Asianet News MalayalamAsianet News Malayalam

റേപ്പിസ്റ്റിനെ പ്രണയിക്കുന്ന പെണ്ണുങ്ങള്‍, 'കലിപ്പന്റെ കാന്താരി'മാര്‍ ചുമ്മാ ഉണ്ടാവുകയല്ല!

നായകന്‍ രാത്രിയിലെ ശാരീരിക ആവശ്യത്തിന് മാത്രം അവളെ ഉപയോഗിക്കും. ശേഷം പകലുകളില്‍ അവളേയും അവളുടെ കുടുംബക്കാരേയും തരംതാഴ്ത്തി ആക്ഷേപിക്കും, നീ എനിക്ക് ഉപയോഗിക്കാനുള്ള വെറുമൊരു ശരീരം മാത്രമാണെന്ന് പറഞ്ഞു പുച്ഛിക്കും. അവളുടെ മുന്നില്‍ പരസ്ത്രീയെ പ്രാപിക്കും. നായികയാണെങ്കിലോ കോടീശ്വരനായ ഏട്ടന്‍ സ്വഭാവം മാറി തന്നെ സ്‌നേഹിക്കാനുള്ള വഴിപാടുകളും  നേര്‍ച്ചകളുമായി എല്ലാം സഹിച്ചു ജീവിക്കുകയാണ്. 

speak up Aswathy Joy Arakkal on patriarchal norms on domestic abuse and sexual violence
Author
Thiruvananthapuram, First Published Jul 19, 2022, 2:52 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

speak up Aswathy Joy Arakkal on patriarchal norms on domestic abuse and sexual violence

 

'അമ്മയുടെ നിര്‍ബന്ധത്തിന് മുന്നില്‍ അനുസരിക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍  കോടീശ്വരനും സൗന്ദര്യത്തിന്റെ നിറകുടവും ഒപ്പം ഭൂലോക ആഭാസനും പെണ്ണുപിടിയനുമായ മധ്യവയസ്സിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന നായകന്‍ അഷ്ടിക്ക് വകയില്ലാത്ത വീട്ടില്‍ നിന്നും പതിനെട്ടുകാരിയായ അതിസുന്ദരിയെ വിവാഹം ചെയ്യുന്നു. മൂന്നുപെണ്മക്കളുള്ള വീട്ടിലെ പ്രാരബ്ധങ്ങളില്‍ ഒന്നെങ്കിലും അച്ഛന് കുറച്ചു കൊടുക്കാന്‍ വേണ്ടിയാണ്  കെട്ടോ, നായിക ഒട്ടും ഇഷ്ടമില്ലാഞ്ഞിട്ടും വിവാഹത്തിന് സമ്മതിക്കുന്നത്. ആദ്യരാത്രിയില്‍ മദ്യപിച്ചു മദോന്മത്തനായ നായകന്‍ അര്‍ദ്ധബോധാവസ്ഥയില്‍ നായികയെ ബലാത്സംഗം ചെയ്യുന്നു. ആ രാത്രി കഴിഞ്ഞശേഷവും പലപ്പോഴും പരസ്പരം സമ്മതമോ, സ്‌നേഹമോ ഇല്ലാതെ അവര്‍ ശാരീരികമായി ഒന്നിക്കുന്നു. നായകന്‍ രാത്രിയിലെ ശാരീരിക ആവശ്യത്തിന് മാത്രം അവളെ ഉപയോഗിക്കും. ശേഷം പകലുകളില്‍ അവളേയും അവളുടെ കുടുംബക്കാരേയും തരംതാഴ്ത്തി ആക്ഷേപിക്കും, നീ എനിക്ക് ഉപയോഗിക്കാനുള്ള വെറുമൊരു ശരീരം മാത്രമാണെന്ന് പറഞ്ഞു പുച്ഛിക്കും. അവളുടെ മുന്നില്‍ പരസ്ത്രീയെ പ്രാപിക്കും. നായികയാണെങ്കിലോ കോടീശ്വരനായ ഏട്ടന്‍ സ്വഭാവം മാറി തന്നെ സ്‌നേഹിക്കാനുള്ള വഴിപാടുകളും  നേര്‍ച്ചകളുമായി എല്ലാം സഹിച്ചു ജീവിക്കുകയാണ്. താലിയും സിന്ദൂരവും വീഴുന്നത് മുതല്‍ അതിന്റെ അവകാശി എന്തുചെയ്താലും പെണ്ണ് ക്ഷമിക്കണമെന്നു നായികയോട് അമ്മ പറഞ്ഞിട്ടുണ്ടത്രെ. അങ്ങനെ അവഗണനകളിലും, രാത്രിയില്‍  ഭര്‍ത്താവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടും ജീവിച്ച് കുറേനാള്‍ കഴിയുമ്പോള്‍ നായിക ഗര്‍ഭിണി ആകുന്നു. ഗര്‍ഭകാലത്തെ നായികയുടെ കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ നായകന് കുറ്റബോധവും അതില്‍ നിന്ന് സ്‌നേഹവും വരുന്നു. സ്‌നേഹം വരുന്നു എന്നല്ല നായകന്റെ ഉള്ളിലുള്ള നായികയോടുള്ള പ്രണയം അയാള്‍ സ്വയം തിരിച്ചറിയുന്നു. ആ പ്രണയം കൊണ്ടാണ് മാരിറ്റല്‍ റേപ്പ് പോലും നടന്നതെന്ന് വരുത്തുന്നു. പിന്നീട് നായികയോട് പൊട്ടിക്കരഞ്ഞു ക്ഷമ പറഞ്ഞു പരസ്പരം കെട്ടിപ്പിടിച്ച് അവര്‍ സസുഖം ജീവിക്കുന്നു.. ശുഭം.. ' Also Read : സ്ത്രീകളെ താഴ്ത്തിക്കെട്ടാന്‍ മറ്റ് സ്ത്രീകള്‍ കഷ്ടപ്പെടണോ, ആ പണി സമൂഹം ചെയ്യുന്നുണ്ടല്ലോ!

