Asianet News MalayalamAsianet News Malayalam

മുതിര്‍ന്ന പെണ്‍മക്കളെ ഒന്നുമ്മവെച്ചാല്‍, ഒന്ന് കെട്ടിപ്പിടിച്ചാല്‍ ആകാശം പൊട്ടിവീഴുമോ?

അച്ഛന്‍മാരേ, പരമ്പരാഗതമായ കാഴ്ചപ്പാടുകളും തെറ്റിദ്ധാരണകളും മാറ്റി വെച്ച്, മാറ്റി നിര്‍ത്തപ്പെട്ട പെണ്‍മക്കളുണ്ടെങ്കില്‍ ആഞ്ഞൊന്നു പുല്‍കിയേക്കു.  അവരുടെയും നിങ്ങളുടെയും പ്രായമൊന്നും നോക്കണ്ട-ഷിന്‍സി സ്‌റ്റെനി എഴുതുന്നു
 

speak up  opinion on patriarchal norms in Kerala family system
Author
Thiruvananthapuram, First Published Jul 8, 2022, 4:36 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

speak up  opinion on patriarchal norms in Kerala family system

 

എന്റെ കൂടെ തുള്ളിക്കളിച്ച് നടക്കുന്നതിനിടയില്‍ ഉറക്കം വരുന്നുന്ന് പറഞ്ഞ് മുങ്ങിയ പിപ്പൂനെ (ആങ്ങളയുടെ മകള്‍) തപ്പി ചെന്നപ്പോള്‍ അവള് അവളുടെ അപ്പയുടെ മുകളില്‍ കിടന്നുറങ്ങുകയാണ്. ഒരു പല്ലിക്കുഞ്ഞ് ഇരിക്കുന്നപോലെ അപ്പയുടെ പുറത്തു കിടക്കുന്ന പിപ്പൂനെ കണ്ടപ്പോള്‍ ചിരിവന്നു. എഴുന്നേല്‍ക്കുമ്പോള്‍ കാണിക്കാന്‍, രണ്ട് ഫോട്ടോയുമെടുത്ത് പുറത്തേയ്ക്ക് ഇറങ്ങി പോന്നപ്പോള്‍, ഞാനും ഇങ്ങനെ എത്ര വര്‍ഷം ചാച്ചന്റെ നെഞ്ചില്‍ കിടന്നുറങ്ങിയതാണെന്നോര്‍ത്തു. ചാച്ചന്‍ ചെരിഞ്ഞും മറിഞ്ഞും കിടന്നാലും ഞാനിത് പോലെ പുറത്തു കാണുമായിരുന്നു. അവിടെ കിടന്നാലെ എനിക്ക് ഉറക്കം വരൂ.  ചാച്ചന്‍ മാറ്റി കിടത്താറുമില്ലായിരുന്നു. എത്ര വയ്യെങ്കിലും ക്ഷീണിച്ചുറങ്ങുകയാണെങ്കിലും ഒരു പരാതിയും പറയാതെ ചേര്‍ത്ത് പിടിച്ചുറക്കിയിട്ടെയുള്ളു.

