പത്തനംതിട്ട കോയിപ്രത്ത് ജയേഷ്, രശ്മി ദമ്പതികൾ രണ്ട് യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിൻ അടിക്കുകയും നഖങ്ങൾ പിഴുതെടുക്കുകയും ഉൾപ്പെടെയുള്ള കൊടുംക്രൂരതകൾ നടത്തി. സംഭവത്തിന് പിന്നിലെന്തെന്ന് അന്വേഷിച്ച് പോലീസ്.
ഭാര്യയും ഭർത്താവും ചേർന്ന് രണ്ട് യുവാക്കളെ കെട്ടിത്തൂക്കുക. ജനനേന്ദ്രിയത്തിലടക്കം ശരീരം മുഴുവൻ സ്റ്റേപ്ലർ പിൻ അടിക്കുക. കാൽ വിരലുകൾ മുളളാണി കൊണ്ട് തുളയ്ക്കുക. ഇരുമ്പുദണ്ഡ് കൊണ്ട് ശരീരാമാസകലം അടിക്കുക. പ്ലെയർ ഉപയോഗിച്ച് നഖം പിഴുതെടുക്കുക. പീഡന രംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുക. ഇറ്റുവീഴുന്ന രക്തവും പൊടിയുന്ന വേദനയും കണ്ട് പൊട്ടിച്ചിരിക്കുക. ഇക്കഴിഞ്ഞ തിരുവോണ ദിവസം പത്തനംതിട്ട കോയിപ്രത്തെ ആസ്ബസ്റ്റോസിട്ട ഇരുമുറി വീട്ടിൽ നടന്നതെന്താണ്? ജയേഷ് എന്ന മുപ്പതുകാരനും ഭാര്യ രശ്മിയെന്ന ഇരുപഞ്ചുകാരിയും ചേർന്ന് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന അതിക്രൂരമായ പീഡനം നടത്തിയത് എന്തിനാണ്? കേസ് ഡയറി ബൈ ജോഷി കുര്യൻ.
തെളിവെടുപ്പ്
ഇക്കഴിഞ്ഞ ഞായറാഴ്ച. സെപ്റ്റംബർ 14 ഉച്ചയ്ക്ക് ഒരു മണി. പത്തനംതിട്ട കോയിപ്രത്തെ ആന്താലിമൺ ഗ്രാമം . കത്തിയിറങ്ങുന്ന സൂര്യൻ. റബർ മരങ്ങളുടെ ഇലകളിൽ കാറ്റുപിടിക്കുന്നുണ്ട്. കുന്നിൻ മുകളിലേക്കുളള റോഡിലൂടെ വേഗത്തിൽ നടന്നുവരുന്ന പൊലീസ് സംഘം. ഇടവഴിയിലേക്ക് അടർന്നുവീണ റബർ ഇലകൾ പൊലീസ് ബൂട്ടുകൾക്ക് അടിയിൽ ഞെരിഞ്ഞമർന്നു. ആറൻമുള എസ്എച്ച്ഒ എസ്.ആർ. പ്രവീണും സംഘവും മിനിറ്റുകൾക്കുളളിൽ ആസ്ബസ്റ്റോസിട്ട വീടിനുമുന്നിലെത്തി. അവർക്കൊപ്പം ജയേഷുമുണ്ടായിരുന്നു. പരിസരവാസികൾ നോക്കി നിൽക്കെ യാതൊരു കൂസലുമില്ലാതെ അവരെ നോക്കിച്ചിരിച്ചു, അതിക്രൂരനായ ആ കുറ്റവാളി. ദിവസവും രാവിലെ തങ്ങളോട് ചിരിച്ച് സംസാരിക്കുന്ന കരാട്ടേ ബ്ലാക് ബെൽറ്റായ ജയേഷാണ് ഈ കൊടിയ പീഡനങ്ങൾ നടത്തിയതെന്ന് അവർക്ക് വിശ്വസിക്കാനാകുമായിരുന്നില്ല.