ഓണ്‍ലൈനില്‍  വായിച്ച അമ്പതോളം ഭാഗങ്ങള്‍ ഉള്ള ഒരു സൂപ്പര്‍ഹിറ്റ് തുടര്‍ക്കഥയുടെ ത്രെഡ് ആണിത്. ഇഷ്ടം പോലെ വായനക്കാരും അഭിപ്രായങ്ങളും എല്ലാം ലഭിച്ച് ജനപ്രിയമായ ഒരു ഓണ്‍ലൈന്‍ തുടര്‍ക്കഥ. ഒരു സ്ത്രീ ഇത് എഴുതി എന്നതും, ഒരുപാട് സ്ത്രീകള്‍ ഈ ആശയത്തെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതും എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഇത് ഒരു ഒറ്റ കഥയുടെ അവസ്ഥയല്ല. സമാനമായ ആശയങ്ങള്‍ ഒരുപാട് വരുന്നുണ്ട്. എന്തിനധികം സ്‌നേഹിച്ച പെണ്ണിനെ റേപ്പ് ചെയ്തശേഷം സ്‌നേഹക്കൂടുതല്‍ കൊണ്ടാണെന്ന് പറഞ്ഞു ആ ക്രൂരതയെ ന്യായീകരിച്ച സിനിമകളും, സീരിയലുകളും സൂപ്പര്‍ഹിറ്റ് ആയി ഓടാറുണ്ടല്ലോ. Also Read : ആ വീഡിയോ ക്ലിപ്പ് കോമഡിയല്ല, കിടപ്പറയിലെ ബലാല്‍സംഗം സത്യമാണ്!

ആര്‍ക്ക് വിരോധം തോന്നിയാലും ചിലതൊന്നും പറയാതെ വയ്യ. എന്തുമാത്രം സ്ത്രീവിരുദ്ധമായും   സാമൂഹ്യവിരുദ്ധമായുമൊക്കെയാണ് ചിലരെങ്കിലും തങ്ങളുടെ ആശയങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മുകളില്‍ പറഞ്ഞ കഥ ഉദാഹരണമായെടുത്താല്‍ തന്നെ, ആണഹന്തയുടെ പര്യായമായ നായകന് തട്ടിക്കളിക്കാനുള്ള കളിപ്പാട്ടം ആയാണ് നായികയെ സൃഷ്ടിച്ചിരിക്കുന്നത്. അയാള്‍ക്ക് അവഗണിക്കാനും, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനുമുള്ള ഒരു ശരീരം. മാരിറ്റല്‍ റേപ്പ് എന്ന ക്രൂരതയെ വളരെ നിസ്സാരമായാണ് ഈ നീണ്ട കഥ ചിത്രീകരിക്കുന്നത്. കൂടാതെ പെണ്മക്കളെന്നാല്‍ ബാധ്യത ആണെന്നൊരു വരുത്തിത്തീര്‍ക്കലും. ഒരു മാപ്പ് പറച്ചിലില്‍ ഭര്‍ത്താവെന്ന കലിപ്പനിലെ സ്‌നേഹനാളത്തെ നായിക കണ്ടെത്തി, തന്റെ മുന്നില്‍വെച്ച് പരസ്ത്രീയെ പ്രാപിക്കുന്നതടക്കം അയാള്‍ മുന്നേ ചെയ്ത സകല തെറ്റുകളും അവള്‍ ക്ഷമിക്കുന്നു.'