പക്ഷെ, ഞാന്‍  മൂന്നാം ക്ലാസിലൊക്കെ എത്തിയപ്പോള്‍ മുതല്‍, ഇനി സ്തുതി കൈ ചേര്‍ത്ത് തന്നാല്‍ മതി എന്ന് പറഞ്ഞ്, പ്രാര്‍ത്ഥനയ്ക്ക് ശേഷമുള്ള 'ചാച്ചനുമ്മ' നിര്‍ത്തിയ പോലെ ചാച്ചന്റെടുത്തേയ്ക്കുള്ള എന്റെ ശാരീരിക അകലം ചാച്ചന്‍ തന്നെ കൂട്ടി കൊണ്ടുവന്നു. നീ പെണ്‍കുട്ടിയാണെന്നും, പുരുഷന്‍മാരില്‍ നിന്ന് അകലം പാലിക്കണമെന്നുമുള്ള നമ്മുടെ സമൂഹത്തില്‍ നിന്ന് ചാച്ചന് കിട്ടിയ അറിവ് എന്നെ പഠിപ്പിച്ച് തുടങ്ങിയതാണെന്ന് ഇന്ന് എനിക്കറിയാം. പിന്നീട് അടുത്തിരിക്കാനോ കൈയില്‍ പോലും തൊടാനോ പാടില്ല എന്ന അത്ര വലിയ അകലം സൃഷ്ടിക്കപ്പെട്ടു കൊണ്ടേയിരുന്നു. മറ്റെല്ലാ പുരുഷന്‍മാരെപ്പോലെയുമുള്ള വെറുമൊരു പുരുഷനല്ല എനിക്ക് അപ്പനെന്ന് മനസ്സ് വിളിച്ച് പറയുന്നുണ്ടെങ്കിലും, അത് പുറമെ വിളിച്ച് പറയാന്‍ മാത്രം ധൈര്യവും ബോധവും അകല്‍ച്ചയുടെ കാലഘട്ടത്തില്‍ എനിക്കുമില്ലായിരുന്നു. ചാച്ചന്റെ മാത്രം കാഴ്ചപ്പാടിന്റെ തെറ്റല്ല, അന്നത്തെ സമൂഹത്തിന്റെ രീതി അതായിരുന്നെന്നറിയാമെങ്കിലും ഇന്നും ആ വേര്‍പെടുത്തലിന്റെ വേദന മാറാതെയുണ്ട്. എത്ര പറഞ്ഞാലും, എന്നെ തന്നെ എനിക്ക് സമാധാനിപ്പിക്കാന്‍ പറ്റാത്ത പോലെ ചിലപ്പോഴൊക്കെ അത് ഇന്നും നോവിച്ചുകൊണ്ടേയിരിക്കുന്നു.

മോളുടെ കിടപ്പ് കണ്ടപ്പോള്‍ എനിക്ക് ചാച്ചനെ പോയി കെട്ടിപ്പിടിക്കാനാണ് തോന്നിയത്. പനിയുള്ള ചാച്ചനെ, തൊട്ടു നോക്കി ചൂടുണ്ടോന്നറിയാന്‍ പിപ്പൂനെ പറഞ്ഞു വിടുമ്പോഴും , ഒടുവില്‍ സമാധാനം കിട്ടാതെ ഉറങ്ങിക്കിടക്കുന്ന ചാച്ചനെ ഞാനുമൊന്ന് തൊട്ടു നോക്കിയപ്പോള്‍ ഒരു പാട് വര്‍ഷങ്ങള്‍ക്ക് ശേഷം ചാച്ചനെ തൊട്ടപ്പോഴുള്ളൊരു ഫീലിങ്ങ് അതാര്‍ക്കും മനസ്സിലാകാന്‍ സാധ്യതയില്ല. പ്രത്യേകിച്ച്  ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. അവരറിഞ്ഞിട്ടുണ്ടാകില്ല ഈ നിര്‍ബന്ധിത അകറ്റി നിര്‍ത്തലിന്റെ വേദന. അവരില്‍ ഭൂരിഭാഗത്തിനും അച്ഛന്‍ ഇന്ന് സുഹൃത്തു തന്നെയാണല്ലോ ...

തിരികെപ്പോരുമ്പോള്‍, ചാച്ചനെയൊന്ന് കെട്ടിപ്പിടിച്ച് യാത്ര പറയാന്‍ കൊതിയായി, അതിന് പറ്റില്ലല്ലോ, ചാച്ചനത് ഇഷ്ടമല്ലല്ലോ എന്ന് സ്റ്റെനിയോട് (ഭര്‍ത്താവ്) വന്ന് പറഞ്ഞു ഞാന്‍. മകള്‍ക്ക് അപ്പനോടുള്ള സ്‌നേഹത്തെ ഒരു മകന് എത്രകണ്ട് മനസ്സിലാക്കാന്‍ സാധിച്ചു എന്നറിയില്ല. അല്ലേലും ആണ്‍മക്കള്‍ക്ക് ഒരിക്കലും അപ്പനും അമ്മയും ദൂരേയ്ക്ക് മാറി നില്‍ക്കുന്നവരല്ലല്ലോ. അവരധികം അടുത്തേയ്ക്ക് പോകാനിഷ്ടപ്പെടാത്തവരാണെന്നുള്ളത് വേറൊരു കാര്യം.