വീടിന് മുന്നിലെത്തിയ എസ്എച്ച്ഒ ജയേഷിനെ അടുത്തേക്ക് വിളിച്ചു. "കൂടുതൽ കളിയൊന്നും വേണ്ട. സത്യം സത്യമായി പറയണം. വളളിപുളളി വിടാതെ എന്താണ് സംഭവിച്ചതെന്ന് ഓർമിച്ചെടുക്കണം." സിഐയുടെ മുഖത്തേക്ക് നോക്കി നിന്ന ജയേഷ് മുഖം കോട്ടിയൊന്ന് ചിരിച്ചു. കുറ്റബോധത്തിന്‍റെ യാതൊരു ലാഞ്ചനയും അയാളുടെ മുഖത്തില്ല. ചാരിക്കിടന്ന വാതിൽ സിഐയും സംഘവും തളളിത്തുറന്നു. കുടുസു മുറി വീടാണ്. എല്ലാം വലിച്ചു വാരിയിട്ടിരിക്കുന്നു. കട്ടിലിനടുത്തായി തറയിൽ രക്തക്കറ പോലെന്തോ ഒന്ന്. മേശപ്പുറത്ത് മുറിയ്ക്കാൻ ഉപയോഗിക്കുന്ന കട്ടിങ് പ്ലെയർ. ആരുടെയോക്കെയോ ഫോൺ നമ്പറുകൾ ഭിത്തിയിൽ എഴുതിയിട്ടുണ്ട്. ഇതിലുളളിലാണ് രക്തം മരവിപ്പിക്കുന്ന കൊടിയ പീഡനങ്ങൾ നടന്നത്. ജയേഷും ഭാര്യ രശ്മിയും ചേർന്ന് വിഷ്ണുവെന്നും രോഹിത്തെന്നും പേരുളള രണ്ട് ചെറുപ്പക്കാരെ ഇഞ്ചിഞ്ചായി പീഡിപ്പിച്ചത്. പൊലീസീനൊപ്പം ഫൊറൻസിക് സംഘവും തെളിവുകൾ ഒന്നൊന്നായി ചുരണ്ടിയെടുത്തു.

(ജയേഷ് പോലീസ് തെളിവെടുപ്പിനിടെ)
കുറ്റകൃത്യം: ഒന്നാം ഭാഗം
പൊലീസിന്‍റെ ഈ തെളിവെടുപ്പിന് 9 ദിവസം മുമ്പാണ്, കൃത്യമായി പറഞ്ഞാൽ ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന്. തിരുവോണ ദിവസം. പത്തനംതിട്ട പെരിനാട് സ്വദേശിയായ വിഷ്ണു കെ ജയൻ വൈകീട്ട് നാല് മണിയോടെയാണ് പുറത്തേക്കിറങ്ങിയത്. ഒരു ഫോൺ കോൾ വന്നത് അപ്പോഴാണ്. സുഹൃത്ത് ജയേഷാണ്. കോയിപ്രത്തെ ആന്താലിമണ്ണിൽ താമസിക്കുന്ന ജയേഷിനെ നാലഞ്ച് കൊല്ലമായി പരിചയമുണ്ട്. വിഷ്ണുവും അടുത്ത ബന്ധുവായ രോഹിത്തും ജയേഷും ഒന്നിച്ച് ഒരു ക്വാറിയിൽ ജോലി ചെയ്തിട്ടുണ്ട്.
"ഓണമല്ലെ എന്താ പരിപാടി?" ജയേഷ് ചോദിച്ചു. "ഫ്രീയാണെങ്കിൽ വാ. നമുക്ക് കാണാം. രശ്മി വീട്ടിലുണ്ട്. നിന്നെ അന്വേഷിച്ചു. കവലയിലേക്ക് വരാം. പെട്ടെന്ന് റെഡിയാക്." വിഷ്ണു മറുപടി പറയും മുമ്പേ ജയേഷ് എല്ലാം ഉറപ്പിച്ചിരുന്നു. അധികം വൈകാതെ ജയേഷ് എത്തി. ഇരുവരും ആന്താലിമണ്ണിലെ ജയേഷിന്‍റെ ഇരുമുറി വീട്ടിലേക്ക് പുറപ്പെട്ടു. അടുത്തയിടെ വിഷ്ണുവിനുണ്ടായ പ്രണയത്തകർച്ചയെ കുറിച്ച് ജയേഷിനും അറിയാം. യാത്രയ്ക്കിടെ അക്കാര്യം സംസാരിച്ചു. പക്ഷേ, അപ്പോഴൊന്നും വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് വിഷ്ണുവിന് യാതൊരൂഹവും ഉണ്ടായിരുന്നില്ല.