സകല അതിക്രമങ്ങള്‍ക്കും കീഴ്‌പ്പെട്ടു ജീവിക്കുന്ന പെണ്ണിനെയാണ് നല്ലൊരു ശതമാനവും ഇഷ്ടപ്പെടുന്നതെന്നു കമന്റ് സെക്ഷന്‍ തെളിയിക്കുകയും ചെയ്തു.

എഴുതിയ ആളോടുള്ള സകല ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയുകയാണ്, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതുപോലുള്ള ആശയങ്ങള്‍ ആണോ ചര്‍ച്ച ചെയ്യപ്പെടേണ്ടത്? ദുരിതങ്ങള്‍ക്ക് കീഴ്‌പ്പെട്ട്  എല്ലാം സഹിച്ചു ജീവിക്കുന്ന പെണ്ണിന്റെ കഥകളേക്കാള്‍ പ്രതികരിക്കുന്ന, തന്റേടിയായ, സ്വന്തം കാലില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പെണ്ണിന്റെ കഥകളും എഴുതപ്പെടേണ്ടതല്ലേ. Also Read : എങ്കില്‍, നിങ്ങളൊരു ടോക്‌സിക് പ്രണയത്തിലാണുള്ളത്, രക്ഷപ്പെടുന്നതാവും നല്ലത്!

ഇതുമാത്രമല്ല കൂടെകിടക്കാനും കുഞ്ഞുങ്ങളെ പെറ്റുപോറ്റാനുമായി നായികയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന നായകന്‍, ശാരീരികമായും മാനസികമായും നായികയെ അബ്യൂസ് ചെയ്യുന്ന നായകന്‍, മാരിറ്റല്‍ റേപ്പ് അല്ലെങ്കില്‍ റേപ്പ് ചെയ്ത് നായികയെ സ്വന്തമാക്കാന്‍ നോക്കുന്നവര്‍ ഇവരൊക്കെയാണ് ഇന്നത്തെ താരങ്ങള്‍. കാരണം നായികയോടുള്ള പ്രണയം! അവള്‍ തന്റേത് മാത്രമാണെന്നുള്ള സ്വാര്‍ത്ഥത!  ഒരിക്കലും വിട്ടുപോകില്ല എന്നറിയാവുന്നത് കൊണ്ടാണ് നായകന്‍ ഇതുപോലുള്ള വൈകൃതങ്ങളൊക്കെ കട്ടികൂട്ടുന്നതെന്ന് കഥാകൃത്ത് വരുത്തിത്തീര്‍ക്കും.. അതോടെ അയാള്‍ നന്മമരമാകും.. സ്‌നേഹത്തിന്റെ നിറകുടമാകും.

ഞാന്‍ ആരേയും വിമര്‍ശിക്കത്തക്ക രീതിയില്‍ എഴുതിതെളിഞ്ഞ വ്യക്തിയല്ല. എന്നാല്‍ വായനയെ ഒരുപാട് സ്‌നേഹിക്കുന്ന ഒരാളാണ്. പല വായനയിലും ബലാത്സംഗം പോലും പ്രണയമാണെന്ന് പറഞ്ഞു ന്യായീകരിക്കപ്പെടുമ്പോള്‍ ദേഷ്യവും സങ്കടവുമൊക്കെ തോന്നാറുണ്ട്. ഒരു കൊലപാതകം അറിയാതെ ചെയ്തു എന്നു പറഞ്ഞു ന്യായീകരിക്കാം. കാരണം അബദ്ധത്തില്‍ കൊല്ലപ്പെടുന്നവരുണ്ട്. പക്ഷെ റേപ്പ്- അതൊരിക്കലും അറിയാതെ സംഭവിക്കില്ല. റേപ്പ് ചെയ്ത ആളെക്കൊണ്ട് നായികയെ നിങ്ങള്‍ വിവാഹം കഴിപ്പിക്കുമ്പോള്‍ അല്ലെങ്കില്‍ മാരിറ്റല്‍ റേപ്പ് പ്രണയമാക്കി മാറ്റുമ്പോള്‍ സത്യത്തില്‍ ഇതൊക്കെ അനുഭവിച്ച് മാനസികമായി മുറിവേറ്റവരോട് ചെയ്യുന്ന വലിയൊരു അനീതിയാണ് ഈ എഴുതിക്കൂട്ടുന്നതെന്നെങ്കിലും മനസ്സിലാക്കണം. കാല്പനികത അല്ല ജീവിതം. യഥാര്‍ത്ഥ പ്രണയം ബലമായി മനസ്സോ ശരീരമോ കവരില്ല.

