എന്ന മട്ടില്‍ ചിലര്‍ മൊബൈലുമായി വന്നു. പല ആംഗിളില്‍ അവര്‍ ചിത്രങ്ങള്‍ പകര്‍ത്തി. പിന്നീടത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. പതിനായിരക്കണക്കിന് വരുന്ന ഭക്തരെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തുവന്നതോടെയാണ് ഈ നടിമാര്‍ ഇങ്ങനെ പ്രതികരിച്ചത്. റീല്‍സുകളെ പറ്റി ഇങ്ങനെ പലരും പ്രതികരണവുമായി വന്നു. ചിലര്‍ ആരോടും പറയാതെ മിണ്ടാതിരുന്നു.

അനവസരത്തിലെ റീല്‍സ് ചിത്രീകരണ അനുഭവങ്ങളിലെ ഏറ്റവും അവസാനത്തേതാണ് നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ മകന്‍ ചന്തു നടത്തിയ പ്രതികരണം. നൂറുകണക്കിന് പേര്‍ ചുറ്റും നില്‍ക്കെ, തന്റെ എല്ലാമെല്ലാമായ അച്ഛന്‍ ചേതനയറ്റ് കിടക്കുമ്പോള്‍, ചന്തുവിന് ഒരു നിമിഷം നിയന്ത്രണം വിട്ടു. 'നിങ്ങള്‍ക്കെന്താണ് വേണ്ടത്' എന്നാണ് ചന്തു ചോദിച്ചത്. ചന്തുവിന്റെ മുഖത്തെ ആ ദൈന്യതയും സങ്കടവും ആര്‍ക്കും തിരിച്ചറിയാവുന്നതേയുള്ളൂ. ആ ഭാവങ്ങളും അതേപടി പിടിച്ചെടുത്ത് ചന്തു പൊട്ടിത്തെറിച്ചു എന്ന അടിക്കുറിപ്പോടെ റീല്‍സുകള്‍ പ്രചരിച്ചു എന്നത് ഇതോടൊപ്പം പറയേണ്ടതുണ്ട്.

ഇതെല്ലാം കണ്ടിട്ടാവും ശക്തമായ മുന്നറിയിപ്പുമായി സംസ്ഥാന പൊലീസ് വകുപ്പ് തന്നെ രംഗത്തെത്തിയത്. സ്വകാര്യ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000 - സെക്ഷന്‍ 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശദമായി പറയുന്നു.

യൂട്യൂബര്‍മാരും വ്‌ലോഗര്‍മാരും അരങ്ങുതകര്‍ക്കുന്ന കാലമാണ്. മുഖ്യധാര മാധ്യമങ്ങള്‍ കാണാത്തതും കേള്‍ക്കാത്തതുമായ ഒട്ടേറെ വിഷയങ്ങള്‍ ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പൊതുജനമധ്യത്തില്‍ എത്തിക്കുന്നുണ്ട്. ഇവര്‍ കൊണ്ടുവരുന്ന ചില വിഷയങ്ങള്‍ മെയിന്‍ സ്ട്രീം മാധ്യമങ്ങള്‍ ഏറ്റെടുക്കാറുമുണ്ട്. ഇതൊക്കെ യാഥാര്‍ത്ഥ്യവും വസ്തുതയുമാണ് എന്ന് അംഗീകരിച്ചുതന്നെ ഇവരുടെ അനൗചിത്യപരമായ സമീപനങ്ങള്‍ക്കു മുന്നില്‍ കണ്ണുംപൂട്ടി നില്‍ക്കാനാവില്ല. അതിലേറ്റവും പ്രധാനമാണ് സെലിബ്രിറ്റികളുടെ മരണവേളയിലെ മൊബൈല്‍ ക്യാമറക്കാരുടെ തള്ളിക്കയറ്റം.

മരണവീടുകളിലേക്ക് എത്തുന്ന താരമൂല്യങ്ങളുള്ളവരുടെ സാന്നിധ്യമാണ് മൊബൈല്‍ ക്യാമറകളില്‍ പാപ്പിരാസി ശൈലിയില്‍ റെക്കോര്‍ഡ് ചെയ്യുന്നത്. മുഖ്യധാര മാധ്യമങ്ങളില്‍നിന്ന് വ്യത്യസ്തമായി വ്യക്തികളുടെ ക്ലോസപ് ചിത്രങ്ങള്‍, സ്വകാര്യ സംഭാഷണങ്ങള്‍, ആംഗ്യങ്ങള്‍ തുടങ്ങിയവയിലാണ് ഇവരുടെ കണ്ണ് പായുന്നത്. മരണ വീട്ടിലെ സാന്ത്വനങ്ങള്‍ക്കപ്പുറം ബന്ധുക്കളുടെയും താരങ്ങളുടെയും സ്വകാര്യതയിലേക്കാണ് ആ എത്തിനോട്ടം. മരണവീട്ടിലെ നിയന്ത്രണം വിട്ട കരച്ചിലുകള്‍ പോലും ക്ലിക്ക്‌ബൈറ്റ് അടിക്കുറിപ്പോടെ റീല്‍സാവുന്ന ഒരു കാലം.