വൈകിട്ട് ആറ് മണിയോടെയാണ് ജയേഷും വിഷ്ണുവും ആന്താലിമണ്ണിൽ എത്തിയത്. റബർ തോട്ടത്തിലെ ഇടവഴിയിലൂടെ ജയേഷാണ് മുന്നിൽ നടന്നത്. ചീവിടുകളുടെ ശബ്ദം പാലമരക്കൊമ്പുകളിൽ നിന്ന് ഉയരുന്നു. ഇരുവരും വേഗത്തിൽ നടന്നു. ഇടവഴിയിൽ മറ്റാരുമില്ല. ആറേ കാലോടെ ജയേഷിന്‍റെ വീട്ടിലെത്തി. ഭാര്യ രശ്മിയാണ് വാതിൽ തുറന്നത്. ജയേഷ് കാണാതെയുളള രശ്മിയുടെ പതിവ് ചിരി അന്നുണ്ടായില്ല. വിഷ്ണു അത് പ്രത്യേകം ശ്രദ്ധിച്ചു. അകത്ത് കയറിയ അയാൾ കട്ടിലിൽ ഇരുന്നു. സാധാരണ രശ്മിയാണ് ചായയെടുക്കട്ടെയെന്ന് ചോദിക്കുന്നത്. അതുണ്ടായില്ല. ഒന്നും മിണ്ടാതെ രശ്മി അകത്തേക്ക് പോയി. തനിക്ക് കുറച്ച് വെളളം വേണമെന്ന് വിഷ്ണു പറഞ്ഞു. ഇതിനിടെ വീടിന്‍റെ മുൻ വാതിൽ ജയേഷ് അടച്ചത് വിഷ്ണു ശ്രദ്ധിച്ചില്ല. രശ്മി വരുന്നത് നോക്കി അകത്തെ മുറിയിലേക്ക് വിഷ്ണു കണ്ണ് നട്ടിരുന്നു. ജയേഷ് വിഷ്ണുവിന് അടുത്തെത്തി. പിന്നെ അയാൾ എന്തോ കുപ്പിയെടുത്ത് തുറക്കുന്നത് വിഷ്ണു കണ്ടു. രശ്മി, പെട്ടെന്ന് അകത്തെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു. അവരുടെ കൈയ്യിൽ പഴകിയ കുറച്ചു കോട്ടൺ തുണിയുണ്ടായിരുന്നു.
പെട്ടെന്നായിരുന്നു എല്ലാം. വിഷ്ണുവിന്‍റെ മുഖത്തേക്ക് സ്പ്രേ പോലെ എന്തോ അടിച്ചു. കണ്ണെരിയുന്നു. കണ്ണ് തുറക്കാനാകുന്നില്ല. മുഖത്തും കഴുത്തിലുമെല്ലാം പുകച്ചിൽ. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. ചാടിയെഴുനേൽക്കാൻ നോക്കി. പക്ഷേ, അപ്പോഴേക്കും വിഷ്ണുവിന്‍റെ കൈയ്യും കഴുത്തും ജയേഷ് കൂട്ടിപ്പിടിച്ചു. ബലിഷ്ടമായ ആ കൈയ്യിൽ കിടന്ന് വിഷ്ണു പിടച്ചു. തൊട്ടുപിന്നാലെ വായിലേക്ക് ആരോ തുണി തിരുകുക്കയറ്റി. രശ്മിയുടെ ശബ്ദം ഇടയ്ക്ക് കേട്ടത് പോലെ. ശരീരം തളരുന്നത് പോലെ തോന്നി. അലറി വിളിക്കണം എന്നുണ്ടായിരുന്നു. കഴിയുന്നില്ല. ശബ്ദം പുറത്തേക്ക് വരുന്നില്ല. പ്രതിരോധിക്കാൻ നോക്കി. പറ്റുന്നില്ല. പെട്ടെന്നാണ് പുറത്തൊരടിയേറ്റത്. ഭാരമുളള എന്തോ കൊണ്ട് അടിച്ചതാണ്. പിന്നാലെ കട്ടിലിലേക്ക് മറിഞ്ഞു. പ്രതിരോധിക്കാൻ കഴിയും മുമ്പേ കൈകൾ കൂട്ടിക്കെട്ടി. ഇടയ്ക്ക് കണ്ണൊന്ന് തുറക്കാൻ പറ്റി. ജയേഷും രശ്മിയും തൊട്ടുമുന്നിൽ നിൽക്കുന്നു. അവരാണ് ആക്രമിച്ചത്. പെട്ടെന്ന് സർജിക്കൽ ബ്ലേഡ് പോലെ എന്തോ ഒന്ന് കഴുത്തിൽ അമർന്നു. ശബ്ദമുണ്ടാക്കിയാൽ കൊന്നു കളയുമെന്ന് ജയേഷ് ഭീഷണിപ്പെടുത്തി. ഇതിനിടെ വിഷ്ണുവിന്‍റെ വസ്ത്രങ്ങൾ അവർ അഴിച്ചുമാറ്റി. ആരോഗ്യവാനായ ജയേഷും രശ്മിയും ചേർന്ന് അയാളുടെ കൈകൾ വീണ്ടും കൂട്ടിക്കെട്ടി. പിന്നെ കയർ കൊണ്ട് കെട്ടി മൂകളിലേക്ക് വലിച്ചുയർത്തി. ശരീരം തളർന്നു തുടങ്ങിയിരുന്നു. വിഷ്ണുവിന് ബോധം പോകുന്നത് പോലെ തോന്നി.