ഇര എന്നു പറയാന്‍ പാടില്ലെങ്കിലും ബലാത്സംഗത്തിനൊക്കെ ഇരയായി ആകെ തകര്‍ന്നു പോകുന്നൊരു പെണ്ണിന്റെ മനസ്സിനെക്കുറിച്ച് അല്പമെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടെങ്കില്‍ അതൊക്കെ പ്രണയമാണെന്ന് പറയാന്‍ സാധിക്കില്ല. അവളനുഭവിച്ചു മരവിച്ചുപോയ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ആണിന്റെ  പ്രണയത്തിന്റെ ഫലമാണോ. അതൊന്നും പ്രണയമല്ല ഹേ.. പീഡനമാണ്. ക്രൂരമായ പീഡനം. ഇതുപോലുള്ള സൃഷ്ട്ടികള്‍ സ്ത്രീവിരുദ്ധം എന്നുമാത്രമല്ല സാമൂഹ്യവിരുദ്ധം എന്നും പറയേണ്ടി വരും. Also Read : വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ കാന്താരിമുളക് അമ്മിയിലിടിച്ച് മുഖത്ത് തേച്ച ഭര്‍ത്താവ്!

ഒപ്പം തല്ലുന്നവനും, തെറിപറയുന്നവനും, സമ്മതമില്ലാതെ പെണ്ണിന്റെ ശരീരത്തു തൊടുന്നവനുമൊക്കെ പൗരുഷത്തിന്റെ മൂര്‍ത്തീഭാവങ്ങളായി ഗ്ലോറിഫൈ ചെയ്യപ്പെടുമ്പോള്‍, പെണ്ണിന്റെ മുഖത്തടിച്ചുള്ള കലിപ്പന്റെ പ്രണയം പാടിപുകഴ്ത്തപ്പെടുമ്പോള്‍ വിലകുറഞ്ഞുപോകുന്നത് യഥാര്‍ത്ഥ പ്രണയമാണ്. സ്ത്രീയെ സ്‌നേഹിച്ച്, അംഗീകരിച്ച്, ബഹുമാനിച്ച് ജീവിക്കുന്ന നീതിബോധമുള്ള യഥാര്‍ത്ഥ പുരുഷന്റെ പ്രണയം..
പിന്നെ അടിയും, വഴക്കും, ശാരീരിക ഉപദ്രവവും, മാരിറ്റല്‍ റേപ്പുമൊക്കെ ഒരുപാട് വീടുകളില്‍ നടക്കുന്നതല്ലേ എന്നു ചോദിച്ചാല്‍, ഉവ്വ് എന്ന ഉത്തരത്തിനൊപ്പം ഒന്നുകൂടെ പറയേണ്ടി വരും. അവിടെയൊന്നും അത് പ്രണയമായി പാടിപുകഴ്ത്തപ്പെടുന്നില്ല. കാരണം അതൊന്നും പ്രണയമല്ല. പീഡനമാണ്. പങ്കാളിയെ വേദനിപ്പിച്ചു കൊണ്ടുനേടുന്ന ഒന്നും സ്‌നേഹമല്ല അത് സ്വാര്‍ത്ഥതയാണ് എങ്ങനേയും താന്‍ ആഗ്രഹിച്ചത് നേടണമെന്ന, ആരെ വേദനിപ്പിച്ചാലും തന്റെ ആഗ്രഹം സാധിക്കണമെന്ന സ്വാര്‍ത്ഥത.
 

Follow Us:
Download App:
  • android
  • ios