എനിക്കും ചിലത് പറയാനുണ്ട്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുമ്പോള്‍ നിയമം നോക്കുകുത്തിയാകുന്നത് എന്ത് കൊണ്ട്? ഡോ. റൂബി ക്രിസ്റ്റിന്‍ എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

വല്യപ്പച്ചന്റെ വീട്ടില്‍ അവധി ആഘോഷിക്കാന്‍ പോയ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ആദ്യം പറയുന്നത്. കഥയല്ല, ശരിക്കും നടന്നതാണ്. അവള്‍ക്കന്ന് എട്ട് വയസ്സായിരുന്നു. വല്യപ്പച്ചന്റെ വാത്സല്യം തന്റെ അരക്കു കീഴ്‌പോട്ടു കടന്നപ്പോള്‍ വിറങ്ങലിച്ചു പോയവളായിരുന്നു അവള്‍.
വീട്ടില്‍ എത്തി അത് അമ്മയോട് പറയുമ്പോള്‍ 'ഇതാരോടും പറയരുത്' എന്ന മുന്നറിയിപ്പില്‍ 'സംഭവിച്ചത് അരുതായ്മയാണ്' എന്ന് മനസിലാക്കിയവള്‍. വേദനയോടെ അവളുടെ അമ്മ തന്നെ ഇക്കാര്യം ആ കുടുംബത്തിലെ മുതിര്‍ന്നവരോട് പങ്കു വെച്ച് എന്ന് മനസിലാക്കിയത് ഇരുപതാം വയസില്‍ കുടുംബത്തിലെ ഒരു അമ്മായി തന്നെ അവളോട്, 'എട്ടാം വയസില്‍ ഇത് എങ്ങനെ മനസിലായി?- അനുഭവിച്ചത് തോന്നല്‍ ആകാമല്ലോ?' എന്നു ചോദ്യം ചെയ്തപ്പോഴായിരുന്നു. അന്ന് ആ വിധം പഴയ എട്ടു വയസുകാരിയുടെ സ്വഭാവ ശുദ്ധി അളന്നപ്പോളാണ് കുടുംബത്തിലെ പലര്‍ക്കും ഈ 'നാണക്കേട്' അറിയാമെന്നു അവള്‍ മനസിലാക്കിയത്..

ആ അതിക്രമത്തെ ആരും ചോദ്യം ചെയ്തില്ല. പകരം ആ കുടുംബത്തില്‍ ചോദ്യ ചിഹ്നമായത് ആ എട്ടു വയസുകാരി ആണെന്ന് അറിഞ്ഞതിനു ശേഷം അതിഭയങ്കരമായ മാനസിക സംഘര്‍ഷത്തിലൂടെ അവള്‍ കടന്നു പോയി. ഇന്നും അത് മാറിയിട്ടില്ല. 'എനിക്ക് കുടുംബ ആഘോഷങ്ങളില്‍ ഒന്നും പോകാന്‍ തോന്നുന്നില്ല ചേച്ചി, എല്ലാവരും എന്നെ നോക്കുന്നത് എങ്ങനെയാണു എന്ന് ഓര്‍ക്കാന്‍ പേടി ആണ് , അന്ന് ചത്ത് പോയാല്‍ മതിയാരുന്നു'-എന്നാണ് അവള്‍ ഇക്കാര്യം പറയുമ്പോള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചത്. 

സമൂഹത്തിന്റെ പ്രതിബിംബം എന്ന് നമ്മള്‍ കരുതുന്ന ഒരു കുടുംബത്തില്‍ നടന്ന സംഭവം ആണ് മുകളില്‍ എഴുതിയത്. 


രണ്ട്

ബിഹാറിലെ ഒരു ഉള്‍ഗ്രാമത്തില്‍ വിവാഹം കഴിച്ചു പോയവള്‍ സ്വന്തം വീട്ടില്‍ എത്തിയത് കടിഞ്ഞൂല്‍ പ്രസവത്തിനാണ്. പ്രസവിച്ചു കിടന്ന അവളില്‍ കാമം തീര്‍ത്തത് സ്വന്തം ബന്ധു. ഇത് പുറത്തറിഞ്ഞ് അവളുടെ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു. ഗ്രാമം അവളുടെ അശുദ്ധി കണക്കാക്കി അവളെ ഊരു വിലക്കി. സാമൂഹിക ഭ്രഷ്ട് നേരിട്ടു മരണത്തിന്റെ വക്കിലെത്തിയ അവളെ രക്ഷിച്ചത് ഒരു സന്നദ്ധ സംഘടന.അവരുടെ സഹായത്തോടെ താനനുഭവിക്കേണ്ടിവന്ന പീഡനത്തിന് എതിരെ അവള്‍ പോലീസില്‍ പരാതി നല്‍കി.