(ജയേഷും രശ്മിയും പോലീസ് തെളിവെടുപ്പിനിടെ)
മുഖത്തൊരടിയേറ്റപ്പോഴാണ് അർധബോധാവസ്ഥയിൽ നിന്നുണർന്നത്. എത്ര സമയം അങ്ങനെകിടന്നു കാണുമെന്നറിയില്ല. കണ്ണ് കുറച്ചൊന്നു തുറക്കാൻ പറ്റി. മേൽക്കുരയിലെ ഇരുമ്പുകമ്പിയിൽ കെട്ടിത്തൂക്കിയിട്ടിരിക്കുകയാണ്. വസ്ത്രങ്ങൾ ഉരിഞ്ഞെടുത്തിരിക്കുന്നു. ജയേഷും രശ്മിയും തമ്മിൽ എന്തോ പറയുന്നുണ്ട്. മനസിലാകുന്നില്ല. സ്വപ്നമോ സത്യമോയെന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. പെട്ടെന്നാണ് കാലിൽ അടിയേറ്റത്. പുറത്തും അടി വീണു. അലറി വിളിക്കണമെന്നുണ്ടായിരുന്നില്ല. വായിൽ തുണി തിരുകിയതിനാൽ ശബ്ദം തൊണ്ടയിലൊതുങ്ങി. ജയേഷ് മർദിക്കുന്നത്, രശ്മി മൊബൈൽ ക്യാമറയിൽ പകർത്തുന്നത് വിഷ്ണു കണ്ടു. അധികം കഴിഞ്ഞില്ല. രശ്മി മുന്നിലേക്ക് കയറി നിന്നു. മൊബൈൽ ജയേഷിന് കൈമാറി. മേശ പുറത്ത് നിന്ന് പേപ്പറും മറ്റും തുന്നിക്കെട്ടാൻ ഉപയോഗിക്കുന്ന സ്റ്റേപ്ലർ എടുത്തു. അത് തുറന്ന് ആവശ്യത്തിന് പിന്നുകളുണ്ടെന്ന് ഉറപ്പുവരുത്തി. പിന്നെ വിഷ്ണുവിന് അടുത്തേക്ക് വന്നു. അയാളുടെ ജനനേന്ദ്രിയത്തിലേക്ക് സ്റ്റേപ്ലർ പിൻ കുത്തിയിറക്കി. വേദന സഹിക്കാൻ കഴിയുന്നില്ല. പച്ച മാംസത്തിലേക്ക് സൂചി പോലെ പിൻ കുത്തിയിറക്കി. വിഷ്ണു അലറിക്കരഞ്ഞു. ശബ്ദം പുറത്തേക്ക് വരുന്നില്ല. പ്രതിരോധിക്കാൻ പോലും കഴിയുന്നില്ല. ബോധം വീണ്ടും മറയുന്നത് പോലെ തോന്നി.
വലതുകാൽ വിരലിൽ ഒരു പെരുപ്പ്. നഖത്തിനടിയിലേക്ക് സ്റ്റേപ്ലർ പിൻ കുത്തിയിറക്കുകയാണെന്ന് അർദ്ധ ബോധാവസ്ഥയിൽ വിഷ്ണു തിരിച്ചറിഞ്ഞു. കാലിന്‍റെ പെരുവിരലിലും സ്റ്റേപ്ലർ പിൻ അടിക്കുന്നു. ചോര പൊടിയുന്നുണ്ടെന്നറിയാം. ജയേഷ് മെബൈൽ ക്യാമറയിമായി നിൽക്കുന്നു. അതുകൊണ്ടും തീർന്നില്ല. ശരീരത്തിലെ വിവിധയിിടങ്ങളിലായി സ്റ്റേപ്ലർ പിൻ കുത്തിയിറക്കി. എല്ലാം ചെയ്തത് രശ്മി. പുറത്തേക്ക് ഇറങ്ങിയോടാൻ പറ്റിയിരുന്നെങ്കിലെന്ന് ഓർത്തു. പച്ച മാംസത്തിൽ സ്റ്റേപ്ലർ ഒന്നൊന്നായി കുത്തിയിറങ്ങി. വിഷ്ണു വേദന കൊണ്ടു പിടയുന്നത് കണ്ട് ജയേഷ് പൊട്ടിച്ചിരിച്ചു. ഇതിനിടെ വിഷ്ണുവിന്‍റെ വായിൽ തിരുകിയ തുണി കുറച്ച് പുറത്തേക്ക് ചാടിയതിന് പിന്നാലെ വിഷ്ണുവിന്‍റെ കരിച്ചിൽ മുറിയിലേക്ക് തെറിച്ച് വീണു. അപകടം തിരിച്ചറിഞ്ഞ ജയേഷ് മേശയിലേക്ക് ചാടിക്കയറി. വായും മുഖവും പൊത്തിപ്പിടിച്ചു. ശബ്ദം പുറത്ത് വരാതിരിക്കാൻ തുണി വീണ്ടും വായിൽ തിരുകിക്കയറ്റി. ശരീരം തളർന്നു തുടങ്ങിയിരുന്നു. വിഷ്ണുവിന് വീണ്ടും ബോധം മറയുന്നത് പോലെ തോന്നി.
