Asianet News MalayalamAsianet News Malayalam

എങ്കില്‍, നിങ്ങളൊരു ടോക്‌സിക് പ്രണയത്തിലാണുള്ളത്, രക്ഷപ്പെടുന്നതാവും നല്ലത്!

പ്രണയത്തിന്റെ ആദ്യ നാളുകളില്‍ പങ്കാളിയുടെ കാല്‍ കല്ലില്‍ തട്ടിയാല്‍, അവളുടെ കണ്ണൊന്നുനിറഞ്ഞാല്‍ നെഞ്ചുപിടയുന്നവര്‍ പിന്നീട് അവളെ ആ ബന്ധത്തില്‍ തളച്ചിടാനും, തങ്ങളുടെ ഇഷ്ടാനുസരണം ചലിക്കുന്ന പാവകളായും ഉപയോഗിക്കുന്നു.-എനിക്കും ചിലത് പറയാനുണ്ട്. സുമേഷ് എം എഴുതുന്നു

Speak up on toxic relationships by Sumesh M
Author
Thiruvananthapuram, First Published May 12, 2022, 3:39 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Speak up on toxic relationships by Sumesh M


The Most painful thing is loosing yourself in the process of loving someone too much and forgetting that you are special too.''
Ernest Hemingway

പ്രണയം മനോഹരമായ ഒരു വികാരമാണ്. നമ്മളുമായി മാനസികവും ശാരീരികവുമായി ചേര്‍ച്ചയുള്ള ഇണയെ തിരഞ്ഞെടുക്കുമ്പോഴാണ് പ്രണയം മനോഹരമായി മാറുന്നത്. ഒരു ബന്ധത്തിന്റെ വിജയമെന്ന് പറയുന്നത് ആ യാത്രയിലുടനീളം നിങ്ങള്‍ പരസ്പര ബഹുമാനത്തോടുകൂടി സന്തോഷപ്പൂര്‍വ്വം കഴിയുക എന്നതുതന്നെയാണ്. 

എന്നാല്‍, വിരോധാഭാസമെന്ന് പറയട്ടെ പ്രണയം പ്രതികാരമായിമാറുന്ന നിരവധി സംഭവങ്ങള്‍ക്കാണ് ഇന്ന് സാക്ഷ്യം വഹിക്കേണ്ടിവരുന്നത്. പല ബന്ധങ്ങളിലും വിഷം കലരുന്നു, പല ബന്ധങ്ങളും ബന്ധനങ്ങളായി മാറുന്നു. ഇത്തരം വിഷലിപ്തമായ ബന്ധങ്ങളില്‍ പലപ്പോഴും ഇരകളാക്കുന്നത് സ്ത്രീകള്‍ ആയിരിക്കും. സഹനശക്തിയോര്‍ത്തോ ബന്ധുക്കളെയോ മക്കളെയോ അല്ലെങ്കില്‍ സ്‌നേഹിക്കുന്ന വ്യക്തിയുടെ സ്വഭാവം ഇന്നല്ലെങ്കില്‍ നാളെ മാറുമെന്നും എല്ലാ ശരിയാവുമെന്ന പ്രതീക്ഷയിലും ടോക്‌സിക് ബന്ധങ്ങളെ സഹിച്ച് കഴിയുന്നവര്‍ ഒട്ടേറെയുണ്ട് നമുക്ക് ചുറ്റും.

 

...............................

അടുപ്പങ്ങള്‍  വേദനിപ്പിക്കുന്നുവോ, പരിഹാരമുണ്ട്!
...............................

 

പ്രണയത്തിന്റെ ആദ്യ നാളുകളില്‍ പങ്കാളിയുടെ കാല്‍ കല്ലില്‍ തട്ടിയാല്‍, അവളുടെ കണ്ണൊന്നുനിറഞ്ഞാല്‍ നെഞ്ചുപിടയുന്നവര്‍ പിന്നീട് അവളെ ആ ബന്ധത്തില്‍ തളച്ചിടാനും, തങ്ങളുടെ ഇഷ്ടാനുസരണം ചലിക്കുന്ന പാവകളായും ഉപയോഗിക്കുന്നു.

സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ലേ?

നിങ്ങളുടെ നേട്ടങ്ങളില്‍ സ്വയം നിരാശയാണോ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്?

നിങ്ങളുടെ അഭിരുചി എന്താണോ അതിനായി സമയം ചിലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? 