അവളുടെ അമ്മയുടെ വാക്കുകള്‍: ''അവള്‍ക്കു കേള്‍വിയും സംസാര ശേഷിയും ഇല്ലാത്തതു നന്നായി, ഇല്ലെങ്കില്‍ ചുറ്റുമുള്ള വേദനിപ്പിക്കുന്ന സംസാരം കേട്ടു അവള്‍ മരിച്ചു പോയേനെ'

മൂന്ന്

നാല്‍പതു ദിവസത്തിനിടെ 42 പുരുഷന്മാരില്‍ ലൈംഗിക ആക്രമണത്തിന് ഇരയാക്കപ്പെട്ടു തിരിച്ചു എത്തിയപ്പോള്‍ മുതല്‍ അവളുടെ പേര് സൂര്യനെല്ലി പെണ്‍കുട്ടി എന്നാണ്. പീഡനങ്ങള്‍ക്കു ശേഷം വീട്ടിലെത്തിയ നേരത്ത് അവള്‍ക്കു വേദനകാരണം ഇരിക്കുവാനോ നില്‍ക്കാനോ പോലും ആകുമായിരുന്നില്ല. ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടിട്ടും നമ്മുടെ നിയമവ്യവസ്ഥയുടെ അപാകത കാരണം വര്‍ഷങ്ങളായി കോടതി മുറിയില്‍ ചോദ്യചിഹ്നമായി നില്‍ക്കേണ്ടി വന്നു അവള്‍ക്ക്. 

അവളുടെ അച്ഛന്‍ പറയുന്നു: 'ആരും ഞങ്ങളെ അംഗീകരിക്കുന്നില്ല; മാറ്റി നിര്‍ത്തുന്നു, കണ്ടാല്‍ പോലും മിണ്ടില്ല, പുറത്തു പോലും പോകാന്‍ സാധിക്കില്ല, ഇതിനോടകം പലവട്ടം വീടുകള്‍ മാറി' 

നാല്

ഒരു മനുഷ്യ ശരീരത്തിന് താങ്ങാവുന്നതിലുമേറെ ശാരീരിക മാനസിക പീഡകള്‍ ഏറ്റുവാങ്ങിയിട്ടും പിന്നീടും സമൂഹത്തിന്റെ വേട്ടയാടലുകള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന പെണ്‍കുട്ടികളുടെ ജീവിതങ്ങളാണ് മുകളില്‍ എഴുതിയത്. ഇവരുടെ ആരുടെയും പേരു വിവരങ്ങള്‍ പുറത്തു വന്നിരുന്നില്ല. എന്നിട്ടു പോലും സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റ് എന്ന് കരുതപ്പെടുന്ന കുടുംബങ്ങളിലടക്കം അവര്‍ അകറ്റിനിര്‍ത്തപ്പെട്ടു. എല്ലാം കഴിഞ്ഞിട്ടും ഒരു തെറ്റും ചെയ്യാത്ത ഈ മനുഷ്യര്‍ പീഡനങ്ങളുടെ തുടര്‍പരമ്പരകളില്‍ ചെന്നു നില്‍ക്കേണ്ടി വന്നു.

പേരും വിവരവും പ്രസിദ്ധപ്പെടാതെ തന്നെ ഈ വ്യക്തികള്‍ അനുഭവിച്ച 'തൊട്ടുകൂടായ്മ' ഒന്നാലോചിച്ചാല്‍ മതി ഇരയാക്കപ്പെടുന്ന സ്ത്രീയുടെ പേരും വിവരവും മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അവര്‍ എന്തായിരിക്കും അഭിമുഖീകരിക്കേണ്ടി വരുന്നത് എന്ന് മനസ്സിലാവാന്‍. അവളുടെ പേര് പറയാന്‍ വിജയ് ബാബുമാര്‍ക്ക് ധൈര്യം ഉണ്ടാവുന്നത് എങ്ങനെയെന്നും ഈ വഴിക്ക് ആലോചിച്ചാല്‍ മനസ്സിലാവും. 'ഞാന്‍ നാണം കേട്ടാല്‍ അവളും നാണം കെടണം' എന്ന ബോധ്യത്തോടെ ഒരാള്‍ക്ക് സമൂഹത്തിനു മുന്നില്‍ ഒരു അതിജീവിതയുടെ പേര് വെളിപ്പെടുത്താനാവുന്നു എന്നത് എത്ര അപകടമാണ് എന്ന് കേള്‍വിക്കാര്‍ എങ്കിലും മനസിലാക്കണം.

ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുതന്നെയാണ് Nipun Saxena vs Union of India - 2018 കേസില്‍ ജസ്റ്റിസ് മദന്‍ ലോകുര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. 'ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയരാകുന്ന വ്യക്തികള്‍ക്ക് സാമൂഹിക പാര്‍ശ്വവത്കരണവും മറ്റു അതിക്രമങ്ങളും നേരിടേണ്ട സാഹചര്യം ഇല്ലാതിരിക്കാനായി അവരുടെ പേര് വിവരങ്ങള്‍ പുറത്തു വിടാന്‍ പാടുള്ളതല്ല'

എന്നിട്ടും എന്തു കൊണ്ടാണ് സുപ്രീം കോടതി വിധി ലംഘിച്ച് വിജയ് ബാബുമാര്‍ക്ക് അങ്ങേയറ്റം ദാര്‍ഷ്ട്യത്തോടെ ലൈംഗീക അതിക്രമങ്ങളില്‍ പരാതിപ്പെടുന്ന മനുഷ്യര്‍ക്കെതിരെ 'നിന്നെ ഞാന്‍ അപമാനിച്ചും അവഹേളിച്ചും തകര്‍ക്കും' എന്ന് ആക്രോശിക്കാനുള്ള ധൈര്യം കൈവരുന്നു എന്ന് ചിന്തിച്ചാല്‍ അടുത്ത കാലത്തു നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് വന്ന മൂല്യച്യുതി തന്നെ അവര്‍ക്കു പ്രചോദനം എന്ന് മനസ്സിലാവും. 

നടി ആക്രമിക്കപ്പെട്ട കേസില്‍ നമുക്ക് മുന്നില്‍ നടന്നത് എന്തൊക്കെയാണ് എന്ന് ഒന്നാലോചിച്ചുനോക്കൂ. അടുത്തയിടെ കാണുന്ന നടുക്കുന്ന വെളിപ്പെടുത്തലുകളുടെയൊക്കെ അര്‍ത്ഥം എന്താണ്. എന്ന് വിശകലനം ചെയ്തുനോക്കൂ. ഈ സംസ്ഥാനവും ഇവിടത്തെ രാഷ്ടീയ നേതൃത്വങ്ങളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ഇവിടത്തെ ഭൂരിപക്ഷം മനുഷ്യരും ഒറ്റക്കെട്ടായി അതിജീവിതയ്ക്ക് ഒപ്പം നിന്നിട്ടും പ്രതികള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നതാണ് നാം കാണുന്നത്. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കാനും അന്തിമഘട്ടത്തില്‍ പ്രതികള്‍ക്ക് സഹായകരമാവുന്ന വിധം കാര്യങ്ങള്‍ മാറ്റിമറിക്കാനുമായി എന്തൊക്കെ ഇടപെടലുകളാണ് ചുറ്റും നടക്കുന്നത്! സാക്ഷികളെയും നിയമ പാലകരെയും എന്തിനേറെ നീതിവ്യവസ്ഥിതിയെ തന്നെ അമ്മാനമാടാന്‍ കാശും അധികാരവും സ്വാധീനവും ക്രിമിനല്‍ അഭിഭാഷക സംഘങ്ങളും ഉണ്ടങ്കില്‍ ആര്‍ക്കും കഴിയും എന്ന നിലയ്ക്ക് തന്നെയാണ് ആ കേസ് മുന്നോട്ടു പോവുന്നത് എന്നു വേണം കരുതാന്‍. 

ഇത് തന്നെയാണ് കുറ്റവാളികള്‍ക്ക് പ്രചോദനമാവുന്നത്. ഇത്രയുമേ ഉള്ളു നമ്മുടെ നിയമ സംവിധാനം എന്ന സന്ദേശമാണ് കുറ്റവാളികള്‍ക്ക് ഈ സാഹചര്യം നല്‍കുന്നത്. ഇതൊക്കെ തന്നെയാണ്, വിജയ് ബാബുമാര്‍ക്ക് ധൈര്യം നല്‍കുന്നത്. അതിജീവിതമാര്‍ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്നതും.