രാത്രി വൈകിയിരുന്നു. വിഷ്ണു സ്കൂട്ടറിന് നടുവിൽ ഇരിക്കുകയാണ്. ജയേഷാണ് വാഹനം ഓടിക്കുന്നത്. പിന്നിൽ രശ്മി, വിഷ്ണുവിനെ സ്കൂട്ടറിൽ നിന്നും മറിഞ്ഞ് വീഴാതിരിക്കാൻ താങ്ങിപ്പിടിച്ചിട്ടുണ്ട്. വിഷ്ണു പാതിബോധത്തിലായിരുന്നു. ചെറുകോൽ പുതമൺ പാലത്തിന് തൊട്ടടുത്ത് വാഹനം നിർത്തി, രശ്മി വിഷ്ണുവിനെ റോഡരുകിൽ ഇരുത്തി. ജയേഷ് അയാൾക്കടുത്തേക്ക് വന്നു. നിലത്ത് കുനിഞ്ഞിരുന്നു. വിഷ്ണുവിന്‍റെ തല കൈയ്യിലെടുത്ത് അയാളുടെ മുഖത്തിന് നേരെ പിടിച്ചു. വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നായിരുന്നു ജയേഷിന്‍റെ ഭീഷണി. നഗ്ന വീഡിയോ പ്രചരിപ്പിച്ച് ജീവിതം തുലയ്ക്കും.ഇനി ആരെങ്കിലും സംശയം ചോദിച്ചാൽ കാമുകിയുടെ ബന്ധുക്കൾ ഉപദ്രവിച്ചതാണെന്ന് പറയണമെന്നും ജയേഷ് ആവർത്തിച്ചു. ഇതെല്ലാം നോക്കിക്കണ്ട് യാതൊരു ഭാവഭേദവുമില്ലാതെ രശ്മി മാറി നിന്നു. അധികം വൈകാതെ ഇരുവരും സ്ഥലം വിട്ടു. പിന്നീട് അതുവഴി പോയ ഓട്ടോ ഡ്രൈവർമാരാണ് വിഷ്ണുവിനെ ആശുപത്രിയിലാക്കിയത്. അവിടെ നിന്ന് അറിയിച്ചതനുസരിച്ചാണ് ആറൻമുള പൊലീസ് എത്തിയത്. ആദ്യമൊന്നും അന്വേഷത്തോട് സഹകരിക്കാതിരുന്ന വിഷ്ണു, ഇക്കഴിഞ്ഞ 12-ന് നൽകിയ മൊഴി കേട്ട് പോലീസ് ഉദ്യോഗസ്ഥർ പോലും സ്തംഭിച്ച് നിന്നു.

(ജയേഷും രശ്മിയും)
കുറ്റകൃത്യം: രണ്ടാം ഭാഗം
ഇനിയാണ് സംഭവത്തിന്‍റെ രണ്ടാം ഭാഗം തുടങ്ങുന്നത്. പിന്നാലെ തന്‍റെ അടുത്ത ബന്ധുവും ജയേഷിന്‍റെ സുഹൃത്തുമായിരുന്ന 19 വയസുളള രോഹിത്തും സമാനമായ അനുഭവമുണ്ടായെന്നും വിഷ്ണു പൊലീസിനെ അറിയിച്ചു. ജയേഷും രശ്മിയുമാണ് കൃത്യം നടത്തിയത്. താൻ ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ സംഭവമറിഞ്ഞതെന്നും. സിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ ആറൻമുള പൊലീസ്, ആലപ്പുഴ നീലംപേരൂർ സ്വദേശിയായ രോഹിത്തിനെ തേടിയിറങ്ങി. പോലീസ് വീട്ടിൽ അന്വേഷിച്ചെത്തുമ്പോൾ രോഹിത് കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശരീരമാസകലം മർദനമേറ്റ് മൃതപ്രായനായ ചെറുപ്പക്കാരനെക്കണ്ട് അന്വേഷണ സംഘം തരിച്ചു നിന്നു.