മറ്റുള്ളവര്‍ക്ക് വേണ്ടി എപ്പോഴും അഡ്ജസ്റ്റ് ചെയ്യാന്‍ മാത്രം ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതൊന്നും നിങ്ങളുടെ ജീവിതത്തില്‍ ഇല്ലാതെയാകുകയാണോ?

നിങ്ങളുടെ ജീവിതത്തിലെ തീരുമാനങ്ങള്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണോ? 

ഈ ചോദ്യങ്ങള്‍ നിങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കേണ്ടതാണ്.

ഒരു ബന്ധത്തില്‍ നിങ്ങളുടെ പഠനം, ജോലി, ജീവിതം, മറ്റുത്തരവാദിത്വങ്ങള്‍ എന്നിവ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരു ടോക്‌സിക് റിലേഷന്‍ഷിപ്പിലാണ്.

നിങ്ങള്‍ ഇപ്പോഴുള്ള പ്രണയ ബന്ധത്തിലോ അല്ലെങ്കില്‍ ദാമ്പത്യ ബന്ധത്തിലോ മടുപ്പും തളര്‍ച്ചയും അനുഭവപ്പെടുന്നൂവെങ്കില്‍ സന്തോഷം അനുഭവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരം ബന്ധങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

 

..............................

ടോക്സിക് റിലേഷൻഷിപ്പ്; അറിയാം ചില കാര്യങ്ങൾ
..............................

 

പ്രണയം ജീവിതത്തിലെ മനോഹരമായൊരു അനുഭൂതിയാണ്. എന്നാല്‍ അത് ജീവിതം തകര്‍ക്കുന്ന ഒന്നായാലോ. ചില കാര്യങ്ങള്‍ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നത് പന്തിയല്ല എന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ ഇവിടെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇത്തരം വിഷലിപ്തമായ ബന്ധങ്ങളുടെ വീഡിയോകള്‍ക്കും പ്രേക്ഷക പിന്തുണ ലഭിക്കുന്നുവെന്നത് മറ്റൊരു വിരോധാഭാസം.

പങ്കാളിയുടെ ജീവിതത്തില്‍ അകാരണമായി ഇടപ്പെട്ടും, അവളെ എല്ലാറ്റിനും സംശയിച്ചും മറ്റുള്ളവരുമായുള്ള സുഹൃത്ത് ബന്ധങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തിയും, പങ്കാളിയുടെ തീരുമാനങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒരു വിലയും കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നതില്‍ എവിടെയാണ് നിങ്ങള്‍ക്ക് പ്രണയം കാണാന്‍ കഴിയുന്നത്?

'അവന്‍ എന്നെ എന്തൊക്കെ ചെയ്താലും ഞാന്‍ അവനെ ഉപേക്ഷിക്കില്ല. കാരണം അവനെ എനിക്കും , എനിക്ക് അവനെയും അത്രത്തോളം ഇഷ്ടമാണ് ' എന്ന് പറയുന്ന പെണ്‍കുട്ടികളും കുറവല്ല.

ഒരാള്‍ നിങ്ങളുടെ കൊള്ളരുതായ്മ എത്രത്തോളം സഹിക്കുന്നൂവെന്ന് നോക്കിയാണോ നിങ്ങളോടുള്ള സ്‌നേഹം അളക്കുന്നത്? അതുപോലെ നിങ്ങള്‍ ദേഷ്യപ്പെടുമ്പോള്‍ മിണ്ടാതെ നില്‍ക്കുകയും തല്ലുമ്പോള്‍ ഒരു പരാതിയുമില്ലാതെ അത് ഏറ്റുവാങ്ങുകയും പിന്നീട് തന്റെ ന്യായീകരണം അതേപോലെ അംഗീകരിക്കുന്ന കാമുകിമാര്‍ക്കാണ് തന്നോട് കൂടുതല്‍ സ്‌നേഹം എന്ന ധാരണ പലര്‍ക്കും കൂടുതലാണ്.

എന്തിനാണ് ഇതെല്ലാം സഹിച്ച് നിങ്ങള്‍ ആ ബന്ധത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത്. എല്ലാം ക്ഷമിച്ചും സഹിച്ചും ജീവിക്കുന്നതിലാണ് പ്രണയം ഉള്ളതെന്ന് നിങ്ങളോടാരാണ് പറഞ്ഞത്?