അച്ഛന്‍മാരേ, പരമ്പരാഗതമായ കാഴ്ചപ്പാടുകളും തെറ്റിദ്ധാരണകളും മാറ്റി വെച്ച്, മാറ്റി നിര്‍ത്തപ്പെട്ട പെണ്‍മക്കളുണ്ടെങ്കില്‍ ആഞ്ഞൊന്നു പുല്‍കിയേക്കു.  അവരുടെയും നിങ്ങളുടെയും പ്രായമൊന്നും നോക്കണ്ട, കൊച്ചുമക്കളെയും മരുമക്കളെയും ശ്രദ്ധിക്കണ്ട. നിങ്ങളെന്ന അപ്പനും അവളെന്ന മകളും മാത്രം.

ഞങ്ങള്‍ പെണ്‍മക്കള്‍ക്ക് ഇത്രയേറെ അവകാശമുള്ള, സ്‌നേഹമുള്ള, സാന്ത്വനമുള്ള ഒരു പുല്‍കലും വേറെ കിട്ടാനില്ല.

എത്ര പ്രായമായാലും, ഞങ്ങള്‍ നിങ്ങള്‍ക്ക് മകളും, നിങ്ങള്‍ അച്ഛനുമാണ്. ഞങ്ങള്‍ നീങ്ങണമെന്ന്  നിങ്ങളാഗ്രഹിക്കുന്ന വഴികള്‍ തെറ്റാതിരിക്കണമെങ്കില്‍ നിങ്ങളുടെ സ്‌നേഹമാകണം അതിന്റെ വഴികാട്ടി. ഇത്രയ്ക്കും മാറ്റി നിര്‍ത്തിയിട്ടും, ഞങ്ങള്‍ക്ക് തെറ്റാതെ പോയ വഴികളെല്ലാംനിങ്ങളോടുള്ള ഞങ്ങളുടെ പരിധികളില്ലാത്ത സ്‌നേഹത്തെ പ്രതിയുമായിരുന്നു. മാറ്റി നിര്‍ത്തിയുള്ള നിര്‍ദ്ദേശങ്ങളല്ല ഞങ്ങള്‍ക്ക് വേണ്ടത്. നിങ്ങളൊന്ന് കെട്ടിപ്പിടിക്കുമ്പോഴും ഉമ്മ വെക്കുമ്പോഴും ആ സ്‌നേഹത്തില്‍, നല്ല സ്പര്‍ശനങ്ങളെ ഞങ്ങള്‍ പഠിച്ച് തുടങ്ങുകയാണ്. തെറ്റായ സ്പര്‍ശനങ്ങളെ വേര്‍തിരിച്ചറിയാനുള്ള അടിസ്ഥാനമാണ് നിങ്ങളുടെ സ്‌നേഹ ചുംബനങ്ങള്‍.

പോയ കാലമൊന്നും തിരികെ പിടിക്കാന്‍ ആവില്ല. ഇനിയുള്ളതെങ്കിലും ചേര്‍ന്നു നില്‍ക്കുന്നതും ചേര്‍ത്ത് നിര്‍ത്തുന്നതുമാകണമെന്ന് ഞാന്‍ കൊതിക്കുകയാണ്.

അകലുന്നത് അടുക്കുമ്പോള്‍ നമുക്ക് സാധാരണ തോന്നാറുള്ള, പ്രഹസനം, കാട്ടിക്കൂട്ടല്‍, നാടകീയത അതൊക്കെ ഒരു പ്രായം കഴിയുമ്പോള്‍ മറികടക്കല്‍ നമുക്കൊരു വെല്ലുവിളിയാണ്. എങ്കിലും നമുക്കൊന്നു ശ്രമിക്കാനാവില്ലേ. 

Follow Us:
Download App:
  • android
  • ios