ആശുപത്രി കിടക്കയിലിരുന്നതാണ് രോഹിത് പൊലീസിനോട് തന്‍റെ അനുഭവം പറഞ്ഞത്. ജയേഷും വിഷ്ണവും താനും സുഹൃത്തുക്കളായിരുന്നു. രശ്മിയുമായും സൗഹൃദമുണ്ടായിരുന്നു. ചാറ്റ് ചെയ്തിരുന്നു. ഇടയ്ക്കിടെ വിളിക്കുമായിരുന്നു. ഇക്കഴിഞ്ഞ സെപ്തംമ്പർ ഒന്നിനാണ് കർണാടകയിലെ ജോലി സ്ഥലത്ത് നിന്ന് ഓണം ആഘോഷിക്കാൻ കേരളത്തിലെത്തിയത്. ആലപ്പുഴയിലേക്ക് വരുന്നതിനിടെ രശ്മി വിളിച്ചു. വീട്ടിലേക്ക് വരാൻ പറഞ്ഞു. തമ്മിൽ കാണാമെന്നും. അങ്ങനെയാണ് നീലംപേരൂരിലെ വീട്ടിലേക്ക് പോകാതെ ഉച്ചയ്ക്ക് 12.30 -യോടെ മാരാമണ്ണിൽ ഇറങ്ങിയത്. ജയേഷ് സ്കൂട്ടറുമായെത്തി കൂട്ടിക്കൊണ്ടുപോയി. ഒരു മണിയോടടുത്താണ് കോയിപ്രം ആന്താലിമണ്ണിലെ ഇരുമുറി വീട്ടിലെത്തിയത്. രശ്മി അവിടെയുണ്ടായിരുന്നു. ഫോണിലെ സൗഹൃദമൊന്നും അപ്പോൾ മുഖത്തുണ്ടായിരുന്നില്ല. കട്ടിലിൽ ഇരിക്കാൻ ജയേഷ് ആവശ്യപ്പെട്ടു. ആ സമയത്ത് അയാളുടെ ശബ്ദം കടുത്തതായിരുന്നു. വർഷങ്ങളായുളള സൗഹൃദത്തിന്‍റെ ലാഞ്ചന പോലും ആ മുഖത്തുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിരുന്നു പിന്നീടെല്ലാം. മുൻവാതിൽ അടഞ്ഞു. തന്നെ കട്ടിലിലേക്ക് തളളിയിട്ടു. ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റി. പൂർണനഗ്നനാക്കി. ഈ സമയം രശ്മി കട്ടിലിനടുത്തേക്ക് വന്നു. ജയേഷ് മൊബൈൽ ക്യാമറ ഓണാക്കി. അപ്പോഴാണ് കെണിയിൽപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. കുതറി മാറാൻ നോക്കിയെങ്കിലും ജയേഷും രശ്മിയും സമ്മതിച്ചില്ല. അയാൾ മൊബൈൽ ഫോൺ കട്ടിലിന് അഭിമുഖമായി മേശയിൽ ചാരിവെച്ചു.
"നിങ്ങൾ രണ്ട് പേരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിക്കണം. ഞാൻ പുറത്ത് തന്നെയുണ്ടാകും. സഹകരിച്ചില്ലെങ്കിൽ കൊന്നു കളയും." ജയേഷിന്‍റെ ശബ്ദം ഉറച്ചതായിരുന്നു. രശ്മി കട്ടിലിന് അടുത്ത് വന്നിരുന്നു. ജയേഷ് വാതിലടച്ച് പുറത്തേക്കിറങ്ങി. മുക്കാൽ മണിക്കൂർ കഴിഞ്ഞുകാണും. ജയേഷ് മുറിയിലേക്ക് തിരികെയെത്തി. മൊബൈലെടുത്ത് വീഡിയോ ഉണ്ടോയെന്ന് പരിശോധിച്ചു. രശ്മിയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. രോഹിത് കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റ് രക്ഷപ്പെടാൻ നോക്കി. പക്ഷേ, അതിനകം ജയേഷ്, രോഹിത്തിൻറെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് ഷാൾ കൊണ്ട് കെട്ടിയിരുന്നു. ഇതിനിടെ രശ്മി കോട്ടൺ തുണിയെടുത്ത് വായിൽ തിരുകി. ജയേഷ് മുറിയുടെ മൂലയിൽ നിന്ന് വാക്കത്തിയുമായെത്തി. രോഹിത്തിന്‍റെ കഴുത്തിനോട് ചേർത്തുപിടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