പൊതുമധ്യത്തില്‍ സ്വകാര്യതയോ എന്ന് സംശയിക്കുന്നവരുണ്ടാകാം. ഉണ്ടെന്നാണ് അതിന് ഒറ്റവാക്കിലുള്ള മറുപടി. എന്താണ് ആ സ്വകാര്യത? പൊതുമധ്യത്തില്‍ നില്‍ക്കുന്ന സ്ത്രീയുടെ സാരിത്തലപ്പ് മാറിയാല്‍, ചുരിദാര്‍ സ്ലിറ്റ് അല്‍പമൊന്ന് നീങ്ങിയാല്‍, ഒന്ന് കുനിയാന്‍ ശ്രമിച്ചാല്‍ അതെല്ലാം ചിത്രങ്ങളാവുന്നു. ഇതെല്ലാം ഒപ്പിയെടുക്കാനും പ്രചരിപ്പിക്കാനും ആര്‍ക്കാണ് അധികാരമുള്ളത്? സങ്കടം കൊണ്ട് നിറഞ്ഞ കണ്ണോ, മൂക്കോ ഒന്ന് തുടക്കുന്നതുപോലും ചിത്രങ്ങളാവുന്നു. മൂക്കുവലിക്കുന്നതോ, തൂവാലകൊണ്ട് തുടക്കുന്നതോ ആയ മുഖം കാണാന്‍ ആ വ്യക്തി തന്നെ ഒരിക്കലും ആഹ്രിക്കില്ല. എന്നിരിക്കെയാണ് ആ ചിത്രങ്ങള്‍ മറ്റുള്ളവര്‍ കാണുന്നത്. പിന്നെ, സ്ത്രീയുടെ വസ്ത്രധാരണം, ആകാരഭംഗി തുടങ്ങി കിട്ടാവുന്നതെല്ലാം മൊബൈലില്‍ ചിത്രീകരിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും? റീലുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മനസ്സിലാവും എന്തൊക്കെയാണ് നമ്മുടെ കേരളത്തില്‍ നടക്കുന്നത് എന്നത് കേവലം സിനിമ ഡയലോഗ് അല്ലെന്ന്.

താരമൂല്യമുള്ളവരുടെ കല്യാണങ്ങളിലും മരണ വീടുകളിലും എല്ലാം മൊബൈലുമായി ഇരുവശത്തും നില്‍ക്കുന്നവര്‍ ആരാണെന്ന് ഏതെങ്കിലും അതോറിറ്റിക്ക് അറിയാമോ എന്നതും ചോദ്യമാണ്. ഇതില്‍ പലതും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ആയിരിക്കില്ല. മാധ്യമങ്ങളെന്ന വ്യാജേനയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും തങ്ങള്‍ക്കതില്‍ പങ്കില്ലെന്നും പത്രപ്രവര്‍ത്തക സംഘടന പറയുന്നു. ഇവരെയെല്ലാം ആട്ടിയോടിക്കണമെന്നല്ല പറഞ്ഞു വരുന്നത്. ഔചിത്യബോധം, അത് എല്ലാവര്‍ക്കും വേണമെന്നാണ്.

മൊബൈല്‍ ക്യാമറകള്‍ ചുറ്റുമുണ്ടെന്ന് വിശ്വസിച്ച് ആ നിലക്ക് നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനും എല്ലാം പരിശീലനം ലഭിച്ചവരുമുണ്ട്. ഇത്തരക്കാരുടെ നടത്തവും ഇരുത്തവും സംസാരവും എല്ലാം കണ്ടാല്‍ നമുക്കത് ബോധ്യപ്പെടും. എന്നാല്‍, ഇതൊന്നും അറിയാത്ത ഒട്ടേറെ പാവങ്ങളുമുണ്ട്. അതില്‍, ഏറിയ വിഭാഗവും സ്ത്രീകള്‍ തന്നെ.

രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും എല്ലാം സ്വന്തം നിലക്ക് ഇത്തരം വ്‌ലോഗര്‍മാരെ ഉപയോഗിക്കുന്നുണ്ട്. സ്വയം മാര്‍ക്കറ്റ് ചെയ്യാനും സ്വന്തം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ കേള്‍പ്പിക്കാനുമാണ് അവരതിനെ ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയ കാലത്ത് ഇതൊന്നും വേണ്ടെന്ന് പറയാനാവില്ല. എന്നാല്‍, ഇതിനും ചിലചിട്ടവട്ടങ്ങളൊക്കെ വേണം. അതിനുള്ള ചര്‍ച്ചകളുടെ തുടക്കമാവട്ടെ ചന്തുവിലൂടെ ഉണ്ടായ പ്രതികരണം.