മസ്കിന് പടിയിറങ്ങിയതിന് പിന്നാലെ ട്രംപ് ഭരണകൂടത്തിലെ കരുത്തനായി കുടിയേറ്റ വിരോധിയായ സ്റ്റീഫന്‍ മില്ലര്‍ മാറിക്കഴിഞ്ഞു. വായിക്കാം മില്ലറുടെ കുറിയേറ്റ വിരോധം, ലോകജാലകം.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വിലങ്ങ് വച്ച്, മര്യാദകൾ പാലിക്കാതെ കൂട്ടമായി വിമാനത്തിൽ കയറ്റി അയച്ച ദൃശ്യങ്ങൾ രാജ്യത്തെ ഞെട്ടിച്ചിരുന്നു. വിഷയത്തിൽ ഇന്ത്യ, അമേരിക്കയെ ആശങ്കയറിയിച്ചു. ഇത് ആദ്യത്തെ നടപടിയല്ല എന്നാണ് ഇന്ത്യയുടെയും വിശദീകരണം. പക്ഷേ, മനുഷ്യത്വരഹിതമായ നടപടി ആദ്യത്തേതാണോ എന്നിപ്പോഴും വ്യക്തമല്ല. എന്തായാലും അതിനൊക്കെ പിന്നിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മാത്രമല്ല. ശരിയായ ഉത്തരവാദിയാരെന്ന് വെളിപ്പെട്ടു, സ്റ്റീഫൻ മില്ലർ (Stephen Miller).
ലോസ് ആഞ്ചലസ്
അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ഒരു പാർക്കുണ്ട് മാക് ആർതർ പാർക്ക് (MacArthur Park). കുടിയേറ്റക്കാരുടെ താമസസ്ഥലത്താണ് പാർക്ക്. ദരിദ്രരായ, തൊഴിലില്ലാത്ത അനധികൃത കുടിയേറ്റക്കാരാണ് ചുറ്റിനും. പക്ഷേ, മയക്കുമരുന്ന് വിൽപനയുമുണ്ട്. എന്തായാലും ഇപ്പോൾ പാർക്കിലെങ്ങും തോക്കുചൂണ്ടിയ സൈനികരും ICE ഉദ്യോഗസ്ഥരുമാണ്. അവർ വരുന്നതിനുമുമ്പ് തന്നെ പാർക്കിൽ മുന്നറിയിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ICE വരുന്നുണ്ടെന്ന പേപ്പർ തുണ്ടുകൾ. എന്തായാലും ഉദ്യോഗസ്ഥർക്ക് ആരെയും കിട്ടിയില്ല. അതിന് പിന്നാലെ ഫെഡറൽ കോടതി ജഡ്ജ്, ലോസ് ആഞ്ചലസിലെ അറസ്റ്റുകൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. മതിയായ കാരണമില്ലാതെ വംശമോ ഭാഷയോ ജോലിയോ അടിസ്ഥാനമാക്കിയാണ് അറസ്റ്റുകൾ എന്ന് കണ്ടെത്തിയാണ് ജഡ്ജിന്‍റെ ഉത്തരവ്.
മാക് ആർതർ പാർക്കിൽ മാത്രമല്ല, ലോസ് ആഞ്ചലസിന്‍റെ മുക്കിലും മൂലയിലും പട്ടാളക്കാരാണ്. പ്രത്യേകിച്ച് കുടിയേറ്റക്കാരുടെ താമസസ്ഥലങ്ങളിൽ, വ്യവസായ സ്ഥാപനങ്ങളിൽ. റോന്തുചുറ്റൽ, രേഖകൾ പരിശോധിക്കൽ, പാർക്കിലെത്തിയവരെ പക്ഷേ, ജനം കൂക്കിവിളിച്ചു. കടക്ക് പുറത്ത് എന്നൊച്ചയിട്ടു. മേയർ തന്നെ സ്ഥലത്തെത്തി. ലോസ് ആഞ്ചലസ് ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ലോസ് ആഞ്ചലസ് തന്നെ ലക്ഷ്യമിടാൻ കാരണം അവിടത്തെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണമാണ്, ഏതാണ്ട് 9 ലക്ഷം പേർ താമസിക്കുന്നത് നിയമ വിരുദ്ധമായിട്ടെന്നാണ് കണക്ക്. അതായത് ലോസ് ആഞ്ചലസിലെ ജനസംഖ്യയുടെ 10 ശതമാനം. ഹിസ്പാനിക്കുകളാണ് കൂടുതൽ.

ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനമാണ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നത്. United States Immigration and Customs Enforcement Agency എന്ന ICE -ന്‍റെ ദൗത്യം അതാണ്. വിചാരിച്ച പുരോഗതിയില്ല പദ്ധതിക്കെന്ന് കണ്ടതോടെയാണ് ട്രംപ് നേരിട്ടിടപെട്ടത്. പിന്നെ നടപടികൾക്ക് വേഗം കൂടി. ഒരുദിവസം 3,000 അറസ്റ്റ് എന്നാണ് നിർദ്ദേശം. ലോസ് ആഞ്ചലസ് തന്നെ ആദ്യം ലക്ഷ്യമിട്ടു. ഒറ്റ ദിവസം അറസ്റ്റ് ചെയ്തത് 2,200 പേരെ. ട്രംപിന്‍റെ രണ്ടാമൂഴത്തിൽ ആദ്യത്തെ 100 ദിവസം നാടുകടത്തലിന്‍റെ എണ്ണം കുറവായിരുന്നു. ബൈഡൻ ഭരണകാലത്തെപ്പോലെ മാത്രം. പക്ഷേ, കൃത്യമായ എണ്ണം ഇപ്പോൾ പ്രസിദ്ധീകരിക്കാറില്ല. കുറ്റവാളികളെയാണ് അറസ്റ്റ് ചെയ്തത് എന്ന് പറയുന്നു ആഭ്യന്തര സുരക്ഷാ വിഭാഗം. അല്ലെന്ന് പ്രാദേശിക അധികൃതരും പറയുന്നു.
കാലിഫോർണിയ
കാലിഫോർണിയ അമേരിക്കയുടെ 31 -മത്തെ സംസ്ഥാനമാകുന്നത് 1850 -ലാണ്. അതിനും വളരെ മുമ്പ് ആദിമ വംശജരുടെ നാടായിരുന്നു. പിന്നെ സ്പാനിഷ് ഭരണത്തിൻ കീഴിൽ. അതുംകഴിഞ്ഞ്, മെക്സിക്കൻ ഭരണത്തിൽ. മെക്സിക്കൻ അമേരിക്കൻ യുദ്ധത്തിലാണ് അമേരിക്കയുടെ കീഴിലായത്. ഇന്ന് ലോസ് ആഞ്ചലസ് കൗണ്ടിയിലെ 10 മില്യനോളം താമസക്കാരും കുടിയേറ്റക്കാരാണ്. അവിടത്തെ തൊഴിലാളികളിൽ 40 ശതമാനവും. അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് പ്രാദേശിക അധികൃതരും വിശ്വസിക്കുന്നു. അതുകൊണ്ട് 2023 -ൽ തന്നെ, ട്രംപിന്‍റെ ജയസാധ്യത മുന്നിൽക്കണ്ട്, നഗരം സുരക്ഷിത നഗരമായി പ്രഖ്യാപിച്ചു. ഫെഡറൽ കുടിയേറ്റ വകുപ്പുമായി സഹകരിക്കുന്നതിൽ നിന്ന് പ്രാദേശിക അധികൃതരെ വിലക്കി നിയമം പാസാക്കി. സംസ്ഥാനതലത്തിലും നിയമങ്ങൾ പാസായി. അവിടെയാണ് ട്രംപിന്‍റെ പൊലീസ് കടന്നു കയറിയത്.
നിന്ന നിൽപ്പിന് നൂറുകണക്കിന് കുടിയേറ്റക്കാരെയാണ് ICE അധികൃതർ അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്. അതോടെ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങൾ തന്നെ പ്രവർത്തനം നിർത്തേണ്ട അവസ്ഥയായി. കൃഷിയിടങ്ങളിൽ വിളവെടുക്കാൻ ആളില്ലാതെയായി. ജനങ്ങൾ കൂട്ടായിറങ്ങി പ്രതിഷേധിച്ചു. പഴി കേട്ടത് ട്രംപ്. പക്ഷേ, സത്യത്തിൽ ഈ നയത്തിന്‍റെ, കാർക്കശ്യത്തിന്‍റെ ശിൽപി സ്റ്റീഫന്‍ മില്ലർ എന്ന ട്രംപിന്‍റെ ഉദ്യോഗസ്ഥനാണത്രെ.

സ്റ്റീഫന്‍ മില്ലർ
Deputy chief of staff, policy അതാണ് സ്റ്റീഫന്‍ മില്ലറിന്‍റെ ഔദ്യോഗിക പദവി. ദിവസം 3,000 അറസ്റ്റുകൾക്ക് ഉത്തരവിട്ടത് ട്രംപാണെങ്കിലും അത് തയ്യാറാക്കിയത് മില്ലറാണ്. തിരിച്ചടി മനസിലായപ്പോൾ ട്രംപ് അത് വെട്ടിക്കുറച്ചു. പക്ഷേ, വെട്ടിക്കുറയ്ക്കൽ നീണ്ടുനിന്നില്ല. തുടരുകയാണിപ്പോഴും. നാടുകടത്തലാണെങ്കിൽ നിയമത്തിന്‍റെ പരിധികള്‍ ലംഘിച്ച് തുടരുന്നു, വിലങ്ങ് വച്ച്, വലിച്ചിഴച്ച്, യാതൊരു മര്യാദയുമില്ലാതെ, മനുഷ്യത്വവുമില്ലാതെയാണ് നാടുകടത്തൽ. അതിൽ പല രാജ്യങ്ങളും പ്രതിഷേധിക്കയും ചില രാജ്യങ്ങൾ സ്വന്തം വിമാനങ്ങളയച്ച് അവരെ കൊണ്ടുവരികയും ചെയ്തു.