പിന്നീടായിരുന്നു ഇരുവരുടെയും ഭാവമാറ്റം. ഉൻമാദം കയറിയത് പോലെയായിരുന്നു ഇരുവരു. ജയേഷ് കട്ടിലിൽ കയറി രോഹിത്തിന്‍റെ നെഞ്ചിൽ ചവിട്ടി നിന്നു. കഴുത്തിന് കുത്തിപ്പിടിച്ചു. ശ്വാസം മുട്ടി രോഹിത്തിൻറെ കണ്ണുകൾ പുറത്തേക്ക് തുറിച്ചുവന്നു. അതുകണ്ട് അയാൾ ഊറിച്ചിരിച്ചു. പിന്നെയാണ് മർദ്ദനം തുടങ്ങിയത്. മുറിയുടെ മൂലയിൽവെച്ചിരുന്ന ഇരുമ്പുവടി കൊണ്ട് അയാൾ കാലിലും മുതുകിലും അടിച്ചു. മുളളാണി നഖത്തിൽ കുത്തിയിറക്കി. കട്ടിങ് പ്ലെയർ ഉപയോഗിച്ച് കാലിലെ നഖം പിഴുതെടുക്കാൻ നോക്കി. പ്രാണവേദന കൊണ്ട് രോഹിത് പിടഞ്ഞു. പക്ഷേ അലർച്ച, തൊണ്ടയിലൊടുങ്ങി. ഇതിനിടെ ജയേഷ് ഒരു സൈക്കിൾ ചെയിനുമായെത്തി. അത് ചുറ്റിപ്പിടിച്ച് മുഖത്തിടിച്ചു. കണ്ണിലാണ് ഇടി കൊണ്ടത്. പ്രാണൻ പറന്ന് പോകുന്നത് പോലെ തോന്നി. ശരീരമാസകലം അയാൾ പിന്നെയും പിന്നെയും ഇടിച്ചു. ഒടുവിൽ ഒരു കയറിൽ മേൽക്കൂരയിൽ കെട്ടിത്തൂക്കി. കട്ടിങ് പ്ലെയർ ഉപയോഗിച്ച് രശ്മി ഇടത് മോതിര വിരലിലെ നഖത്തിൽ അമർത്തി. പിന്നെ, കെട്ടഴിച്ച് കട്ടിലിൽക്കിടത്തി. ജനനേന്ദ്രിയത്തിൽ പെപ്പർ സ്പ്രേ അടിച്ചു. നീറ്റലും പുകച്ചിലും കൊണ്ട് ജീവൻ പോകുമെന്ന് തോന്നി, അപ്പോഴേക്കും കമ്പിവടി കൊണ്ട് വീണ്ടും തല്ല് തുടങ്ങിയിരുന്നു. പിന്നെ ഒന്നും ഓർമ്മയില്ല. അർധബോധവസ്ഥയിലേക്ക് വീണു.

(ജയേഷിന്‍റെയും രശ്മിയുടെയും വീടിന്‍റെ ഉൾവശം)
സമയം എത്ര കടന്ന് പോയിട്ടുണ്ടാകുമെന്നറിയില്ല. ബോധമുണരുമ്പോൾ കട്ടിലിൽക്കിടക്കുകയാണ്. ഒന്നനങ്ങാൻ പോലും പറ്റുന്നില്ല. ജയേഷും രശ്മിയിൽ മുറിയിൽ നിന്ന് തന്‍റെ ബാഗ് പരിശോധിക്കുന്നു. ഇരുപതിനായിരും രൂപയുണ്ട്. 19,000 അവരെടുത്തു. വഴിച്ചെലവിനെന്ന് പറഞ്ഞ് ആയിരം തിരിച്ചു വെച്ചു. രണ്ട് ഫോണുകളും കൈക്കലാക്കി. പിന്നെ രോഹിത്തിനെ എഴുന്നേൽപ്പിച്ചിരുത്തി. താങ്ങിയെടുത്ത് ഇരുവരും പുറത്തെത്തി. സ്കൂട്ടറിൽ നടുക്ക് പിടിച്ചിരുത്തി. മൂന്നവരും സ്കൂട്ടറിൽ റബർ തോട്ടത്തിനിടയിലൂടെ നീങ്ങി. തൊട്ടടുത്തുളള ഓട്ടോ സ്റ്റാൻഡിനടുത്തെത്തി രോഹിത്തിനെ ഇറക്കി വിട്ടു. മർദ്ദന വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. അവിശ്വസനമീയ സംഭവം കേട്ട് ആറൻമുളള പൊലീസ് തരിച്ചിരുന്നു.