 'അവന്‍ എനിക്കുവേണ്ടി എന്തും ചെയ്യും', 'അവന്‍ അതൊക്കെ ചെയ്തത് എന്നോടുള്ള സ്‌നേഹം കൊണ്ടാണ്' എന്നിങ്ങനെയുള്ള പല വാക്കുകളും സ്‌നേഹത്തിന്റെ തീവ്രത തെളിയിക്കുന്ന വാക്കുകളായാണ് പലരും കാണുന്നത്.

സ്വയം മുറിവേല്‍പ്പിക്കുന്നതും, ആത്മഹത്യ ചെയ്യുന്നതും, വിഷമം മൂലം മദ്യപിക്കുന്നതും എന്നുമുതലാണ് സ്‌നേഹമളക്കുന്ന അളവുകോലുകളായത് ?

ബന്ധങ്ങളില്‍ എന്തെങ്കിലും വഴക്കുകള്‍ ഉണ്ടായാലോ പിരിയേണ്ടിവന്നാലോ സ്വയം മുറിവേല്‍പ്പിക്കുന്നതും വെള്ളമടിക്കുന്നതും ആത്മഹത്യ ചെയ്യുന്നതും എനിക്കവളെ/അവനെ തന്റെ ജീവനേക്കാളും സ്‌നേഹമാണെന്നും പറയുന്നതില്‍ എന്ത് ലോജിക്കാണുള്ളത്. പല കാരണങ്ങളാളും ഒത്തുതീര്‍പ്പാക്കേണ്ടി വരുന്ന വഴക്കുകളും ഇഷ്ടാനിഷ്ടങ്ങളും ഒരു ബന്ധത്തിന്റെ ആഴം കുറക്കുകയേ ഉള്ളൂ എന്ന് ഇപ്പോഴും പലരും മനസ്സിലാക്കുന്നില്ല. വിവാഹ ബന്ധങ്ങളിലും ഏറെക്കുറെ ഇതൊക്കെത്തന്നെയാണ് കാണാന്‍ സാധിക്കുന്നത്. 

കുടുംബം മുന്നോട്ടുകൊണ്ടുപോകാനായി ത്യാഗങ്ങള്‍ സഹിച്ച കഥകള്‍ എല്ലാവര്‍ക്കും പറയാനുണ്ടാകും. 'മോളെ നീ അങ്ങു ക്ഷമിക്ക്, സഹിക്ക്, ഞങ്ങളും ഇതിനപ്പുറം സഹിച്ചവരാ എന്നു പറഞ്ഞു കേട്ടു വളരുമ്പോള്‍ അതിനപ്പുറം ഒന്നും ചിന്തിക്കാന്‍ കഴിയാതെ വളരുന്നവരായിട്ടിക്കാം പലരും. പലരുടെയും കണ്ണില്‍ സഹനം സ്‌നേഹത്തിന്റെ അടിത്തറയാണ് (പുരാണങ്ങള്‍ തന്നെ മികച്ചൊരു ഉദാഹരണം ). എന്നാല്‍ ഇങ്ങനെ നിങ്ങള്‍ കെട്ടിപ്പടുക്കുന്ന ബന്ധത്തില്‍ എപ്പോഴെങ്കിലും നിങ്ങള്‍ക്ക് സമാധാനമായി ജീവിക്കാന്‍ കഴിയാറുണ്ടോ?

ബന്ധങ്ങള്‍ നമ്മുടെ ശരീരത്തെ പോലെയാണ്. അവ ആരോഗ്യകരമായി ഇരുന്നാല്‍ നമുക്ക് സന്തോഷവും ആനന്ദവും സംതൃപ്തിയുമൊക്കെ തോന്നും. മറിച്ച് അവ അനാരോഗ്യകരവും വിഷലിപ്തവുമാകുമ്പോള്‍ നാം നിരാശയുടെയും സങ്കടത്തിന്റെയും ഒറ്റപ്പെടലിന്റെയുമൊക്കെ കരകാണാക്കയത്തിലേക്ക് വീണു പോവുകയും ചെയ്യും.

അതുകൊണ്ടുതന്നെ ഓരോ ബന്ധങ്ങളും നാം വളരെ സൂക്ഷിച്ച് തിരഞ്ഞെടുക്കേണ്ട ഒന്നാണ്. ജീവിതം ഒന്നല്ലേ ഉള്ളൂ. കരുതല്‍ വേറെ. നിയന്ത്രണം വേറെ. ഇത് തിരിച്ചറിഞ്ഞ് അമിതമായി നിയന്ത്രിക്കുന്ന ബന്ധങ്ങളില്‍ നിന്ന് വേഗം പുറത്ത് കടക്കുക.


 

Follow Us:
Download App:
  • android
  • ios