19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാനിരോധനം. ജൻമാവകാശ പൌരത്വം നിഷേധിക്കൽ, ഇതെല്ലാം മില്ലറിന്‍റെ സംഭാവനകളാണ്. ട്രംപിന്‍റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് പിന്നിലും മില്ലർ തന്നെ. പ്രതിഷേധിക്കുന്നവരെ കലാപകാരികൾ എന്ന് മുദ്രകുത്തുന്നതും മില്ലറിന്‍റെ ബുദ്ധി. പല നയങ്ങളും ക്രൂരമെന്നാണ് വിമർശഖരുടെ പക്ഷം. പക്ഷേ, മില്ലർക്ക് അനിയന്ത്രിതയമായ അധികാരമുണ്ട് ട്രംപിന്‍റെ വൈറ്റ് ഹൌസിൽ. ആദ്യഭരണ കാലത്തും മില്ലർ ഉണ്ടായിരുന്നു. അന്നത്തെ യാത്രാനിരോധനവും മില്ലറിന്‍റെ സംഭാവനയായിരുന്നു.

ഹിസ്പാനിക് വിരോധി
കാലിഫോർണിയയിൽ ജനിച്ച സ്റ്റീഫന്‍ മില്ലർ സ്കൂൾ പഠനകാലത്ത് തന്നെ ഹിസ്പാനിക് വംശജരെ അധിക്ഷേപിക്കുമായിരുന്നു എന്നാണ് റിപ്പോർട്ട്. കോളജിൽ അത് വെളുത്ത വർഗക്കാരുടെ ദേശീയതയായി. രാഷ്ട്രീയത്തിലെത്തിയപ്പോൾ തീവ്ര വലതുപക്ഷ വാദിയായ സ്റ്റീവ് ബാനന്‍റെ സംഘത്തിലെത്തി. ട്രംപ് ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയപ്പോൾ ബാനന്‍റെ ശുപാർശയിൽ മില്ലർ, ട്രംപ് സംഘത്തിലെത്തി. ട്രംപിന് പ്രസംഗങ്ങൾ എഴുതിത്തയ്യാറാക്കി കൊടുക്കാൻ തുടങ്ങി. ഉദ്ഘാടന പ്രസംഗമടക്കം എഴുതുന്നത് മില്ലറാണ്. അതിലെ 'അമേരിക്കൻ കാർണേജ്' മില്ലറിന്‍റെ പ്രയോഗമായിരുന്നു. രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടിട്ടും മില്ലർ തുടർന്നു. കൂടുതൽ ശക്തനുമായി. പക്ഷേ, ഈ ബന്ധം സ്വന്തം നേട്ടങ്ങൾക്ക് ഉപയോഗിച്ചില്ല എന്നതും സത്യം.
രണ്ടാം വരവിൽ കൂടുതൽ കരുത്തന്‍
ട്രംപിന്‍റെ രണ്ടാമൂഴം മില്ലറിനെ കൂടുതൽ ശക്തനാക്കി. ട്രംപുമായുള്ള സാമ്യവും ബന്ധവും കാരണം പ്രസിഡന്‍റിന്‍റെ വ്യക്തിത്വം എന്നുവരെ ചിലർ മില്ലറിനെ വിശേഷിപ്പിക്കുന്നു. പക്ഷേ, വൈറ്റ് ഹൌസിലെ എല്ലാ ദുഷ്ടത്തരങ്ങളുടെയും കാരണഭൂതൻ മില്ലറെന്നാണ് ഭൂരിപക്ഷാഭിപ്രായം. അത് സെനറ്റർമാരും ശരിവയ്ക്കുന്നു. കാബിനറ്റ് അംഗങ്ങളെയോ വിപിയെയോ പോലും തള്ളിക്കളയാൻ തക്ക അധികാരമുണ്ട് മില്ലറിന്. അടുത്തിടെ നടന്ന അറ്റ്ലാന്‍റിക് സിഗ്നൽ ഗേറ്റ് വിവാദത്തിൽ, യെമനിലെ ആക്രമണം യൂറോപ്പിന് നൽകുന്ന സന്ദേശം മറ്റൊന്നാവില്ലേയെന്ന വൈസ് പ്രസിഡന്‍റിന്‍റെ ചോദ്യത്തിന് പ്രസിഡന്‍റിന്‍റെ സന്ദേശം വ്യക്തമെന്ന മില്ലറിന്‍റെ ഉത്തരം അടിച്ചിരുത്തുന്ന പോലെയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുമോ മില്ലർ എന്ന ചോദ്യത്തിന് അതിനും വളരെ മേലെയാണ് മില്ലർ എന്നായിരുന്നു ട്രംപിന്‍റെ മറുപടി. എലൺ മസ്കിന്‍റെ സ്വാധീനമായിരുന്നു ഇത്രയും നാളത്തെ പരാതി. സ്റ്റീഫന്‍ മില്ലറിന്‍റെ സ്വാധീനം അതിന്‍റെ പതിൻമടങ്ങെന്ന് വ്യക്തം. എങ്ങനെ തടുക്കുമെന്ന് മാത്രം വ്യക്തമല്ല ആർക്കും.