ഇക്കഴിഞ്ഞ 12-ന് രശ്മിയെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ മർദ്ദന വിവരം അവർ സമ്മതിച്ചു. തൊട്ടുപിന്നാലെ ജയേഷിനെയും കസ്റ്റടഡിയിൽ എടുത്തു. 12-ന് വൈകിട്ട് 3.45-ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ പക്കൽ നിന്ന് കിട്ടിയ മൊബൈൽ ഫോണിൽ വിഷ്ണുവിനെ മർദ്ദിക്കുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളുമുണ്ടായിരുന്നു. അയാളുടെ ജനനേന്ദ്രിയത്തിൽ രശ്മി സ്റ്റേപ്ലർ പിൻ അടിക്കുന്നതിന്‍റെ ദൃശ്യങ്ങളും ലഭിച്ചു. ജയേഷിന്‍റെ ഫോണിലൊരു രഹസ്യ ഫോൾഡറുണ്ട്. അത് തുറക്കാൻ ശാസ്ത്രീയ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ബലം പ്രയോഗിച്ച് ചിത്രീകരിച്ച രോഹിത്തും രശ്മിയുമായുളള ദൃശ്യങ്ങളടക്കം ഈ ഫോൾഡറിൽ ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്.
അവശേഷിക്കുന്ന സംശയങ്ങൾ
കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിന്‍റെ കാരണമെന്താണ്? പ്രതികളുടെ ഉദ്ദേശമെന്താണ്? ലക്ഷ്യമെന്താണ്? അന്വേഷണം തുടങ്ങിയിട്ടേയുള്ളെങ്കിലും പൊലീസിന്‍റെ പ്രാഥമിക നിഗമനങ്ങൾ ഇങ്ങനെയാണ്.
- ജയേഷും രോഹിത്തും വിഷ്ണുവും സുഹൃത്തുക്കളായിരുന്നു. അതുവഴി ജയേഷിന്‍റെ ഭാര്യ രശ്മിയുമായും ഇരുവരും പരിചയപ്പെട്ടു. ഇതിനിടെ വിഷ്ണുവും രശ്മിയുമായുളള അടുപ്പം ജയേഷിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വിഷ്ണുവും രശ്മിയുമൊത്തുളള ചില വീഡിയോ ദൃശ്യങ്ങൾ രോഹിത്തും കണ്ടിട്ടുണ്ട്. രശ്മിയുമായി സൗഹൃദം സ്ഥാപിക്കാൻ ഇതിനിടെ രോഹിത്തും ശ്രമിച്ചു. ഇവർ നടത്തിയ ചാറ്റുകളും ജയേഷിന് കിട്ടി. ഇരുസുഹൃത്തുക്കളും തന്നെ വഞ്ചിച്ചെന്ന് തിരിച്ചറിഞ്ഞ ജയേഷ് പ്രതികാരത്തിനിറങ്ങി. അതിനായി ഭാര്യയെ തന്നെ ഉപയോഗിച്ചതാകാം.
- ഹണി ട്രാപ് എന്നതൊരു സാധ്യത മാത്രമെന്നാണ് പൊലീസിന്‍റെ നിഗമനം. ഹണി ട്രാപ്പ് നടത്തി ഭീഷണിപ്പെടുത്താനായിരുന്നെങ്കിൽ അതിക്രൂരമായി മർദിച്ചത് എന്തിനാണ്? എന്നാൽ, രോഹിത്തിൽ നിന്ന് പത്തൊൻപതിനായിരം രൂപയും ഐഫോണുകളും എടുത്തത് ഹണിട്രാപ്പിന്‍റെ ഭാഗമാണോയെന്നും സംശയിക്കുന്നു. നഗ്ന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ഭാവിയിലും കെണിയൊരുക്കുകയാകാം ലക്ഷ്യം.
- മുറിയിൽ ആഭിചാര കർമങ്ങൾക്ക് സമാനമായി ചിലത് നടന്നെന്ന് മർദ്ദനത്തിനിരയായവർ പൊലീസിനോട് പറഞ്ഞിരുന്നു. വീടിന്‍റെ മുറ്റത്ത് നിന്ന് കിട്ടിയ വേൽ ഇതിന്‍റെ ഭാഗമാണോയെന്ന് സംശയിക്കുന്നു. എന്നാൽ, മർദ്ദനമേറ്റവരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതികൾ നടത്തിയ നാടകമാണോയോ ആഭിചാര നാടകമെന്നും പൊലീസ് സംശയിക്കുന്നു.
നിലവിൽ രണ്ട് പരാതികളാണുളളതെങ്കിലും കൂടുതൽ പേർ കെണിയിൽപ്പെട്ടിട്ടുണ്ടോയെന്നും പത്തനംതിട്ട പൊലീസ് അന്വേഷിക്കുന്നു. രക്തം മരവിപ്പിക്കുന്ന കൊടുംക്രൂരതകൾ ചെയ്യാൻ മടിയില്ലാത്ത, യാതൊരു മനസാക്ഷിയിമില്ലാത്ത, മനുഷ്യന്‍റെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന സൈക്കോപ്പാത്തുകളാണോ ഇരുവരും? അതും ഇനി അറിയാനിരിക്കുന്നു.


